പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവിയായിരുന്നു സുഗതകുമാരിയെന്ന് മുഖ്യമന്ത്രി

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്നു  സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.

സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും 'പെണ്‍കുഞ്ഞ് 90' പോലെയുള്ള കവിതകളില്‍ നീറി നിന്നു. 'സാരേ ജഹാം സെ അച്ഛാ' എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്‍റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിന്‍റെ യശസ്സുയര്‍ത്തി. പ്രകൃതിയെക്കുറിച്ചും അതിലെ സമസ്ത ജീവജാലങ്ങളെക്കുറിച്ചും ഉള്ള കരുതല്‍ അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചുനിന്നു. മലയാളഭാഷയ്ക്കു മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വരെയുള്ള സമരമുഖങ്ങളില്‍ അവരുണ്ടായിരുന്നു. നിരാലംബരായ പെണ്‍കുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവര്‍ നിലകൊണ്ടു. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്നങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു. അഭയ പോലൊരു സ്ഥാപനമുണ്ടാക്കി നിരാധാരരായ സ്ത്രീകള്‍ക്ക് ആശ്വാസമേകി.

'മണലെഴുത്ത്' എന്ന കാവ്യകൃതിയിലൂടെ സരസ്വതി സമ്മാനം മലയാളത്തിനു നേടിത്തന്ന സുഗതകുമാരി, മലയാളക്കരയുടെ അമ്മമനസ്സ് കവിതയിലും കര്‍മ്മത്തിലും പ്രതിഫലിപ്പിച്ചു. മലയാളഭാഷയ്ക്കു ക്ലാസിക്കല്‍ പദവി ലഭിക്കാനും മലയാളഭാഷയ്ക്ക് എല്ലാ രംഗത്തും അര്‍ഹമായ സ്ഥാനമുറപ്പിച്ചെടുക്കാനും വിശ്രമരഹിതമായി അവര്‍ ഇടപെട്ടുകൊണ്ടിരുന്നു. മുത്തുച്ചിപ്പി, അമ്പലമണി, തുലാവര്‍ഷപ്പച്ച, രാധയെത്തേടി തുടങ്ങിയ കവ്യകൃതികളിലൂടെ മലയാള കാവ്യാസ്വാദകരുടെ മനസ്സില്‍ മായ്ക്കാനാവാത്ത ഇടം സമ്പാദിച്ച കവിയാണ് സുഗതകുമാരി. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഭാഷാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയൊക്കെ പശ്ചാത്തലത്തില്‍ വേണം സുഗതകുമാരിയുടെ വ്യക്തിത്വത്തെ മനസ്സിലാക്കേണ്ടത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കവിതയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. മലയാള ഭാഷയ്ക്കും കവിതയ്ക്കും സാംസ്കാരിക രംഗത്തിനും പൊതു സാമൂഹ്യരംഗത്തിനാകെയും പരിഹരിക്കാനാവാത്ത നഷ്ടമാണ് സുഗതകുമാരിയുടെ വിയോഗംമൂലമുണ്ടായിട്ടുള്ളത്. ഈ ദുഃഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 4 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 5 days ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More