ന്യൂയോര്‍ക്ക്: യുഎസില്‍ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു. ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്കോട് കി പാലമാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അപകടം നടന്ന സമയത്ത് പാലത്തിലൂടെ പോവുകയായിരുന്ന നിരവധി വാഹനങ്ങള്‍ പടാപ്സ്കോ നദിയിലേക്ക് വീണു. പാലത്തില്‍ നിന്ന് വീണ വാഹനങ്ങളുടെയും യാത്രക്കാരുടെയും കൃത്യമായ എണ്ണം എത്രയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതനുസരിച്ച് 7 പേര് നദിയിലേക്ക് വീണിട്ടുണ്ട്. ഡൈവ് ആന്‍ഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിങ്കപ്പൂര്‍ പതാകയുളള ചരക്ക് കപ്പലാണ് പാലത്തിന്റെ തൂണിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപ്പിടിച്ചു. 300 മീറ്ററോളം നീളമുളള കപ്പല്‍ കൊളംബോയിലേക്കുളള യാത്രയിലായിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2.5 കിലോമീറ്റര്‍ നീളമുളള പാലത്തിന്റെ വലിയൊരു ഭാഗമാണ് ഒന്നാകെ തകര്‍ന്നത്.
1977-ല്‍ തുറന്ന ഫ്രാന്‍സിസ് സ്കോട് പാലത്തിന്റെ നീളം മൂന്ന് കിലോമീറ്ററാണ്. പാലത്തിലേക്കുളള എല്ലാ വഴികളും നിലവില്‍ അടച്ചിരിക്കുകയാണ്. അപകടത്തിന്റെ മറ്റ് വിശദാംശങ്ങള്‍ ഇനിയും വരാനുണ്ട്.