ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

Sufad Subaida 2 years ago

നമ്മുടെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ഇപ്പോഴത്തെ വലിയ ചര്‍ച്ചകളില്‍ ഒന്നാണ് പലസ്തീന്‍ - ഇസ്രയേല്‍ പ്രശ്നം. ജൂത - മുസ്ലീം വിഭാഗങ്ങള്‍ തമ്മിലുള്ള തീരാത്ത സംഘര്‍ഷമായാണ് അത്  വിലയിരുത്തപ്പെടുന്നത്. ഇസ്രയേല്‍ അനുകൂലികളും പലസ്തീന്‍ അനുകൂലികളും തമ്മിലുള്ള ഒരു യുദ്ധമായി അത് കളം  നിറഞ്ഞാടുകയാണ്.

ഒരു അന്താരാഷ്ട്ര വിഷയം ഇത്തരത്തില്‍ ചര്‍ച്ച ചെയ്യുന്നതിലേക്ക് നമ്മുടേത് പോലുള്ള സമൂഹം മാറുന്നത് തീര്‍ച്ചയായും വളര്‍ച്ചയുടെ ലക്ഷണമാണ്. എന്നാല്‍ അതിനുപിന്നില്‍ ഗൂഢ ലക്ഷ്യങ്ങളോടെ നടക്കുന്ന സാമുദായിക വിദ്വേഷ പ്രചാരണങ്ങള്‍ നാം കാണാതിരുന്നു കൂടാ. ഇന്ത്യന്‍ ഭരണകൂടത്തെ  നയിക്കുന്ന പാര്‍ട്ടിയുടെ യുക്തി കടമെടുത്തുകൊണ്ട് "കണ്ടില്ലേ ഇവര്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ തീവ്രവാദമുണ്ട്" എന്ന മട്ടില്‍ ഒരുവിഭാഗത്തെ മുദ്രകുത്തുന്നതിലേക്കാണ് ചര്‍ച്ചകള്‍ നീളുന്നത്. അത്തരം ചര്‍ച്ചകള്‍ നമ്മുടെ നാട്ടില്‍ സാമുദായിക ധ്രുവീകരണം സംഭവിക്കുന്നതിലേക്ക് നയിക്കാനാണ് സാധ്യത. അതുകൊണ്ട് എന്താണ് ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നം എന്ന് നാം മനസ്സിലാക്കിയേ പറ്റൂ. വളച്ചൊടിക്കപ്പെട്ട ചില ചരിത്രവസ്തുതകള്‍ ഇത് സംബന്ധിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്.

1. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതല്ല.

2.  മുസ്ലീങ്ങളും ജൂതന്‍മാരും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിരന്തര സംഘര്‍ഷത്തിലായിരുന്നുവെന്നത് ചരിത്രപരമായി ശരിയല്ല. 

3. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അടിസ്ഥാനപരമായി ഒരു മുസ്ലീം-ജൂത സംഘര്‍ഷമല്ല. 

ഇത്രയും കാര്യങ്ങളില്‍ ആദ്യമേ തീര്‍പ്പിലെത്തിയാല്‍ മാത്രമേ പക്ഷപാതിത്തമില്ലാതെ കാര്യങ്ങള്‍ ശരിയാം വിധം മനസ്സിലാക്കാന്‍ കഴിയൂ. നാം പറഞ്ഞ മൂന്നു കാര്യങ്ങളില്‍ ആദ്യത്തേ പ്രസ്താവന ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതല്ല എന്നതാണ്. അങ്ങനെയാണ് എന്ന് ഉറപ്പിക്കാന്‍ സയണിസ്റ്റ് പക്ഷക്കാര്‍ മുന്നോട്ടു വെക്കുന്ന പ്രധാന വാദം, രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1000 ബി സിയില്‍ ദാവീദ് എന്ന പേരില്‍ ജൂതവിഭാഗം ബഹുമാനിക്കുന്ന പ്രവാചകന്‍ കൂടിയായ രാജാവ് ഭരിച്ചിരുന്നുവെന്നും. അത് പിന്നീട് മുസ്ലീങ്ങള്‍ പിടിച്ചെടുത്തതാണ് എന്നുമാണ്. അത് മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ഒരു സ്ഥലിയാണ്. അതിനെ യാഥാര്‍ത്ഥൃമായി എടുത്താല്‍ പോലും അതില്‍ സംഘര്‍ഷമില്ല എന്നതാണ് വസ്തുത. കാരണം ഇപ്പറഞ്ഞ ദാവീദ് ജൂത ,കൃസ്ത്യന്‍,മുസ്ലീം വിഭാഗങ്ങളുടെ മതചരിത്രമനുസരിച്ച് മൂന്നുകൂട്ടരും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിത്വമാണ്. മുസ്ലീങ്ങള്‍ അറബ് ഭാഷയുടെ സ്വാധീനത്തില്‍ ദാവൂദ് നബി എന്നു വിളിച്ചുപോരുന്ന പ്രവാചകനാണ്‌ അദ്ദേഹം. അതായത് ദാവീദിന്‍റെ പാരമ്പര്യം ജൂതവിഭാഗത്തിനു മാത്രം അവകാശപ്പെട്ടതല്ല എന്ന് സാരം.

രണ്ടാമത്തെതായി നാം സൂചിപ്പിച്ചത്  മുസ്ലീങ്ങളും ജൂതന്‍മാരും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിരന്തര സംഘര്‍ഷത്തിലായിരുന്നുവെന്നത് ചരിത്രപരമായി ശരിയല്ല എന്നാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചരിത്രത്തില്‍ നടന്നിട്ടുണ്ടാകാം എന്നത് മാറ്റിനിര്‍ത്തിയാല്‍ പലപ്പഴും ജൂത വിഭാഗത്തിന് ആശ്രയം നല്‍കുകയാണ് അറബ് രാഷ്ട്രങ്ങള്‍ ചെയ്തിട്ടുള്ളത്. ഒരു ജനവിഭാഗം എന്ന നിലയില്‍ ചരിത്രത്തില്‍ ഏറ്റവുമധികം പീഡനങ്ങള്‍ യൂറോപ്യന്‍ ഭരണാധികാരികളില്‍ നിന്നും മറ്റും നേരിട്ട സമൂഹമാണ് ജൂതസമൂഹം. എല്ലാവര്‍ക്കുമറിയാവുന്ന ഈ ചരിത്രമാറിയാന്‍ ജര്‍മ്മനിയുടെയും ഹിറ്റ്ലറുടേയും ചരിത്രമെങ്കിലും മിനിമം മനസ്സിലാക്കിയാല്‍ മതി. ഇത്തരം ഘട്ടങ്ങളിലൊക്കെത്തന്നെ ജൂത വിഭാഗത്തിനു താങ്ങും തണലുമായിരുന്നതും അഭയാര്‍ത്ഥികള്‍ എന്ന നിലയില്‍ അവരെ സ്വീകരിച്ചിരുന്നതും ജോര്‍ദ്ദാന്‍ അടക്കമുള്ള അറബ് രാഷ്ട്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ മൂന്നാമതായി നാം പ്രസ്താവിച്ചതുപോലെ  ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അടിസ്ഥാനപരമായി ഒരു മുസ്ലീം-ജൂത സംഘര്‍ഷമല്ല. 

1948-ല്‍ പലസ്തീനില്‍ ഉണ്ടാക്കപ്പെട്ട കൃത്രിമമായി ഒരു രാഷ്ട്രമാണ് ഇസ്രയേല്‍. ബ്രിട്ടന്‍. അമേരിക്ക തുടങ്ങിയ ലോക ശക്തികളുടെ പിന്‍ബലത്തോടെയാണ് ഇത് നടന്നത്. അറബ് രാഷ്ട്രങ്ങള്‍ക്കെതിരില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ പശ്ചിമേഷ്യയില്‍ ഒരു പെരവിശ്യ എന്നതായിരുന്നു സാമ്രാജ്യത്വ ശക്തികളുടെ ലക്ഷ്യം. ഗാന്ധിയടക്കം ലോകത്തെല്ലാ വിമോചനപ്പോരാളികളും പലസ്തീന് നടുവില്‍ ഇസ്രയേല്‍ രാഷ്ട്ര സംസ്ഥാപനത്തിന് എതിരായിരുന്നു. യൂറോപ്പില്‍ നിന്നും ലോകത്തിന്റെ പലഭാഗത്തു നിന്നും കുടിയേറി പലസ്തീന്‍റെ പല ഭാഗങ്ങളിലായി ജൂത സെറ്റില്‍മെന്റ് ഉണ്ടാക്കിയവര്‍ക്ക് പിന്നീട് അവര്‍ ഭൂരിപക്ഷമായ സ്ഥലങ്ങള്‍ നിര്‍ണ്ണയിച്ചുകൊണ്ട് ഒരു രാഷ്ട്രം അനുവദിച്ചുകൊടുക്കുകയാണ്. അങ്ങനെ ഒരു രാഷ്ട്രം നിര്‍മ്മിക്കുമ്പോള്‍ തന്നെ സമാന്തരമായി പലസ്തീനികള്‍ക്ക് അതിര്‍ത്തി നിശ്ചയിച്ച് മറ്റൊരു രാഷ്ജ്ട്രം അനുവദിക്കപ്പെട്ടുമില്ല. പിന്നീട് അത്തരത്തില്‍ നടന്ന എല്ലാ ശ്രമങ്ങളെയും ഇസ്രയേല്‍ പരാജപ്പെടുത്തുകയാണ് ഉണ്ടായത്. ഇന്ത്യയില്‍ പോരാട്ടം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലല്ല, ഹിന്ദുത്വ എന്ന ആശയത്തില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ഒരുമ്പടുന്ന തീവ്ര വലതുപക്ഷ ആശയക്കാരും തമ്മിലാണ് എന്നു പറയുന്നതുപോലെ ഇസ്രായേലില്‍ ജൂത വിശ്വാസികളും പലസ്തീനിലെ മുസ്ലീം വിശ്വാസികളും തമ്മിലല്ല സംഘര്‍ഷം. തീവ്ര വലതുപക്ഷക്കാരായ സയണിസ്റ്റുകളുടെ ഭരണകൂടവും സ്വന്തമായി ഒരു രാജ്യമേയില്ലാത്ത അസംഘടിതരായ ഒരു ജനവിഭാഗവും തമ്മില്ലാണ്. 'വാഗ്ദത്ത ഭൂമി, വാഗ്ദത്ത ജനത' എന്ന സയണിസ്റ്റുകളുടെ പിടിവാശിയില്‍ പതിട്ടണ്ടുകള്‍ക്ക് മുന്‍പേ വീടും സ്വന്തം ഗ്രാമങ്ങളും നഷ്ടപ്പെട്ട് പലഭാഗങ്ങളിലായി പൌരാവകാശം പോലുമില്ലാതെ അലയുന്ന ഒരു ജനതയും ഇസ്രയേല്‍ എന്ന രാഷ്ട്രവും തമ്മിലാണ് പോരാട്ടം. ഇസ്രയേല്‍ തങ്ങളുടെ ടാങ്കുകളും ആയുധങ്ങളും ഉപയോഗിച്ച് പലസ്തീനിലെ ജനവാസ മേഖലകള്‍ ആക്രമിച്ച് സ്ത്രീകളെയും കുട്ടികളെയും കൊല്ലുമ്പോള്‍ തിരിച്ചടിക്കുന്നത് ഒരു പരമാധികാര രാഷ്ട്രമല്ല, പകരം ചിന്നിച്ചിതറിക്കിടക്കുന്ന ഒരു ജനസമൂഹമാണ്. പലസ്തീനികള്‍ എല്ലാവരും മുസ്ലീങ്ങളല്ല,11 ശതമാനം വരുന്ന കൃസ്ത്യന്‍ ജനവിഭാഗം കൂടി ചേര്‍ന്നതാണ്. എന്തിനധികം ഇസ്രായേലില്‍ തന്നെ നിസ്സാരമല്ലാത്ത ഒരു ന്യൂനപക്ഷ വിഭാഗമാണ്‌ മുസ്ലീങ്ങള്‍. ഇവിടെ ഇസ്രായേലിന്റെ ചെയ്തികളെ ആഘോഷിക്കുന്നവര്‍ ഇസ്രയേല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്രമത്തെ അപലപിച്ചുകൊണ്ട് നടത്തിയ പ്രകടനവും പ്രമേയവും കാണാന്‍ മറന്നു പോകരുത്. സാങ്കല്‍പ്പിക രാജ്യമായ പലസ്തീന്‍ എന്ന രാജ്യത്തിന്റെ പ്രസിഡന്‍റായി യാസര്‍ അറാഫത്തിനെ ഇന്ത്യടക്കമുള്ള ലോകരാജ്യങ്ങള്‍ അംഗീകരിച്ചതിനെ മറന്നുപോകരുത്. ഇസ്രയേല്‍ ഇപ്പോള്‍ ചെയ്യുന്നത് അഭ്യന്തര സംഘര്‍ഷങ്ങളും നേതന്യാഹുവിന്‍റെ തെരഞ്ഞടുപ്പ് തോല്‍വി മറച്ചുവെക്കാനും അതിദേശീയത ഉത്പാദിപ്പിച്ച് വീണ്ടും ഭരണം കയ്യാളാനുമുള്ള ശ്രമങ്ങളാണ്.''അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്'' തിരിച്ചിടുകയാണ് ആഭ്യന്തര പ്രതിസന്ധി അനുഭവിക്കുന്ന എല്ലാ തീവ്ര വലതുപക്ഷ ഭരണാധികാരികളും ചെയ്യാറുള്ളത്. അവര്‍ അടുക്കളയില്‍ തൊട്ടാല്‍ അങ്ങാടിയിലേക്കിറങ്ങും. ആഭ്യന്തരമായ തോല്‍വികളെ അന്താരാഷ്‌ട്ര സംഘര്‍ഷം മൂര്‍ച്ചിപ്പിച്ചുകൊണ്ട് മറികടക്കാന്‍ അവര്‍ ശ്രമിക്കും. ഇതിന് ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട്. കൊല്ലപ്പെടുന്നത് കുട്ടികളാവട്ടെ, അമ്മമാരാവട്ടെ, നിരായുധരായ ജനവിഭാഗമാകട്ടെ, ഒന്നും പ്രശ്നമല്ല. അവര്‍ക്ക് പ്രശ്നം അധികാരം മാത്രമാണ് . അതാണ്‌ ഇസ്രായേലില്‍ നടക്കുന്നത്. പരിഹാരം അന്തരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും. ഇപ്പോള്‍ പലസ്തീന്‍റെ പക്കലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പരമാധികാര പലസ്തീന്‍ രാഷ്ട്രത്തിന്റെ സ്മ്സ്ഥാപനവും മാത്രമാണ്. അതിലേക്കുള്ള ശ്രമങ്ങളാണ് വേണ്ടത്. അതിനു പകരം തീവ്ര വലതുപക്ഷം മുന്നോട്ടുവെക്കുന്ന  വിദ്വേഷത്തിന്റെ ഭാഷയില്‍ ഇസ്രയേല്‍ പക്ഷത്ത് ചേര്‍ന്ന് ഒരു ജനവിഭാഗത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നമ്മുടെ സമൂഹത്തിന്റെ മതനിരപേക്ഷ ഘടനക്ക് മുറിവേല്‍പ്പിക്കുകയാണ് ചെയ്യുക .

Contact the author

Sufad Subaida

Recent Posts

J Devika 1 week ago
Views

പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

More
More
Mehajoob S.V 2 weeks ago
Views

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

More
More
Mehajoob S.V 1 month ago
Views

മാമുക്കോയയെ കണ്ട് നാം ചിരിച്ചത് എന്തിനായിരുന്നു- എസ് വി മെഹ്ജൂബ്

More
More
Views

രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

More
More
Mehajoob S.V 2 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 2 months ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More