ഈ സഭയില്‍ ഏറ്റവുമധികം ഇച്ഛാഭംഗം നേരിട്ടവര്‍ ഇവര്‍ നാലുപേരുമാണ് - സുഫാദ് സുബൈദ

പതിനഞ്ചാം നിയമസഭയില്‍ ഏറ്റവുമധികം ഇച്ഛാഭംഗം നേരിട്ടവര്‍ ആരൊക്കെയാണ് എന്ന് ചോദിച്ചാല്‍. നാലുപേരുടെ പേരുകളാണ് മനസ്സില്‍ വേഗം ഓടിയെത്തുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയെ ഇവിടെ എടുക്കുന്നില്ല. തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളും അവിടെ ഉപയോഗിച്ച തന്ത്രങ്ങളുടെ പാളിച്ചയും പ്രതികൂലമായി ബാധിച്ചവരെ മാത്രമാണ് ഇവിടെ ഉദ്ദേശിച്ചത്. മന്ത്രിക്കസേര ഉറപ്പിക്കുകയും സാധ്യത കല്‍പ്പിക്കപ്പെടുകയും ചെയ്ത നാലുപേര്‍ക്കാണ് അത് നഷ്ടപ്പെട്ടത്.  പാളിയ തന്ത്രവും തെരഞ്ഞെടുപ്പ് തോല്‍വിയും ഗ്രൂപ്പ് കളിയുമെല്ലാം ഇതില്‍വരും. ജോസ് കെ മാണി, എം. വി. ശ്രേയാംസ് കുമാര്‍, കെ. പി. മോഹനന്‍, മാണി. സി. കാപ്പന്‍ എന്നിവരാണാ നിര്‍ഭാഗ്യവാന്മാര്‍.  

ജോസ് കെ മാണി 

ജോസ് കെ. മാണിയാണ് മേല്‍ സൂചിപ്പിക്കപ്പെട്ട നാലുപേരില്‍ ഏറ്റവും നിര്‍ഭാഗ്യവാന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് നിസംശയം പറയാവുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു ജോസ് കെ. മാണി. നിര്‍ഭാഗ്യമെന്നു പറയട്ടെ, തെരഞ്ഞെടുപ്പില്‍ തോറ്റുപോയി. പി. സി. തോമസിനോട് ആദ്യവും പി. ജെ. ജോസഫിനോട് പിന്നീടും കെ. എം. മാണി ഇടഞ്ഞത് ഒരുപക്ഷേ ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവി മുന്‍നിര്‍ത്തിയായിരുന്നു എന്നുപറയാം. എന്നിട്ടും എല്ലാ കാര്യങ്ങളും തനിക്കനുകൂലമായി വന്നപ്പോള്‍, എക്കാലത്തും കെ. എം. മാണിയെ ഒപ്പം നിര്‍ത്തിയ പാലാ നിയമസഭാ മണ്ഡലം മാണിയുടെ ജോസ്മോനെ കൈവിട്ടു. അങ്ങനെ ഉറപ്പായും മന്ത്രിയാകേണ്ടിയിരുന്ന ജോസ് കെ. മാണി തന്റെ സന്തത സഹചാരിയായ റോഷി അഗസ്റ്റിനെ ഉള്ളില്‍ കരഞ്ഞും പുറമേ ചിരിച്ചും സത്യാ പ്രതിജ്ഞക്ക് അനുഗ്രഹിച്ചുവിട്ടു.

പാലാ മണ്ഡലത്തിന് മേലുള്ള കടുംപിടുത്തം അവസാനിപ്പിച്ചിരുന്നുവെങ്കില്‍ ജോസ് കെ. മാണിക്ക് മന്ത്രിയാവാന്‍ അവസരം ലഭിക്കുമായിരുന്നു. പാലായിലെ അടിയൊഴുക്കുകള്‍ മനസ്സിലാക്കി, മറ്റേതെങ്കിലും സീറ്റില്‍ മത്സരിക്കാന്‍ ജോസ് കെ. മാണി തീരുമാനിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ജയിക്കുമായിരുന്നു. കേവലം ഒരു വര്‍ഷം മുന്‍പ് എല്‍ഡിഎഫിന് വേണ്ടി വോട്ടു ചോദിച്ചുവന്ന മാണി സി. കാപ്പന്‍ യുഡിഎഫിന് വേണ്ടിയും, യുഡിഎഫിന് വോട്ടു ചോദിച്ചുവന്ന ജോസ് കെ. മാണി എല്‍ഡിഎഫിന് വേണ്ടിയും കാളത്തിലിറങ്ങിയപ്പോള്‍ അതംഗീകരിക്കാന്‍ പാലാക്കാര്‍ കൂട്ടാക്കിയില്ല. നേരിയ ഒരു സഹതാപം മാണി സി. കാപ്പനോട് അവര്‍ക്ക് തോന്നി. എന്നാല്‍ ആ സീറ്റ് മാണി കാപ്പന് വിട്ടുകൊടുത്തിരുന്നുവെങ്കില്‍ അദ്ദേഹം എല്‍ഡിഎഫില്‍ തുടരുമായിരുന്നു. അങ്ങനെയെങ്കില്‍ ഇരുവരും മന്ത്രിമാരാകാനും സാധ്യത ഏറെയായിരുന്നു. ഏതായാലും മന്ത്രിയാകാനുള്ള അവസരം ചുണ്ടിനും കപ്പിനുമിടയിലാണ് ജോസ് കെ. മാണിക്ക് നഷ്ടപ്പെട്ടത്.

എം. വി. ശ്രേയാംസ് കുമാര്‍ 

പാലായില്‍ സംഭവിച്ചതിന് സമാനമായ അനുഭവമാണ് കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഉണ്ടായത്. 2016-ല്‍ യുഡിഎഫിന് വോട്ടു ചോദിച്ചുവന്ന എം. വി. ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്നു. അത് ചെയ്തത് സിറ്റിംഗ് എംഎല്‍എയും എളിമയുടെ ആള്‍രൂപവുമായ സി. കെ. ശശീന്ദ്രനെ മൂലക്കിരുത്തിക്കൊണ്ടായിരുന്നു. എല്‍ഡിഎഫിന്റെ ഈ തെറ്റായ തീരുമാനം ജനങ്ങള്‍ വക വെച്ചുകൊടുത്തില്ല. അങ്ങനെ എം. വി. ശ്രേയാംസ് കുമാറിന്റെയും ജോസ് കെ. മാണിയുടെയും തോല്‍വികളില്‍ സമാനതയുണ്ട് എന്ന് പറയാം. 

നിലവില്‍ രാജ്യസഭാംഗമായ  എം. വി. ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത് തീര്‍ച്ചയായും അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് കൊണ്ടുവരണം എന്ന ഉദ്ദേശത്തോടെ തന്നെയായിരിക്കണം. അങ്ങനെ അദേഹത്തിന് നല്‍കിയ രാജ്യസഭാ സീറ്റ് തിര്‍ച്ചെടുക്കാം എന്നും സിപിഎം കണക്കുകൂട്ടി. പെരിങ്ങളത്ത് മത്സരിച്ച് വിജയിച്ച മുന്‍ കൃഷിമന്ത്രിയായ കെ. പി. മോഹനനേക്കാള്‍ സിപിഎമ്മിന് താല്‍പര്യവും ശ്രേയാംസ് കുമാറിനോടായിരുന്നു. പുതുമുഖങ്ങളെ അണിനിരത്തിയുള്ള പുതിയ പരീക്ഷണത്തിന് ചേര്‍ന്നയാളുമായിരുന്നു ശ്രേയാംസ്. മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ തലയെടുപ്പുള്ള വ്യക്തിയാണെങ്കിലും ഇതുവരെ സംസ്ഥാന മന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്തയാളുമാണ് അദ്ദേഹം. മാത്രമല്ല മാതൃഭൂമി ദിനപത്രത്തിന്റെ  മാനേജിങ്ങ് ഡയറക്ടര്‍, മാതൃഭൂമി ചാനലിന്റെ ചുമതലക്കാരന്‍ എന്നീ നിലകളിലും സിപിഎമ്മിന് അദ്ദേഹത്തോട് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്‌ അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. അതോടെ മന്ത്രിയാകാനുള്ള അവസരം ജോസ് കെ. മാണിയുടെ കാര്യത്തില്‍ പറഞ്ഞതുപോലെ ശ്രേയാംസ് കുമാറിനും നഷ്ടപ്പെട്ടത് ചുണ്ടിനും കപ്പിനുമിടയിലാണ്.

മാണി സി. കാപ്പന്‍ 

മുന്‍ ലോക്സഭാ സ്പീക്കര്‍ പി. എ. സംഗ്മക്ക് സംഭവിച്ചത് പോലെ വലിയ ഒരമളിയാണ് മാണി സി. കാപ്പന് ഇത്തവണ സംഭവിച്ചത്. കോണ്‍ഗ്രസ് തുടര്‍ച്ചയായി ഡോ. മന്‍ മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഭരിച്ച കാലത്തിനു തൊട്ടു മുന്‍പാണ് പി. എ. സംഗ്മ ശരത് പവാറിനൊപ്പം എന്‍സിപി ഉണ്ടാക്കിപോയത്. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്ന് ട്രൈബ് വിഭാഗത്തില്‍ നിന്ന് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവ് എന്ന നിലയില്‍ അനന്തസാധ്യതകളുണ്ടായിരുന്ന പി. എ. സംഗ്മക്ക് പിന്നീട് ഒന്നുമാകാന്‍ കഴിഞ്ഞില്ല എന്നത് ചരിതമാണ്. മാണി സി. കാപ്പന്‍ എന്‍സിപിയിലേക്കും അതുവഴി മന്ത്രിസ്ഥാനത്തേക്കുമൊക്കെ എത്തിച്ചേരാനുള്ള സാധ്യത നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, ഇത്തവണ പാലാ സീറ്റ് നേടി എംഎല്‍എ സ്ഥാനം ഉറപ്പിക്കാന്‍ പോയ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് മന്ത്രിസ്ഥാനമാണ്.

പാലാ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുത്തിരുന്നുവെങ്കില്‍, എല്‍ഡിഎഫും സിപിഎമ്മും നിര്‍ദ്ദേശിച്ചിരുന്നത് പോലെ കുട്ടനാട് മത്സരിക്കാന്‍ അദ്ദേഹം തയാറായിരുന്നുവെങ്കില്‍, തീര്‍ച്ചയായും മാണി സി. കാപ്പന്‍ മന്ത്രിയാകുമായിരുന്നു. കുട്ടനാട്ടില്‍ മത്സരിച്ച എന്‍സിപി നേതാവും തോമസ്‌ ചാണ്ടിയുടെ സഹോദരനുമായ തോമസ്‌ കെ. തോമസ്‌ വിജയിച്ചുവന്നതും ഇതുമായി കൂട്ടിവായിക്കണം. അങ്ങനെയൊരു തീരുമാനം മാണി സി. കാപ്പന്‍ എടുത്തിരുന്നുവെങ്കില്‍ കാപ്പനും ജോസ് കെ. മാണിക്കും മന്ത്രിമാരാകാന്‍ അവസരം ലഭിക്കുമായിരുന്നു എന്നും കരുതാം. ഒന്നാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന എ. കെ. ശശീന്ദ്രനെ മാറ്റണം എന്ന ആവശ്യം നേരത്തെതന്നെ എന്‍സിപി യില്‍ ഉയര്‍ന്നിരുന്നു. ഈ ഘടകങ്ങളെല്ലാം അനുകൂലമായിരുന്നുവെങ്കിലും ദീര്‍ഘവീക്ഷണമില്ലായ്മയും പിടിവാശിയുമാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത് എന്ന് പറയാം. അതായത് എംഎല്‍എ സ്ഥാനം നേടിയപ്പോള്‍ കാപ്പന് നഷ്ടപ്പെട്ടത് മന്ത്രിസ്ഥാനമാണ് എന്ന്.

കെ. പി. മോഹനന്‍

കെ. പി. മോഹനന്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ പി. ആര്‍. കുറുപ്പിന്റെ മകനാണ്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്ന അദ്ദേഹം എല്‍ജെഡി, യുഡിഎഫ് വിട്ടതോടെയാണ് എല്‍ഡിഎഫില്‍ എത്തിയതും പെരിങ്ങളത്ത് മത്സരിച്ചു ജയിച്ചതും. എന്നാല്‍ ഇടത് നേതൃത്വത്തിനും എല്‍ജെഡി നേതാവ് എം. വി. ശ്രേയാംസ് കുമാറിനുമുളള താല്‍പര്യക്കുറവാണ് കെ. പി. മോഹനന് മന്ത്രിസ്ഥാനം ലഭിക്കാതിരിക്കാന്‍ കാരണം. പാര്‍ട്ടിക്ക് ലഭിച്ച സീറ്റുകളില്‍ ജയിച്ചുവന്നത് മോഹനന്‍ മാത്രമായിരുന്നുവെന്നതുകൊണ്ട് തന്നെ അദ്ദേഹം മന്ത്രിസ്ഥാനം ഉറപ്പിച്ചതായിരുന്നു. ചെറു കക്ഷികള്‍ക്കെല്ലാം വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും കെ. പി. മോഹനന്‍ അവഗണിക്കപ്പെട്ടു. ഇത് അദ്ദേഹത്തില്‍ വലിയ മുറിവുണ്ടാക്കിയിട്ടുണ്ട്. രാമചന്ദ്രന്‍ കടന്നപ്പള്ളിയും അഹമദ് ദേവര്‍കോവിലും തമ്മിലും ആന്‍റണി രാജുവും കെ. ബി. ഗണേശ് കുമാറും തമ്മിലും മന്ത്രിസ്ഥാനങ്ങള്‍ രണ്ടര വര്‍ഷം വീതം പങ്കുവെയ്ക്കാന്‍ തീരുമാനമുണ്ടാക്കിയപ്പോഴും കെ. കൃഷ്ണന്‍കുട്ടിയുടെയും കെ. പി. മോഹനന്‍റെയും കാര്യത്തില്‍ അതുണ്ടായില്ല. ഈ നിരാശ പാര്‍ട്ടിയില്‍ വലിയ വിടവുണ്ടാകുന്നതിലേക്കും മുന്നണിയില്‍ നിന്ന് പോകുന്നതിലേക്കും വഴിവെച്ചാലും അത്ഭുതപ്പെടാനില്ല.

Contact the author

Sufad Subaida

Recent Posts

Dr. Azad 3 weeks ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 2 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More