പൗരത്വത്തിന്റെ പുറംപോക്കുകൾ ടി. വി. മധു

കുറച്ചുവർഷങ്ങൾക്കുമുൻപ് അസമിലെ സിൽച്ചറിൽ മനുഷ്യാവകാശങ്ങളെപ്പറ്റി നടന്ന ഒരു സെമിനാറിൽ പങ്കെടുക്കാനിടയായി. സിൽച്ചറിന് കുറെ ദൂരെയായി ഇന്ത്യയും ബംഗ്ലാദേശും അതിർത്തി പങ്കിടുന്ന ഒരു നദിയുണ്ട്. മത്സ്യബന്ധനവും വില്പനയും ജീവനോപാധിയാക്കിയ വലിയൊരു വിഭാഗം ആളുകൾ ഈ നദിയുടെ ഇരുകരകളിലുമായി താമസിക്കുന്നു. ശാന്തമായി ഒഴുകുന്ന നദിയിലൂടെ ഇരുരാജ്യങ്ങളുടേയും പതാകകളേന്തിയ തോണികൾ നീങ്ങുന്നത് കാണാം. ഇക്കരെ നിന്നുള്ള തോണികളിൽ ഇന്ത്യൻ പതാകകൾ. അക്കരെ നിന്നുളള തോണികളിൽ ബംഗ്ലാദേശിന്റെയും. പിടിച്ച മീനുകളെ അക്കരെയും ഇക്കരെയും വിറ്റ് ഇരുകരകളിലുമായി ജീവിക്കുന്ന  മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ നദി ഒരു രാജ്യാതിർത്തിയല്ല. തോണികളിൽ നാട്ടിയ പതാകകൾക്ക് അവരുടെ നിത്യജീവിതത്തിൽ വലിയ പ്രസക്തിയൊന്നുമില്ല. അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക രേഖകളിൽ ഇവർക്ക് ഡി-വോട്ടേഴ്‌സ് (D-Voters) എന്നാണ് പേരെന്നാണ്.

വോട്ടവകാശത്തിന്റെ മതിയായ രേഖകൾ ഹാജരാക്കാനാകാത്തവരെ സൂചിപ്പിക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച ഏതോ ഒരു ഉദ്യോഗസ്ഥൻ രജിസ്റ്ററിൽ കുറിച്ച ‘ഡി’ എന്ന ശബ്ദം ഒരു സംവർഗമായി മാറി. അർത്ഥമില്ലാത്ത ഒരു ശബ്ദം ശരീരങ്ങളിലൂടെ ശക്തിയും അർത്ഥവും സംഭരിച്ചു. വചനം മാംസമായി! 

ഡി-വോട്ടേഴ്‌സ് - വചനം മാംസമാകുന്നു!

ഡി-വോട്ടേഴ്‌സ് വാസ്തവത്തിൽ, ഇന്നും അർത്ഥം വ്യക്തമല്ലാത്ത പ്രയോഗമാണ്. Doubtful, Dubious, Disputed എന്നീ ആംഗലശബ്ദങ്ങളിൽ ഏതെങ്കിലുമൊന്നിന്റെ ആദ്യാക്ഷരമാകാം ‘ഡി’ എന്നത്. വോട്ടവകാശത്തിന്റെ മതിയായ രേഖകൾ ഹാജരാക്കാനാകാത്തവരെ സൂചിപ്പിക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച ഏതോ ഒരു ഉദ്യോഗസ്ഥൻ രജിസ്റ്ററിൽ കുറിച്ച  ‘ഡി’ എന്ന ശബ്ദം ഒരു സംവർഗമായി മാറി. ഉടലുകളെ പലതായി പകുത്തുമാറ്റാനുള്ള ഉപാധിയായി ഇത് മാറി. ചില ഉടലുകൾ സംശയഗ്രസ്തമായി.  അവയെ നിരീക്ഷണത്തിലാക്കാനും വേണ്ടിവന്നാൽ അഭയാർത്ഥികളാക്കാനും തടവിലാക്കാനുമൊക്കെ ഭരണകൂടത്തെ പ്രാപ്തമാക്കുന്ന സംവർഗമായി അത് പരിണമിച്ചു. അർത്ഥമില്ലാത്ത ഒരു ശബ്ദം ശരീരങ്ങളിലൂടെ ശക്തിയും അർത്ഥവും സംഭരിച്ചു. വചനം മാംസമായി! പൗരത്വത്തക്കുറിച്ച് ആലോചിച്ചപ്പോൾ ഓർമ്മയിൽ വന്നത് ഈ അനുഭവമാണ്. വാസ്തവത്തിൽ, പൗരത്വ നിയമദേദഗതി നിലവിൽ വരുമ്പോൾ സംഭവിക്കുന്നത് ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾ, ഒരു പക്ഷേ എല്ലാവരും തന്നെ, സംശയിക്കപ്പെടുന്ന പൗരന്മാരായി (D-Citizens!) മാറുന്നുവെന്നതാണ്.

പൗരത്വത്തിന്റെ അകവും പുറവും

പൗരത്വം എന്ന സങ്കല്പനത്തിന്റെ വിവക്ഷകളെക്കുറിച്ചാണ് ഈ കുറിപ്പ്. എന്താണ് പൗരത്വം എന്ന ചോദ്യം ഒരു നിർവചനത്തെ പ്രതീക്ഷിക്കുന്നുണ്ട്. ഏത്  നിർവചനവും അതിർത്തി നിർണയിക്കലാണ്. ഡെഫെനിഷൻ (definition) എന്ന ശബ്ദത്തിന്റെ തന്നെ വിവക്ഷ ഇതാണല്ലോ. അതിരുകൾ നിർണയിക്കപ്പെടുമ്പോൾ പുറത്തെന്ത് എന്നും നിർണയിക്കപ്പെടും. പൗരത്വത്തിന്റെ ഉള്ളടക്കമെന്ത് എന്ന് മനസിലാക്കാൻ അതിന്റെ പുറംപോക്കുകളിലേക്ക്, പുറന്തള്ളലിന്റെ യുക്തിയിലേക്ക് നോക്കേണ്ടിവരും. അതായത്, എന്താണ് പൗരത്വം എന്ന ചോദ്യം പൗരത്വത്തിന്റെ പുറംപോക്കുകളെന്ത് എന്ന ചോദ്യം തന്നെയാണ്.

പൗരത്വം എന്ന പദത്തിലുള്ള പുരം എന്ന ശബ്ദം 'സിറ്റിസൺ' എന്ന പദത്തിൽ സൂചിതമാവുന്ന ഗ്രീക്ക് നഗരരാഷ്ട്രത്തെയാണല്ലോ അടയാളപ്പെടുത്തുന്നത്. ഈ ‘പുരം’ നാട്ടിൻപുറങ്ങളിൽ നിന്നും ഭിന്നമായ ജീവിതരൂപങ്ങൾ വെച്ചുപുലർത്തുന്ന മനുഷ്യർ പാർക്കുന്ന ഇടത്തെയല്ല സൂചിപ്പിക്കുന്നത്. മറിച്ച്, പൊതുനന്മയെ മുൻനിർത്തി മനുഷ്യജീവികൾ ഏർപ്പെടുന്ന പരസ്പരവിനിമയങ്ങളുടെ ഇടത്തെയാണ് അത് കുറിക്കുന്നത്. നഗരം എന്ന പദത്തിന്റെ ഇന്നത്തെ വിവക്ഷയല്ല അതിനുള്ളതെന്ന് വ്യക്തം. ഗ്രീക്ക് ഭാഷയിൽ പോളിസ് (Polis) എന്ന പദം സൂചിപ്പിക്കുന്നത് പുരത്തെയാണ്. അതായത് പുരം രാഷ്ട്രീയമായ പങ്കാളിത്തത്തിന്റെ ഇടത്തേയും ‘പൗരർ’ അതിലെ പങ്കാളികളേയും സൂചിപ്പിക്കുന്നു. പുരത്തിൽ ജീവിക്കുന്ന ഒരാൾ പോളിസി (Polis) ലെ പങ്കാളിയും അതേ അർത്ഥത്തിൽ പൊളിറ്റിക്കൽ അനിമലും ആകുന്നു. മനുഷ്യജീവിക്ക് രാഷ്ട്രീയമൃഗമെന്ന വിശേഷണം ചാർത്തപ്പെടുന്നതിന്റെ യുക്തി ഇതാണ്.

ഒരാള്‍ പുരത്തിന് പുറത്താകുമ്പോള്‍ 

പൊളിറ്റിക്‌സ് എന്ന പേരിലുള്ള അരിസ്റ്റോട്ടിലിന്റെ രാഷ്ട്രീയ വിചാരങ്ങളിൽ പുരം പരാമർശിക്കപ്പെടുന്നത് വിചിത്രമായ രീതിയിലാണ്. അദ്ദേഹം പറയുന്നത് പുരം പ്രകൃതിദത്തമായ ഒന്നാണെന്നാണ്. അതായത് അത് പ്രകൃത്യാ നിലനില്ക്കുന്നു. പുരത്തിൽ  പിറക്കുന്ന മനുഷ്യജീവി ജന്മംകൊണ്ടുതന്നെ ഒരു രാഷ്ട്രീയമൃഗമാണ്. ഒരാൾ ജനിക്കുന്നത് ഏതളവിൽ പ്രാകൃതികമായ സംഭവമാകുന്നുവോ അതേ അളവിൽത്തന്നെ അതൊരു രാഷ്ട്രീയസംഭവവുമാണ്. എന്നുവെച്ചാൽ ജന്മംകൊണ്ട് പുരത്തിന് പുറത്താവുന്നവർ ഒന്നുകിൽ മനുഷ്യജാതിക്ക് മുകളിലാണ്, അല്ലെങ്കിൽ അതിനു താഴെയാണ്. ഈ രണ്ട് അർത്ഥങ്ങളിലും അവർ മനുഷ്യരല്ല. മണ്ണും കൂടും കൂട്ടും ഗോത്രവുമൊന്നുമില്ലാത്ത അവർക്ക് നിയമങ്ങളില്ല. അതുകൊണ്ടുതന്നെ അവർ കലഹപ്രിയരാണ്. അക്കൂട്ടത്തിൽപ്പെട്ട  ഒരാളെ ഒറ്റക്ക് പറക്കുന്ന പക്ഷിയോട് ഉപമിക്കാം എന്നാണ് അരിസ്റ്റോട്ടിൽ പറഞ്ഞത്. (1)

അരിസ്റ്റോട്ടിലിന്റെ പക്ഷികൾ

ഒറ്റയ്ക്ക് പറക്കുന്ന ഈ പക്ഷി ഏതാണ്? സാധാരണഗതിയിൽ സ്വാതന്ത്ര്യത്തിന്റേയും അതിരുകൾക്ക് കുറുകേയുള്ള ദേശാടനത്തിന്റേയും നാടോടിത്തത്തിന്റേയും ഒക്കെ സൂചനകളാണ് പക്ഷി എന്ന രൂപകത്തിലുള്ളത്. എന്നാൽ അരിസ്റ്റോട്ടിലിന്റെ രൂപകന്യായമനുസരിച്ച് ഒറ്റയ്ക്ക് പറക്കുന്ന പക്ഷി അപകടകാരിയാണ്. അതിന്റെ പറക്കൽ നിരുപദ്രവകരമായ സ്വതന്ത്രവിഹാരമല്ല. കൂടും കൂട്ടും വിട്ടുള്ള ‘താന്തോന്നിത്ത’മാണ്. അസ്വാഭാവികവും പ്രകൃതിവിരുദ്ധവുമാണ് അതിന്റെ ജീവിതം. ഇത്തരമൊരു വിപല്‍ സാധ്യതയുമായുള്ള വിരുദ്ധസാദൃശ്യത്തിലൂടെ പൗരന്മാരുടെ സമാധാനപരമായ രാഷ്ട്രീയജീവിതത്തിന്റെ സ്വാഭാവികതയെ അടയാളപ്പെടുത്താനാണ് അരിസ്റ്റോട്ടിൽ ശ്രമിച്ചത്.

പ്രകൃത്യാ തന്നെ മനുഷ്യർ രാഷ്ട്രീയമൃഗങ്ങളാണ് എന്നാണ് അരിസ്റ്റോട്ടിൽ പറഞ്ഞത്. അതായത് രാഷ്ട്രീയമൃഗം എന്ന വിശേഷണമില്ലാതെ മനുഷ്യൻ എന്ന ജീവിക്ക് നിലനിൽപ്പില്ല. ഒരു ശരീരം മനുഷ്യശരീരമാകുന്നതിനുള്ള അനിവാര്യമായ ഉപാധികൾ രണ്ടാണ്: ഒന്ന്, അത് മൃഗമാവുക. രണ്ട്, അത് ‘പുര’ത്തിന് അഥവാ, പോളിസിന് അകത്താവുക

മനുഷ്യൻ രാഷ്ട്രീയമൃഗമാണ് എന്ന നിർവചനത്തിലേക്ക് വരാം. പുറമേക്ക് വിവരണാത്മകമാണ് ഈ നിർവചനം. രാഷ്ട്രീയമൃഗം എന്നത് മനുഷ്യനെക്കുറിച്ചുള്ള വിശേഷണമാണ്. പ്രകൃത്യാ തന്നെ മനുഷ്യർ രാഷ്ട്രീയമൃഗങ്ങളാണ് എന്നാണ് അരിസ്റ്റോട്ടിൽ പറഞ്ഞത്. അതായത് രാഷ്ട്രീയമൃഗം എന്ന വിശേഷണമില്ലാതെ മനുഷ്യൻ എന്ന ജീവിക്ക് നിലനിൽപ്പില്ല. ഒരു ശരീരം മനുഷ്യശരീരമാകുന്നതിനുള്ള അനിവാര്യമായ ഉപാധികൾ രണ്ടാണ്: ഒന്ന്, അത് മൃഗമാവുക. രണ്ട്, അത് ‘പുര’ത്തിന് അഥവാ, പോളിസിന് അകത്താവുക. പുറത്തുള്ള മൃഗശരീരം മനുഷ്യശരീരമാവാനുള്ള അർഹത നേടുന്നില്ല. അതായത്, അരിസ്റ്റോട്ടിലിന്റെ നിർവചനം മുൻകൂറായിത്തന്നെ മറ്റൊരു നിർവചനത്തെ ഉൾക്കൊള്ളുന്നുണ്ട്. മനുഷ്യൻ എന്ന നൽകപ്പെട്ട ഒരു ജീവിയെ നിർവചിക്കുകയല്ല അദ്ദേഹം ചെയ്തത്. മനുഷ്യശരീരമാകാനുള്ള അർഹതയുടെ അളവുകോലിൽ മുൻകൂറായിത്തന്നെ നിർവചിതമായ ഒരു ജീവിയെയാണ് രാഷ്ട്രീയമൃഗം എന്ന് അദ്ദേഹം വിളിച്ചത്. അഗംബന്റെയും (2) മറ്റും ഭാഷയിൽപ്പറഞ്ഞാൽ ഈ മനുഷ്യൻ ഒരു ജീവരാഷ്ട്രീയ നിർമിതിയാണ്. 

ഏതു നിർവചനത്തിലും അതിർത്തി നിർണയിക്കലും പുറന്തള്ളലുമുണ്ടെന്ന് നേരത്തേ പറഞ്ഞല്ലോ. മനുഷ്യനെക്കുറിച്ചുള്ള അരിസ്റ്റോട്ടിലീയൻ നിർവചനം എന്തിനെയാണ് പുറന്തള്ളുന്നത്? സൂക്ഷ്മമായി നോക്കിയാൽ രണ്ടുതരത്തിലുള്ള പുറന്തള്ളലുകൾ നടക്കുന്നുണ്ടിവിടെ. ഒന്ന്, രാഷ്ട്രീയ ജീവികളല്ലാത്ത മൃഗങ്ങളെ നിർവചനം പുറത്താക്കുന്നു. മറ്റൊന്ന്, ചില ‘മനുഷ്യ’ശരീരങ്ങളെത്തന്നെ പുറത്താക്കുന്നു. (ഉദാഹരണത്തിന്, അടിമയുടേയും സ്ത്രീയുടേയും ശരീരങ്ങൾ) എല്ലാ മനുഷ്യരും പ്രകൃത്യാതന്നെ രാഷ്ട്രീയമൃഗങ്ങളാണ് എന്ന നിർവചനം എങ്ങനെ ചില മനുഷ്യരെ പുറന്തള്ളും? ഈ പുറന്തള്ളൽ എങ്ങിനെ താർക്കികമായി ഭദ്രമാവും?  ഇവിടെയാണ് നേരത്തെ പറഞ്ഞ ‘നിർവചനത്തിലെ പൂർവനിർവചനം’ എന്ന സംഗതി പ്രസക്തമാകുന്നത്. അതായത്, പൂർവനിർവചിതമായ മനുഷ്യനെയാണ് അരിസ്റ്റോട്ടിൽ രാഷ്ട്രീയമൃഗം എന്നുവിളിച്ചത്. പുറന്തള്ളൽ നടന്നത് നിർവചനത്തിലല്ല, പൂർവനിർവചനത്തിലാണ്. രാഷ്ട്രീയമൃഗം എന്ന സംവർഗം എല്ലാ മനുഷ്യരേയും ഉൾക്കൊള്ളും; എന്നാൽ മനുഷ്യൻ എന്ന പൂർവനിർവചിത സംവർഗം എല്ലാ മനുഷ്യരേയും ഉൾക്കൊള്ളുന്നില്ല. എല്ലാ മനുഷ്യരും രാഷ്ട്രീയ ജീവികളാണ്; ‘പക്ഷെ’ എല്ലാ മനുഷ്യരും മനുഷ്യരല്ല! ഈ ‘പക്ഷെ’യുടെ വിടവിലൂടെയാണ് അരിസ്റ്റോട്ടിലിന്റെ പക്ഷികൾ പറക്കുന്നത്.

അരിസ്റ്റോട്ടിലിന്റെ അനുമാനന്യായം (Syllogism) അനുസരിച്ച് എല്ലാ മനുഷ്യരും മരണമുള്ളവരാണെങ്കിൽ, സോക്രട്ടീസ് മനുഷ്യനാണെങ്കിൽ, സോക്രട്ടീസ് മരണമുള്ളവനായേ പറ്റൂ. നിഗമനം (conclusion) മേല്പ്പറഞ്ഞ അവയവങ്ങളിൽ നിന്ന് (premises) സ്വാഭാവികമായും ഉരുത്തിരിയുന്നു. എന്നാൽ ‘എല്ലാ മനുഷ്യരും രാഷ്ട്രീയമൃഗങ്ങളാണ്’ എന്ന പ്രസ്താവത്തിൽ നിന്ന്  അടിമകളും സ്ത്രീകളും രാഷ്ട്രീയമൃഗങ്ങളാണ് എന്ന നിഗമനം ഉരുത്തിരിയുന്നില്ല. എന്തുകൊണ്ട്? അരിസ്റ്റോട്ടിലിന് തർക്കം പിഴച്ചതാണോ? അല്ല. കാരണം, സാർവത്രികതയെ സൂചിപ്പിക്കുന്ന ‘എല്ലാ’ എന്ന ശബ്ദത്തിന് ശേഷം ഒരു ‘പക്ഷെ’ പ്രവർത്തിക്കുന്നുണ്ട്. അടിമയും സ്ത്രീയും മനുഷ്യരാണെങ്കിലേ രാഷ്ട്രീയമൃഗങ്ങളാവൂ. ‘പക്ഷെ’ പ്രവർത്തിക്കുന്നത് മനുഷ്യൻ എന്ന പൂർവനിർവചിതസംവർഗത്തിൽ നിന്ന് അവരെ പുറത്താക്കിക്കൊണ്ടാണ്. ‘എല്ലാ’ എന്ന ശബ്ദത്തിന്റെ അർത്ഥത്തെ റദ്ദാക്കിക്കൊണ്ട്, അതിന് ബാധകമാവാത്ത ഒരു ഒഴിവിടത്തെ നിർമ്മിക്കുകയാണ് ‘പക്ഷെ’ ചെയ്യുന്നത്.

അധ്വാനം എന്നാൽ ധ്വാനം ഇല്ലാത്തത് അഥവാ ശബ്ദമില്ലാത്തത് എന്നാണ് അർത്ഥം. ലേബർ എങ്ങനെ ‘അധ്വാന’മായി? നേരത്തെ നടത്തിയ വിശകലനത്തിന്റെ പശ്ചാത്തലത്തിൽ നോക്കിയാൽ ഈ പരിഭാഷയിൽ ഒരു യുക്തിയുണ്ട്. അധ്വാനം മൂകമായ ഒരു പ്രവൃത്തിയാണ്. 

മനുഷ്യനും മൃഗശരീരവും

മൃഗവുമായുള്ള വിരുദ്ധസാദൃശ്യത്തിലൂടെ മനുഷ്യനെ നിർവചിക്കുന്ന സമ്പ്രദായം അതിപ്രാചീനമായ ഒന്നാണ്. ഗോർഗിയോ അഗംബെൻ (Giorgio Agamben) ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിശകലനം ശ്രദ്ധേയമാണ്. മൃഗശരീരത്തിൽ എന്താണോ ഉള്ളത് അതും അതിൽക്കൂടുതലും ഉള്ള ഒന്നിനെ മാത്രം മനുഷ്യശരീരമായി ഗണിക്കുന്ന യുക്തിയാണ് പരമ്പരാഗതമായ ചിന്താസമ്പ്രദായത്തിൽ പ്രവർത്തിക്കുന്നത്. തിരിച്ചുപറഞ്ഞാൽ മനുഷ്യശരീരത്തിൽ ആരോപിതമാവുന്ന ചില ഗുണങ്ങൾ കുറച്ചാൽ അവശേഷിക്കുന്നതെന്തോ അതാണ് മൃഗം. മേൽപ്പറഞ്ഞ അരിസ്റ്റോട്ടിലീയൻ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തിൽപ്പറഞ്ഞാൽ, പൂർവനിർവചിതമായ മനുഷ്യശരീരത്തിൽ അധികമായിട്ടുള്ളത് കുറച്ചാൽ മൃഗശരീരമായി. അതായത്, മനുഷ്യശരീരനിർമിതിക്കുപിന്നിൽ ഒരു മൃഗശരീരനിർമ്മിതിയുമുണ്ട്. പൂർവനിർവചിതമായ ഒരു മൃഗത്തെ മുൻനിർത്തിയാണ് മനുഷ്യൻ നിർവചിക്കപ്പെടുന്നത്. ആ നിലയിൽ നോക്കിയാൽ അടിമ മനുഷ്യനാവാത്തതിന്റെ കാരണം വ്യക്തമാവും. അടിമ എന്താണ് ചെയ്യുന്നത്? പണിയെടുക്കുന്ന ശരീരമാണ് അടിമയുടെ ശരീരം. ഉത്പാദനവൃത്തിയിൽ ഏർപ്പെടുന്ന ശരീരം. ഈ പണിയെയാണ് അധ്വാനം (labour) എന്നു വിളിച്ചുപോരുന്നത്. ജീവൻ നിലനിർത്തുന്നതിനായി, ജൈവീകമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജീവികൾ നടത്തുന്ന ശാരീരിക യത്‌നം എന്ന മട്ടിലെടുത്താൽ ഇത് എല്ലാ മൃഗങ്ങളും ഏർപ്പെടുന്ന പണിയാണ്. ലേബർ എന്ന പദത്തെ അധ്വാനം എന്ന് പരിഭാഷപ്പെടുന്നതിലെ അനൗചിത്യത്തെക്കുറിച്ച് പ്രൊഫ. നിസാർ അഹമ്മദ് ഒരു പ്രഭാഷണത്തിൽ സൂചിപ്പിക്കുകയുണ്ടായി. അധ്വാനം എന്നാൽ ധ്വാനം ഇല്ലാത്തത് അഥവാ ശബ്ദമില്ലാത്തത് എന്നാണ് അർത്ഥം. ലേബർ എങ്ങനെ ‘അധ്വാന’മായി? നേരത്തെ നടത്തിയ വിശകലനത്തിന്റെ പശ്ചാത്തലത്തിൽ നോക്കിയാൽ ഈ പരിഭാഷയിൽ ഒരു യുക്തിയുണ്ട്. അധ്വാനം മൂകമായ ഒരു പ്രവൃത്തിയാണ്. മൃഗസഹജമായ ഒന്ന്. അതിൽ ഏർപ്പെടുന്നവർ സ്വയം ആവിഷ്‌കരിക്കുകയല്ല ചെയ്യുന്നത്. ഈ അർത്ഥത്തിൽ അതിൽ ശബ്ദമില്ല, സ്വാതന്ത്ര്യമില്ല. ജൈവശാസ്ത്രപരമായ അനിവാര്യതകൾക്ക് അടിമപ്പെട്ടുകൊണ്ടുള്ള പണിയാണത്. അധ്വാനിക്കുന്നവർ അടിമകളാണ്. മനുഷ്യശരീരത്തിന് മൃഗാവസ്ഥയിൽക്കൂടുതൽ ഉണ്ടെന്ന് സങ്കല്പ്പിക്കപ്പെടുന്ന ഗുണങ്ങളുടെ മണ്ഡലത്തിൽനിന്ന് പ്രകൃത്യാൽ തന്നെ പുറത്താണ് അവർ. അതായത് അധ്വാനം എന്ന അടിമപ്പണി മനുഷ്യജീവിയെ മൃഗത്തിൽ നിന്ന് വേർതിരിക്കുന്ന പണിയല്ല, മറിച്ച് മൃഗത്തിന് സമാനമാക്കുന്ന പണിയാണ്. സാമ്പത്തികം എന്ന് വിശേഷിപ്പിക്കാവുന്ന ഇടപാടുകൾ പൊതു ഇടത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട, സ്വകാര്യമായ (privation എന്ന ശബ്ദത്തിൽ സൂചിതമാവുന്ന അർത്ഥത്തിൽ private ആയ) ഇടപാടുകളാണ്. പൊളിറ്റിക്കൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവൃത്തികളുടെ മണ്ഡലത്തിന് പുറത്താണ് അവയുടെ ഇടം. ഗ്രീക്ക് ഭാഷയിൽ ഗാർഹികജീവിതത്തിന്റെ ‘സ്വകാര്യ’ ഇടത്തെ സൂചിപ്പിക്കുന്ന പദമാണ് Oikos എന്നത്. ‘പോളിസ്’ എന്ന പദത്തിൽ വിവക്ഷിതമാവുന്ന പൊതു ഇടത്തിന് പുറത്താണ് ഇത്. അധ്വാനം എന്നത് ഇതിൽപ്പെടും. സാമ്പത്തികമായ ഇടപാടുകൾ പൊതു ഇടത്തിന്റെ ഭാഗമാവുകയും പ്രഥമഗണനീയമായി മാറുകയും ചെയ്തതാണ് മൂലധനസമ്പദ്‌വ്യവസ്ഥയിലേക്കുള്ള വഴിത്തിരിവായത്. ഗ്രീക്ക് ജനായത്ത സങ്കല്പ്പനത്തിൽ നിന്ന് ആധുനിക ജനായത്തസങ്കല്പനത്തിലേക്കുള്ള പരിണാമത്തിൽ ഈ വഴിത്തിരിവ് നിർണായകമാണ്.

സ്ത്രീ രാഷ്ട്രീയ മൃഗജീവിതത്തിന് പുറത്താണ്;  കാരണം, പ്രകൃത്യാൽ തന്നെ സ്ത്രീശരീരം മനുഷ്യ ശരീരമാവാനുള്ള അധികയോഗ്യത നേടുന്നില്ല

അടിമയും സ്ത്രീയും

അടിമയെന്നതുപോലെ സ്ത്രീയും പൗരത്വത്തിന്റെ പുറമ്പോക്കുകളിലേക്ക് തള്ളപ്പെട്ടതിനുപിന്നിലെ ന്യായം അരിസ്റ്റോട്ടിലീയൻ നിർവചനത്തിനുള്ളിലെ പൂർവനിർവചിതമായ മനുഷ്യസങ്കല്പനത്തിൽത്തന്നെ കാണാം. സ്ത്രീ രാഷ്ട്രീയ മൃഗജീവിതത്തിന് പുറത്താണ്;  കാരണം, പ്രകൃത്യാൽ തന്നെ സ്ത്രീശരീരം മനുഷ്യ ശരീരമാവാനുള്ള അധികയോഗ്യത നേടുന്നില്ല. പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട് ഗാർഹികമായ ഇടപാടുകൾക്കുള്ളിലാണ് (Oikos) അതിന്റെ സ്ഥാനം. അധ്വാനമെന്നപോലെ പ്രത്യുല്പാദനവും മൃഗസഹജമായ ഒന്നത്രെ. മൃഗപ്രകൃതമാണ്, മനുഷ്യ പ്രകൃതമല്ല അതിൽ പ്രകാശിതമാവുന്നത്. ആവർത്തനനിഷ്ഠമായ കാലമാണ് അതിൽ പ്രകാശിതമാവുന്നത്. അതായത്, ജീവിതം തലമുറകളിലൂടെ തിരശ്ചീനമായ ഒരു വിതാനത്തിൽ ആവർത്തിക്കുക മാത്രമാണ് പ്രത്യുല്പാദനത്തിലൂടെ. ഇത് മൃഗജീവനത്തിന്റെ ‘കാലം’ തന്നെ. അധ്വാനവും ഇതിന് സമാനമാണ്. ഉല്പാദനം വികസ്വരമായ കാലത്തേയും പ്രത്യുല്പാദനം ആവർത്തനനിഷ്ഠമായ കാലത്തേയും ധ്വനിപ്പിക്കുന്നുവെന്നും പുരുഷനും സ്ത്രീയും യഥാക്രമം ഇവയെ പ്രതിനിധാനം ചെയ്യുന്നുവെന്നുമുള്ള കാഴ്ചപ്പാടും അതിന്റെ പിൻബലത്തിൽ നിലവിൽവന്ന ആൺ-പെൺ വേർതിരിവും  വാസ്തവത്തിൽ സാമ്പത്തികമായ ഇടപാടുകൾ പൊതു ഇടത്തിന്റെ ഭാഗമായി മാറിയ പിൽക്കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞതാവണം. ഗ്രീക്ക് സങ്കല്പമനുസരിച്ച്, പണിയെടുക്കുന്ന ശരീരം പൗരത്വത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന അതേ അളവുകോലിൽത്തന്നെയാണ് സ്ത്രീശരീരവും പുറത്താവുന്നത്. സ്ത്രീശരീരത്തെക്കുറിച്ചുള്ള അരിസ്റ്റോട്ടിലിന്റേയും മറ്റും ജൈവശാസ്ത്രപരമായ ആലോചനകളിൽ മനുഷ്യശരീരനിർമ്മിതിയുടെ ജീവരാഷ്ട്രീയവിവക്ഷകൾ കണ്ടെത്താനാവും.

‘അവകാശത്തിനുള്ള അവകാശം’ എല്ലാ ശരീരങ്ങൾക്കും ഇല്ല. അതായത്, ഓരോരുത്തർക്കും അവകാശങ്ങളുണ്ട്, ‘പക്ഷെ’ അവകാശത്തിനുള്ള അവകാശം ഇല്ല. ഈ ‘പക്ഷെ’ യിലൂടെയാണ് അഭയാർത്ഥികൾ ഉണ്ടാവുന്നത്. 

ആധുനികപൗരത്വവും അഭയാർത്ഥിയും

മനുഷ്യൻ രാഷ്ട്രീയമൃഗമാണ് എന്നത് കേവലമായ ഒരു നിർവചനമല്ല എന്നാണ് പറഞ്ഞുവന്നത്. ഉള്ള ഒരു ജീവിയെപ്പറ്റി പരാമർശിക്കുകയല്ല, മറിച്ച് ഒരു ജീവിയെ ഉണ്ടാക്കുകയാണ് ഈ നിർവചനം ചെയ്തത്. മൃഗശരീരമേത്, മനുഷ്യശരീരമേത് എന്ന വേർതിരിവിന്റെ അടിസ്ഥാനത്തിൽ ജീവിതത്തെ പുരത്തിന് അകത്തും പുറത്തുമെന്ന രീതിയിൽ വകഞ്ഞുമാറ്റിക്കൊണ്ടാണ് അത് നിലനിൽക്കുന്നത്. അതായത്, നിർവചനം ശരീരങ്ങളിലൂടെയാണ് പ്രവർത്തനക്ഷമമാവുന്നത്. അതിലെ ‘വചനം’ മാംസമാണ്! നിർവചനം മാറുമ്പോൾ മുമ്പ് മൃഗാവസ്ഥയായി ഗണിക്കപ്പെട്ടിരുന്നത് മനുഷ്യാവസ്ഥയായും, തിരിച്ചും മാറാം. ഒരു ഉദാഹരണം പറയാം. ഉത്പാദിപ്പിക്കുന്ന മൃഗം എന്ന് മനുഷ്യനെ നിർവചിക്കുമ്പോൾ മുൻപ് മൃഗാവസ്ഥയായിക്കണ്ടിരുന്ന അധ്വാനം എന്നത് മനുഷ്യനെ നിർവചിക്കുന്ന ഗുണമായി മാറി. ആധുനിക പൗരൻ/പൗര എന്നത് ഇത്തരത്തിൽ പുനർവചിക്കപ്പെട്ട രാഷ്ട്രീയ മൃഗമാണ്. ഗ്രീക്ക് ജനായത്തത്തിൽ നിന്ന് ആധുനിക ജനായത്തത്തിലേക്ക് വരുമ്പോൾ പൗരത്വത്തിന്റെ അതിരുകൾ പുനർനിർണയിക്കപ്പെട്ടു. നഗരരാഷ്ട്രം ദേശരാഷ്ട്രമായി. പുരത്തിലെ ഇടപാടുകളിൽ നിന്ന് ഒഴിച്ചുനിർത്തപ്പെട്ടിരുന്ന, ആ അർത്ഥത്തിൽ പ്രൈവറ്റ് ആയിരുന്ന ഉത്പാദനപ്രവൃത്തികൾ കേന്ദ്ര സ്ഥാനീയമായി. പ്രത്യുല്പാദനം, ജനനം, കുടുംബം, ആരോഗ്യം എന്നുവേണ്ട സകലതും ദേശീയമായ ആസൂത്രണത്തിന് വിധേയമായി. അടിമയും സ്ത്രീയും മനുഷ്യപദവി നേടി. എല്ലാവരും പൗരന്മാരായി. എല്ലാ മനുഷ്യരും രാഷ്ട്രീയമൃഗങ്ങളാണ് എന്ന പ്രസ്താവം എല്ലാ പൗരന്മാരും ജന്മനാൽത്തന്നെ തുല്യരാണ് എന്ന പ്രസ്താവത്തിലേക്ക് ഭാവാന്തരപ്പെട്ടു. പഴയ പൗരത്വസങ്കല്പത്തിനുപിന്നിൽ ഒഴിവാക്കലിന്റെ യുക്തിയാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ പുതിയ പൗരത്വകല്പന എല്ലാവരേയും ഉൾക്കൊള്ളാൻ പാകത്തിൽ ഉദാരമാണെന്ന് വന്നു. എന്നാൽ, സൂക്ഷ്മമായി നോക്കിയാൽ ഇവിടെയും ഒരു ‘പക്ഷെ’ ഗൂഢമായി പ്രവർത്തിക്കുന്നുണ്ടെന്ന് കാണാം. എല്ലാ പൗരരും തുല്യരാണ്. അവർക്ക് തുല്യതയ്ക്കുള്ള അവകാശം ജന്മനാൽത്തന്നെ ഉണ്ട്. ‘പക്ഷേ’ ഹന്ന ആറെന്റിന്റെ (3) പ്രയോഗം കടമെടുത്താൽ, ‘അവകാശത്തിനുള്ള അവകാശം’ എല്ലാ ശരീരങ്ങൾക്കും ഇല്ല. അതായത്, ഓരോരുത്തർക്കും അവകാശങ്ങളുണ്ട്, ‘പക്ഷെ’ അവകാശത്തിനുള്ള അവകാശം ഇല്ല. ഈ ‘പക്ഷെ’ യിലൂടെയാണ് അഭയാർത്ഥികൾ ഉണ്ടാവുന്നത്. അവകാശങ്ങളുള്ള ആർക്കും അവകാശത്തിനുള്ള അവകാശമില്ലെങ്കിൽ അതിനർത്ഥം അഭയാർത്ഥിത്വം എന്നത് പൗരത്വത്തിൽത്തന്നെ മുൻകൂറായി ഉള്ളടങ്ങിയിട്ടുള്ള ഒരു സാധ്യതയാണെന്നാണ്. ഓരോ ശരീരവും പൗരശരീരമാവുന്നത് അത് റദ്ദാക്കപ്പെടാനുള്ള സാധ്യതയെ മുൻകൂറായി ഉൾക്കൊണ്ടുകൊണ്ടാണ്.

നിയമത്തിന്റെ ഇടം ആയി ശരീരത്തെ അടയാളപ്പെടുത്തിയ മൂർത്തമായ സന്ദർഭം 'ഹേബിയസ് കോർപ്പസ്' നിലവിൽവന്ന ചരിത്രസന്ദർഭമാണെന്ന് അഗംബെൻ (4) നിരീക്ഷിക്കുന്നുണ്ട്.  നിയമത്തിനുമുന്നിൽ ശരീരത്തെ അതിന്റെ തനതവസ്ഥയിൽ ഹാജരാക്കുക, ആളോ (person) വ്യക്തിയോ (individual) അല്ല, ശരീരം തന്നെ.

മൃഗവും മനുഷ്യനും - പൗരനും അഭയാർത്ഥിയും

മൃഗവും മനുഷ്യനും എന്നപോലെ പൗരനും അഭയാർത്ഥിയും ജീവരാഷ്ട്രീയ നിർമിതികളാണ്. ഇക്കാര്യം കുറെക്കൂടി വ്യക്തമാക്കാൻ ശ്രമിക്കാം. ഒരാൾക്ക് ജന്മനാൽ തന്നെ ചില അവകാശങ്ങളുണ്ട് എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം?  ജനിക്കുമ്പോൾത്തന്നെ അയാളുടെ ശരീരത്തിന് ചില നിയമപരിരക്ഷകൾ ലഭ്യമാവുന്നു എന്നതാണ് സുവ്യക്തമായ ഒരർത്ഥം. ജന്മം തന്നെ ഒരു നിയമപ്രശ്‌നമായി മാറുന്നുവെന്നതാണ് അതിന്റെ മറുവശം. മനുഷ്യൻ ജന്മനാൽത്തന്നെ രാഷ്ട്രീയമൃഗമാണ് എന്ന് പറയുമ്പോൾ ജനനം എന്ന പ്രാകൃതികമായ സംഭവം രാഷ്ട്രീയമായ സംഭവമായിമാറുന്നുവെന്ന് തുടക്കത്തിൽ പറഞ്ഞു. ശരീരത്തിന് ജന്മാവകാശങ്ങളുണ്ടെന്ന് പറയുന്ന ഘട്ടത്തിൽ ജനനമെന്നത് നിയമപരമായ ഒരു സംഭവമായി മാറ്റുന്നു. ജന്മനാൽ തന്നെ ശരീരം നിയമത്തിന് മുന്നിൽ ഹാജരാക്കപ്പെടുന്നു. നിയമത്തിന്റെ ഇടം ആയി ശരീരത്തെ അടയാളപ്പെടുത്തിയ മൂർത്തമായ സന്ദർഭം 'ഹേബിയസ് കോർപ്പസ്' നിലവിൽവന്ന ചരിത്രസന്ദർഭമാണെന്ന് അഗംബെൻ (4) നിരീക്ഷിക്കുന്നുണ്ട്. ശരീരം എന്ന ജഡപദാർത്ഥത്തെയാണ് കോർപ്പസ് എന്ന വാക്ക് സൂചിപ്പിക്കുന്നത്. നിയമത്തിനുമുന്നിൽ ശരീരത്തെ അതിന്റെ തനതവസ്ഥയിൽ ഹാജരാക്കുക എന്നതാണ് 1679 ൽ ഇംഗ്ലണ്ടിൽ നിലവിൽ വന്ന ഹേബിയസ് കോർപ്പസ് എന്ന സമ്പ്രദായത്തിന്റെ ആശയം. ഹാജരാക്കപ്പെടുന്നത് ആളോ (person) വ്യക്തിയോ (individual) അല്ല, ശരീരം തന്നെ.1789ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ചുരുക്കം മനുഷ്യജീവിയുടെ ശരീരത്തിൽ ജന്മനാൽത്തന്നെ ചില അവകാശങ്ങൾ അന്തർലീനമാണ് എന്നതാണ്. അഗംബെൻ പറഞ്ഞപോലെ, ശരീരവും നിയമവും തമ്മിൽ കൂടിക്കലരുന്നതിന്റെ സങ്കീർണമായ ചരിത്രമായി ജീവരാഷ്ട്രീയത്തിന്റെ ചരിത്രത്തെക്കണ്ടാൽ അതിന്റെ ഉൽപ്പന്നമാണ് ആധുനികമായ പൗരസങ്കൽപം എന്നുവരും. പൗരശരീരത്തിൽ തുടക്കം മുതലേ നിയമത്തിന്റെ കലർപ്പുണ്ട്. അതിൽ നിക്ഷിപ്തമാവുന്ന അവകാശം എന്നത് നിയമത്തിന്റെ പിൻബലത്തിൽ അതിന് ലഭ്യമാവുന്നതാണ്. അത് നിയമേന തന്നെ എടുത്തുമാറ്റപ്പെടാം. ഉദാഹരണത്തിന്, ജീവിക്കാനുള്ള അവകാശം എന്നത് നിയമപരമായി സംഗതമാവുന്ന മട്ടിൽ മാത്രം ജീവിക്കാനുള്ള അവകാശമാണ്. നിയമപരമായി സാംഗത്യമുള്ള അഥവാ സാധുതയുള്ള ജീവിതമേത് എന്ന് തീരുമാനിക്കപ്പെടുന്നത് നിയമവ്യവസ്ഥയ്ക്കുള്ളിലാണ്. അതായത് ഈ തീരുമാനത്തിന് മുൻകൂറായി വിധേയപ്പെട്ടുകൊണ്ടാണ് ഒരു ശരീരത്തിന് ജീവിക്കാനുള്ള അവകാശം ലഭ്യമാവുന്നത്. അത് തികച്ചും നിയമപരമായിത്തന്നെ എടുത്തുമാറ്റപ്പെടാം. ഇങ്ങനെ എടുത്തുമാറ്റിയാൽ അത് ‘വെറും ശരീര’മാണ്. ശിക്ഷാർഹമല്ലാത്ത വിധത്തിൽ ആചാരപരമായിത്തന്നെ അതിനെ കൊല്ലാം. നിയമപരമായിത്തന്നെ നിയമത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന ശരീരങ്ങൾക്കായി ക്യാമ്പുകളും തടവറകളും തീർക്കാം. പൗരത്വത്തിന്റെ ഇടം നിർണയിക്കപ്പെടുന്ന ആധുനിക ജനായത്തത്തിന്റെ വ്യവഹാരസ്ഥലിയിൽത്തന്നെ അഭയാർത്ഥിക്യാമ്പുകളും തടങ്കൽപ്പാളയങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. കാരണം ‘അഭയാർത്ഥി’ പുറത്തല്ല; പൗരശരീരത്തിനകത്തെ സ്ഥായിയായ ഒരു സാധ്യതയാണത്.

വിദേശി, രാഷ്ട്രത്തിന്റെ അനുവാദത്തോടെ പുറത്തുനിന്ന് അകത്തേക്കു വന്ന പൗരനാണ്/പൗരയാണ്. പ്രജയാവട്ടെ വംശീയവും ദേശീയവുമായ അസ്തിത്വം നിരന്തരം തെളിയിക്കാൻ ബാധ്യതപ്പെട്ട്, രാഷ്ട്രത്തിന്റെ ദയാവായ്പിൽ, അകത്തും പുറത്തും പൗരത്വമില്ലാതെ കഴിയുന്ന ആളും. 

ജനായത്തവും ഫാസിസവും

ഹിറ്റ്‌ലറുടെ ജർമനിയിൽ ഗ്യാസ് ചേംബറുകളിലേക്ക് അയയ്ക്കപ്പെടുന്നവരുടെ പൗരത്വം എടുത്തുമാറ്റിയിരുന്നു. ഇങ്ങനെ പൗരത്വത്തിന്റെ ഉടയാടകൾ അഴിച്ചുമാറ്റിയ ശരീരങ്ങൾ വെറും ശരീരങ്ങളാണ്. ഹിറ്റ്‌ലർ തന്റെ ആത്മകഥയിൽ നടത്തുന്ന ഒരു വർഗീകരണം ശ്രദ്ധിക്കേണ്ടതാണ്. ജനതയെ മൂന്നായിത്തിരിക്കാം എന്നദ്ദേഹം പറയുന്നു: പൗരന്മാർ, പ്രജകൾ, പുറത്തുനിന്ന് വന്നവർ. ദേശത്തിന്റെ അതിരുകൾക്കകത്ത് ജനിച്ചു എന്ന കാരണംകൊണ്ട് മാത്രം ഒരാൾ പൗരനാവില്ല. അക്കാരണം കൊണ്ട് അയാൾ പ്രജ (subject) മാത്രമേ ആകുന്നുള്ളൂ. രാഷ്ട്രത്തിന്റെ പ്രജയാണെങ്കിലും അയാൾക്ക് രാഷ്ട്രീയമായ ഇടപാടുകളിൽ പങ്കാളിത്തമില്ല. മാത്രമല്ല അയാളുടെ വംശവും ദേശവും തെളിയിക്കപ്പെടേണ്ടുന്ന സംഗതികളായിരിക്കും. ചില ഉപാധികളുടെ അടിസ്ഥാനത്തിൽ ഒരു പ്രജയ്ക്ക് ഏതുഘട്ടത്തിലും പൗരനായി മാറാം. പുറത്തുനിന്നുവന്ന ഒരാളും പ്രജയും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ആദ്യത്തെയാൾ മറ്റൊരു രാജ്യത്തിലെ പൗരനാണ് എന്നതാണ്. പൗരത്വം ഒരു പദവിയാണ്. ശാരീരികവും മാനസികവുമായ പരിശീലനങ്ങൾക്കൊടുവിൽ ഒരാൾക്ക് ആചാരപരമായി സമ്മാനിക്കപ്പെടുന്ന പദവി. ദേശദ്രോഹത്തിന്റെയോ അനാശാസ്യവും കുറ്റകരവുമായ മറ്റേതെങ്കിലും പ്രവണതകളുടേയോ പേരിൽ ഏതു ഘട്ടത്തിലും ഈ സവിശേഷ പദവി ഒരാളിൽ നിന്ന് എടുത്തുമാറ്റപ്പെടാം. ഇങ്ങനെ പൗരത്വം എടുത്തുമാറ്റപ്പെടുന്നതോടെ അയാൾ പ്രജ മാത്രമായിത്തീരും (5). ഹിറ്റ്‌ലറുടെ മേൽപ്പറഞ്ഞ നിലപാടനുസരിച്ച് പ്രജയുടെ ജീവിതം പുറത്തുനിന്നുവന്നവരുടെ ജീവിതത്തേക്കാൾ ദയനീയമാണ്. വിദേശി, രാഷ്ട്രത്തിന്റെ അനുവാദത്തോടെ പുറത്തുനിന്ന് അകത്തേക്കു വന്ന പൗരനാണ്/പൗരയാണ്. പ്രജയാവട്ടെ വംശീയവും ദേശീയവുമായ അസ്തിത്വം നിരന്തരം തെളിയിക്കാൻ ബാധ്യതപ്പെട്ട്, രാഷ്ട്രത്തിന്റെ ദയാവായ്പിൽ, അകത്തും പുറത്തും പൗരത്വമില്ലാതെ കഴിയുന്ന ആളും. 

ഹിറ്റ്‌ലറുടെ ജൂതരും ഗാൾവാൽക്കറുടെ അഹിന്ദുവും ജന്മംകൊണ്ട് രാഷ്ട്രീയ മൃഗങ്ങളാവുന്നില്ല;  ചില ഭൂപ്രദേശങ്ങൾള്ളിൽ ജനിച്ചു എന്നതുകൊണ്ട് അവർക്ക് പൗരത്വം ലഭ്യമാകുന്നില്ല. കാരണം ഹിറ്റ്‌ലറുടെ ജർമ്മനിയും ഗോൾ വാൽക്കറുടെ ഹിന്ദുരാഷ്ട്രവും ഭൂപ്രദേശങ്ങളല്ല

ഹിറ്റ്‌ലറുടെ ജർമ്മനിയും ഗോൾ വാൽക്കറുടെ ഹിന്ദുരാഷ്ട്രവും ഭൂപ്രദേശങ്ങളല്ല

ഗോൾവാൽക്കർ 1939 ൽ പ്രസിദ്ധീകരിച്ച തന്റെ കൃതിയിൽ (We or Our Nationhood Defined) പറഞ്ഞത് ഇന്ത്യയിൽ ജീവിക്കുന്ന വിദേശ വംശജർക്കുമുന്നിൽ രണ്ട് വഴികളേ ഉള്ളൂ എന്നാണ്. ഒന്നുകിൽ അവർക്ക് തങ്ങളുടെ വേറിട്ട അസ്തിത്വത്തെ വർജിച്ച് പൂർണമായും ഹിന്ദു വംശത്തിൽ ലയിക്കാം; അല്ലെങ്കിൽ ഹിന്ദുരാഷ്ട്രത്തിന് പൂർണമായും വിധേയപ്പെട്ട്, യാതൊരു അവകാശവാദങ്ങളുമില്ലാതെ, പൗരാവകാശമടക്കം യാതൊരുവിധ പരിഗണനകൾക്കും ആനുകൂല്യങ്ങൾക്കും അർഹതയില്ലാതെ ഹിന്ദുക്കളുടെ രാഷ്ട്രത്തിൽ തുടരാം (6). ഈ നിലപാടും ഹിറ്റ്ലറുടെ മേൽപ്പറഞ്ഞ നിലപാടും  തമ്മിലെ സുവ്യക്തമായ സമാനതകൾ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, രാഷ്ട്രീയമൃഗമെന്ന നിലയിൽ മനുഷ്യനെ നിർവചിക്കുന്ന അരിസ്റ്റോട്ടിലീയൻ കാഴ്ചപ്പാടിനോടും അതിന്റെ അർത്ഥവിവക്ഷകളെ കൂടുതൽ ഉദാരമാക്കി നിലവിൽവന്ന ആധുനിക പൗരത്വസങ്കല്പത്തോടും മേൽപ്പറഞ്ഞ നിലപാടുകൾ മൗലികമായ ഇടയുന്നുണ്ടോ എന്നതാണ്. ഹിറ്റ്‌ലറുടെ ജൂതരും ഗാൾവാൽക്കറുടെ അഹിന്ദുവും ജന്മംകൊണ്ട് രാഷ്ട്രീയ മൃഗങ്ങളാവുന്നില്ല;  ചില ഭൂപ്രദേശങ്ങൾള്ളിൽ ജനിച്ചു എന്നതുകൊണ്ട് അവർക്ക് പൗരത്വം ലഭ്യമാകുന്നില്ല. കാരണം ഹിറ്റ്‌ലറുടെ ജർമ്മനിയും ഗോൾ വാൽക്കറുടെ ഹിന്ദുരാഷ്ട്രവും ഭൂപ്രദേശങ്ങളല്ല; അവയുടെ അതിരുകൾ വംശീയമാണ്, ഭൂരേഖനപരമല്ല. ഈ അതിരുകൾക്കകത്തുള്ള ഒരാളുടെ ജനനം മാത്രമേ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാകുന്നുള്ളൂ. ഇങ്ങനെ സ്വാഭാവികമായി ജനിച്ചവർ സ്വാഭാവികമായും രാഷ്ട്രീയമൃഗങ്ങളാവും. മുൻകൂറായി ഒരു മനുഷ്യനെ നിർവചിച്ചെടുക്കുകയും അതിനെ രാഷ്ട്രീയമൃഗമെന്ന് നിർവചിക്കുകയും ചെയ്യുന്ന അരിസ്റ്റോട്ടിലീയൻ യുക്തി തന്നെയല്ലേ പ്രച്ഛന്നമായി ഇവിടേയും പ്രവർത്തിക്കുന്നത്?  ആധുനിക പൗരത്വനിർമ്മിതിയിലെ ഉൾക്കൊള്ളൽ/ പുറന്തള്ളൽ തന്ത്രങ്ങൾ തന്നെയല്ലേ മറ്റൊരു രൂപത്തിൽ  ഇവിടേയും ദൃശ്യമാവുന്നത്? ഇങ്ങനെ നോക്കുമ്പോൾ ഫാസിസമെന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം ആധുനികജനാധിപത്യത്തിന്റെ എതിരിയല്ല; അതിൽത്തന്നെ അന്തർലീനമായിരിക്കുന്ന ഒരു വിപദ്‌സാധ്യതയാണ്. ഈ തിരിച്ചറിവ് പ്രധാനമാണെന്ന് തോന്നുന്നു. പൗരത്വനിഷേധത്തിനെതിരായ കലഹങ്ങൾക്ക് വിസ്‌ഫോടകമായ മാനം കൈവരുന്നത് പൗരത്വം എന്ന സങ്കല്പനത്തെത്തന്നെ ആഴത്തിൽ പ്രശ്‌നവൽക്കരിക്കുമ്പോഴാണ്.  

കുറിപ്പുകൾ

1. രാഷ്ട്രീയമൃഗമല്ലാത്ത മനുഷ്യജീവിയെക്കുറിച്ച് അരിസ്റ്റോട്ടിൽ പറഞ്ഞതിങ്ങനെ:  "He is the 'tribeless, lawless, heartless one', whom Homera denounces - the outcast who is a lover of war; he may be compared to a bird which flies alone". Aristotle, Politics III

2. ശരീരം ജീവരാഷ്ട്രീയനിർമിതിയാവുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള അഗംബന്റെ വിശകലനങ്ങൾക്ക് കാണുക: Giorgio Agamben,  Homo Sacer: Sovereign Power and Bare Life, Stanford University Press, 1998.

3. ഹന്ന ആറന്റിന്റെ വിശകലനത്തിന് കാണുക: Hannah Arendt, The Origins of Totalitarianism (chap. 9) New York: Harcourt Brace Jovanovich, Third Edition, 1973.

4. വിശദാംശങ്ങൾക്ക് കാണുക: Giorgio Agamben,  Homo Sacer: Sovereign Power and Bare Life, Stanford University Press, 1998.

5. വിശദാംശങ്ങൾക്ക് കാണുക: Adolf Hitler, Mein Kampf, Vol II: The National Socialist Movements, Chapter III : Subjects and Citizens, Eher Verlag, 1933.

6. വിശദാംശങ്ങൾക്ക് കാണുക: Golwalkar, We or Our Nationhood Defined, Bharat Publications, Nagpur, 1939.

Contact the author

Dr. T V Madhu

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More