രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകും - സുഫാദ് സുബൈദ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അധികാരമേല്‍ക്കാന്‍ പോകുന്ന രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും എന്നതിനെ സംബന്ധിച്ച ചര്‍ച്ച പാര്‍ട്ടിക്കും മുന്നണിക്കും രാഷ്ട്രീയ നിരീക്ഷക വൃത്തങ്ങളിലും മുറുകുകയാണ്. ഇന്ന് അവസാന മന്ത്രിസഭായോഗത്തിന് ശേഷം ഗവര്‍ണറുടെ വസതിയിലെത്തി രാജി സമര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമായും ഇനി ശ്രദ്ധയൂന്നുക മന്ത്രിമാരെ കണ്ടെത്തുന്നതിലായിരിക്കും. അതോടൊപ്പം ഇടതുമുന്നണിയാകെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കും. ആരൊക്കെ മന്ത്രിമാരാകണമെന്ന് നാളെ തീരുമാനിക്കുമെന്ന് അവസാന മന്ത്രിസഭായോഗത്തില്‍  മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി. ഇപ്പോള്‍ രാജിസമര്‍പ്പിച്ച മന്ത്രിസഭയില്‍ 20 മന്ത്രിമാരാണ് ഉള്ളത്. ഇതില്‍ 13 പേര്‍ സിപിഎമ്മില്‍ നിന്നും 4 പേര്‍ സിപിഐയില്‍ നിന്നുമാണ്. ജെ ഡി എസ്, എന്‍ സി പി, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിമാര്‍ വീതമാണ് ഉള്ളത്. ഇത്തവണ മുന്നണിയിലേക്ക് വന്ന കേരളാ കോണ്‍ഗ്രസി (എം) നും എല്‍ ജെ ഡിക്കും മന്ത്രിസ്ഥാനം നല്‍കേണ്ടിവരും. ഇതില്‍ കേരളാ കോണ്‍ഗ്രസി (എം) ന് 2 മന്ത്രിമാരെ നല്‍കേണ്ടിവരുമെന്ന സാഹചര്യവും സിപിഎം നേരിടുന്നുണ്ട്.

മുഖ്യമന്ത്രിയെ സംബന്ധിച്ച് തര്‍ക്കം ഉണ്ടാവില്ല. പിണറായി എന്ന പേരിനപ്പുറം ആലോചകളുമില്ല. സിപിഎം രീതി അനുസരിച്ച്, ജയിച്ചുവന്ന എംഎല്‍എമാരില്‍ കൂടുതല്‍ മുതിര്‍ന്ന നേതാക്കന്മാരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക. അതനുസരിച്ച് മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് ഇപ്പോള്‍ ജയിച്ചുവന്നിരിക്കുന്നത്. അതില്‍ സീനിയര്‍ അംഗമായ കെ. കെ. ശൈലജ അവരുടെ ആരോഗ്യമന്ത്രി എന്ന നിലയിലെ പെര്‍ഫോമന്‍സു കൊണ്ടു തന്നെ ഇതിനകം മന്ത്രിസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. മറ്റു രണ്ടു കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം വി ഗോവിന്ദനും കെ രാധാകൃഷ്ണനും മന്ത്രിമാരാകും എന്ന് ഉറപ്പായിട്ടുണ്ട്. സെക്രട്ടേറിയറ്റ് അംഗങ്ങളായി നിയമസഭയിലെത്തിയിരിക്കുന്നത് എം. എം. മണി,  ടി. പി. രാമകൃഷ്ണന്‍, പി. രാജീവ്, കെ. എന്‍. ബാലഗോപാല്‍ എന്നിവരാണ്.

ഇതില്‍ ഇപ്പോള്‍ മന്ത്രിമാരായ എം. എം. മണി,  ടി. പി. രാമകൃഷ്ണന്‍ എന്നിവരെ വീണ്ടും മന്ത്രിമാരാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മാറിയ സാഹചര്യത്തില്‍ പുതുമുഖങ്ങളെയും യുവ നേതാക്കളെയും മന്ത്രിമാരാക്കാനുള്ള തന്ത്രം ആവിഷ്കരിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കില്‍ ഇവരില്‍ ഒരാള്‍ മന്ത്രിസഭയില്‍ ഉണ്ടാകില്ല. ഇടുക്കിയില്‍ നിന്ന് കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് റോഷി അഗസ്റ്റിന്‍ മന്ത്രിയാകുകയാണെങ്കില്‍ പ്രാദേശിക പരിഗണനകള്‍ വെച്ചും ഒരുപക്ഷെ എം എം മണി മന്ത്രി സ്ഥാനത്തേക്ക് വരില്ല. ഇതേ അവസ്ഥ ടി. പി. രാമകൃഷ്ണനുമുണ്ട്. പലവട്ടം എംഎല്‍എ ആകുകയും രണ്ടുപതിറ്റാണ്ടായി സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന കുന്ദമംഗലം എംഎല്‍എ അഡ്വ. പി ടി എ റഹീമിനെ ഇത്തവണ തടയാന്‍ പറ്റില്ല എന്ന ഒരു പൊതുധാരണ എല്‍ഡിഎഫില്‍ ഉണ്ട്. ഇങ്ങനെ റഹീം മന്ത്രിയോ സ്പീക്കറോ ആകുകയാണെങ്കില്‍ കോഴിക്കോട്ടുനിന്നുള്ള ടി. പി. രാമകൃഷ്ണന് മന്ത്രിസഭയിലെത്താന്‍ പ്രയാസം നേരിടും. ലോകായുക്ത നിരീക്ഷണം ഹൈക്കോടതി ശരിവെച്ച സാഹചര്യത്തില്‍ കെ ടി ജലീലിന്‍റെ സാധ്യത മങ്ങിയതും റഹീമിന് ഗുണകരമാകും. ഇതിനുപുറമേ എലത്തൂരില്‍ നിന്ന് വിജയിച്ച എന്‍ സി പി നേതാവ് എ കെ ശശീന്ദ്രന്‍ മന്ത്രിയായി വരാന്‍ സാധ്യതയുള്ളതും കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ച സിപിഎം നേതാവ് കാനത്തില്‍ ജമീലക്ക്  മുസ്ലീം വനിത എന്ന നിലയില്‍ പരിഗണന ലഭിക്കാന്‍ ഇടയുള്ളതും പ്രാദേശിക പരിഗണനയില്‍  ടി. പി. രാമകൃഷ്ണന് എതിരാകും.

നിയമസഭയില്‍ പുതുമുഖങ്ങളെങ്കിലും താരതമ്യേന സീനിയര്‍ നേതാക്കളായ കെ. എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ മന്ത്രിമാരാകും എന്നാണ് കരുതുന്നത്. ധനകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കും ലഭിക്കാന്‍ സാധ്യത. പ്രമുഖ സാമ്പത്തിക ശാസ്ത്രകാരനും പ്ലാനിംഗ് ബോര്‍ഡ് അംഗവുമായിരുന്ന കെ എന്‍ ഹരിലാലിന്റെ സഹോദരന്‍ കൂടിയാണ്  കെ. എന്‍. ബാലഗോപാല്‍. പുതുമുഖങ്ങളെയും യുവാക്കളെയും പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ എം ബി രാജേഷ്, എ എന്‍ ഷംസീര്‍, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകനുമായ പി എ മുഹമ്മദ്‌ റിയാസ് എന്നിവരില്‍ ആരെങ്കിലും പരിഗണിക്കപ്പെടും. എം സ്വരാജ് തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇവരിലാരെങ്കിലും മന്ത്രിസഭയില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. പകരം അഖിലേന്ത്യാ ശ്രദ്ധ പിടിച്ചുപറ്റിയ നേമം മണ്ഡലത്തില്‍ ബിജെപിയുടെ അക്കൌണ്ട് ക്ലോസ് ചെയ്ത വി ശിവന്‍ കുട്ടിക്ക് സാധ്യതയുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപിയെ തടയാന്‍ വി ശിവന്‍ കുട്ടി മന്ത്രിയാകേണ്ടത് ആവശ്യമാണ്‌ എന്ന വാദവും പ്രാദേശികതലത്തില്‍ നിന്ന് ഉയരുന്നുണ്ട്. കാനത്തില്‍ ജമീല പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ ആറന്‍മുളയില്‍ നിന്ന് രണ്ടാം തവണ വിജയിച്ച്ചുവന്ന മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ് മന്ത്രിസഭയില്‍ എത്താന്‍ സാധ്യതയുണ്ട്.

 പ്രധാന ഘടകകക്ഷിയായ സി പി ഐയില്‍ നിന്ന് ഒല്ലൂരില്‍ നിന്ന് രണ്ടാം തവണ ജയിച്ച കെ രാജന്‍, ചാത്തന്നൂരില്‍ നിന്ന് ജയിച്ച പാര്‍ട്ടി സെന്‍ട്രല്‍ കൌണ്‍സില്‍ അംഗം ചിഞ്ചുറാണി, അടൂരില്‍ നിന്ന് ജയിച്ച ചിറ്റയം ഗോപകുമാര്‍, ചേര്‍ത്തലയില്‍ നിന്ന് നിയമസഭയില്‍ എത്തിയ പ്രസാദ് എന്നിവര്‍ മന്ത്രിമാരാകും.യുവ നേതാക്കളെ പരിഗണിച്ചാല്‍ ഷോര്‍ണ്ണൂരില്‍ നിന്ന് രണ്ടാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുന്‍ ജെ എന്‍ യു നേതാവ് മുഹമ്മദ്‌ മുഹ്സിന്‍ പരിഗണിക്കപ്പെടും. മറ്റു ഘടകകക്ഷികളായ എല്‍ ജെ ഡിയില്‍ നിന്ന് ഏക എംഎല്‍എ  പി. മോഹനന്‍, എന്‍ സി പിയില്‍ നിന്ന് എ. കെ. ശശീന്ദ്രന്‍, കേരള കോണ്‍ഗ്രസ് ബിയില്‍ നിന്ന് കെ. ബി. ഗണേഷ് കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും. ഐഎന്‍എല്ലില്‍ നിന്ന് ജയിച്ചുവന്ന അഹമ്മദ് ദേവര്‍ കോവിലിന് മന്ത്രിസ്ഥാനം ലഭിക്കില്ല എന്നാണ് കരുതുന്നത്. എന്നാല്‍ ഐഎന്‍എല്ലിനെ ലീഗ് അണികള്‍ക്കിടയില്‍ ശാക്തീകരിക്കണം എന്ന തന്ത്രപരമായ തീരുമാനമെടുത്താല്‍ ഇതിനു മാറ്റം വരും. തിരുവനന്തപുരത്തുനിന്ന് വിജയിച്ച ജനാധിപത്യ കോണ്ഗ്രസ് നേതാവ് ആന്‍റണി രാജുവും മന്ത്രിസഭയില്‍ എത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More