ലക്നൗ: സര്‍ക്കാരിനെതിരെ കൂടുതല്‍ സംസാരിച്ചാല്‍ തനിക്കെതിരെ രാജ്യദ്രോഹം ചുമത്തുമെന്ന് ആരോപിച്ച് സീതാപൂര്‍ മണ്ഡലം എംഎല്‍എ രാകേഷ് രാത്തോഡ്. ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. യോഗി ആദിത്യ നാഥ് സര്‍ക്കാരിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി രാകേഷ് രാത്തോഡ് രംഗത്തെത്തിയിരിക്കുന്നത്.
എം.എല്‍.എ ആയതിന് ശേഷം കൊവിഡ് പ്രതിരോധത്തിനായി വിവിധ നടപടികള്‍ കൈകൊണ്ടു, പക്ഷെ എംഎല്‍എ മാരുടെ വാക്കിന് ഒരു വിലയും ലഭിക്കുന്നില്ല. എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ തനിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടും. സീതാപൂര്‍ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെതിരെയുള്ള വിയോജിപ്പുകള്‍ തടയാന്‍ യോഗി ആദിത്യ നാഥ് ഇന്ത്യന്‍ പീനല്‍ കോഡിലെ 124 ( രാജ്യദ്രോഹകുറ്റം) ചുമത്തി ആളുകളുടെ വായ അടപ്പിക്കുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്ന സമയത്താണ്, സര്‍ക്കാരിന്റെ എം.എല്‍.എ ഇത്തരത്തിലുള്ള പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.