പെട്രോൾ-ഡീസൽ വില: എന്താണ് നമുക്ക് സംഭവിച്ചത്?- മെഹ്ജൂബ്. എസ്. വി

രാജ്യത്ത്, നിരന്തരം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന പെട്രോൾ-ഡീസൽ വിലവര്‍ധനക്കെതിരെ ചക്രസ്തംഭനം എന്ന പേരില്‍ സംസ്ഥാനത്ത് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധം നടന്നു. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്‌ത ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച (21/06/21) പകൽ 11 മുതൽ 11.15 വരെ കാല്‍മണിക്കൂര്‍ നേരമാണ് പ്രതിഷേധം നടന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഗതാഗതം നിശ്ചലമായി. ഇന്ധനത്തിന് മേല്‍ ചുമത്തുന്ന അധികനികുതി പിന്‍വലിക്കുക, സെസ് ഒഴിവാക്കുക,  പെട്രോളിനും -ഡീസലിനും വില നിര്‍ണ്ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ എറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചക്രസ്തംഭന സമരത്തിന് സംയുക്ത സമര സമിതി ആഹ്വാനം ചെയ്തത്.  ഐഎന്‍ടിയുസി, സിഐടിയു, യുടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, എസ്ടിയു, ഐഎന്‍എല്‍സി, സേവ തുടങ്ങി 21ലധികം വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കര്‍ഷക പ്രക്ഷോഭത്തിനു ശേഷം ഉയര്‍ന്നുവരുന്ന ഒരു പൊതുപ്രക്ഷോഭമായി മാറാതെ കാര്യങ്ങള്‍ ശരിയാകുമെന്ന് കരുതരുത്. ഇന്ത്യയിലെ ഓയില്‍ കമ്പനികളുടെ ഓഹരി യാതൊരു മാനദണ്ഡവുമില്ലാതെ വിദേശ മൂലധനശക്തികള്‍ക്ക് നല്‍കാന്‍ കഴിയുമോ എന്ന അന്വേഷണം നടക്കുന്നതിനെ കുറിച്ചാണ് ഏറ്റവും പുതിയ വാര്‍ത്ത. 

ഇന്ധനവില കുത്തനെ ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. പക്ഷേ കാര്യമായ ഒരു പ്രതിഷേധം ഇക്കാര്യത്തില്‍ വളര്‍ന്നു വന്നില്ല എന്നത് അത്ഭുതകരമായ കാര്യമാണ്. പണ്ട് വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്ന് വാര്‍ത്ത വന്നാല്‍ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ മുതല്‍ പെട്രോളിന് ഒരു രൂപ വര്‍ദ്ധിച്ചതിന് ഭാരത്‌ ബന്ദ്‌ വരെ നടത്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജനസംഘടനകളും നീണ്ട മൌനത്തിലേക്ക്‌ പോയി. ജനങ്ങളുടെ പ്രതിഷേധം പിറുപിറുക്കലില്‍ ഒതുങ്ങി. സാമൂഹ്യമാധ്യമങ്ങള്‍ ട്രോളുകളിലൂടെ തമാശയാക്കി.

എന്താണ് നമുക്ക് സംഭവിച്ചത്? പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവാണ് നമ്മുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുന്നത് എന്ന അടിസ്ഥാനപരമായ വസ്തുത പോലും വേട്ടയാടപ്പെടാത്തവരായി നാം മാറിയത് എന്തുകൊണ്ടാണ് എന്ന കാര്യം ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ശേഷിയില്ലാത്ത ഒരു സമൂഹമായി നാം മാറിപ്പോയിരിക്കുന്നു എന്നതാണ് വസ്തുത. അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് നമ്മെ ജാതിമത വൈകാരികതകളില്‍ തളംകെട്ടി നിര്‍ത്താനും അതില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനും ശ്രമിച്ചവര്‍ വിജയിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

''മനുഷ്യര്‍ അപ്പം കൊണ്ടല്ല ജീവിക്കുന്നത്, മതം കൊണ്ടാണ്''എന്നവര്‍ പരീക്ഷിച്ച് തെളിയിച്ചിരിക്കുന്നു. വല്ലപ്പോഴും വര്‍ദ്ധിക്കുന്ന  ഇന്ധനവിലക്കെതിരെ കാളവണ്ടിയോടിച്ചവര്‍, അടിക്കടി ഉയരുന്ന ഇന്ധനവിലവര്‍ദ്ധനവിനെ ഇപ്പോള്‍ ന്യീയീകരിച്ചുകൊണ്ടിരിക്കുന്നു. എന്താ ഇപ്പോള്‍ കാളവണ്ടിയോടിക്കാത്തത് എന്ന ചോദ്യത്തിന് "ഇപ്പോള്‍ പ്രതിപക്ഷത്തുള്ളവര്‍ ഓടിക്കട്ടെ'' എന്ന് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ധിക്കാരപൂര്‍വ്വം മറുപടി പറയുന്നു. ഇതെല്ലാം കേട്ട് വിഡ്ഢികളായ നാം ചിരിക്കുന്നു. 

കൊവിഡ്‌ വ്യാപനം നമ്മെക്കാള്‍ ഫലപ്രദമായി തടയാന്‍ കഴിഞ്ഞ അയല്‍പക്ക രാജ്യങ്ങളിലെ പെട്രോള്‍ ഡീസല്‍ വിലയും നമ്മുടെ വിലയും ഒന്ന് താരതമ്യപ്പെടുത്തി നോക്കാന്‍ പോലും മെനക്കെടാത്തവരായി, നനഞ്ഞ പടക്കമായി നമ്മുടെ യുവജന പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാലം കഴിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ വെറും 20 രൂപയില്‍ താഴെ മാത്രം വിലയുള്ള ഒരു ലിറ്റര്‍ പെട്രോള്‍ 77 രൂപയിലധികം ലാഭമെടുത്ത് തൊണ്ണൂറ്റി ഏഴര രൂപയ്ക്കാണ് ഇന്ത്യയില്‍ വില്പന നടത്തുന്നത്. ഇങ്ങനെ സ്വന്തം രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ രാജ്യത്തെ എണ്ണകമ്പനികളെ കയറൂരി വിട്ടിട്ട് മൈതാനപ്രസംഗം നടത്തുന്നവരുടെ മുന്നിലേക്ക് അയല്‍ രാജ്യങ്ങളിലെ പെട്രോള്‍ ഡീസല്‍ വില വിവരപ്പട്ടിക വലിച്ചെറിഞ്ഞു കൊടുക്കണം. ഇന്ത്യയില്‍ 93 രൂപക്ക് ഒരു ലിറ്റര്‍ ഡീസല്‍ വില്പന നടത്തുമ്പോള്‍ തോട്ടയല്പക്കമായ ബംഗ്ലാദേശില്‍ ഒരു ലിറ്റര്‍ ഡീസലിന് 65 രൂപ മാത്രമേ വിലയുള്ളൂ. ഏകദേശം 28 രൂപയ്ടുടെ കുറവ്. ശ്രീലങ്കയില്‍ - ആകെ 38 രൂപ നല്‍കിയാല്‍ മതി. പാകിസ്ഥാനില്‍ 52 രൂപയും ഭൂട്ടാനില്‍ 66 രൂപയും നേപ്പാളില്‍ 72 രൂപയുമാണ് ഒരു ലിറ്റര്‍ ഡീസലിന് നല്‍കേണ്ട വില. പെട്രോളിനാകട്ടെ ശ്രീലങ്കയില്‍ - 59 രൂപയും, പാകിസ്ഥാനില്‍ 51 രൂപയും ബംഗ്ലാദേശില്‍  76 രൂപയും ഭൂട്ടാനില്‍ 84 രൂപയും നേപ്പാളില്‍ 68 രൂപയും മാണ്. അപ്പോഴാണ്‌ ഇന്ത്യയില്‍ 103 രൂപയോളം ഒരു ലിറ്റര്‍ പെട്രോളിന് നല്‍കേണ്ടി വരുന്നത്.

നേരത്തെ ഓയില്‍ പൂള്‍  നിലവിലുണ്ടായിരുന്ന കാലഘട്ടത്തില്‍ അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില താഴുമ്പോഴും ഉയരുമ്പോഴും അത് ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാനുള്ള ചില സുരക്ഷാ ക്രമീകരണങ്ങള്‍ രാജ്യത്തുണ്ടായിരുന്നു. അന്താരാഷ്‌ട്ര വിപണിയില്‍ വിലകുറയുമ്പോള്‍ സര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കും സ്വാഭാവികമായി ലഭിക്കുന്ന അധിക വരുമാനം ഒരു പരിധിവരെ ഓയില്‍ പൂളിലേക്കാണ് പോയിരുന്നത്. അതുകൊണ്ടുതന്നെ അന്താരാഷ്‌ട്ര വിപണിയില്‍ അമിതമായ വില വര്‍ധനവ്‌ ഉണ്ടാവുമ്പോള്‍ ആഭ്യന്തര വിപണിയില്‍ വില കൂടാതെയിരിക്കാന്‍ ഓയില്‍ പൂളിലേക്ക് നേരത്തെ ഒഴുകിക്കൊണ്ടിരുന്ന കാശാണ് നമ്മെ സഹായിച്ചിരുന്നത് എന്നര്‍ത്ഥം. ആഗോള സാമ്പത്തിക നയവല്ക്കരണത്തിന്‍റെ വക്താക്കളായ മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായി തുടങ്ങി പ്രധാനമന്ത്രി വരെയായി വൃത്തിക്ക് നടപ്പാക്കിയ വിപണികേന്ദ്രിത സാമ്പത്തിക പരിഷ്കാരങ്ങളാണ് ഓയില്‍ പൂള്‍ എന്ന സംവിധാനം തന്നെ എടുത്തുകളഞ്ഞത്. ഇടക്കാലത്ത് അധികാരത്തിലേറിയ വാജ്പേയി സര്‍ക്കാരും മൂന്നാം മുന്നണി പരീക്ഷണങ്ങളുമെല്ലാം ഏറിയും കുറഞ്ഞും ഈ സമ്പത്തികനയത്തിന്‍റെ  വക്താക്കളായി മാറുകയായിരുന്നു. 

എന്തുകൊണ്ടാണ് ഓയില്‍ പൂള്‍ വഴി രാജ്യം എണ്ണ വില നിയന്ത്രിച്ചു നിര്‍ത്തിയിരുന്നത് ? - ഇതിനുത്തരം തേടുമ്പോഴാണ്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വികസന, ജീവിത നിലവാര സൂചികകള്‍ ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ സോഷ്യലിസ്റ്റ്‌ പരിപ്രേക്ഷ്യമുള്ള മുതലാളിത്ത  സാമ്പത്തിക വിദഗ്ദന്മാര്‍  സ്വീകരിച്ചിരുന്ന സാമ്പത്തിക നയ മേന്മകളെ കുറിച്ച് നമുക്ക് ധാരണ ലഭിക്കൂ. ഒരു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒന്നാണ്  എണ്ണ വില. അത് കൂടുമ്പോള്‍ രാജ്യത്തെ എല്ലാ ഉത്പന്നങ്ങളുടെയും വില വര്‍ദ്ധിക്കുമെന്നത് വളരെ പ്രാഥമികമായ ഒരു സാമ്പത്തിക ശാസ്ത്ര അവബോധമാണ്. ചരക്ക് കടത്തുമായി ബന്ധപ്പെട്ട അധിക ചെലവ്,  ഉലപാദന മേഖലയില്‍ ഊര്‍ജ്ജം എന്ന നിലയില്‍ എണ്ണ ഉപഭോഗം വര്‍ദ്ധിക്കുമ്പോഴുണ്ടാവുന്ന അധിക ചെലവ് എന്നിങ്ങനെ എല്ലാ മേഖലയിലും ചെലവ് കൂടുന്നതിനനുസരിച്ച് എല്ലാ സാധന സാമഗികളുടെയും വില വര്‍ധിക്കും. ഇത് പിടിച്ചു നിര്‍ത്താനും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയും, ജനങ്ങളുടെ ജീവിത നിലവാരവും വാങ്ങല്‍ ശേഷിയും നിലനിര്‍ത്താനുമാണ് ഓയില്‍ പൂള്‍ വഴി രാജ്യം എണ്ണവില നിയന്ത്രിച്ചു നിര്‍ത്തിയിരുന്നത്. ഇത് ജനങ്ങളെ സഹായിച്ചുകൊണ്ട് രാജ്യത്തെ സുസ്ഥിരവികസനമാണ് വിഭാവനം ചെയ്തിരുന്നത്. 

ഉല്പന്നങ്ങളുടെ വില  കുത്തനെയിടിഞ്ഞതിനെ തുടര്‍ന്ന് കടക്കെണിയില്‍ പെട്ട കര്‍ഷകര്‍ ,തങ്ങളുടെ കയ്യില്‍ ബാക്കിവന്ന ഫ്യുറിഡാന്‍ എടുത്തടിച്ച് സ്വയംഹത്യ ചെയ്താലും കുഴപ്പമില്ല അവര്‍ക്ക് സബ്സിഡി കൊടുക്കരുത് എന്നുവാദിച്ച സാമ്പത്തിക ശാസ്ത്രകാരന്മാരുടെ കുരുത്തമുള്ള  മക്കളാണ് എല്ലാം വിപണിക്ക് വിട്ടു കൊടുക്കണം എന്ന് വാദിച്ചത്. വിപണിയില്‍ ലഭിക്കുന്ന എല്ലാ നന്മകളും രാജ്യത്തെ ഓരോ പൌരനും ലഭിക്കണമെങ്കില്‍ ഓയില്‍ പൂള്‍ അടക്കമുള്ള സംരക്ഷണ നടപടികള്‍ എടുത്തുകളയുകയാണ് വേണ്ടത് എന്നായിരുന്നു അന്നത്തെ ഇവരുടെ വാദം. അങ്ങിനെ വരുമ്പോള്‍ ''അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുറയുമ്പോള്‍ ഇവിടെയും കുറയും - കൂടുമ്പോള്‍ ഇവിടെയും കൂടും''  അതായത് അന്താരാഷ്‌ട്ര വിപണിയിലെ എല്ലാ ആനുകൂല്യങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക്‌ ലഭ്യമാകാനുള്ള നന്മ നിറഞ്ഞ ഒരു പ്രവര്‍ത്തനമായിരുന്നു ഓയില്‍ പൂള്‍ എടുത്തുകളയല്‍ എന്നായിരുന്നു അന്നത്തെ അവകാശ വാദം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. '' അന്താരാഷ്‌ട്ര വിപണിയിയില്‍ വില കൂടിയാലും കുറഞ്ഞാലും ഇവിടെ വില കൂടിയ നിലയില്‍ തന്നെ തുടരും''-മന്‍മോഹന്‍ സിങ്ങിനു ശേഷം വന്ന ചിദംബരവും അരുണ്‍ ജയ്റ്റ്ലിയും നിര്‍മലാ സീതാരാമാനും അത് നിലനിര്‍ത്താന്‍ അവരെക്കൊണ്ടാവും വിധം ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഇനി സബ്സിഡിയുടെ കാര്യമോ?- കാലിഫോര്‍ണിയിലെ നെല്‍ കര്‍ഷകര്‍ക്ക് വാരിക്കോരി സബ്സിഡി നല്‍കിയ അതിസമ്പന്ന രാഷ്ട്രങ്ങള്‍ വിഭാവനം ചെയ്ത വ്യാപാര കരാറുകള്‍ അപ്പടി വിഴുങ്ങി ചര്‍ദ്ദിച്ച് ഇവിടുത്തെ കര്‍ഷകരുടെ നെഞ്ചത്ത് ചവിട്ടിയ സാമ്പത്തിക വിദഗ്ദരുടെ അരുമ മക്കള്‍ സബ്സിഡിക്ക് ഇന്ന് അനുകൂലമാണ്. പക്ഷെ അത് കൊടുക്കുന്നത് കോര്‍പ്പറെറ്റുകള്‍ക്ക് ആയിരിക്കണമെന്നു മാത്രം. കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കിയാല്‍, അവരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പുവരുത്തിയാല്‍, വില സംരക്ഷിക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയാല്‍ കാര്‍ഷിക വിളകള്‍ കൂടുതലായി ഉണ്ടാവും. അഥവാ വിളയില്‍ നഷ്ടം പറ്റിയാലും സംരക്ഷണം തരാന്‍ സര്‍ക്കാര്‍ ഉണ്ടല്ലോ എന്ന ആത്മവിശ്വാസത്തില്‍ കൂടുതല്‍ പേര്‍ കാര്‍ഷിക രംഗത്തേക്ക് വരുകയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യും. അങ്ങിനെയിരിക്കെ എണ്ണവില കുറഞ്ഞാല്‍ രാജ്യത്തെ സകല സാധന സാമഗ്രികളുടെയും വില കുറഞ്ഞു തന്നെ നില്‍ക്കും. ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിക്കും.  അങ്ങനെയാണ് സമ്പദ്വ്യവസ്ഥ ശക്തിപ്പെടുക. അല്ലാതെ കര്‍ഷകരെയും തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും ഉത്പാദകരെയും പൊരിവെയിലില്‍ നിര്‍ത്തി പെടോള്‍ വില വര്‍ധിപ്പിച്ച്, സബ്സിഡി എടുത്തു കളഞ്ഞ്, വന്‍കിട കമ്പനികള്‍ക്ക് ടാക്സ് ഇളവ് വാരിവാരി കൊടുത്താല്‍ ഒന്നും പഴയത് പോലെയാവില്ല. നിങ്ങള്‍ നല്‍കുന്ന നികുതിയിളവിന്‍റെ സൗകര്യം ഉപയോഗിച്ച് കോര്‍പ്പറേറ്റുകള്‍ അവരുടെ ഉത്പാദനം വന്‍തോതില്‍ വര്ധിപ്പിച്ചതുകൊണ്ട് കാര്യമില്ല. അവരുണ്ടാക്കുന്നത് വാങ്ങാന്‍ ജനങളുടെ കയ്യില്‍ കാശു വേണ്ടേ ... അതിന് പെട്രോള്‍,ഡീസല്‍ വില കുറയണം, കര്‍ഷകര്‍ക്ക് സബ്സിഡി വേണ്ട രീതിയില്‍ നല്‍കണം. ഇതൊക്കെ നേരത്തെ പഠിച്ച പാഠങ്ങളാണ്. നോട്ടു നിരോധിച്ചവര്‍, കര്‍ഷകരുടെ ആത്മഹത്യ വര്‍ഷങ്ങളായി കണ്ടുനിന്നവര്‍, കര്‍ഷക പ്രക്ഷോഭത്തോട് മുഖം തിരിച്ചവര്‍, അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില താഴുമ്പോഴും ഇവിടെ ടാക്സ് കൂട്ടി വിലവര്‍ദ്ധിപ്പിക്കുന്നവര്‍ -  ആ പഴയ പുസ്തകങ്ങള്‍ ഒന്ന് പൊടിതട്ടിയെടുത്ത് വായിക്കണം. കാര്യങ്ങള്‍ വളരെ ലളിതമാണ്. ആത്മാര്‍ത്ഥത ഉണ്ടായാല്‍ മാത്രം മതി. അതായത് വളം കതിരിലല്ല വെക്കേണ്ടത് വേരിലാണ്.മറക്കരുത്.

ഇന്ത്യയിലെ ഓയില്‍ കമ്പനികളുടെ ഈ കൊള്ളയടി സര്‍ക്കാര്‍ അടിയന്തിരമായി തിരുത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ തിരുത്തിക്കേണ്ടതുണ്ട്. കര്‍ഷകര്‍ തങ്ങളുടെ അടിസ്ഥാന വിഷയങ്ങളിലൂന്നി ഐതിഹാസികമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്നതുപോലെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും അടിസ്ഥാന നീതി നിഷേധങ്ങള്‍ക്കുമെതിരായ സമരം ഉയര്‍ന്നുവരുന്നതിലൂടെ മാത്രമേ ജാതിമതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ അതിജീവിച്ചുകൊണ്ട് 'ഒരൊറ്റ ജനത' എന്ന നിലയില്‍ എല്ലാ ഭാരതീയര്‍ക്കും ഇനിയും ഒന്നാകാന്‍ കഴിയൂ. അതിലേക്കാകട്ടെ നമ്മുടെ കാല്‍വെപ്പുകള്‍. മാധ്യമങ്ങള്‍, വിവാദങ്ങളും നേരമ്പോക്കുകളും അവസാനിപ്പിച്ച് കാതലായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധയൂന്നണം. വിവാദങ്ങളില്‍ അഭിരമിച്ച അത്രയധികം ആളുകള്‍ ഈ പ്രശ്നങ്ങളില്‍ മുഴുകാന്‍ ആദ്യഘട്ടത്തില്‍ താത്പര്യം കാണിച്ചില്ല എന്ന് വരാം. ഭയപ്പെടേണ്ട. പ്രശ്നങ്ങള്‍ സ്വന്തം എല്ലില്‍ തുളച്ചുകയറുമ്പോള്‍ ദീര്‍ഘകാലത്തേക്ക് ആര്‍ക്കും മുഖം തിരിഞ്ഞുനില്‍ക്കാനാവില്ല എന്ന സത്യം മുറുകെപ്പിടിച്ചു മുന്നോട്ടുപോകുക. പരിമിതമായ തോതിലാണെങ്കിലും കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോള്‍ ഇന്ധന വിലവർദ്ധനവിലനെതിരെ ശക്തമായി രംഗത്തുവരുന്നതിന്റെ ലക്ഷണം കാണിക്കുന്നുണ്ട്. അത് ഫലം കാണാന്‍ വെമ്പുന്ന ഇഛയായി പരിണമിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More