ഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂലം ആയിരങ്ങള്‍ മരണപ്പെടുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'രാജ്യത്തിനാവശ്യം ജീവ വായുവാണ് പ്രധാനമന്ത്രിയുടെ വസതിയല്ല' രാഹുല്‍ ട്വീറ്റ് ചെയ്തു.
ഓക്‌സിജന്‍ നിറയ്ക്കാനായി ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങളുടെയും, സെന്‍ട്രല്‍ വിസ്റ്റ പദ്ധതി പ്രകാരം രാജ്പത്തില്‍ നിര്‍മ്മിക്കുന്ന പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെയും ചിത്രങ്ങളും രാഹുല്‍ ഗാന്ധി പങ്കുവച്ചു. ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും തൊഴിലാളികളെ പാര്‍ലമെന്റ് കെട്ടിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുന്നതിനായി സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയെ അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം പദ്ധതികള്‍ ഉപേക്ഷിച്ച് രാജ്യത്തിന്റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. അതേസമയം, രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,66,161 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 3754 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.