ഉമ്മയോർമയിൽ എന്‍റെ 'അമ്മ ദിനം'- പ്രൊഫ. പി. കെ. പോക്കര്‍

നമുക്കിപ്പോൾ ഓരോ ഓർമയും വീണ്ടെടുക്കാൻ ദിനങ്ങൾ ഉണ്ട്. ഒരു പക്ഷെ കാലം അത് ആവശ്യപ്പെടുന്നത് കൊണ്ടാവും. ബന്ധുക്കളും അയൽക്കാരും ഏറെക്കുറെ സ്ഥിരത പുലര്‍ത്തിയിരുന്ന, ഗ്രാമ്യ ജീവിതം നയിച്ചിരുന്ന മുന്‍കാലങ്ങളില്‍ ഒര്‍മ്മകള്‍ക്ക് അങ്ങനെ പ്രത്യേക ദിനങ്ങള്‍ ആവശ്യമുണ്ടായിരുന്നില്ല. ഇന്നലെ രാത്രി ചൈനീസ് ചാനൽ കണ്ടപ്പോഴാണ് മെയ്-9 'അമ്മ ദിനമാണെന്ന് ഓർത്തത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അമ്മയോടൊത്തു നടക്കുന്നതാണ് ഈ വര്‍ഷത്തെ അമ്മദിന സ്മരണയോടനുബന്ധിച്ച് ചൈനയിലെ മുഖ്യ മാധ്യമമായ സിജിടിഎന്‍ (CGTN) ഇന്നലെ മുതൽ കാണിക്കുന്നത്.

മാര്‍ക്സ് ദീര്‍ഘദര്‍ശനം ചെയ്തതുപോലെ ഭരണകൂടങ്ങൾ കൊഴിഞ്ഞുപോകുന്നതുവരെ ജനങ്ങൾക്ക് ലോകവ്യാപകമായി അധികാരികളുടെ സ്നേഹമോ വിദ്വേഷമോ ഒക്കെത്തന്നെ കാണേണ്ടിവരും. അത്തരത്തില്‍ രാജാവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഒരു കഥ ഖലീൽ ജിബ്രാന്‍റെതായി ഉണ്ട്. കോർപ്പറേറ്റ് നവ മാധ്യമങ്ങൾ എല്ലാവരുടെയും കൈകളിൽ എഴുത്തും വായനയും എത്തിക്കുമെന്ന് പറഞ്ഞത് പ്രശസ്ത മാർക്സിസ്റ്റ് ദാർശനികൻ വാൾട്ടർ ബെഞ്ചമിൻ ആയിരുന്നു. ഇന്ന്  ഭൂരിപക്ഷം പേരും സ്വന്തം അമ്മയെ ഓർക്കുന്നുവെന്ന് മാത്രമല്ല അതെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ പടരുകയും ചെയ്യുന്നു. സ്വന്തം അമ്മമാരുടെ ഫോട്ടോകളുടെ അടിയില്‍ കുറിച്ച നനുത്ത വാക്കുകളുടെ മറുകരയില്‍ വൃദ്ധ സദനങ്ങൾ പെരുകുന്നുമുണ്ട്. 

എനിക്ക് ഉമ്മയെ ഓർക്കാന്‍ ഒരു പ്രത്യേക ദിനം വേണ്ടതില്ല, കാരണം എലായ്പ്പോഴും എന്നെ ആ ഓർമ്മകള്‍  പിന്തുടരുന്നുണ്ട്. എല്ലാവര്‍ക്കും അത് അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. ഈ കുറിപ്പിന്റെ മുഖചിത്രമായി നല്‍കിയിരിക്കുന്നത് എന്‍റെ ഉമ്മയുടെ ഫോട്ടോയാണ്. ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് മുൻപ് വടകരയിലെ ഒരു ഫോട്ടോ സ്റ്റുഡിയോയിൽനിന്ന് എടുത്തതാണ്. ഫോട്ടോയെടുപ്പ് ഹറാമാണ് എന്ന വിശ്വാസം പ്രബലമായിരുന്ന കാലത്ത് (1976) മരിച്ചുപോയ എന്റെ ഒരു സഹോദരിയെ വീണ്ടുമൊരു നോക്ക് കാണാന്‍ പലവട്ടം ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെ ഒരു ഫോട്ടോ ഇല്ലാതായിപ്പോയ വിഷമത്തിൽ ഞാൻ തന്ത്രപരമായി ഉമ്മയെ ഒരു സ്റ്റുഡിയോയിൽ എത്തിച്ചതാണ്. അന്ന് ഓർക്കാട്ടേരിയിൽ സ്റ്റുഡിയോകളൊന്നും ഉണ്ടായിരുന്നില്ല. വടകര ചന്ദ്ര സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായിരുന്ന അശോകേട്ടനാണ് പില്‍ക്കാലത്ത് ഓർക്കാട്ടേരിയിൽ ആദ്യമായി സ്റ്റുഡിയോ തുടങ്ങുന്നത്. വടകരയിൽ പോയി ഡോക്ടറെ കണ്ട് തിരിച്ചുവരുമ്പോഴാണെന്നാണ് ഓര്‍മ. ഫോട്ടോയെടുക്കുമ്പോൾ വലിയ ടെൻഷനുണ്ടായിരുന്നതായി ഉമ്മയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാം. എന്‍റെ സ്നേഹാഭ്യര്‍ഥനയ്ക്കു വഴങ്ങി ഹറാമായ (കുറ്റകരമായ) ഒരു കാര്യം ചെയ്യേണ്ടിവന്നപ്പോഴുണ്ടായ ടെൻഷനാണ് ആ ഫോട്ടോയില്‍ നിഴലിക്കുന്നത്.

ഉമ്മയെ കാര്യങ്ങൾ എളുപ്പം ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിയാറുണ്ട്. സ്നേഹം തന്നെയാണല്ലൊ കീഴടക്കാനുള്ള എളുപ്പ വഴി. മുഹമ്മദ് നബിയുടെ ചിത്രമോ രൂപമോ ഇല്ലാതെപോയതിന്‍റെ കാരണം ബിംബങ്ങൾ ആരാധിക്കപ്പെടരുതെന്ന ഇസ്ലാമിക ദര്‍ശനത്തിലെ നിര്‍ബന്ധമാണ്. കാരണം അത് അരൂപിയായ ഏക ദൈവ സങ്കല്പത്തിൽ മാറ്റം വരുത്തും എന്നവര്‍ കരുതി. ദൈവത്തിനു കണ്ണില്ല, മൂക്കില്ല, കാതില്ല എന്നിങ്ങനെ ഉസ്താദ് മദ്രസയിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം ഉമ്മ പറയാറുണ്ട്. ചെറുപ്പം മുതലേ പുലിയായിരുന്ന ഉമ്മയുടെ മൂത്ത സഹോദരൻ കുഞ്ഞബ്ദുള്ള പാഠഭാഗവും വിശദീകരണവും കേട്ടുകഴിഞ്ഞപ്പോള്‍ ഉസ്താദിനോട്‌ തിരിച്ചൊരു ചോദ്യം ചോദിച്ചു-" അതെന്താ അള്ള കയ്യും കാലും കണ്ണും ഒന്നുമില്ലാത്ത മുട്ടിക്കഷ്ണമാണോ?"- എന്ന് അന്നും കുട്ടികൾ തർക്കത്തിൽ മോശക്കാരായിരുന്നില്ലെന്നു വേണം അനുമാനിക്കാൻ. ഏതായാലും അങ്ങിനെ ഉമ്മയുടെ ഒരു ഫോട്ടോ  ഉണ്ടായി എന്നുപറയാം.

ഉമ്മ മരിക്കുന്നത് 1991ലാണ്. ബാപ്പ അതിനും ഇരുപതു വര്‍ഷങ്ങള്‍ക്ക് മുൻപ് (1971) തന്നെ ഞങ്ങളെ വിട്ടുപോയിരുന്നതിനാല്‍ എനിക്ക് ഉമ്മയും ബാപ്പയും ഉമ്മ തന്നെയായിരുന്നു. എല്ലാ മക്കളെയും ഉമ്മ സ്നേഹിച്ചത് ഒരു പോലെയായിരുന്നെങ്കിലും എന്നോട് സ്നേഹം കൂടുതലായിരുന്നുവെന്നാണ് എനിക്ക്  എപ്പോഴും തോന്നാറുള്ളത്. ആ പരിഗണയിലലിഞ്ഞ് ഉമ്മയെ വിഷമിപ്പിക്കരുത് എന്നുകരുതി എന്‍റെ ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളില്‍ പലതും ഞാന്‍ മാറ്റിവെച്ചിട്ടുണ്ട്.

ഉമ്മയ്ക്ക് സ്ഥിരമായി ശ്വാസം മുട്ട് വരുമായിരുന്നു. ജീരക വെള്ളം, ധാന്വന്തരം ഗുളിക മുതലായവയായിരുന്നു അന്നത്തെ പ്രധാന പ്രതിവിധികള്‍. അതില്‍ നില്കാതെ വരുമ്പോൾ എന്നെ മൂസ മുസ്‍ലിയാരുടെ വീട്ടിലേക്ക് രണ്ടു വെളുത്ത പിഞ്ഞാണ പ്ളേറ്റുകളു (വസി) മായി അയക്കും. മിക്കപ്പോഴും അദ്ദേഹം നേരിട്ട് വീട്ടിലേക്ക് വരും. പ്ളേറ്റിലുള്ള എഴുത്തു കാണാൻ നല്ല രസമാണ്. കടുക്ക മഷിയാണ് ഉപയോഗിക്കുക. ഫാതിഹയും സൂറത്തുകളു (ഖുര്‍ആനിലെ അദ്ധ്യായങ്ങള്‍) മാണ് മിക്കവാറും എഴുതുക. കണ്ടാല്‍ ചിത്രലിപികളെന്നേ തോന്നൂ. പിഞ്ഞാണ പ്ളേറ്റിന്‍റെ ആകൃതിയില്‍ കൃത്യം വൃത്തത്തിൽ മനോഹരമായിരുന്നു ആ മഷിയെഴുത്ത്. പില്‍ക്കാലത്ത് ഞാന്‍ മുതിര്‍ന്നപ്പോള്‍ ചികിത്സ ആധുനിക വൈദ്യശാസ്ത്രത്തിലേക്ക് മാറി. ഡോ. പി. കെ, അബ്ദുൽ ഗഫൂറാ ( ഡോ. പി. എ. ഫസല്‍ ഗഫൂറിന്‍റെ പിതാവ്) ണ് ഉമ്മയ്ക്ക് 'കാർഡിയാക് ആസ്ത്മ'യാണെന്ന് തിരിച്ചറിഞ്ഞത്. അതില്‍പിന്നെ വിവിധ കാർഡിയോളജിസ്റ്റുകളുടെ (ഡോ. സുഗതൻ, ഡോ. കെ. എൻ. രവീന്ദ്രൻ) നിര്‍ദ്ദേശത്തിലുള്ള മരുന്നുകളാണ് മരണംവരെ ഉമ്മ കഴിച്ചത്.  ആ പിഞ്ഞാണമെഴുത്തിലെ കലയാസ്വദിക്കാന്‍ പിന്നീടൊരിക്കലും എനിക്ക് 'ഭാഗ്യ'മുണ്ടായിട്ടില്ല.

പി ജി പഠനകാലത്ത് കോഴിക്കോട് സർവകലാശാലാ മെൻസ് ഹോസ്റ്റൽ ഓൾഡ് ബ്ലോക്കിൽ ഉറങ്ങുമ്പോൾ ഒരു ദിവസം ഞാന്‍ ഞെട്ടിയുണരുന്നത്, ഉമ്മ കാർത്തികപ്പള്ളിക്ക് പോകുംവഴി പുഴയിൽ വീണെന്ന് സ്വപ്നം കണ്ടാണ്. ഓർക്കാട്ടേരിയിൽ നിന്നും പുഴ കടന്നാണ് കാർത്തികപ്പള്ളിയിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോകേണ്ടത്. സഹോദരി, ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ അകാലത്തില്‍ മരിച്ചുപോയിരുന്നു. സ്വപ്നത്തിന് പക്ഷെ യുക്തിയില്ലല്ലോ... അന്ന് ക്ലാസ്സ്‌മേറ്റ്സ് എല്ലാവരും കൂടി ജന്തുശാസ്ത്രം പ്രൊഫസർ സി. ബി. എസ്. ദാസിനെ (ഷൂ ധരിക്കുന്ന സാറായിരുന്നു) എടുത്തുപൊക്കി നനയാതെ പുഴ കടത്തിയത് ക്ലാസ്സിൽ പാട്ടായിരുന്നു. സ്വപ്നം കണ്ട ഭീതിയകറ്റാന്‍ വീട്ടിലെ വിവരങ്ങള്‍ അറിയണം. ഒന്ന് വിളിച്ചു നോക്കാൻ മൊബൈൽ പോയിട്ട് ലാൻഡ് ഫോൺ പോലും അന്ന് വീട്ടിലില്ല. ആ രാത്രി പിന്നെ ഉറക്കം വന്നില്ല. നേരം പരപരാ വെളുക്കുന്നതിനനുസരിച്ച് ശാസ്ത്രയുക്തി തിടം വെച്ചുവന്നു.  സ്വപ്നം യാഥാർഥ്യത്തിൽ നിന്ന് വളരെയകലെയാണെന്ന് സ്വയം തീർപ്പിലെത്തി. എങ്കിലും വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ ശേഷമാണ് ശരിക്കും ആശ്വാസമായത്. വര്‍ഷങ്ങള്‍ എത്ര കടന്നുപോയിട്ടും ആ പേക്കിനാവുണ്ടാക്കിയ ഭീതി പൂര്‍ണ്ണമായും ഒഴിഞ്ഞുപോയിട്ടില്ല.

അമ്മമാർക്ക് മക്കളുടെ ജീവിതത്തിൽ വളരെ നിർണായക സ്ഥാനമാണ്. എത്ര പേര്‍ വീട്ടിലേക്ക് കയറിവന്നാലും അവരുടെ പൈദാഹത്തെക്കുറിച്ച് ഉമ്മയ്ക്ക് ഒരു കരുതലുണ്ടാകും. ചായ കൊടുക്കും. കൂടെ വരുന്നവരുടെ ജാതിയോ മതമൊ ഒരിക്കൽ പോലും ഉമ്മ അന്വേഷിച്ചില്ല. ഇത് പറയാൻ ഒരു പ്രത്യേക കാരണമുണ്ട്. എം എ യ്ക്കു പഠിക്കുമ്പോൾ ഉറ്റ സുഹൃത്തായിരുന്ന ചന്ദ്രചൂഡൻ എന്നെ അവന്‍റെ വീട്ടിലേയ്ക്കുകൊണ്ടുപോയി. എന്‍റെ പേരുകാരണം ചന്ദ്രചൂഡൻ അന്ന് വീട്ടില്‍ അനുഭവിച്ച ബുദ്ധിമുട്ട് ഞാനോർക്കുന്നു. ചോറ് തിന്ന് ഇലയെടുത്തു, കിടക്കാൻ ചെന്നപ്പോഴാണ് ഒരു സാഹസിക കൃത്യമാണ് എന്നെ കൂട്ടിക്കൊണ്ടുചെന്നതിലൂടെ അവന്‍ നിര്‍വഹിച്ചത് എന്ന സൂചന അവന്‍ എനിക്ക് തന്നത്. എന്നെ വീട്ടില്‍ താമസിപ്പിച്ചത് അവൻ നടത്തിയ ഒരു സമരമായിരുന്നു. എന്‍റെ വീട്ടിൽ അത്തരം വിവേചന ചിന്തകൾ ബാപ്പതന്നെ വിലക്കിയിരുന്നു. ബാപ്പയുടെയും മൂത്ത സഹോദരന്മാരുടെയും സൗഹൃദങ്ങളൊക്കെ അവ്വിധത്തിലായിരുന്നു.

വീടുകൾ ഇന്നും വാസ്തവത്തിൽ അമ്മമാരുടെ കൈകളിലാണ്. അതിനുകാരണം പുരുഷ മേധാവിത്തം മാത്രമല്ല. സ്വാഭാവരൂപീകരണത്തെ സ്വാധീനിക്കുന്ന ചെറുപ്പകാലം മുഴുവന്‍ കുട്ടികളെ പൂർണാർത്ഥത്തിൽ ചേർത്തുനിർത്തുന്നത് അമ്മമാരാണ്. മറ്റുള്ളവരെ സ്നേഹിക്കാനും പരിഗണിക്കാനും എന്നെ പഠിപ്പിച്ചത് ഉമ്മയാണ്. കല്യാണം കഴിഞ്ഞുപോയ സഹോദരിമാരെ സ്ഥിരമായി സന്ദർശിക്കണം. ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവസാനത്തെ പീരീഡ് മുങ്ങാറാണ് പതിവ്. എന്നെ വരാന്തയിൽ കാണുമ്പൊൾ തന്നെ കണക്കുപഠിപ്പിച്ചിരുന്ന കുഞ്ഞിരാമക്കുറുപ്പ് മാഷ് ചോദിക്കും ''തിയ്യപ്പാടീ പോകാനാണോ, ശരി.' തിയ്യപ്പാടിയിലാണ് സഹോദരിയുടെ വീട്, മാഷുടെ വീടിനടുത്താണ്. സമ്മതം കിട്ടിയാല്‍ ഉടന്‍ സ്ഥലം വിടും. സ്കൂളിൽനിന്ന് വീട്ടിലേക്ക് രണ്ടു കിലോമീറ്റർ നടക്കണം. ഭക്ഷണമെന്തെങ്കിലും കഴിച്ച്, വീണ്ടും രണ്ടു കിലോമീറ്റർ നടന്നുവേണം തിയ്യപ്പാടിക്കു പോകാന്‍. കുടുംബത്തിനകത്തും പുറത്തും സ്നേഹ സൗഹൃദങ്ങൾ ഉണ്ടാക്കേണ്ടത് എങ്ങിനെയെന്ന പരിശീലനം നല്‍കുകയായിരുന്നു ഉമ്മ.

അമ്മമാരില്ലാതെ വളരുന്ന കുട്ടികളെ കുറിച്ച് ഞാൻ എപ്പോഴും ഓർക്കാറുണ്ട്. കാരണം എന്‍റെ സഹോദരി മരിക്കുമ്പോൾ ഇളയ കുട്ടിക്ക് വെറും രണ്ടുവയസ്സായിരുന്നു പ്രായം. മറ്റുള്ളവരും കുട്ടികൾ. 33 വയസ്സിലാണ് അവര്‍ മരണപ്പെട്ടത്. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രോഗമെന്തെന്ന് തിരിച്ചറിയും മുൻപ് മരണം സംഭവിക്കുകയായിരുന്നു. സഹോദരിയുടേയും ബാപ്പയുടെയും അകാലമരണങ്ങൾ എന്‍റെ ജീവിതത്തിൽ ഒരുതരം ഭീതി വിതച്ചിരുന്നു. എങ്ങിനെയാണ് അതെല്ലാം മറികടന്ന് ഇവിടം വരെയെത്തിയതെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും യാദൃശ്ചികതകൾ നിർണായകമാണ്. അത് വിശദമായി പറയേണ്ട കാര്യമാണ്. അതിനിവിടെ മുതിരുന്നില്ല. ഭാഗ്യവശാൽ അമ്മയില്ലാതെ വളർന്ന അവർക്കാര്‍ക്കും കുഴപ്പങ്ങളൊന്നും  സംഭവിക്കാതെ വളന്നുവരാന്‍ കഴിഞ്ഞു. അത്ഭുതകരമെന്ന് പറയട്ടെ, ശാരീരികമായും മാനസികമായും  എന്നേക്കാൾ ആരോഗ്യത്തോടെ പലരും സുഖമായി ജീവിക്കുന്നുണ്ട്. അതിനാൽ അമ്മമാരില്ലാതെയോ, അച്ഛന്മാരില്ലാതെയോ ആയതുകൊണ്ടുമാത്രം കുട്ടികൾ ജീവിതത്തില്‍ വഴിമുട്ടിപോകണമെന്നില്ല. ഓരോ അനുഭവവും വേറിട്ടായിരിക്കും മനുഷ്യരിൽ പ്രവർത്തിക്കുക. എന്‍റെ സുഹൃത്തുക്കളെല്ലാം വീട്ടിൽ വന്നാല്‍ ഉമ്മയുമായി ദീർഘമായി സംസാരിക്കാറുണ്ടായിരുന്നു. ഫിലിം സൊസൈറ്റി പ്രവർത്തനകാലത്ത് മിക്കവാറും കുറെ സുഹൃത്തുക്കൾ വീട്ടിൽതന്നെയായിരിക്കും. എല്ലാവരേയും പരിഗണിച്ചും അവരോട് സംസാരിച്ചും പ്രസന്നവദനയായി ഉമ്മയുണ്ടാകും. ഉമ്മയുടെ ഓര്‍മ്മകളും അവരുടെ സമഭാവനയും പിന്തുടര്‍ന്നുകൊണ്ട് ഞാന്‍ മുന്നോട്ടുതന്നെ... 

Contact the author

P. K. Pokker

Recent Posts

Sufad Subaida 2 weeks ago
Views

ബിജെപി ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് മുസ്ലിം പേര് പരിഗണിക്കുമോ?- സുഫാദ് സുബൈദ

More
More
Views

എ കെ ആന്‍റണിയുടെ ചോദ്യത്തില്‍ സതീഷസുധാരകരാദികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 1 month ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 1 month ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More