ലക്ഷദ്വീപ്: മനുഷ്യര്‍ ശ്വാസംമുട്ടി മരിക്കുമ്പോള്‍ കുലുങ്ങാത്തവര്‍ക്ക് ഉന്‍മൂലനങ്ങള്‍ എളുപ്പമാണ് - പ്രൊഫ. പി കെ പോക്കര്‍

നക്ഷത്രങ്ങള്‍ക്കും 

അതിന്‍റെ ഭാഷയുണ്ട്

ഇരുട്ടാണ് അത് പകര്‍ത്തിത്തരുന്നത് എന്നുമാത്രം

നമുക്കത് ഉറക്കത്തിനുള്ള പൂതപ്പാകുന്നു.

                                                         -കെ വി സക്കീര്‍ ഹുസൈന്‍

ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നത് ശത്രു രാജ്യത്തോടോ പട്ടാളത്തോടോ അല്ല. സ്വന്തം പൌരസമൂഹത്തോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ജനജീവിതം ദുസ്സഹമാക്കുന്നത് യാദൃച്ഛികമോ അനിച്ഛാപരമോ ആയി സംഭവിക്കുന്നതുമല്ല. ഗുജറാത്ത് വംശഹത്യക്ക് ശേഷവും ഇന്ത്യയില്‍ ഫാഷിസ്റ്റ് പ്രത്യശാസ്ത്രമാണ് ഹിന്ദുത്വത്തിന്റെ പേരില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് മനസ്സിലാക്കാത്ത രാഷ്ട്രീയ നേതൃത്വം മുതല്‍ ബുദ്ധിജീവികള്‍ വരെ ഇന്നത്തെ ഇന്ത്യനവസ്ഥയ്ക്ക് ഉത്തരവാദികളാണ്. ഗുജറാത്ത് വംശഹത്യക്ക് മുന്‍പുതന്നെ അയോദ്ധ്യയിലെ സംഭവ വികാസങ്ങള്‍ ഹിന്ദുത്വം കൃത്യമായി ഏത് ദിശയിലാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കിയതാണ്. നിയമവ്യവസ്ഥയേയും പൊലീസ്, പട്ടാളം മുതലായ ബഹുതല നിയമപാലകരേയും നീര്‍വീര്യമാക്കിയ സംഭവമാണ് 1992 ഡിസംബര്‍ ആറിന്റെ ബാബറി പള്ളി പൊളിക്കല്‍. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹറാവു പൂജാമുറിയിലായിരുന്നോ, അതല്ല  ഉറങ്ങിപ്പോയോ എന്നതല്ല ഇവിടെ വിഷയമാകേണ്ടത്. ഇതുപോലെ ഒരു വിദ്വേഷ രാഷ്ട്രീയം കരുപ്പിടിപ്പിച്ചുകൊണ്ട് എങ്ങിനെ സംഘപരിവാറിന് മതേതര ജനാധിപത്യ ഇന്ത്യയിലുടനീളം വിഭാഗീയത ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ്, അവിടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തന്‍റെ ദൌര്‍ബല്യം നാം കാണേണ്ടത്. 

ഗാന്ധിവധം മുതല്‍ പരീക്ഷിച്ച വെറുപ്പിന്റെയും ഹിംസയുടെയും പ്രത്യയശാസ്ത്രമാണ് രാജ്യത്തെ മതേതര ജനാധിപത്യത്തെ റദ്ദ്ചെയ്യും വിധം ആഭ്യന്തര ശത്രുക്കളെ അടയാളപ്പെടുത്താനും ഉന്മൂലനം ചെയ്യാനും ആരംഭിച്ചത്. ഗോള്‍വള്‍ക്കറുടെ രാഷ്ട്രീയ സിദ്ധാന്തത്തിന്‍റ പ്രയോഗമാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കിവരുന്നത്. രാഷ്ട്രീയ ചരിത്രത്തില്‍ പലരും കരുതുന്നതുപോലെ ഫാഷിസമെന്നത് അമിതാധികാരപ്രയോഗമല്ല, അതിന്റെ അടിസ്ഥാനം വംശീയതയും കോര്‍പ്പറേറ്റ് ലാഭയുക്തിയുമാണ്. ഡോ മുഞ്ചെയെപ്പോലെ അത് പഠിക്കാന്‍ ഇന്ന് ഇറ്റലിയിലോ ജര്‍മനിയിലോ ആരും പോകേണ്ടതില്ല. ഒരു നിഘണ്ടുവോ എന്‍സൈക്ലോപീഡിയയോ തുറന്നുനോക്കിയാല്‍ മാത്രം മതി. പിന്നെ, ഇവിടെ സംഘപരിവാര്‍ കാര്യങ്ങള്‍ അവരുടെ പ്രമാണങ്ങളില്‍ എഴുതിവെക്കുക മാത്രമല്ലല്ലോ ചെയ്തത്, ചുരുങ്ങിയത് അദ്വാനിയുടെ രഥം ഉരുണ്ടുതുടങ്ങിയ കാലം മുതല്‍ ആഭ്യന്തര ശത്രുക്കളെ വകവരുത്തും എന്നുതന്നെയല്ലേ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതൊന്നും ചര്‍ച്ചയ്ക്ക് വെക്കാതെ ലക്ഷദ്വീപില്‍ വണ്ടിയിറക്കാന്‍ പറ്റില്ല. കാരണം ഇത് ഒരു ദ്വീപില്‍ ഒരു അഡ്മിനിസ്ട്രേറ്റര്‍ കച്ചവടം തുടങ്ങുന്ന പ്രശ്നമല്ല. ദ്വീപിനെ കശ്മീര്‍പോലെ പിടിച്ചെടുക്കുകയാണ്. വിഭവങ്ങള്‍ കയ്യടക്കി മനുഷ്യരെ പുറത്താക്കുക എന്നതുതന്നെയാണ് ലക്ഷ്യം. മനുഷ്യര്‍ എന്നാല്‍ മുസ്ലീങ്ങളായ മനുഷ്യര്‍. അവര്‍ ശത്രു നമ്പര്‍ :1 ആണെന്ന് ഗോള്‍വള്‍ക്കര്‍ജി എഴുതിവെച്ചിട്ടുണ്ടല്ലോ.1940 മുതല്‍ 1973 വരെ 33 വര്‍ഷം സര്‍സംഘ് ചാലക് ആയിരുന്ന ഗോള്‍വള്‍ക്കര്‍ജിയാണല്ലോ ആര്‍ എസ് എസ്സിന്‍റെ ഒരേയൊരു ഗുരുജി. അദ്ദേഹം നമ്പര്‍ :1 ശത്രുവായി അടയാളപ്പെടുത്തിയ മുസ്ലിംകള്‍ക്കെതിരായി ദിവസം എത്ര തവണയാണ് ബി ഗോബാലകൃഷ്ണന്‍ മുതല്‍ ശശികല ടീച്ചര്‍ വരെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങിനെ ആദ്യം ഒന്നാം ശത്രുവിനെ ഇല്ലാതാക്കുന്ന പ്രക്രിയ പൂര്‍ത്തിയാകുമ്പോഴേക്കും രാജ്യം ഉണ്ടാകുമോ എന്നത് വേറെ കാര്യം. കൊവിഡ് മഹാമാരിയും വിദ്വേഷ രാഷ്ട്രീയവും ഒത്തുപിടിച്ചാല്‍ കാര്യങ്ങള്‍ അങ്ങിനെയായേക്കും. 

മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളും കീഴാളരുടേയും ദളിതരുടെയും ആവാസവ്യവസ്ഥയും ഫാഷിസം ലക്ഷ്യമിട്ടിരിക്കയാണ്. ഉത്തരാഖണ്ഡിലെ ഗിരിവര്‍ഗക്കാരെ തകര്‍ക്കുന്നതിനെതിരായി ഹൈ കോടതി വിധിവന്നത് രണ്ടുമാസം മുന്‍പാണല്ലോ. ഗുജ്ജാറുകള്‍ നഗരവാസികളെ പോലെ മനുഷ്യരാണെന്ന അല്‍ഭുതം കോടതി ഉപദര്‍ശിച്ചത് ഭാഗ്യമെന്നല്ലാതെ എന്തുപറയാന്‍. അരവിന്ദ് അഡിഗയുടെ ബുക്കര്‍ പ്രൈസ് ലഭിച്ച നൊവല്‍ 'വൈറ്റ് ടൈഗര്‍' (White Tiger) ഖനന മാഫിയയും രാഷ്ട്രീയ നേതൃത്വവുമായുള്ള കൂട്ടുകെട്ട് പ്രശ്നവല്‍ക്കരിച്ചത് ഒരു വ്യാഴവട്ടത്തിന് മുന്‍പണല്ലോ.  കശ്മീരിലെ പൌരസമൂഹത്തെ പട്ടിണിക്കിട്ടും, വാര്‍ത്താവിനിമയം റദ്ദ് ചെയ്തും, സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും കേന്ദ്രസര്‍ക്കാര്‍ എങ്ങിനെയാണോ ആ ഭൂപ്രദേശത്തെ വരുതിയിലാക്കിയത്, അതേ രീതിയാണ് ലക്ഷദ്വീപിലും സംഭവിക്കാന്‍ പോകുന്നത്. അതിനവര്‍ക്ക് ചരിത്രം പിന്തുണനല്കുന്നു; നൂറ്റാണ്ടുകള്‍ ബ്രഹ്മസ്വം നിലനിന്ന, വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന, കുടിവെള്ളം പോലും നിഷേധിച്ച ഒരു ജാതി റിപ്പുബ്ലിക്കിന്റെ പിന്‍ബലം. ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്ന ആഗോളവല്‍ക്കരണകാലത്തെ രാഷ്ട്രീയ സാമൂഹിക നേതൃത്വം വാസ്തവത്തില്‍ ഇപ്പോഴെങ്കിലും ഉണരുമെങ്കില്‍ രാജ്യത്തിന് രക്ഷപ്പെടാന്‍ കഴിയും.

കുട്ടികളേയും പട്ടാളക്കാരേയും മരണം ബാധിക്കാറില്ലെന്ന് സര്‍ത്രെ (Jean Paul Sartre) ആത്മകഥയില്‍ പറയുന്നുണ്ട്. കുട്ടികള്‍ക്ക് തിരിച്ചറിവില്ലാത്തതിനാലും പട്ടാളക്കാര്‍ കൊല്ലാന്‍ മാത്രം പരിശീലിച്ചു യുദ്ധോല്‍സുകമായി ജീവിക്കേണ്ടതിനാലും അവരുടെ മസ്തിഷ്കത്തില്‍ മരണം പെട്ടെന്ന് മുറിപ്പാടുകലുണ്ടാക്കാന്‍ സാധ്യത കുറവാണ്. എങ്കിലും കസാന്‍ദ് സാക്കീസിന്‍റെ ''സഹോദര ഹത്യ''കളിലെ (Fratricides) കഥാപാത്രങ്ങളെ പോലെ മനുഷ്യത്വം ഉണരുന്ന വ്യക്തികളും സന്ദര്‍ഭങ്ങളും യുദ്ധക്കളങ്ങളില്‍ പോലും ഉണ്ടാവാറുണ്ട്. അങ്ങിനെയാവണം നാഗ്പൂരിലെ പരിശീലനം കഴിഞ്ഞ് നേതാക്കളായി മാറിയ ഒ കെ വാസു മാഷെപ്പോലുള്ളവര്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത്. സുധീഷ് മിന്നിയെപ്പോലുള്ളവര്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ട സ്വന്തം അനുഭവം എഴുതിയത്. വാസ്തവത്തില്‍ അര്‍ എസ് എസ് നല്‍കുന്നതും അര്‍ദ്ധസൈനിക പരിശീലനം തന്നെയാണ്. അങ്ങിനെ ശത്രുസംഹാരം മാത്രം ലക്ഷ്യമാക്കി  പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഇന്ന് നിര്‍ഭാഗ്യവശാല്‍ ഇന്ത്യ ഭരിക്കുന്നത്. അതിനാല്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കിക്കൊരിക്കുന്ന ഒരു വംശീയ അജണ്ടയുടെ ഭാഗം മാത്രമാണ് ദ്വീപില്‍ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യര്‍ ശ്വാസംമുട്ടി മരിക്കുമ്പോള്‍ കുലുങ്ങാത്ത ഒരു ഭരണനിര്‍വഹണ വ്യവസ്ഥയില്‍ വംശീയ ഉന്‍മൂലനങ്ങള്‍ എളുപ്പമാണ്. 

ഫാഷിസം സ്ഥലകാലങ്ങള്‍കനുസരിച്ച് നേതൃത്വത്തെ കണ്ടെത്തും. അങ്ങിനെയാണ് പ്രഫുല്‍ കേദാര്‍ പട്ടേല്‍ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആവുന്നത്. സോഷ്യലിസം തകരുന്നതിന് മുന്‍പ് സോവിയറ്റ് യൂ ണിയനില്‍ വാതിലുകള്‍ അടക്കാതെത്തന്നെ വീടുകള്‍ സുരക്ഷിതമായിരുന്നെന്ന് പണ്ട് വായിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പൊഴും വാതിലുകള്‍ അടക്കാതെ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന ഒരിടം ഭൂമിയില്‍ ഉണ്ടെങ്കില്‍ അത് ലക്ഷ്വദീപ് ആയിരിക്കും. പ്രകൃതിമനോഹരമായ ലക്ഷ്വദീപിനെ, നിലനില്‍ക്കുന്ന പ്രകൃതിദൃശ്യങ്ങളും ആവാസവ്യവസ്ഥയും തകര്‍ത്തുകൊണ്ട് വിനോദസഞ്ചാര കേന്ദ്രമാക്കുമ്പോള്‍ തദ്ദേശീയരുടെ പ്രതിരോധം ഉയര്‍ന്നുവരാതിരിക്കാന്‍ ഗുണ്ടാനിയമം കൊണ്ടുവന്ന ഭരണകൂടം ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ 114 ശാസ്ത്രജഞര്‍ ദ്വീപ് ഭരണകൂടത്തോട് അവിടുത്തെ ആവാസവ്യവസ്ഥയും ലഗൂണുകളും തകര്‍ക്കുന്ന പദ്ധതിയില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത്യപൂര്‍വമായി നിലനില്‍ക്കുന്ന പ്രകൃതിദൃശ്യങ്ങളും വിവിധങ്ങളായ ജന്തുലോകവും നിലനിര്‍ത്തേണ്ടത് പാരിസ്ഥിതികമായ അനിവാര്യതയാണ്. കേന്ദ്ര ആഭ്യന്തര വകുപ്പും നീതി ആയോഗും ചേര്‍ന്ന് അവിടെ നിര്‍മിക്കുന്ന ബഹുകൊടികളുടെ പദ്ധതി തദ്ദേശീയരുടെ ജീവിതം മാത്രമല്ല അവരുമായി നാഭീനാളബന്ധം പുലര്‍ത്തുന്ന കേരളീയരുടെയും ജീവിതത്തെ ബാധിക്കുന്നതാണ്.

ഒരുവശത്ത് ടൂറിസം നടപ്പിലാക്കുകയും മറുവശത്തു മാംസാഹാര നിരോധനം നടുത്തുകയും ചെയ്യുന്നത് പരസ്പര വിരുദ്ധമായ പ്രവര്‍ത്തനമാണ്, കാരണം സസ്യാഹാരികള്‍ക്കുള്ള ദേവാലായം അല്ല ടൂറിസത്തിന് വേണ്ടി ലോകത്തെവിടെയും പണിയുക. എന്നാല്‍ ഇവിടെ ലക്ഷ്യം പലരും കരുതുന്നത് പോലെ ടൂറിസവും സാംമ്പത്തിക വികസനവും മാത്രമല്ല, അതിലുപരി ഒരു ജനതയെ ശ്വാസം മുട്ടിക്കുമ്പോഴുള്ള സാഡിസ്റ്റ് സുഖവും ഭരണകൂടത്തിനുണ്ട്. ആ ഉന്മാദം എല്ലാ വംശീയ ഉന്‍മൂലനങ്ങളിലും അവര്‍ അനുഭവിക്കുന്നുണ്ട്. ഫാഷിസത്തെ സാമ്പത്തികമാത്ര വടമാക്കി ചുരുക്കരുത്. വംശശുദ്ധി എന്ന മിത്താണ് അതിന്റെ അടിസ്ഥാനം. പ്രയോഗത്തിലും തത്വത്തിലും അവര്‍ ആരംഭകാലം മുതലേ ചെയ്തുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്. ഇന്ത്യയില്‍ മുസ്ലിം, ക്രിസ്ത്യന്‍, കമ്മൂണിസ്റ്റ് സാന്നിദ്ധ്യമാണ് ബ്രാഹ്മണവ്യവസ്ഥ കൊണ്ടുവരുന്നതിന് തടസ്സമെന്ന അവരുടെ താത്വികവിചാരമാണ് ഇപ്പോള്‍ പ്രയോഗത്തില്‍ വരുത്തുന്നത്. യുക്തി ചിന്തയേയും സ്വതന്ത്രചിന്തയെയും അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ദബോള്‍കര്‍, ഗോവിന്ദ പന്‍സാരേ, ഗൌരീ ലങ്കേഷ് എന്നിവരെ ആദ്യമേ വകവരുത്തിയത്. മിശ്രവിവാഹം ഇവരുടെ പേടിസ്വപ്നമാണ്. വംശീയ ഉന്‍മൂലനത്തിലൂടെയും സ്വതന്ത്രചിന്ത സ്തംഭിപ്പിച്ചും ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബഹുസ്വരതയെ റദ്ദ് ചെയ്യുകയാണ് ലക്ഷ്യം. അതില്‍ മുന്‍ഗണനാക്രമം ഉണ്ടെന്ന് മാത്രം. ഇപ്പൊഴും ഫാഷിസത്തിന്റെ വ്യാകരണം മനസ്സിലാകാത്ത പ്രസ്ഥാനങ്ങള്‍ക്ക് എത്രത്തോളം ചെറുത്തുനില്‍പ്പ് സാധ്യമാകും എന്നതാണു ചോദ്യം. വീട് കത്തുമ്പോള്‍ എലിശല്യം ചര്‍ച്ചചെയ്യുന്നവരാക്കി ഫാസിസം ആളുകളെ മാറ്റിത്തീര്‍ക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 

ദ്വീപ് ഭൂമിയിലെ അവകാശത്തില്‍ വരുത്തുന്ന മാറ്റങ്ങളും കശ്മീരില്‍ കൊണ്ടുവന്ന പുതിയ ഭൂനിയന്ത്രണങ്ങളും സാദൃശ്യമുള്ളതാണ്. തൊഴില്‍ നിയമം മുതല്‍ ഭക്ഷണ നിയന്ത്രണം വരെ നടപ്പിലാക്കി ഒരു ഭൂപ്രദേശത്തെ അവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് അന്യമാക്കുകയും നിഷ്കാസിതരാക്കുകയും ചെയ്യുപ്പോള്‍ നാം മനസ്സിലാക്കേണ്ടത് ഇതൊരു പാട്ടേല്‍ പദ്ധതി മാത്രമല്ല എന്നാണ്. ചാനലുകളില്‍ കയറിയിരുന്ന് അവിടുത്തെ ജനങ്ങള്‍ കള്ളന്മാരും കൊള്ളക്കാരും മയക്കുമരുന്നു മാഫിയയുടെ ഭാഗമാണെന്നും അവരെ പിന്തുണക്കുന്നവര്‍ രാജ്യദ്രോഹികള്‍ ആണെന്നും ആവര്‍ത്തിച്ചു പറയുന്ന സംഘ പരിവാരങ്ങളെ യഥാര്‍ത്ഥ രാജ്യദ്രോഹികളായി തിരിച്ചറിയണം. കളവുകള്‍കൊണ്ടല്ലാതെ ഫാഷിസ്റ്റ് പദ്ധതികള്‍ ഒരിയ്ക്കലും മുന്നോട്ടുപോകാറില്ല, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇപ്പോള്‍ വംശീയ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. പൌരത്വം അതിലൊന്ന് മാത്രം. പ്രഫുല്‍ പാട്ടേല്‍ ലക്ഷദ്വീപില്‍ നടത്തുന്നതും വംശീയ അജണ്ടയുടെ ഭാഗംതന്നെ. ലോകത്തിലെ പരിസ്ഥിതി സൌഹൃദപരവും, സുന്ദരവുമായ ഒരു ഭൂപ്രദേശത്തെ... സത്യസന്ധരും, നന്‍മയുള്ളവരും ജീവിക്കുന്ന ഒരു മാതൃകാ ദ്വീപിനെ ഇപ്പോള്‍ ബല പ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്നത് തടയാന്‍ കഴിയണമെങ്കില്‍ വിപുലമായ ഐക്യവും തിരിച്ചറിവും ജനാധിപത്യപ്രസ്ഥാനങ്ങള്‍ പ്രകാശിപ്പിക്കണം. സംഘടനകളുടെ തല്‍കാലിക താല്പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും നിലനില്‍പ്പും അതിജീവനവും ലക്ഷ്യമാകണം. ഒളിച്ചുകളിയുടെ കാലം കഴിഞ്ഞിരിക്കുന്നു

Contact the author

P. K. Pokker

Recent Posts

Sufad Subaida 2 weeks ago
Views

ബിജെപി ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് മുസ്ലിം പേര് പരിഗണിക്കുമോ?- സുഫാദ് സുബൈദ

More
More
Views

എ കെ ആന്‍റണിയുടെ ചോദ്യത്തില്‍ സതീഷസുധാരകരാദികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 1 month ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 1 month ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More