കെ ആർ ഗൗരി കേരളത്തിൻ്റെ അലക്സാന്ദ്ര കൊളന്തായ് - കെ. ടി. കുഞ്ഞിക്കണ്ണന്‍

ആധുനിക കേരളനിർമ്മിതിയെ നിർണ്ണയിച്ച ചരിത്രാനുഭവങ്ങളിലൂടെയും വിപ്ലവസമരങ്ങളിലൂടെയും വളർന്നുവന്ന മഹത് വ്യക്തിയാണ് കെ ആർ ഗൗരിയെന്ന മലയാളികളുടെ പ്രിയപ്പെട്ട ഗൗരിയമ്മ. അവരെ കേരളത്തിൻ്റെ 'അലക്സാന്ദ്ര കൊളന്തായ്' എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഒക്ടോബർ വിപ്ലവനാന്തരം ലെനിൻ്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ലോകത്തിലെ പ്രഥമ സോവ്യറ്റ് സോഷ്യലിസ്റ്റ് സർക്കാറിലെ വനിതാ കുടംബ ശിശുക്ഷേമ മന്ത്രിയായിരുന്നു സഖാവ് അലക്സാന്ദ്ര കൊളന്തായ്. ദേശസാൽക്കരണ നിയമനിര്‍മ്മാണങ്ങളുടെയും കാർഷിക പരിഷ്ക്കരണ നടപടികളുടെയും തുടർച്ചയിലാണ് സോവ്യറ്റ് സർക്കാർ,സമൂഹത്തിൻ്റെ ഫ്യൂഡൽ പുരുഷാധിപത്യ കുടംബഘടനയിൽ വിപ്ലവകരമായ അഴിച്ചുപണി ഉണ്ടാക്കിയ കുടംബ - വ്യക്തിനിയമം കൊണ്ടുവന്നത്. വിപ്ലവകരമായ ഈ നിയമം ലെനിനൊടൊപ്പം തയ്യാറാക്കുന്നതും സോവ്യറ്റ് പീപ്പിൾസ് കൗൺസിലിൽ അവതരിപ്പിച്ചതും അലക്സാന്ദ്ര കൊളന്തായ് ആയിരുന്നു. റമനോവ് രാജാധികാരം നൂറ്റാണ്ടുകളിലൂടെ അടിച്ചേല്പിച്ച സ്ലാവ് വംശീയതയുടെ തണലിലാണ് സോവിയറ്റ് പുരുഷാധിപത്യവ്യവസ്ഥ നിലനിന്നത്. അവരുടെ പുണ്യപുരാണ വിശ്വാസ സംഹിതകളധിഷ്ഠിതമായ പുരുഷാധികാരമൂല്യങ്ങളെയും വ്യക്തി നിയന്ത്രണ നിയമങ്ങളെയും ഇല്ലാതാക്കുന്നതും സ്ത്രീക്കും പുരുഷനും ഭൂസ്വത്തുള്‍പ്പെടെ എല്ലാറ്റിലും തുല്യാവകാശം നൽകുന്നതും അതിനാവശ്യമായ രീതിയിൽ പിന്തുടർച്ചവകാശനിയമങ്ങളെ നിർവചിക്കുന്നതുമായിരുന്നു കൊളന്തായ് കൊണ്ടുവന്ന കുടുംബ സ്വത്ത് നിയമം. സ്ത്രീയെ അടുക്കളകളുടെ പുകപിടിച്ച നാല് ചുമരുകൾക്കകത്തുനിന്നും മോചിപ്പിക്കാനായി സാമൂഹ്യ അടുക്കളകളും പൊതു അലക്കുകേന്ദ്രങ്ങളും ശിശുപരിപാലന കേന്ദ്രങ്ങളും സോവ്യറ്റ് യൂണിയനിൽ യഥാർത്ഥ്യമാക്കിയതും സ്ത്രീകളുടെ "കാണാപ്പണി "കൾ സാമൂഹ്യവൽക്കരിച്ച് രാജ്യത്തിൻ്റെ സമ്പത്തുല്പാദന പ്രക്രിയയുടെ ഭാഗമാക്കിയതും കൊളാന്തായുടെ ധൈഷണികവും ഭരണപരവുമായ മുൻകയ്യിലാണ്. അതിന് സമാനമാണ് കേരളത്തിൻ്റെ പ്രഥമ കമ്യുണിസ്റ്റ് മന്ത്രിസഭയിലെ റവന്യൂ-കൃഷിമന്ത്രിയെന്ന നിലയില്‍ ഗൗരിയമ്മ അവതരിപ്പിച്ച കാർഷികപരിഷ്ക്കരണബില്ലും അനുബന്ധമായ നിരവധി നിയമനിർമ്മാണങ്ങളും.

ഇ എം എസ് സർക്കാറിലെ പ്രതിഭാശാലിയായ മന്ത്രിയായിരുന്നു ഗൗരിയമ്മ. ദേവസ്വം - ബ്രഹ്മസ്വം സ്വത്തുടമസ്ഥതയിലധിഷ്ഠിതമായ ഭൂവുടമാ ബന്ധങ്ങളെ പരിവർത്തനപ്പെടുത്തി മണ്ണിൻ്റെ മക്കൾക്ക് കൃഷിഭൂമിയും കുടികിടപ്പവകാശവും ഉറപ്പുവരുത്തിയത് അവരുടെ ധീരമായ ഇടപെടലുകളിലൂടെയാണ്. കമ്യൂണിസ്റ്റ് പാർടി നേതൃത്വം കൊടുത്ത 1957-ലെയും 1967-ലെയും സർക്കാറുകളിലെ റവന്യുമന്ത്രിയെന്ന നിലക്ക്, തിരുകൊച്ചിയിലെയും മലബാറിലെയും ഭൂവ്യവസ്ഥയിലെ സവിശേഷതകളും കുടിയാൻ ബന്ധങ്ങളിലെ സങ്കീർണ്ണതകളും സവിശേഷമായി മനസിലാക്കിയാണ് കുടിയാൻ കൃഷിക്കാർക്കും കുടികിടപ്പുകാർക്കും ഭൂമിയും കുടിപാർക്കാൻ അവകാശവും നിയമപരമായി ഉറപ്പാക്കാനുള്ള തീവ്രപരിശ്രമങ്ങൾ അവർ നടത്തിയത്. അക്കാലത്തെ നിയമസഭാ ചർച്ചകളും നടപടിക്രമങ്ങളും പരിശോധിച്ചാൽ നിയമത്തെ അട്ടിമറിക്കാൻ കോൺഗ്രസ് അംഗങ്ങൾ നടത്തിയ കുത്സിത നീക്കങ്ങളെയും കുടിയാൻ നിർവ്വചനത്തെ ദുർബ്ബലമാക്കാനുമുള്ള ശ്രമങ്ങളെയും വായിച്ചെടുക്കാന്‍ കഴിയും. എത്ര ബുദ്ധിപൂർവ്വമാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഈ നിക്കങ്ങളെ അവർ നേരിട്ടതെന്ന് അന്നത്തെ നിയമസഭാ ചർച്ചകളുടെ പഠനം വ്യക്തമാക്കിത്തരും.

വിമോചന സമരത്തിലൂടെ കമ്യുണിസ്റ്റ് സർക്കാറിനെ അട്ടിമറിച്ച ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള ആർ ശങ്കർ സർക്കാർ ഗൗരിയമ്മ കൊണ്ടുവന്ന വിപ്ലവകരമായ ഭൂപരിഷ്ക്കരണ നിയമത്തിൻ്റെ സത്തയെത്തന്നെ ചോർത്തിക്കളയുന്ന 'ഇഷ്ടദാന' വ്യവസ്ഥയും കുടികൾ എന്ന നിർവചനത്തിൽ കൈവശ രേഖയുള്ളവർ എന്നനിലയിൽ കൊണ്ടുവന്ന ഭേദഗതിയും ഭൂവുടമകളെ സഹായിക്കാനായിരുന്നു. ഭൂപരിധി നിയമത്തെ മറികടന്ന് സർക്കാറിൽ നിക്ഷിപ്തമാകേണ്ട ഭൂവുടമകളുടെ കൈവശഭൂമിക്ക് സംരക്ഷണം കൊടുക്കാനും നിയമംമൂലം കുടിയാന്മാരെ പരിമിതപ്പെടുത്തി, 'റിക്കോർഡ് ഓഫ് റൈറ്റ്സ്' ഇല്ലാത്തവർക്ക് ഭൂമിക്ക് അവകാശമില്ലെന്ന ഭേദഗതികൾ വൻകിട ഭൂപ്രമാണി കുടംബങ്ങളെ സംരക്ഷിക്കാനായിരുന്നു. കോൺഗ്രസ്സുകാരുടെ ഭൂപരിഷ്ക്കരണ നിയമത്തെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങളെ സഭക്കകത്ത് പൊളിച്ചുകൊടുത്തത് ഗൗരിയമ്മയുടെ ബുദ്ധിപൂർവ്വമുള്ള ഇടപെടലുകളായിരുന്നു.1968-ൽ രണ്ടാം ഇഎംഎസ് സർക്കാർ സമഗ്ര മാനങ്ങളോടെ കൊണ്ടുവന്ന ഭൂപരിഷ്ക്കരണ നിയമത്തിലെ കുടിയാൻ നിർവ്വചനത്തിനെതിരെ, ഭൂവുടമകൾക്കായി കെ.കരുണാകരൻ സഭയിൽ ഉന്നയിച്ച ഭേദഗതി നിർദ്ദേശങ്ങളെ ഗൗരിയമ്മ നിശിതമായിത്തന്നെ തുറന്നുകാട്ടുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രതിബദ്ധതയും നിയമപരിജ്ഞാനവും നൽകിയ ഉൾക്കാഴ്ചയാണ് വലതുപക്ഷ അട്ടിമറികളെയും വെല്ലുവിളികളെയും അതിജീവിച്ച് വലിയൊരളവോളം വിജയകരമായ നിലയിൽ കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കാൻ ഗൌരിയമ്മക്ക് കരുത്ത് പകര്‍ന്നത്.

1957 ഡിസംബർ 21 ന് കേരള കാർഷിക ബന്ധ ബില്ല് അവതരിപ്പിച്ച് കൊണ്ട് ഗൗരിയമ്മ പറഞ്ഞു "കേരളത്തിലെ ഭൂവുടമബന്ധങ്ങളിൽ സമഗ്രവും സമൂലവുമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന് ഉദ്ദേശിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ളതാണ് ഈ ബിൽ. ഇന്നത്തെ ഭരണഘടനയുടെ വ്യവസ്ഥകൾക്ക് വിധേയമായി കൃഷിഭൂമി കൃഷിക്കാരന് എന്ന നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ മൗലികമായ മുദ്രാവാക്യം നടപ്പാക്കാനുള്ള സംരംഭമാണ് ഇതിനുള്ളത്. കൃഷിചെയ്യുന്ന കർഷകർക്ക് സ്ഥിരാവകാശം, കുടിയാന് മര്യാദപ്പാട്ടം, ഭൂവുടമസ്ഥതയ്ക്ക് പരിധി നിർണ്ണയിക്കുക, കൃഷിക്കാർക്ക് അവർ കൈവശം വെക്കുന്ന ഭൂമി ജന്മികളുടെ പക്കല്‍നിന്ന് ന്യായമായ പ്രതിഫലം കൊടുത്ത് വിലയ്ക്കുവാങ്ങാൻ അധികാരം നൽകുക ഇവയെല്ലാം കൂടി ഉൾക്കൊള്ളുന്ന നിയമനിർമാണം എന്ന നിലയ്ക്ക് നമ്മുടെ സ്റ്റേറ്റിലെ ഭൂബന്ധനിയമ നിർമാണത്തിന്റെ ചരിത്രത്തിൽ ഇത് ഒരു അതിപ്രധാനമായ നാഴികക്കല്ലാണെന്ന് ഞാൻ പ്രസ്താവിച്ചുകൊള്ളട്ടെ."

സാമൂഹ്യ അസമത്വങ്ങൾക്കും മർദ്ദക വ്യവസ്ഥക്കുമെതിരായ പോരാട്ടങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ച വിപ്ലവനായികയെ രൂപപ്പെടുത്തിയത് അവരുടെ ചുറ്റുപാടുകളും കമ്യൂണിസ്റ്റാശയങ്ങളുമായിരുന്നു. തൻ്റെ മൂത്ത സഹോദരനിൽ നിന്ന് പകർന്നുകിട്ടിയ വിമോചനാശയങ്ങളും ചരിത്ര സംഭവങ്ങളുമാണ് ഗൌരിയമ്മയെന്ന വിപ്ലവകാരിയെ രൂപപ്പെടുത്തിയെടുത്തതെന്ന് പറയാം. മനുഷ്യർക്കിടയിലെ വിവേചനങ്ങളും ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വാധിഷ്ഠിതവും ചൂഷണരഹിതവുമായ ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കാനുമുള്ള ഇച്ഛക്ക് തീകൊളുത്തിയത് സഹോദരനായിരുന്നുവെങ്കിലും തൻ്റെ സമരബോധത്തെയും രാഷ്ട്രീയാശയങ്ങളെയും സ്വാധീനിച്ചതും രൂപപ്പെടുത്തിയതും ഒക്ടോബർ വിപ്ലവത്തെയും സോവ്യറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥയെയും സംബന്ധിച്ച അറിവുകളായിരുന്നുവെന്നവർ പല അഭിമുഖങ്ങളിലും ആവർത്തിച്ചിട്ടുണ്ട്. 1940-തുകളിലും 50-തുകളിലും കോളറയും വസൂരിയും പടർന്നു പിടിച്ചിരുന്ന നാളുകളിൽ തിരു-കൊച്ചിയിലെയും മലബാറിലെയും കമ്യൂണിസ്റ്റുകാർ നടത്തിയ പ്രതിരോധ സന്നദ്ധപ്രവർത്തനങ്ങൾക്ക് പ്രചോദനവും ശാസ്ത്രിയമായ മാർഗ്ഗദർശനവും നൽകിയത് സോവ്യറ്റ് സർക്കാറിൻ്റ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളായിരുന്നു. ആ  ഒരു ഉൾക്കാഴ്ചയിൽ നിന്നാണ് ഗൗരിയമ്മ തിരു-കൊച്ചി അസംബ്ലിയിൽ പകർച്ചവ്യാധി പ്രതിരോധത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവങ്ങളെ വിമർശിച്ചുകൊണ്ട് ശാസ്ത്രിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. സോഷ്യലിസ്റ്റ് ഉൾക്കാഴ്ചയും ജനങ്ങളോടുമള്ള അദമ്യമായ സ്നേഹവുമായിരുന്നു ഗൗരിയമ്മയെ നയിച്ചിരുന്നത്. 

ആലപ്പുഴയുടെ സമര ചരിത്രവുമായി ചേർന്നു കിടക്കുന്നതാണ് കെ ആർ ഗൗരിയുടെ ജീവിതവും രാഷ്ട്രീയവും. കേരളത്തിലെ കമ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനവുമായി അലിഞ്ഞുചേർന്ന ചരിത്രം. കൊളോണിയൽ അധികാരശക്തികൾക്കും ഫ്യൂഡൽരാജാധികാര ശക്തികൾക്കുമെതിരായി സ്വാതന്ത്ര്യത്തിൻ്റെയും വിമോചനത്തിൻ്റെയും മഹാശയങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച കമ്യൂണിസ്റ്റാണവർ. ആലപ്പുഴയുടെ വിപ്ലവപുത്രിയായ അവർ നാടിൻ്റെയാകെ ഗൗരിയമ്മയായി മലയാളിയുടെ ഹൃദയത്തിലേറിയത് സമരോത്സുകവും ത്യാഗപൂർണ്ണവുമായ ജീവിതസമരങ്ങളിലൂടെയാണ്. സവർണ്ണജാതി അധീശത്വത്തെ കടന്നാക്രമിച്ച കളവങ്കോടം ക്ഷേത്ര പ്രതിഷ്ഠയടക്കമുള്ള നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രമുള്ള മണ്ണാണ് ആലപ്പുഴയുടേത്. തൊഴിലാളി വർഗ്ഗസമരപഥങ്ങളിൽ ഇടിമുഴക്കം സൃഷ്ടിച്ച ചരിത്രത്തോടൊപ്പമാണ് സ.ഗൗരിയമ്മയും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് കടന്നുവന്നത്. ദിവാൻ ഭരണത്തിനും സർ സിപി യുടെ അമേരിക്കൻ മോഡലിനുമെതിരെ നടന്ന അത്യുജ്വലമായ ജനകീയ ചെറുത്തുനില്പായിരുന്നു പുന്നപ്ര വയലാർ സമരം.. മരണത്തെ കീഴ്പ്പെടുത്തിയ ആത്മബോധവുമായി സർ സിപി യുടെ പീരങ്കികുഴലുകൾക്ക് മുമ്പിൽ വാരിക്കുന്തങ്ങളുയർത്തി പ്രതിരോധം തീർത്ത കയർ തൊഴിലാളികളും മണൽ തൊഴിലാളികളും കർഷകരും തീർത്ത സ്വാതന്ത്ര്യത്തിൻ്റെ സമരചരിത്രവും ഗൗരിയമ്മയുടെ ജീവചരിത്രവും ഇഴപിരിക്കനാവാത്തതാണ്. സ്വാതന്ത്ര്യത്തിന് ശേഷവും മുമ്പും നടന്ന കൊടിയ ഭരണകൂടവേട്ടയുടെ ഇരയായിരുന്നു കെ ആർ ഗൗരി." ലാത്തികൾക്ക് ജീവനുണ്ടായിരുന്നെങ്കിൽ ഞാനെത്ര കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു''വെന്ന് അവര്‍ പറഞ്ഞത് താനനുഭവിച്ച പീഡനങ്ങളുടെ ഭീകരതയുടെ കടുത്ത ഓര്‍മ്മയില്‍ നിന്നുകൊണ്ടായിരുന്നു.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 4 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 4 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More