ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആറുമാസം പിന്നിട്ടു. രാജ്യവ്യാപകമായി ഇന്ന് കരിദിനമായി ആചരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ഇന്ന് രാജ്യത്താകെ മോദി സര്‍ക്കാരിന്റെ കോലം കത്തിക്കുകയും ട്രാക്ടറുകളിലും വീടുകളിലും കറുത്ത കൊടികള്‍ ഉയര്‍ത്തുകയും ചെയ്യുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമടക്കം 12 പ്രതിപക്ഷ കക്ഷികളാണ് കര്‍ഷകരുടെ കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ സമരം ഏതു നിലയ്ക്കും അടിച്ചമര്‍ത്താനുളള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരെ തടയാന്‍ പൊലീസ് അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26-നാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായി രാജ്യത്തെ വിവിധ കര്‍ഷക സംഘടനകളും കര്‍ഷകരും പ്രതിഷേധവുമായി ഡല്‍ഹി അതിര്‍ത്തികളിലെത്തിയത്. കേന്ദ്രസര്‍ക്കാരിനെതിരെ വലിയ പ്രതിഷേധ പരിപാടികളും സംയുക്ത കിസാന്‍ മോര്‍ച്ച ആസൂത്രണം ചെയ്തു. കര്‍ഷക സമരത്തെ തകര്‍ക്കാനായി കേന്ദ്രസര്‍ക്കാര്‍ പല രീതിയിലും ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെയെല്ലാം മറികടന്ന് കര്‍ഷകര്‍ സമരം തുടരുകയാണ്. സമരം ഒത്തുതീര്‍ക്കാനായി പല ഉപാധികളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.