മരത്തിൽ കെട്ടിയ പശുവിനെപ്പോലെയാണ് നമ്മുടെ പരിസ്ഥിതി ദിനം - വൈശാഖൻ തമ്പി

മരത്തിൽ കെട്ടിയ പശുവിനെപ്പോലെയാണ് നമ്മുടെ പരിസ്ഥിതിദിനം. പരിസ്ഥിതി എന്താണ്, അതിന്റെ സമഗ്രമായ മാനങ്ങൾ എന്തൊക്കെയാണ്, അതിനെ എന്തിന് സംരക്ഷിക്കണം, അതിനെ എങ്ങനെയൊക്കെ സംരക്ഷിക്കാം, പരിസ്ഥിതിനാശം എങ്ങനെയൊക്കെ സംഭവിക്കാം, കാലാവസ്ഥയിൽ എന്ത് മാറ്റമാണ് വരുന്നത്, കാലാവസ്ഥ മാറിയാൽ എന്ത് സംഭവിക്കാം, എന്നിങ്ങനെ അസംഖ്യം ചോദ്യങ്ങളുടെയെല്ലാം കൂടി ഉത്തരം മരം എന്ന ഒറ്റ സാധനത്തിന് ചുറ്റും ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കും. 

മരങ്ങൾ എന്തിന് സംരക്ഷിക്കപ്പടണം എന്ന ചോദ്യത്തിന് സ്കൂൾ ക്ലാസ്സ് മുതലേ റെഡി മെയ്ഡായിട്ടുള്ള ഉത്തരമുണ്ട്, ഓക്സിജൻ! വൈറസ് ബാധിച്ച് ശ്വാസകോശത്തിന് ഫലപ്രദമായി ഓക്സിജൻ വലിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുന്നിടത്ത് പോലും മരവും ചുമന്നുകൊണ്ടുവരുന്ന കാഴ്ച ഈ വിഷയത്തിലുള്ള നമ്മുടെ പൊതുധാരണയുടെ ഒരു നേർചിത്രമാണ്. ചെടിച്ചട്ടിയിൽ നിന്നും ചാണകക്കുഴിയിൽ നിന്നുമൊക്കെ മൂക്കിലോട്ട് പൈപ്പിട്ട് ഫോട്ടോഷൂട്ട് നടത്തുന്നവരുടെ കാര്യം പിന്നെ പറയേണ്ട കാര്യമില്ലല്ലോ. കഷ്ടിച്ച് നൂറ് മീറ്റർ പോലും ഉയരമില്ലാത്ത മരങ്ങൾ മേഘങ്ങളെ 'തടഞ്ഞുനിർത്തി' മഴപെയ്യിക്കും എന്ന് സ്കൂളിൽ പഠിച്ചത് ഇന്നും ഓർമ്മയുണ്ട്. അക്കൂട്ടത്തിൽ തന്നെയാണ് മരങ്ങളുടെ ഈ പ്രാണവായുവിതരണത്തെ കുറിച്ചും പഠിച്ചത്. കുറച്ചുകൂടി കഴിഞ്ഞപ്പോഴാണ് അതിലെ പ്രശ്നം പിടികിട്ടിയത്.

സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി അന്തരീക്ഷത്തിൽ നിന്നും കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത്, ഓക്സിജൻ പുറത്തുവിടുന്നു എന്നിടത്താണ് ഇതിന്റെ പിടിവള്ളി കിടക്കുന്നത്. സംഗതി 100% സത്യമാണ് താനും. പക്ഷേ വർമ്മസാറേ ഒരു പ്രശ്നമുണ്ട്. വേറൊന്നുമല്ല, പ്രകാശസംശ്ലേഷണത്തിന്റെ കെമിസ്ട്രി! കാർബൺ ഡയോക്സൈഡും ജലവും ചേർത്ത് സസ്യങ്ങൾ കാർബോഹൈഡ്രേറ്റ് ഉണ്ടാക്കുന്നതിന്റെ രാസസമവാക്യം താഴെ കൊടുക്കുന്നതുപോലെയാണ്. 

6 CO₂ + 6 H₂O → C₆H₁₂O₆ + 6 O₂

അതായത്, ആറ് തന്മാത്ര ജലവും ആറ് തന്മാത്ര കാർബൺ ഡയോക്സൈഡും ചേർന്ന് ഒരു തന്മാത്ര കാർബോഹൈഡ്രേറ്റും ആറ് തന്മാത്ര ഓക്സിജനും ഉണ്ടാകുന്നു. കണക്ക് ശ്രദ്ധിക്കണം, അകത്തേയ്ക്ക് പോകുന്ന CO₂ തന്മാത്രകളുടെ എണ്ണവും പുറത്തേയ്ക്ക് വരുന്ന O₂ തന്മാത്രകളുടെ എണ്ണവും തുല്യമാണ്. അഥവാ എത്ര തന്മാത്ര ഓക്സിജൻ പുറത്തുവരുന്നോ അത്ര തന്നെ കാർബൺ ഡയോക്സൈഡ് തന്മാത്രകളെയേ അകത്തേയ്ക്കും എടുക്കുന്നുള്ളൂ. പക്ഷേ മരങ്ങളിങ്ങനെ കാലാകാലങ്ങളായി ഈ പരിപാടി ചെയ്തിട്ടും, അന്തരീക്ഷവായുവിൽ ഓക്സിജന്റെ ഓഹരി  21 ശതമാനവും, കാർബൺ ഡയോക്സൈഡിന്റേത് വെറും 0.04 ശതമാനം മാത്രവുമാണ്. അതെന്താണ് അങ്ങനെ? 0.04% മാത്രമുള്ള കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് 21% വരുന്ന ഓക്സിജൻ ഉണ്ടാക്കുന്നതെങ്ങനെ? ന്യായമായ ചോദ്യമെന്ന് തോന്നുന്നുവെങ്കിൽ വേദനിപ്പിക്കുന്ന ചില സത്യങ്ങൾ കൂടി നകുലൻ ഇനി മനസ്സിലാക്കാൻ തുടങ്ങുകയാണ്. 

പ്രകാശസംശ്ലേഷണം എന്നത് ചെടികൾ അവയ്ക്കാവശ്യമായ ആഹാരം നിർമിക്കുന്ന പ്രക്രിയയാണ് എന്നോർക്കണം. പക്ഷേ ആഹാരം ഉണ്ടാക്കിയാൽ പോരല്ലോ, അത് കഴിച്ച് ദഹിക്കുമ്പോഴാണല്ലോ അതിന്റെ ഉദ്ദേശ്യം നിർവഹിക്കപ്പെടുന്നത്. ചെടികൾക്കും ഇത് ബാധകമാണ്. ജീവൽപ്രവർത്തനങ്ങൾക്കാശ്യമായ ഊർജം ലഭിക്കാൻ അവയ്ക്ക് കോശശ്വസനം (cellular respiration) എന്നൊരു പ്രക്രിയ വഴി കാർബോഹൈഡ്രേറ്റിനെ വിഘടിപ്പിക്കുക എന്നൊരു ജോലി കൂടിയുണ്ട്. ഈ രാസപ്രവർത്തനം ഓക്സിജനെ അകത്തേയ്ക്കെടുത്ത് കാർബൺ ഡയോക്സൈഡിനെ പുറത്തേയ്ക്ക് വിടുന്ന ഒന്നാണ്! വായിച്ചത് ശ്രദ്ധിച്ചായിരുന്നോ? ഓക്സിജനെ അകത്തേയ്ക്കെടുക്കും എന്നാണ് പറഞ്ഞത്. പ്രകാശസംശ്ലേഷണം പകൽ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിലേ നടക്കൂ. കോശശ്വസനം നടക്കുന്നത് രാത്രിയിലാണ്. പകൽ പുറത്തുവിടുന്ന ഓക്സിജന്റെ ഏതാണ്ട് പകുതിയിലധികവും കാടുകൾ രാത്രി കോശശ്വസനത്തിനായി വലിച്ചെടുക്കും. 

അതായത്, നമുക്ക് ശ്വസിക്കാൻ വേണ്ടി ഇങ്ങനെ ഓക്സിജൻ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന, ആ മാനസികരോഗി നമ്മൾ കരുതുന്നതുപോലെ മരങ്ങളല്ല! മരങ്ങൾക്ക് അതിൽ താരതമ്യേന വളരെ ചെറിയ പങ്കേ നിർവഹിക്കാനുള്ളൂ. കോശശ്വസനത്തിന് പുറമേ, കാടുകളിൽ മരങ്ങളിൽ നിന്ന് കൊഴിഞ്ഞുവീഴുന്ന ഇലകളും ചില്ലകളുമൊക്കെ ജീർണിപ്പിക്കുന്ന സൂക്ഷ്മജീവികൾ വലിച്ചെടുക്കുന്ന ഓക്സിജൻ കൂടി പരിഗണിച്ചാൽ കാടുകൾ മൊത്തത്തിൽ അന്തരീക്ഷത്തിലേയ്ക്ക് കൂട്ടിചേർക്കുന്ന ഓക്സിജന്റെ അളവ് വളരെ തുച്ഛമാണ്. 

അപ്പോപ്പിന്നെ ആ 21% ഓക്സിജൻ എവിടുന്ന് വന്നു? സമുദ്രങ്ങളാണ് അതിലെ പ്രധാന സ്രോതസ്സ്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഫൈറ്റോപ്ലാങ്ടണുകൾ (phytoplanktons) എന്നറിയപ്പെടുന്ന സൂക്ഷ്മജീവികളും കുറേ ബാക്ടീരികളും ഒക്കെയാണ് അതിന് ഉത്തരവാദികൾ. അവിടേയും കോശശ്വസനത്തിന് പ്രസക്തിയുള്ളതുകൊണ്ട്, ഇതങ്ങനെ പെട്ടെന്ന് നടക്കുന്ന ഒരു പ്രക്രിയയല്ല. ഇവയിൽ പലതും മരിയ്ക്കുമ്പോൾ ഓക്സിജന്റെ സാന്നിദ്ധ്യത്തിൽ വിഘടിക്കുന്നതിന് പകരം അടിത്തട്ടിൽ പോയി അടിയുന്നതുകൊണ്ടാണ് ഓക്സിജൻ മിച്ചം വരുന്നത്. അപ്പോഴും, ഈ പ്രക്രിയ കോടിക്കണക്കിന് വർഷങ്ങൾ തുടർച്ചയായി നടന്നിട്ടാണ് ഇന്ന് കാണുന്ന അളവിലേയ്ക്ക് ഓക്സിജൻ അന്തരീക്ഷത്തിലേയ്ക്ക് എത്തിയത്. ഇനിയും ലക്ഷക്കണക്കിന് വർഷം എല്ലാ ജീവികൾക്കും കൂടി ശ്വസിക്കാനുള്ള ഓക്സിജൻ അന്തരീക്ഷത്തിൽ സുലഭമായിട്ടുണ്ട്. 

അപ്പോപ്പിന്നെ പരിസ്ഥിതി? അത് ഒരുപാട് സ്വിച്ചുകൾ ഉള്ള ഒരു സങ്കീർണ ഉപകരണം പോലെയാണ്. അത് ചില തകരാറുകൾ കാണിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. നോക്കിയപ്പോൾ പെട്ടെന്ന് കണ്ണിൽ പെടുന്ന ഒരു വലിയ സ്വിച്ച് കണ്ടു, മരങ്ങൾ! അതിൽപ്പിടിച്ച് തിരിച്ചോണ്ടിരിക്കുകയാണ് നമ്മൾ. എന്തോ ഭയങ്കര റിപ്പയർ പണി ചെയ്യുന്ന മട്ടിലാണ് ചെയ്യുന്നത്. അതിൽ നിന്നൊന്ന് കണ്ണെടുത്താലല്ലേ, വേറെയും സ്വിച്ചുകളുണ്ട് എന്നെങ്കിലും ഒന്ന് ശ്രദ്ധിക്കാൻ പറ്റൂ! 

(Anti-binary warning: പരിസ്ഥിതിയിൽ മരങ്ങൾ പ്രധാനപ്പെട്ടതല്ല എന്നല്ല ഈ പറഞ്ഞിരിക്കുന്നത്!

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More