പഴിചാരലുകളല്ല ഇടതുകക്ഷികളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് - കെ. ടി. കുഞ്ഞിക്കണ്ണന്‍

രാഷ്ട്രീയത്തിലേയും പൊതുജീവിതത്തിലേയും ധാർമ്മിക ച്യുതികളെയും അപചയങ്ങളേയും സംബന്ധിച്ച വിലാപങ്ങളും പഴിചാരലുകളുമല്ല ഇടതുപക്ഷജനാധിപത്യ ശക്തികളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കേവല വ്യക്തി ധാർമ്മികതക്കപ്പുറം വ്യവസ്ഥയുടെ ഘടനാപരമായ ആധിപത്യ സ്വഭാവത്തെയും സ്വാധീനത്തെയും മനസിലാക്കാതെയുള ധാർമിക പ്രലപനങ്ങൾ കൊണ്ടൊന്നും മുതലാളിത്തം സൃഷ്ടിച്ച അപചയങ്ങളെയും അഴിമതികളെയുമൊന്നും പ്രതിരോധിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. നിയോലിബറൽ മൂലധനവ്യാപനം സൃഷ്ടിക്കുന്ന മത്സരവും ധനാർത്തിയും അപമാനവീകരണവും ഭീതിദമായ മാനങ്ങൾ കൈവരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാമെല്ലാം ജീവിക്കുന്നത്. 

മൂലധനശക്തികൾ കൊണ്ടെത്തിച്ച ആപത്ക്കരമായ ഈ ചരിത്രസന്ധിയെ മുറിച്ചുകടക്കാനുള്ള രാഷ്ട്രീയ യത്നങ്ങളിലാണ് മനുഷ്യരാശിയുടെ ഭാവി നിർണയിക്കപ്പെടുന്നതെന്ന് വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. ഒരു ബൂർഷാ സമൂഹത്തിനകത്ത് പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റുകാരേയും ആ വ്യവസ്ഥയുടെ എല്ലാ ജീർണ്ണതകളും അപചയങ്ങളും ഏറിയും കുഞ്ഞും സ്വാധീനിക്കാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അതിനെ തിരുത്താനും മറിക്കടക്കാനുമുള്ള സൈദ്ധാന്തികവും രാഷ്ട്രീയവുമായ നിലപാടുകളും ഉൾപാര്‍ട്ടി സംവിധാനങ്ങളും ശക്തിപ്പെടുത്തുകയാണ് കമ്യുണിസ്റ്റുകാർ ചെയ്യേണ്ടത്. 

എല്ലാവരും കണക്കാണ് എന്നത് വലതുരാഷ്ട്രീയമാണ്

പ്രസ്ഥാനത്തിലേക്കും അണികളിലേക്കും അത്തരം ജീർണ്ണതകൾ കടന്നുവരാതിരിക്കാനുള്ള ജാഗ്രതയാണ് ആവശ്യമായിട്ടുള്ളത്. അതിനായി രാഷ്ട്രീയ സൈദ്ധാന്തിക ബോധമുയർത്തിയെടുക്കുകയും ഉൾപാർട്ടി സംവിധാനം സജീവമാക്കിയെടുക്കുകയും അണികളുടേയും നേതൃത്വത്തിൻ്റേയും ആത്മനവീകരണം ഉറപ്പാക്കുകയാണ് വേണ്ടത്. ബൂർഷ്വാ പാർട്ടികളെപ്പോലെ കമ്യൂണിസ്റ്റുപാർട്ടികളും കള്ളക്കടത്തും അഴിമതിയുമൊക്കെയുള്ള പാർട്ടിയാണെന്നും ബൂര്‍ഷ്വാ തിന്മകൾ അവസാനിപ്പിക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും എല്ലാവരും കണക്കാണെന്നുമുള്ള അരാഷ്ട്രീയ നിലപാട്, ബൂർഷ്വാ വ്യവസ്ഥക്ക് ബദലുകളില്ലെന്ന വലതുരാഷ്ട്രീയമാണ്.

സമൂഹത്തിൽ കൂടിവരുന്ന അഴിമതിയുടേയും കുറ്റകൃത്യങ്ങളുടേയും സാമൂഹ്യ സാമ്പത്തികാടിസ്ഥാനങ്ങളെ കാണാതെ  മുതലാളിത്ത ജീർണ്ണതകളെ സാമാന്യവൽക്കരിക്കുകയും സങ്കുചിത മാധ്യമ അജണ്ടകൾക്കാവശ്യമായ രീതിയിൽ ഉന്നയിക്കുകയും ചെയ്യുന്നത് ശരിയായൊരു മാര്‍ക്സിസ്റ്റ് രീതിയാണെന്ന് തോന്നുന്നില്ല. അപചയങ്ങളേയും തെറ്റുകളേയും വിട്ടുവീഴ്ചയില്ലാതെ എതിർത്തും തിരുത്തിയും മാത്രമേ കമ്യൂണിസ്റ്റുകാർക്ക് മുന്നോട്ടുപോകാനാവൂ. അതിനായുള്ള വിമർശനങ്ങളും പരിശോധനകളുമാണുണ്ടാവേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും.

ഫൈനാൻസ് മൂലധനത്തിന്റെ ഗുണഭോക്താക്കള്‍ വലതുപക്ഷരാഷ്ട്രീയക്കാര്‍ 

ഫൈനാൻസ് മൂലധന വ്യാപനം സമൂഹത്തിൻ്റെ എല്ലാ മണ്ഡലങ്ങളിലും ജീർണ്ണവും അസഹനീയവുമായൊരു അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. അതിൻ്റെ താല്പര്യ സംരക്ഷകരും ഗുണഭോക്താക്കളും വലതുപക്ഷരാഷ്ട്രീയക്കാരാന്നെന്ന യാഥാർത്ഥ്യം കാണാതെയുള്ള രാഷ്ട്രീയത്തിലെ നൈതികതയേയും ധാർമ്മികതയേയും സംബന്ധിച്ച അന്വേഷണങ്ങൾ ഇരുട്ടിൽ കരിമ്പൂച്ചയെ തപ്പുന്നതുപോലെയുള്ള പാഴ്‌വേല മാത്രമായിരിക്കും. ബൂർഷ്വാ മാധ്യമ ആഘോഷങ്ങളിലും അരാഷ്ട്രീയക്കാരുടെ കയ്യടികളിലും സീമിതപ്പെട്ടുപോകുന്നത്.

നമ്മുടേത് പോലൊരു സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവൽ രണത്തിൻ്റെയും വൈയക്തികവൽക്കരണത്തിൻ്റെയും ദുരന്ത പരിണതികളാണ് യുവാക്കൾക്കിടയിൽ വളർന്നുവരുന്ന ഗ്യാങ്ങ് കൾച്ചറും വർഗീയ തീവ്രവാദശക്തികളും കള്ളക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾ ചെലുത്തുന്ന സ്വാധീനവുമെന്ന് കമ്യൂണിസ്റ്റുകാരായവർ മനസ്സിലാക്കേണ്ടതുണ്ട്. 

ഐ ടി ഉൾപ്പെടെയുള്ള മാധ്യമ സാധ്യതകളും അതിവേഗം ശക്തിപ്പെടുന്ന വിപണി സംസ്ക്കാരവും ചേർന്ന് മനുഷ്യമനസുകളെ അതിരുകളില്ലാത്ത ആനന്ദാന്വേഷണങ്ങളിലേക്കും വർഗ്ഗീയ വിദ്വേഷ സംസ്കാരത്തിലേക്കും തള്ളിവിടുകയാണ്. കമ്പോളം വിധി നിർണയിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഒരാളുടെ വ്യക്തി സാക്ഷാൽക്കാരവും സംതൃപ്തിയും ഉപഭോഗസമൂഹത്തിൽ അംഗത്വമുറപ്പിക്കലാണെന്ന് വന്നിരിക്കുന്നു. ചരക്കുകൾ വാങ്ങിക്കൂട്ടുകയും അതിനായി സമ്പത്ത് വാരിക്കൂട്ടുകയും ചെയ്യുകയാണ് ഉപഭോഗ സമൂഹത്തിലംഗമായ ഒരാളുടെ ജീവിത സാക്ഷാൽക്കാരമായിരിക്കുന്നതെന്ന് വരുന്നു. സാമൂഹ്യനീതിയിലും സർവരുടെയും ക്ഷേമത്തിലും തുല്യതയിലുമധിഷ്ഠിതമായ ഒരു സമൂഹത്തെ സ്വപ്നം കാണുന്നതിനും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യണമെന്ന തിരിച്ചറിവ് യുവാക്കളിൽ ഉണ്ടാകാതിരിക്കാനാണ് വൻകിട മാധ്യമങ്ങളുൾപ്പെടെയുള്ള ബൂർഷാ പ്രത്യയശാസ്ത്ര സംവിധാനങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുതിയൊരു സാമൂഹ്യസൃഷ്ടിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നവരെ തടയുന്ന പ്രത്യയശാസ്ത്ര ധർമ്മാണവർ നിർവഹിക്കുന്നത്.

ഫൈനാൻസ് മൂലധനം ആത്മബോധം നഷ്ടപ്പെട്ട തലമുറയെ സൃഷ്ടിക്കും 

ലൈംഗികാനന്ദങ്ങളിലും ലഹരിവസ്തുക്കളിലും ആറാടുന്ന ആത്മബോധം നഷ്ടപ്പെട്ട ഒരു തലമുറയെ സൃഷ്ടിക്കാനാണ് ചരിത്രത്തിൽ എല്ലാ കാലത്തും ഫൈനാൻസ് മൂലധനശക്തികൾ ശ്രമിച്ചിട്ടുള്ളത്. സാമ്രാജ്യത്വ അധിനിവേശത്തിൻ്റെ ചരിത്രം പഠിക്കുന്നവർക്കറിയാം കുപ്രസിദ്ധമായ 'കറുപ്പ് യുദ്ധം' മുതൽ 1960 -കളിലേയും 70 -കളിലേയും സാർവ്വദേശീയ വിമോചന പ്രസ്ഥാനങ്ങളിൽ നിന്ന് യുവാക്കളെ വഴിതിരിച്ചുവിടാനും മയക്കി കിടത്താനും സിഐഎ നടത്തിയ മയക്കുമരുന്നുകടത്തും വ്യാപാരവും വരെ. ലാറ്റിനമേരിക്കൻ വിമോചന മുന്നേറ്റങ്ങളും വിയറ്റ്നാം യുദ്ധത്തിനെതിരായ സാർവ്വദേശീയ കാമ്പയിനും ശക്തിപ്പെട്ടതോടെയാണല്ലോ ഹിപ്പിറ്റസമുൾപ്പെടെയുള്ള അരാജക പ്രസ്ഥാനങ്ങൾ പ്രമോട്ട് ചെയ്യപ്പെട്ടത്. ഹരേ കൃഷ്ണ, ആനന്ദമാർഗ്ഗി തുടങ്ങിയ തീവ്ര ആത്മിയതയുടെ പരിവേഷമുള്ള, ക്രിമിനൽ മൂലധനത്തിൻ്റെ പിൻബലമുള്ള സംഘങ്ങൾ ഉയർന്നുവന്നത്. വിമോചനാത്മകമായ ഇടതുരാഷ്ട്രീയത്തെ ദുർബ്ബലമാക്കുക, അതിലാകൃഷ്ടരാവുന്ന യുവാക്കളെ വഴി തിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പലതരം ക്രിമിനൽ ഗ്യാങ്ങുകളെ മൂലധനശക്തികൾ തന്നെ വളർത്തിയെടുക്കുന്നത്. 

പണമുണ്ടാക്കാനായി ചെയ്യുന്നതൊന്നും തെറ്റല്ലെന്ന് ചിന്തിക്കുന്ന ഒരു പൊതുബോധം സൃഷ്ടിക്കുന്ന മോണിട്ടറിസ്റ്റ് മുതലാളിത്തമാണ് കള്ളക്കടത്ത് സംഘങ്ങളേയും അഴിമതിക്കാരായ രാഷ്ടീയക്കാരെയും പെൺവാണിഭ സംഘങ്ങളേയുമെല്ലാം സൃഷ്ടിച്ചെടുക്കുന്നത്. കടുത്ത വ്യക്തിവൽക്കരണവും വിപണിവൽക്കരണവും സൃഷ്ടിക്കുന്ന മത്സരബോധത്തിൻ്റേയും പണാർത്തിയുടേയും ഉല്പന്നങ്ങളായിട്ടാണ് ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ രൂപമെടുക്കുന്നത്. അതിൻ്റ രാഷ്ട്രീയം പണമുണ്ടാക്കുക അടിച്ചു പൊളിക്കുകയെന്നത് മാത്രമാണ്. എന്തു ചെയ്യാം, ആരുമായും കൂട്ടുചേരാം, എങ്ങിനെയും പണമുണ്ടാക്കാം. ഇങ്ങനെയൊക്കെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു തലമുറയെ സൃഷ്ടിച്ച് നിയോലിബറൽ മുതലാളിത്തത്തിനെതിരായി വളർന്നു വരുന്ന ജനകീയ പ്രസ്ഥാനങ്ങളെ അസ്ഥിരീക്കുകയും അതിൽ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ് മൂലധനശക്തികൾ.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More