ശാന്തൻ, മനുഷ്യപ്പറ്റുള്ള ഒരു നാടക നിലവിളി - ദീപക് നാരായണന്‍

തൊണ്ണൂറുകളുടെ ആദ്യത്തിൽ പ്രീഡിഗ്രി പഠനകാലത്താണ് ശാന്തനെ ആദ്യം കേൾക്കുന്നത്. ആദ്യം അവൻ അശരീരിയായിരുന്നു."ധീര രക്തസാക്ഷികൾക്കഭിവാദ്യങ്ങൾ, അവരെ പാലൂട്ടി വളർത്തിയ അമ്മമാർക്കഭിവാദ്യങ്ങൾ" മീഞ്ചന്ത ഗവണ്‍മെൻ്റ് ആർട്സ് കോളേജിൻ്റെ പോർട്ടിക്കോവിൽ അതുവരെ കേൾക്കാത്ത പതിഞ്ഞതെങ്കിലും പ്രക്ഷുബ്ദമായ ഒരു മുദ്രാവാക്യത്തെ പിന്തുടർന്നെത്തിയതായിരുന്നു ഞാൻ. അവിടെ പ്രേംജിക്കും പ്രമോദ് ദാസിനും അജയ്ഘോഷിനും മധുവിനും മായിനും സുരേന്ദ്രനും മുരളിയേട്ടനും ചന്ദ്രികക്കും പ്രേമലതക്കും സെന്തിലിനും പ്രവീണിനുമൊക്കെ നടുവിൽനിന്ന് തീപിടിച്ച കൈവിരലുകൾ ആകാശത്തേക്കെറിഞ്ഞ് ഒറ്റക്ക് ഒരു കവിതയായി എരിയുകയായിരുന്നു അവൻ. പിന്നീട് എത്രയോ ആൾക്കൂട്ടങ്ങളിൽ അവനെ കണ്ടു. എല്ലാ ആൾക്കൂട്ടങ്ങളിലും അവൻ ഒറ്റൊയ്ക്കായിരുന്നു.

പറമ്പിൽ ബസാറിൽ നിന്ന് തെല്ല് ഉൾവലിഞ്ഞ്, മഴപെയ്താൽ ചെളി കുത്തിയൊഴുകുന്ന ഒരിടവഴി പിന്നിട്ട് ഒരു ചെറിയ മതിലുകയറി എത്തേണ്ടതായിരുന്നു അന്ന് അരളിയിൽ വീട്. അവിടുന്ന് ഒരു നാനൂറ് മീറ്റർ നടന്നാൽ പൂനൂര്‍ പുഴയെത്തും. ഇരുകരകളിലുമായി അശാന്തമായ സാംസ്കാരിക അന്വേഷണങ്ങളുടെ ഒരനൗപചാരിക സർവ്വകലാശാല അതിനകം ആ പുഴ നിർമ്മിച്ചുകഴിഞ്ഞിരുന്നു. ദാർശനിക ഗരിമയുള്ള രണ്ട് ജ്യേഷ്ഠസഹോദരരാണ് "കണ്ണാടിക്കൽ സ്കൂൾ " എന്ന് വിളിക്കാവുന്ന ഈ വിമർശനത്തറയുടെ ഉള്ളുറപ്പ്. ചിന്ത രവീന്ദ്രനും എ സോമനും. രവിയേട്ടൻ തുടങ്ങിവെച്ച സൈദ്ധാന്തികാന്വേഷണങ്ങളെ കലാ പ്രവർത്തനംകൊണ്ട് അനുജൻ കെ പ്രഭാകരൻ പൂരിപ്പിക്കുകയും ഒരുപക്ഷെ വികസിപ്പിക്കുകയും ചെയ്തു. പുഴക്കിപ്പുറം സാംസ്കാരിക വിമർശകനും 'ജനങ്ങളുടെ ആദ്യ ന്യായാധിപനും'* ആയിരുന്ന ജ്യേഷ്ഠൻ എ സോമൻ്റെ പകുതിയിൽ അവസാനിച്ച ജീവിതത്തീർപ്പുകളിൽനിന്ന് ശാന്തൻ തൻ്റെ വിസ്‌ഫോടനാത്മകമായ സർഗ്ഗാന്വേഷണങ്ങൾ തുടർന്നു.

വിദ്യാർത്ഥി ജീവിതകാലത്ത് ശാന്തകുമാർ കവിയായിരുന്നു. ഞങ്ങൾക്ക് പ്രക്ഷോഭകാരിയായിരുന്നു, കഥാകൃത്തായിരുന്നു. പക്ഷെ ഒരിക്കലുമൊരു നടകകാരനെ ഞങ്ങൾ അവനിൽ പ്രവചിച്ചിരുന്നേയില്ല. കവിത്വത്തിന് പിന്നിൽ  നാടകം തലതിരിച്ചിട്ട് അവൻ ഞങ്ങൾക്ക് മുന്നിൽ കളിച്ചതാവാം!, സാമ്പ്രദായിക നാടക സങ്കല്പങ്ങളേയും പിൽക്കാല ശാന്തൻ ഈ വിധം കബളിപ്പിച്ചിട്ടുണ്ടെന്ന് ഇപ്പോൾ തോന്നുന്നു. പതിവ് വിട്ട ശാന്തൻ്റ പ്രമേയ സ്വീകരണങ്ങൾ സംസ്കാര വ്യവസായത്തിൻ്റെ തീട്ടൂരങ്ങൾക്ക് മുന്നിൽ തലകുനിച്ചില്ല, രാഷ്ട്രിയ ബധ്യതകളോട് രാജിയായില്ല,

' ന്റെ പുള്ളിപ്പയ്യ് കരയാണ് ' എന്ന നാടകം ആഗോളവൽക്കരണ നടപടികളുടെ ആരംഭകാലത്താണ് സം ഭവിക്കുന്നത്. ഒരു പ്രചാരണ നാടകത്തിനപ്പുറം അതിന് കടന്നുപോകാൻ കഴിഞ്ഞത് ആ നാടകം എഴുത്തുകാരൻ്റെയുള്ളിലെ ഒരു ആന്തലായിരുന്നു എന്നതുകൊണ്ടാണ്. ഉള്ളിലുള്ള ഒരു ആന്തലിനെ മാത്രമെ ശാന്തന് ആവിഷ്കരിക്കുക സാധ്യമാകൂ. അവന് അഗോളവൽക്കരണം ഒരാന്തലായിരുന്നു. ജനപ്രതിനിധിയായിരുന്ന സമയത്താണ് ശാന്തൻ 'പെരുങ്കൊല്ലൻ' എഴുതുന്നത്. കക്ഷിരാഷട്രീയ കൊലപാതകങ്ങൾക്കെതിരായ പൊതുബോധം അന്നിത്രപോലും നിദ്രവിട്ടിരുന്നില്ല. ലൈംഗിക ന്യൂനപക്ഷങ്ങൾക്കും തൊഴിലാളികൾക്കും സംസ്കാര വ്യവസായം ദൃശ്യത നൽകിത്തുടങ്ങുന്നതിന് മുമ്പാണ്, ഉള്ളിലുള്ള ആന്തലിനെ പിന്തുടർന്നത് എ ശാന്തകുമാർ ആ വഴികളിലൂടെ നടന്നത്.

ശാന്തന്‍ വിട്ടുപോയതിന് പുറകെയാണ് ആ വീഡിയോ കണ്ടത്. തൻ്റെ ആദ്യ നാടകക്കാഴ്ചയെപ്പറ്റി ശാന്തൻ പറയുന്നത്. സോമേട്ടൻ അഭിനയിക്കുന്ന ഒരു നാടകഭാഗം. പുഴയുടെ പശ്ചാത്തലത്തിൽ... വല്ലാത്തൊരു പുഴയാണത്! ചെറുതെങ്കിലും സ്നേഹമുള്ളൊരു പുഴ. പഠിക്കുന്ന കാലത്ത് അവൻ്റെ നാട്ടിലാണ് ഞാൻ ഏറ്റവുമധികം പൊതുയോഗങ്ങളിൽ പ്രസംഗിച്ചിട്ടുള്ളത്. പാർട്ടിയാണെങ്കിലും ക്ലബ്ബാണെങ്കിലും വായനശാലയാണെങ്കിലും അവനായിരിക്കും സംഘാടകൻ. അക്കാലത്തെ കോളേജ് തിരഞ്ഞെടുപ്പ് ബുള്ളറ്റിനുകളിൽ മിക്കതും അവൻ്റെ വീട്ടിൽ മുനിഞ്ഞ് കുത്തിയിരുന്ന് എഴുതിയതായിരിക്കും. ശാന്തൻ്റെ അമ്മയായിരിക്കും മിക്കവാറും അന്ന് ഞങ്ങളുടെ ആദ്യ കേൾവിക്കാരി.

വലിയ വലിയ കുറേ കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാണ് ശാന്തൻ പിരിയുന്നത്. അവൻ ഒരുപാട് ഒരുപാട് ജിവിച്ചിട്ടുണ്ട്. അങ്ങിനെയല്ല എന്ന് തോന്നുന്നത് അവനെ വേണ്ടത്ര അറിയാത്തതുകൊണ്ട് മാത്രമാണ്. അതിന് നമുക്ക് ഇനിയും സമയമുണ്ട്.

* അഴിമതിക്കാരായ ഡോക്ടർമാരുടെ ജനകിയ വിചാരണ .

Contact the author

Deepak Narayanan

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More