ഡല്‍ഹി: വിദ്യാര്‍ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് സ്വകാര്യ സ്കൂളുകള്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്ന് സുപ്രീം കോടതി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക ഫീസില്‍ പതിനഞ്ച് ശതമാനം ഇളവ് നല്‍കണമെന്നും ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. സ്വകാര്യ സ്കൂളുകള്‍ കൊള്ളലാഭത്തിന് പിന്നാലെ പോകരുതെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാന് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്കൂളുകള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം. ഒരു കുട്ടിക്ക് പോലും ഫീസ് അടക്കാത്തതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കരുതെന്നും, പരിക്ഷാ ഫലങ്ങള്‍ തടയരുതെന്നും കോടതി പറഞ്ഞു.
പുതിയ വിദ്യാഭ്യാസ വര്‍ഷത്തിലെ ഫീസ് അടക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് രക്ഷിതാക്കള്‍ നിവേദനം നല്കിയാല് അക്കാര്യവും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.