കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
കഴിഞ്ഞ ദിവസങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ദുരന്ത ഭൂമിയിലേക്ക് യാതൊരുകാരണവശാലും ആളുകള്‍ യാത്ര ചെയ്യരുതെന്നും ഈ സമയത്ത് എല്ലാ ജനങ്ങളുടെയും സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 വരെ കി.മി വേഗത്തില്‍ വീശിയടിച്ചേക്കുന്ന കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.