ഒരു സ്വപ്നത്തില്‍ നിന്ന് രമേശ്‌ ചെന്നിത്തല പടിയിറങ്ങുമ്പോള്‍ - മെഹ്ജൂബ് എസ്. വി.

പ്രതിപക്ഷ നേതാവില്‍ ഭാവിയിലെ മുഖ്യമന്ത്രിയെയാണ് പൊതുവില്‍ ജനം കാണുക. അങ്ങിനെയെങ്കില്‍ പൂര്‍ത്തീകരിക്കാനാവാത്ത ഒരു സ്വപ്നത്തില്‍നിന്നാണ് രമേശ് ചെന്നിത്തല പടിയിറങ്ങുന്നത്. ഐക്യകേരളത്തില്‍ സമാനമായ രീതിയില്‍ ഒറ്റയോരാള്‍ക്ക് മാത്രമേ ഇങ്ങനെ ഇറങ്ങിപ്പോകേണ്ടി വന്നിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ പേര് പി ടി ചാക്കോ എന്നായിരുന്നു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957-ല്‍ നിലവില്‍വന്ന ഇ എം എസ് സര്‍ക്കാരിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്നു പി. ടി. ചാക്കോ. അതായത് കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്.

വിമോചന സമരാനന്തരം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ട കേരളത്തില്‍ 1960 ഫെബ്രുവരി 1-ന് നടന്ന തെരഞ്ഞടുപ്പില്‍ ആകെയുള്ള 125 സീറ്റുകളില്‍ കോണ്‍ഗ്രസ് 63 സീറ്റുകള്‍ നേടി. 29  സീറ്റുകള്‍ പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും 20 സീറ്റുകള്‍ പി എസ് പി യും നേടി. 11 സീറ്റുകളാണ് ലീഗ് നേടിയത്. ആര്‍ എസ് പിയടക്കം മൂന്ന് സ്വതന്ത്രരും വിജയിച്ചു. ആ വിജയത്തെ തുടര്‍ന്ന് ആര്‍ ശങ്കര്‍ മുന്നോട്ടു വരികയും പി. ടി. ചാക്കോ അല്പം പുറകോട്ടു തള്ളപ്പെടുകയും ചെയ്തു. എന്‍ എസ് എസിന്‍റെ തിട്ടൂരത്തിനു മുന്നില്‍ രണ്ടുപേര്‍ക്കും ഒരുമിച്ചു പിറകോട്ടുപോകേണ്ടിവന്നുവെന്നത് മറ്റൊരു കഥ. 20 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന പി എസ് പിയെ 63 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സിന് പിന്തുണക്കേണ്ടിവന്നു. അങ്ങനെ ഈഴവനായ നേതാവ് മുഖ്യമന്ത്രിയാകരുതെന്ന എന്‍ എസ് എസ് തിട്ടൂരം വിജയിക്കുകയും മുന്‍ തിരുകൊച്ചി മുഖ്യമന്ത്രിയും പി എസ് പി നേതാവുമായ പട്ടം എ താണുപിള്ള മുഖ്യമന്ത്രിയാകുകയും ചെയ്തു. ആര്‍ ശങ്കര്‍ ഉപമുഖ്യമന്ത്രിയും പി ടി ചാക്കോ ആഭ്യന്തര മന്ത്രിയുമായി. തുടര്‍ന്ന് 1962 ല്‍ പട്ടം എ താണുപിള്ള പഞ്ചാബ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് നോമിനേറ്റു ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം തിരികെ കോണ്‍ഗ്രസ്സിന് ലഭിച്ചു. നേരത്തെ സൂചിപ്പിച്ചതുപോലെ ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന പി ടി ചാക്കോ ആഭ്യന്തര മന്ത്രിയായി.

കേരളത്തില്‍ പ്രതിപക്ഷ നേതാക്കന്മാരായിരുന്ന ഇ എം എസ്, കെ കരുണാകരന്‍, പി കെ വാസുദേവന്‍ നായര്‍, ഇ കെ നായനാര്‍, വി എസ് അച്ചുതാനന്ദന്‍, എ കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ മുഖ്യന്ത്രിമാരായി. ഇതില്‍ ഇ എം എസ്, ഇ കെ നായനാര്‍, എ കെ ആന്‍റണി,  ഉമ്മന്‍ ചാണ്ടി എന്നിവര്‍ മുഖ്യമന്ത്രിമാരായത്തിനുശേഷമാണ് പ്രതിപക്ഷ നേതാക്കന്‍മാരായത്. ഒരിക്കലും പ്രതിപക്ഷ നേതാക്കന്മാരാവാത്ത മുഖ്യന്ത്രിമാരാണ് പട്ടം എ താണുപിള്ളയും സി അച്യുതമേനോനും സി എച്ച് മുഹമ്മദ്‌ കോയയും പിണറായി വിജയനും.

പി ടി ചാക്കോയുടെയും, 1979 ആഗസ്ത് 13 മുതല്‍ കഷ്ടിച്ച് മൂന്നുമാസക്കാലം പ്രതിപക്ഷ നേതാവായിരുന്ന ടി കെ രാമകൃഷ്ണനുമാണ് കേരളത്തില്‍ മുഖ്യമന്ത്രിമാരാകാതെ പോയ പ്രതിപക്ഷ നേതാക്കന്മാര്‍. കാലം മറ്റത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചില്ലെങ്കില്‍ രമേശ്‌ ചെന്നിത്തല ഇപ്പോള്‍ പടിയിറങ്ങുന്നത് പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നല്ല, ഒരുപാടുകാലം കൊണ്ടുനടന്ന തന്റെ മുഖ്യമന്ത്രിസ്വപ്നത്തില്‍ നിന്നാണ്. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്‍റെ നിലയും ഒട്ടും വ്യത്യസ്തമല്ല. കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി പലായനത്തോടെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും തുടര്‍ന്നു വരാന്‍ പോകുന്ന വ്യവസായ മന്ത്രിസ്ഥാനവും ഉറപ്പിച്ച മുനീര്‍, കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവോടെ വീണ്ടും രണ്ടാംനിര നേതാക്കളില്‍ ഒരാളായി ചുരുങ്ങുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച ചെന്നിത്തല സ്വാഭാവികമായും തെരഞ്ഞടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കും എന്നുതന്നെയാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ നേതൃപദവി ഒഴിഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപ്രതീക്ഷിത വരവോടെ ആ ഉറപ്പ് നഷ്ടപ്പെട്ടു. ആ നിലയില്‍ കോണ്‍ഗ്രസ്സും ഐക്യജനാധിപത്യ മുന്നണിയും തെരെഞ്ഞെടുപ്പിന് മുന്‍പ് തന്നെ യഥാര്‍ത്ഥത്തില്‍ ചെന്നിത്തലയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ സംഭവിച്ച സ്ഥാന നഷ്ടം.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഏറ്റവും മുഷിഞ്ഞുനിന്നുകൊണ്ട് പരമാവധി നന്നായി പ്രവര്‍ത്തിക്കാന്‍ ചെന്നിത്തല ആവത് ശ്രമിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കം ആര്‍ക്കും ഉണ്ടാവാന്‍ വഴിയില്ല. സര്‍ക്കാരിന്റെ  പല തെറ്റായ പ്രവണതകളെയും വീഴ്ചകളെയും  പുറത്തുകൊണ്ടുവരാനും തിരുത്തിക്കാനും കഴിഞ്ഞിട്ടുള്ള പ്രതിപക്ഷ നേതാവായിരുന്നു രമേശ്‌ ചെന്നിത്തല. അലന്‍-താഹ വിഷയത്തില്‍ നിയമസഭയില്‍ നടത്തിയ ശക്തമായ ഇടപെടലും തുടര്‍ന്ന് മുഖ്യമന്ത്രിയെക്കൊണ്ട് കേന്ദ്ര അഭ്യന്തരമന്ത്രിക്ക് കത്തയപ്പിച്ചതും ചരിത്രമാണ്. യു എ പി എ പ്രകാരം എടുത്ത കേസിന്‍റെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന് തന്നെ വിട്ടുതരണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. പ്രതിപക്ഷത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി മാത്രമാണ് താന്‍ കത്തയച്ചത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനതന്നെ പ്രതിപക്ഷ നേതാവിന്റെ മികച്ച ഇടപെടലിന് ലഭിച്ച അംഗീകാരമായിരുന്നു. സ്പ്രിങ്ക്ളര്‍, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ എന്നിവയിലും ഭരണപക്ഷത്തെ അദ്ദേഹം വെള്ളം കുടിപ്പിച്ചു. എന്നാല്‍ മികച്ച പ്രതിപക്ഷ നേതാവാണ്‌ എന്ന് പുറത്തും പാര്‍ട്ടിക്കും മുന്നണിക്കും അകത്തും ഒരുപോലെ തെളിയിക്കേണ്ട ബാധ്യതയുണ്ടാക്കിയ സമ്മര്‍ദ്ദങ്ങള്‍ നെഗറ്റീവായ കാര്യങ്ങള്‍ സ്ഥിരമായി ഉന്നയിക്കുന്ന ഒരാള്‍ എന്ന പ്രതീതിയുണ്ടാക്കി. ക്രിയാത്മകമായ സ്വന്തം പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കാനോ ഭരണപക്ഷം മുന്നോട്ടു വെക്കുകയും ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്ത പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നു എന്ന തോന്നലുണ്ടാക്കാനോ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തലക്ക് പറ്റിയില്ല. തീവ്ര വലതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ശബരിമലപോലുള്ള വിഷയങ്ങള്‍ അവസരത്തിലും അനവസരത്തിലും ഉയര്‍ത്തി വിശ്വാസ്യത കളഞ്ഞുകുളിച്ചു. പ്രതിപക്ഷ പ്രവര്‍ത്തങ്ങള്‍ മിക്കവാറും വാര്‍ത്താസമ്മേളനങ്ങളില്‍ ഒതുങ്ങി. രണ്ടാം നിര നേതാക്കന്‍മാരെ വിശ്വാസത്തിലെടുത്ത് അവരെക്കൊണ്ടുയര്‍ത്തിക്കൊണ്ട് വരേണ്ട താരതമ്യേന പ്രസക്തി കുറഞ്ഞ വിഷയങ്ങള്‍ നേരിട്ടേറ്റെടുത്തതിലൂടെ സ്വന്തം വിശ്വാസ്യത മാത്രമല്ല പ്രതിപക്ഷ നേതാവ് കളഞ്ഞുകുളിച്ചത് മറിച്ച് സ്വാഭാവികമായും ഉയര്‍ന്നുവരേണ്ടിയിരുന്ന ഒരു ടീം വര്‍ക്കുകൂടിയാണ്. അതിനാലാണ് തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ അദ്ദേഹത്തിന്‍റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിനുവേണ്ടി വാദിക്കാന്‍ യുവനേതൃനിരയില്‍ ആരും ഇല്ലാതെപോയതും ഇതേ കാരണം കൊണ്ടുതന്നെയാണ്.

കോണ്‍ഗ്രസ്സില്‍ വി ഡി സതീശന്‍റെ നേതൃത്വത്തില്‍ പുതിയൊരു പാര്‍ലമെന്‍ററി പാര്‍ട്ടി രൂപീകരിക്കപ്പെടുന്നതോടുകൂടി രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം എം ഹസ്സന്‍, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി വലിയൊരു നിര മുതിര്‍ന്ന നേതാക്കാന്‍മാരുടെ ഒരു കാലഘട്ടത്തിനാണ് അവസാനമാകുന്നത്. ഇതില്‍ കെ മുരളീധരന്‍ ഉള്‍പ്പെടുമോ എന്ന് കാലം തെളിയിക്കും. പുതിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആശംസ നേരുന്ന ഇവരില്‍ പലരുടെയും ശബ്ദത്തിലും ശരീരഭാഷയിലും ഈ ഭീതി ഒളിക്കാനാവാതെ തെളിഞ്ഞുതന്നെ കാണാം.

Contact the author

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More