ലക്ഷദ്വീപില്‍ നടക്കുന്നത് ഹിന്ദുത്വത്തിന്‍റെ പ്രയോഗവത്ക്കരണം - കെ. ടി. കുഞ്ഞിക്കണ്ണന്‍

ലക്ഷദ്വീപിൽ ഹിന്ദുത്വാധികാരത്തിൻ്റെ ബലപ്രയോഗങ്ങൾ ആരംഭിച്ചിരിക്കുന്നുവെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്. സംസ്കാര സംഘർഷങ്ങളുടേതായ രാഷ്ട്രീയ പ്രയോഗങ്ങളിലൂടെയും ഭരണ നടപടികളിലൂടെയുമാണ് നവഫാസിസ്റ്റുകൾ ലോകമാകെ തങ്ങൾനഭിമതരായ ജനസമൂഹങ്ങൾക്കെതിരായ കടന്നാക്രമണങ്ങൾ വികസിപ്പിച്ചെടുക്കുന്നത്.

വളരെ ഉൽകണ്ഠാകുലമായ വാർത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി കേരളത്തോട് ചേർന്നു കിടക്കുന്ന ലക്ഷദ്വീപിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ സംസ്കാരവും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്ക്കുന്ന ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ഒരർത്ഥത്തിൽ മലയാളിയുടെ ഭാഷയുടേയും സംസ്കാരത്തിൻ്റേയും വിശ്വാസങ്ങളുടേയും തുടർച്ചയാണ് അറബിക്കടലിൽ ചിതറിക്കിടക്കുന്ന ഈ ദ്വീപസമൂഹങ്ങൾ. ഇതിൽ മിനിക്കോയി ഒഴികെ മറ്റെല്ലായിടങ്ങളിലും മലയാളമാണ് സംസാരിക്കുന്നത്. മിനിക്കോയിയിൽ മഹൽ ഭാഷയും. ഒരേ ചരിത്രത്തിൻ്റെയും സംസ്കാരങ്ങളുടേയും വിശ്വാസങ്ങളുടേയും പിന്തുടർച്ചക്കാരാണ് കേരളീയരും ദ്വീപ് നിവാസികളും .

ഹിന്ദുത്വവൽക്കരണത്തിന്‍റെ ഭാഗമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന  കടന്നാക്രമണങ്ങളും കൊവിഡ് മഹാമാരിയും ദ്വീപ് ജനതയെ അരക്ഷിതരാക്കിയിരിക്കുകയാണ്. അറസ്റ്റ്, കേസ്, ജയില്‍ തുടങ്ങി ഭരണകൂട മര്‍ദ്ദനോപകരണങ്ങളാലുള്ള ബലപ്രയോഗങ്ങള്‍ ദ്വീപിലെ അടിസ്ഥാന ജനാധിപത്യാവകാശങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്. 90% ലേറെ മുസ്ലിം ജനസംഖ്യയുള്ള ലക്ഷദ്വീപിൻ്റെ സ്വത്വത്തെയും സംസ്കാരത്തെയും കടന്നാക്രമിക്കുകയാണ് ബിജെപി ക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ ഭരണം. മുസ്ലിം വേട്ടയിലും ഉപജാപരാഷ്ട്രീയത്തിലും വളരെ കുപ്രസിദ്ധനാണ് കഴിഞ്ഞ വർഷം അവിടെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ പ്രഫുൽ ഘോഡ പട്ടേൽ.  സംഘപരിവാറിൻ്റെ വംശഹത്യാ രാഷ്ടീയത്തിൻ്റെ പരീക്ഷണ ഭൂമിയായിരുന്ന ഗുജറാത്തിൽ നിന്നുള്ള ബിജെപി നേതാവുകൂടിയാണ് പ്രഫുൽ ഘോഡ പട്ടേൽ.

ഒരു ജനതയടെ സാംസ്കാരിക സ്വത്വത്തെ തന്നെ ഇല്ലാതാക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടികളാണ് ലക്ഷദ്വീപ് നിവാസികൾക്ക് നേരെ നടക്കുന്നത്. ഹോട്ടലുകളിൽ ബീഫ് നിരോധിക്കുകയും ടൂറിസം വികസനത്തിന് മദ്യശാലകൾക്ക് ലൈസൻസ് നൽകുന്നത് വ്യാപകമാക്കുകയും ചെയ്തിരിക്കുന്നു. സ്കൂളുകളിലും അംഗൻവാടികളിലും മാംസഭക്ഷണത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നു. ലക്ഷദ്വീപിൻ്റെ സംസ്കാരവും വിശ്വാസങ്ങളും അധമവും ദേശീയതക്ക് അനഭിമതമവുമാണ് എന്ന രീതിയിലുള്ള പ്രചാരണ ബോധന പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് നമ്മുടെ രാജ്യത്തിൻ്റെ വൈവിധ്യങ്ങളെയും ഭിന്ന സംസ്കാരിക സ്ഥലികളേയും ബലപ്രയോഗങ്ങളിലൂടെ ഉദ്ഗ്രഥിച്ചെടുക്കാനുള്ള ആർ എസ് എസ് അജണ്ടയുടെ പ്രയോഗവൽക്കരണമാണ് ലക്ഷദ്വീപിൽ നടക്കുന്നത്. കേന്ദ്രഭരണത്തെ ഉപയോഗിച്ച് അതിനാവശ്യമായ ഓപ്പറേഷനുകളും തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കെതിരായ കടന്നാക്രമണങ്ങളുമാണ് പ്ലാൻ ചെയ്തു നടപ്പാക്കിണ്ടിരിക്കുന്നത്. ലക്ഷദ്വീപിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രചരണങ്ങളുടെ ഭാഗമായി ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ കേസ്സെടുത്തിരിക്കുന്നു. 

മോദിയുടെയും അമിത്ഷായുടെയും ഫാസിസ്റ്റ് കേന്ദ്രസംഘത്തിലെ പ്രധാനിയാണ് ഈ ഗുജറാത്തിലെ  സംഘപരിവാര്‍ നേതാവായ പ്രഫുൽ പട്ടേൽ. രാഷ്ടീയ, ഔദ്യോഗിക ജീവിതത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ആർ എസ് എസുകാരൻ.സൊറാബുദിൻ ഷെയ്ക്കിൻ്റെ ഏറ്റുമുട്ടൽ കൊലക്കേസിലെ വിധിയെ തുടർന്ന് മോദി സർക്കാറിൽ നിന്നും അമിത് ഷാ ഒഴിയേണ്ടിവന്നപ്പോൾ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് നിയമിതനായ ആളാണ് പ്രഫുൽ പട്ടേൽ. ദാദ്ര, നാഗർ ഹവേലി അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ അവിടുത്തെ സ്വതന്ത്ര എംപി യായിരുന്ന മോഹൻ ദെൽക്കറുടെ ആത്മഹത്യാ കേസിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം എഫ്ഐആറിൽ പേര് ചേർത്ത റിയൽ എസ്റ്റേറ്റുകാരുടെ സഹായിയായിരുന്നു ഇയാള്‍.

രാജ്യത്ത് തുടരുന്ന ബീഫീൻ്റെ പേരിലുള്ള ആൾക്കൂട്ടക്കൊലകളും ദളിത് വേട്ടകളും ബാരാബങ്കിയിലെ പള്ളി തകർക്കലും ലക്ഷദ്വീപിൻ്റെ സംസ്കാരങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നാക്രമണങ്ങളും ഹിന്ദുരാഷ്ട്രം ലക്ഷ്യവെച്ചുള്ള ഫാസിസ്റ്റധികാരപ്രയോഗങ്ങളാണ്.  ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയർത്തിക്കൊണ്ട് മാത്രമേ രാജ്യത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യവും ബഹുസ്വരതയും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാനാവൂ എന്ന് മതനിരപേക്ഷ ശക്തികൾ തിരിച്ചറിയണം. 

ഇത്രയൊക്കെ ജനാധിപത്യ ധ്വംസനങ്ങള്‍ അരങ്ങേറുമ്പോഴും അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള യാതൊരു നടപടികളും അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. കൊവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാതെ ജനങ്ങളെ വൈറസ് വ്യാപനത്തിന് എറിഞ്ഞുകൊടുക്കുന്നു എന്ന പരാതി ദ്വീപ്‌ നിവാസികളില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 4 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 4 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More