ഡല്‍ഹി: കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രിയായി ചുമതലയേറ്റ ഹിമന്ത ബിശ്വ ശര്‍മ്മയെ ട്രോളി നടന് സിദ്ധാര്‍ത്ഥ്. കൊവിഡിനെക്കുറിച്ചുളള ഹിമന്തയുടെ പഴയൊരു പ്രസ്താവനയെ പരിഹസിച്ചായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. 'മാസ്ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകും, അസമില്‍ കൊവിഡില്ല'- സിദ്ധാര്‍ത്ഥ് കുറിച്ചു. #AssamCM എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു വിവാദ പ്രസ്താവനയുമായി ഹിമന്ദ ബിശ്വ ശര്‍മ്മ രംഗത്തെത്തിയത്. അസമില്‍ കൊവിഡില്ല. ഇനിമുതല്‍ ആരും മാസ്ക് ധരിക്കേണ്ടതില്ല ഇനി മാസ്ക് ധരിക്കേണ്ട സാഹചര്യം വന്നാല്‍ ജനങ്ങളെ അറിയിക്കാം അപ്പോള്‍ ധരിച്ചാല്‍ മതിയെന്നായിരുന്നു ഹിമന്തയുടെ പ്രസ്താവന.
ഇന്നലെയാണ് ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രിയായി അധികാരമേറ്റത്. അസമിന്റെ 15-മത് മുഖ്യമന്ത്രിയായാണ് ഹിമന്ത ബിശ്വ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും മുഖ്യമന്ത്രിയാവണമെന്ന ആവശ്യമുന്നയിച്ചതോടെ ആര് അസം മുഖ്യമന്ത്രിയാവുമെന്ന ചോദ്യം ബിജെപിയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇരുവരും ജെപി നദ്ദയെയും അമിത്ഷായെയും സന്ദര്‍ശിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. 126 അംഗ നിയമസഭയില്‍ 60 സീറ്റുകളിലേക്കാണ് ബിജെപി വിജയിച്ചത്.