ചെവിയോര്‍ത്തു നോക്കൂ, ബഷീറില്‍ പതിഞ്ഞ സൂഫീ സംഗീതം കേൾക്കുന്നില്ലേ? - ദീപക് നാരായണന്‍

ബഷീറിന്റെ ആശയലോകത്തിന്റെ അടിത്തറയായി വർത്തിക്കുന്നവയിൽ പ്രധാനം അദ്ദേഹത്തിൽ ആന്തരികാവൽക്കരിക്കപ്പെട്ട സൂഫി ദർശനങ്ങളുടെ (1) ആഴത്തിലുള്ള സ്വാധീനമാണ്. 

പേർഷ്യൻ സംസ്കാരം ഭാരതീയ സംസ്കാരത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സൂഫിസം. സൂഫിസം ഇന്ത്യയിൽ വേരുറക്കുന്നത് അതിന്റെ സൗന്ദര്യശാസ്ത്രപരമായ ഉള്ളടക്കങ്ങളോടൊത്താണ്. അതുകൊണ്ടുതന്നെ  കലയുടെയും സാഹിത്യത്തിന്റെയും ഒരു ഉപദേശീയത ഇന്ത്യൻ സംസ്കാരത്തിന്റെ അകത്തു സാധ്യമാക്കുന്നതിന് ഈ ദർശന ശാഖക്ക് സാധിച്ചിട്ടുണ്ട്. ഇസ്ലാമിലെ ഭക്തിപ്രസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്നുണ്ട് സൂഫിസം. പേർഷ്യൻ, ഇന്ത്യൻ സംസ്കാരങ്ങളുമായുള്ള ഇസ്ലാമിന്റെ ആശ്ലേഷമാണ് സൂഫിധാരയുടെ സമൃദ്ധമായ പാരമ്പര്യത്തിന് നിദാനം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഭാവതലങ്ങൾ സൂഫിസ ഭക്തിയുമായി സമന്വയിക്കുന്നുണ്ട്. ആത്മശുദ്ധീകരണത്തിനുള്ള മാർഗ്ഗങ്ങളായി സംഗീതമടക്കമുള്ള സർഗാത്മക വൃത്തികളെ നോക്കിക്കാണുന്ന ഈ രീതിയുടെ സ്വാധീനത്തിനു ബഷീറിന്റെ  ജീവിതത്തിൽതന്നെ വേണ്ടുവോളം ദൃശ്യതയുണ്ട്.

ഇസ്ലാമിക പുണ്യാളനായ മൊഹിയുദ്ധീൻ ഷെയ്ഖ് ബാഗ്ദാദുകാരനാണ്.1930 - കളിൽ തന്നെ ആഫ്രിക്ക, അറേബ്യാ തുടങ്ങിയ ഭൂഖണ്ഡ ഭാഗങ്ങളിലേക്ക് യാത്രചെയ്തിരുന്നു ബഷീർ. ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച 'ബഷീർ സമ്പൂർണ കൃതികളി'ലെ ആമുഖ ലേഖനത്തിൽ ടി. പത്മനാഭൻ ഇപ്രകാരം നിരീക്ഷിക്കുന്നു. "ബഷീറിന്റെ മതപരമായ വിശ്വാസങ്ങളും വളരെ പ്രസിദ്ധമാണ്. വേണമെങ്കിൽ പറയാം, അദ്ദേഹം ഒരു മുഹമ്മദീയൻ ആണെന്ന്. പക്ഷെ അദ്ദേഹം ഒരിക്കലും സങ്കുചിതാർഥത്തിലുള്ള ഒരു വിശ്വാസിയായിരുന്നില്ല. വിശ്വമാനവികതയുടെ വക്താവായിരുന്ന അദ്ദേഹം മതത്തിന്റെ പേരിൽ പ്രചരിച്ചുവരുന്ന അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും എന്നും എതിർത്തുപോന്നിട്ടുണ്ട്. " 

സൂഫി എന്ന നിലയിൽ ബഷീർ

പ്രൊഫ. എം എ റഹ്‌മാൻ സംവിധാനം നിർവഹിച്ച "ബഷീർ ദി മാൻ "എന്ന ഡോക്യൂമെന്ററിയിലെ ആത്മഭാഷണങ്ങളിലൂടെ ബഷീർ ഈ വിധം സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട്."മൂന്നോ നാലോ കൊല്ലം ഞാൻ സഞ്ചരിച്ചു കുറേകാലം സൂഫിയായി നടന്നു. തത്വത്തിന്റെ വിശാലമായ അർത്ഥത്തിൽ എല്ലാം ഏകംതന്നെ. പ്രപഞ്ചങ്ങളാകുന്ന എല്ലാ പ്രപഞ്ചങ്ങളേയും ഞാൻ മനസ്സാകുന്ന ഒരു ബിന്ദുവിൽ കേന്ദ്രികരിച്ചു നിർത്തിയിട്ടുണ്ട്. പുല്ലും പുഴയും മരുഭൂമിയും ഒക്കെ വലിയ ഒന്നിന്റെ ഭാഗങ്ങളാണ്. അഗാധ വിശാല സമുദ്രത്തിലെ ഒരു തുള്ളി വെള്ളമാണ് ഞാൻ "ഈ ആത്മഭാഷണങ്ങളിൽ ഒന്ന് ചെവിയോർത്തു നോക്കൂ. സൂഫീ ജീവിതാവബോധത്തിന്റെ ഒരു പതിഞ്ഞ പശ്ചാത്തല സംഗിതം കേൾക്കുന്നില്ലേ...? ഇത്  അടുത്തുനിന്ന് കേൾക്കാനവസരം ലഭിച്ചതിന്റെ അധികാരികതയാൽ തന്നെയാവാം ''ബാഗ്ദാദിലേയും ബസ്രയിലെയും കെയ്റോവിലെയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളിൽ സുഗന്ധം പുരണ്ട അർദ്ധവെളിച്ചത്തിൽ കഥകൾ പറഞ്ഞിരുന്ന അജ്ഞാതരായ കാഥികരിലാണ് ബഷീറിന്റെ പൂർവസൂരികൾ ഉള്ളത്'' എന്ന് എം. ടി. വാസുദേവൻ നായർ നിരീക്ഷിക്കുന്നത്.

ബഷീർ കൃതികളെ കഥാസാഹിത്യം എന്ന ഒഴുക്കൻ ശീർഷകത്തിന് കീഴിൽ പരിമിതപ്പെടുത്തുന്നത് ശരിയല്ല എന്ന് ഡോ. ആർ ഇ. ആഷർ ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ ഭൂരിഭാഗം കൃതികളിലും ആത്മകഥാംശം അലിഞ്ഞുചേർന്നിട്ടുണ്ട്. അത് ദർശന നിരപേക്ഷമായ കേവല ജീവിതവിവരണം അല്ലായിരുന്നുതാനും. ഒരു വലിയ ആനയെ ചെറുതാക്കി ചെറുതാക്കി കൊണ്ടുവന്ന്, അവസാനം കുഞ്ഞിപ്പാത്തുമ്മയുടെ കവിളിലെ ഒരു കറുത്ത മറുകായിക്കാണാൻ കഴിയുന്ന സൂഫി മിസ്റ്റിസിസത്തിന്റെ അകമ്പടിയുള്ളതുകൂടി ആയിരുന്നു അത്. സുഹ്റയുടെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള ഉമ്മയുടെ കത്ത് കിട്ടുമ്പോൾ പോലും ഒരു ഫക്കീറിന്റെ നിർമമതയോടെ ജനിമൃതികളെപ്പോലും സമീപിക്കാവുന്ന ദർശനഗരിമയുടെ അടിത്തറയുണ്ടായിരുന്നു അതിന്. ബഷീർ പറയുന്നു. "പ്രപഞ്ചം ശൂന്യം.. ഇല്ല പ്രപഞ്ചത്തിന് ഒന്നും സംഭവിച്ചിട്ടില്ല. നഗരം ഇരമ്പുന്നു. സൂര്യൻ പ്രകാശിക്കുന്നുണ്ട്. കാറ്റുവീശുന്നു. ഉള്ളിൽനിന്ന് രോമകൂപങ്ങൾവഴി പൊന്തിയ ആവിയിൽ മജീദ് കുളിച്ചു പോയി എന്നു മാത്രം "

പിഴുതെറിയപ്പെട്ട ചിലമനുഷ്യർ ഒറ്റയ്ക്ക് കാലത്തിന്റെ താപനില രേഖപ്പെടുത്തുകയും വിളിച്ചറിയിക്കുകയും ചെയ്യുന്നു എന്നത് കൊണ്ടാവാം ബഷീർ സംഘടനകളിൽ നിന്ന് നിരന്തരമായി ഒഴിഞ്ഞുനിന്നത് എന്ന് എം. എൻ. വിജയൻ സന്ദേഹപ്പെടുന്നുണ്ട് (ബഷീർ എന്ന ഒറ്റമരം). ഈ സ്വഭാവവിശേഷതയിൽപോലും ഒരു സൂഫിബോധത്തിന്റെ തിരസ്കാരവാഞ്ജയുണ്ട്. കാരണം സൂഫിസം എല്ലാ അധികാരരൂപങ്ങളോടുമായി ഉള്ളിൽ നിന്നുള്ള കലഹമാണ്, എല്ലാ ജീവവസ്പന്ദങ്ങളോടുമുള്ള ഒടുങ്ങാത്ത കരുണയാണ്. ആത്മപീഡയും സംസ്കരണവുമാണ്. ബഷീറിന്റെ ജീവിതത്തിലും കൃതികളിലും രൂഢമൂലമായിരുന്നു ഈ ഭാവങ്ങൾ. 

(1ബഷീർ സൂഫി ആയിരുന്നു എന്ന് പറഞ്ഞുപോകുന്നുണ്ടെങ്കിലും സൂഫിസം ദർശനപരമായി ഏതൊക്കെ രീതികളിൽ ബഷീറിലൂടെ വെളിവാക്കപ്പെടുന്നു എന്ന രീതിയിലുള്ള അന്വേഷണങ്ങൾ വിരളമാണ്. അക്രമാസക്തമായ രീതിയിൽ സാംസ്‌കാരിക അപരത്വങ്ങളോട് അസഹിഷ്ണുത വർധിച്ചു വരുന്ന വർത്തമാനത്തിൽ ഈ വിധം ബഷീർ  വായിക്കപ്പെടുന്നതിന് പ്രസക്തി ഉണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Deepak Narayanan

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More