ദേശീയ തലസ്ഥാനത്ത് സെൻട്രൽ വിസ്ത പണിയുന്നതിനെ വിമർശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ജനങ്ങൾ കൊവിഡിനെ അതിജീവിക്കാൻ പാടുപെടുകയാണെന്ന് റാവത്ത് പറഞ്ഞു. ഗംഗയിൽ ഒഴുകുന്ന മൃതദേഹങ്ങൾ, മരിച്ചവർക്ക് അന്ത്യകർമങ്ങൾ ചെയ്യാൻ പോലും കഴിയാതെ ജനങ്ങൾ, ഈ അവസരത്തിൽ എന്തിനാണ് ഡൽഹിയുട ഭൂപടം മാറ്റിമറിക്കാൻ ശ്രമിക്കുന്നതെന്നും റാവത്ത് ചോദിച്ചു.
സെൻട്രൽ വിസ്റ്റ- പുതിയ പാർലമെന്റ്, അല്ലെങ്കിൽ പുതിയ പ്രധാനമന്ത്രിയുടെ വസതിയുടെ ആവശ്യമെന്താണെന്ന് ആളുകൾ ചോദിക്കുന്നുവെന്ന് റാവത്ത് പറഞ്ഞു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വിധാൻ സഭയുടെ പണി നിർത്തിവെച്ച് പണം കൊവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്തിയ കാര്യവും റാവത്ത് ഓർമിപ്പിച്ചു.
സെൻട്രൽ വിസ്റ്റ പദ്ധതി നിർമാണം അവസാനിപ്പിക്കണമെന്ന് ശിവ സേനാ മേധാവി ഉദവ് താക്കറെ, ടിഎംസി മേധാവി മമത ബാനർജി, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, ഡിഎംകെ മേധാവി എം കെ സ്റ്റാലിൻ, എൻസിപി പ്രസിഡന്റ് ശരദ് പവാർ എന്നിവരുൾപ്പെടെ 12 പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിട്ടുണ്ട്.