ഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നല്കി മഹാരാഷ്ട്രയില്‍ കുട്ടികളില്‍ കൊവിഡ് പടരുന്നു. ഒരുമാസത്തിനിടെ കുട്ടികളും കൗമാരക്കാരുമുള്പ്പെടെ 8000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 15 വരെയാണ് നീട്ടിയിരിക്കുന്നത്. കൊവിഡിന്റെ മൂന്നാം തരംഗം വരുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും ആശുപത്രി ബെഡുകളുടെയും ഓക്സിജന്‍ സിലിണ്ടറുകളുടെയും ലഭ്യത ഉറപ്പുവരുത്തുമെന്നും മഹാരാശഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ആവശ്യമെങ്കില്‍ മാത്രം നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന കാര്യം പുനപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മൂന്നാം തരംഗത്തെ മുന്‍നിര്‍ത്തി കുട്ടികള്‍ക്കായി ഒരു കൊവിഡ് വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തെ നേരിടാന്‍ തയാറാണ്. കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയിലാണെന്ന തോന്നല്‍ ഉണ്ടാവുകയില്ല. നഴ്സറിയുടെ രൂപത്തിലാണ് വാര്‍ഡ് തയാറാക്കിയിട്ടുളളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1.52 ലക്ഷമായി കുറഞ്ഞു. 52 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കുറഞ്ഞ കണക്കാണിത്. 2.80 കോടി ജനങ്ങള്‍ക്കാണ് നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 3128 പേര് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 3,29,100 ആയി. തമിഴ്നാട്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുളളത്.