തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രമാക്കാന്‍ തീരുമാനമായി. 80,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ കായിക പരിപാടികള്‍ ഒന്നും തന്നെ നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പന്തല്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനമായത്.
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. അതിനാല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിക്കും തിരക്കുമാണ്. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. 5000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നല്ല വായു സഞ്ചാരം ഉണ്ടാവും. ഇത് കൂടി പരിഗണിച്ചാണ് സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയവും വാക്സിനേഷന്‍ കേന്ദ്രമാക്കുന്നത്.
അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 30,491 ആളുകള്‍ക്കാണ്. 44,369 ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ 128 ആളുകള്‍ മരണപ്പെട്ടു. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 6,852 ആളുകളാണ്.