ഉത്തര്‍പ്രദേശ് സഫാരി പാര്‍ക്കിലെ രണ്ട് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒമ്പതും വയസുളള ഏഷ്യന്‍ ഇനത്തില്‍ പെട്ട പെണ് സിംഹങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ ഇവയെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്നും, മറ്റു മൃഗങ്ങളിലേക്ക് പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും സഫാരി പാര്‍ക്ക് ഡയറക്ടര്‍ അറിയിച്ചു. ജോലിക്കാരിലേക്കും അസുഖം പകരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ പാര്‍ക്കില്‍ സ്വീകരിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലുള്ള എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് വന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ സംഭവം. 14 സിംഹങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. പിരോശധനയില് രണ്ട് പെണ് സിംഹങ്ങള്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു.
സിംഹങ്ങള്‍ക്ക് രോഗം മനുഷ്യരില്‍ നിന്ന് പകര്‍ന്നതാകാം എന്നാണ് ഹൈദരാബാദില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ പറഞ്ഞത്. രാജ്യത്താദ്യമായാണ് മൃഗങ്ങള്‍ക്ക് കൊവിഡ് പിടി പെടുന്നത്. എത്ര മാരകമാണ് അണുബാധ എന്ന് മനസ്സിലാക്കാന്‍ മൃഗശാല അധികൃതര്‍ സിംഹങ്ങളുടെ ശ്വാസകോശത്തിന്റെ സിടി സ്കാന്‍ നടത്തിയിരുന്നു. സമാനായ രീതിയിലായിരിക്കും ഉത്തര്‍പ്രദേശിലെയും നടപടി ക്രമങ്ങള്‍.