കേരളത്തില്‍ ഇത്തവണ വോട്ടുകച്ചവടം നടന്നിട്ടില്ല

പതിറ്റാണ്ടുകളായി കേരളത്തില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന വിവാദമാണ് വോട്ടുമറിക്കല്‍ അഥവാ വോട്ടു കച്ചവട വിവാദം. ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനു മുന്‍പ്,  ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടുകകച്ചവടം സംബന്ധിച്ച ഞങ്ങളുടെ നിലപാട് വ്യക്തമാക്കാം. കേരളത്തില്‍ ഇത്തവണ വോട്ടുകച്ചവടം നടന്നിട്ടില്ല.

അതെന്താ കുണ്ടറയിലെ മെഴ്സിക്കുട്ടിയമ്മയുടേയും തൃപ്പൂണിത്തുറയിലെ എം സ്വരാജിന്‍റെയും പരാജയത്തില്‍ ഇത് വ്യക്തമല്ലേ? കണക്കുകളുണ്ടല്ലോ? എന്നൊക്കെ സംശയങ്ങള്‍ തോന്നാം. അതിലേക്ക് വഴിയെ വരാം. അതിന് മുന്‍പ് ഒരുകാര്യം വ്യക്തമായി പറയാം. കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ ഇഛാശക്തിയാണ് ഒറ്റ സീറ്റുപോലും നല്‍കാതെ, കേരളാ നിയമസഭയുടെ നാലയലത്തുപോലും വരാതെ ബിജെപിയെ അകറ്റി നിര്‍ത്തിയത്. അത് ഈ തെരഞ്ഞെടുപ്പിന്‍റെ മാത്രം ഉദാഹരണമല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് 19 സീറ്റു നല്‍കിയതിലും ആ രാഷ്ട്രീയ ഇഛ പ്രകടമായിരുന്നുവല്ലോ! ഒന്നും ഒന്നരയും ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയാണ് യുഡിഎഫ് സ്ഥാനാര്‍ഥികളെ കേരളം വിജയിപ്പിച്ചത്. എല്‍ ഡി എഫ്, യു ഡി എഫ് വോട്ടുകളുടെ കണക്കെടുത്ത് വോട്ടുകച്ചവടത്തെ കുറിച്ച് സംസാരിക്കുന്നവരെ, ഞാനൊന്നു ചോദിക്കട്ടെ? ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര് ആര്‍ക്കാണ് വോട്ട് വിറ്റത്? ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടായത് ഇടതുവിരുദ്ധ തരംഗമല്ല. മോദിവിരുദ്ധ തരംഗമായിരുന്നു. അതുകഴിഞ്ഞ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കി. ലോക്സഭയില്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് നല്‍കിയ അതേ ജനം അധികം കാലവിളംബമില്ലാതെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഭൂരിപക്ഷം നല്‍കി. 

കേരളത്തിന്റെ ഈ വിധമുള്ള രാഷ്ട്രീയ വിവേകത്തെ ചൂണ്ടിയാണ് '' ഇന്ത്യ കേരളത്തെ കണ്ടു പഠിക്കണം'' എന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും ''ഇന്ന് എന്താണോ കേരളം ചിന്തിക്കുന്നത് അത് നാളെ ഇന്ത്യ ചിന്തിക്കും'' എന്ന് രാജ്യത്തെ പ്രമുഖനായ മാധ്യമ പ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയും പറഞ്ഞത്. കേരളത്തിനു പുറത്തുള്ളവര്‍ക്ക് കാണാന്‍ കഴിഞ്ഞ ഈ രാഷ്ട്രീയ ഇച്ഛയെ കേരളത്തിലെ മുന്നണികള്‍ വോട്ടുകച്ചവടമായി കാണുന്നത് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയെ അംഗീകരിക്കാതിരിക്കലാണ്. ഒരു ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ പകര്‍ന്നാട്ടമാണ് അവരുടെ നേതാക്കളില്‍ കാണാനാവുക.  കേരളത്തിലെ ഏറ്റവും പ്രമുഖരായ നേതാക്കളില്‍ ഒരാളായ കെ മുരളീധരന്‍ നേമത്ത് മത്സരിക്കാനിറങ്ങിയത് അതിന്റെ തെളിവാണ്. കഴിഞ്ഞ പത്തുപതിനഞ്ചു വര്ഷം കൊണ്ട് ഇല്ലാതായിപ്പോയ നേമത്തെ കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനം വിജയന്‍ തോമസിന്റെ ബിജെപി പ്രവേശത്തോടെ അമ്പേ തകര്‍ന്നടിഞ്ഞുപോയിരുന്നു, അത് മനസ്സിലാക്കാന്‍ കഴിയാത്ത ആളല്ല കെ മുരളീധരന്‍. എന്നിട്ടും അദ്ദേഹം അവിടെ ചെന്ന് ഒരു പോരാട്ടത്തിന് ഇറങ്ങിയതിനു പിന്നില്‍ ബിജെപിക്കെതിരില്‍ മലയാളി വെച്ചു പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയുണ്ട്. കഴിഞ്ഞ തവണ ഒ രാജഗോപാലിന് കിട്ടിയ 67,000 ത്തില്‍ പരം വോട്ടില്‍നിന്ന് 15,925 വോട്ടു നേമത്ത് മുരളീധരന്‍ തിരിച്ചുപിടിച്ചതുകൊണ്ടാണ് കുമ്മനത്തിന്‍റെ ടോട്ടല്‍ വോട്ട് 51,800 ആയി കുറഞ്ഞത്. കുമ്മനത്തിന്റെ ഈ വോട്ടുകുറവാണ് അവിടെ വി.ശിവന്‍ കുട്ടിയെ വിജയിപ്പിച്ചത്.

ശക്തമായ തൃകോണ മത്സരത്തില്‍ തൃശൂരില്‍ സുരേഷ് ഗോപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയതും ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ പാലക്കാട്ട് ഇ ശ്രീധരനെ തോല്‍പ്പിച്ചതും നാം നേരത്തെ സൂചിപ്പിച്ച ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയാണ്, അല്ലാതെ ആരെങ്കിലും വോട്ടുമറിച്ചിട്ടല്ല. ബിജെപി ക്ക് സാധ്യതയുണ്ട് എന്ന് കരുതിയിരുന്ന ഓരോ മണ്ഡലത്തിലും അതീവ ജാഗ്രത കാട്ടിയ മതനിരപേക്ഷ വോട്ടര്‍ തന്നെയാണ് താരം. അവരാണ് കേരളത്തിലെ 140 മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ടുകള്‍ ഗണ്യമായി കുറച്ച് അവരുടെ ശതമാനം 12 ലേക്ക് വലിച്ചു താഴ്ത്തിയത്. എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയ സമുദായ സംഘടനകള്‍ക്കും  മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ്, ബിഡിജെഎസ് തുടങ്ങിയ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഈ തെരഞ്ഞെടുപ്പ് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. മത, സാമുദായിക നിക്ഷിപ്ത താത്പര്യങ്ങളെ രാഷ്ട്രീയ ഇഛകൊണ്ടു ജനം പരാജയപ്പെടുത്തി. ആ രാഷ്ട്രീയ ഇഛയെ അഭിവാദ്യം ചെയ്യുക എന്നതാണ് തോറ്റ മുന്നണിയുടെയും ജയിച്ച മുന്നണിയുടെയും പ്രാഥമികമായ കടമ. കേരളത്തിലെ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടുകള്‍, കച്ചവടം ചെയ്യുന്നവരല്ല. 6 ശതമാനത്തില്‍ നിന്ന് ബിജെപിയുടെ വോട്ടുകള്‍ 15 ശതമാനം വരെ വളര്‍ന്നത് ഇരു മുന്നണികളും ബിജെപിക്ക് വോട്ടുകള്‍ വിറ്റതുകൊണ്ടല്ല. എങ്കില്‍  അത് തിരിച്ചുവന്നത് ബിജെപി ഇരു മുന്നണികള്‍ക്കും വോട്ട് മറിച്ചതുകൊണ്ടുമല്ല എന്ന് മനസ്സിലാക്കണം. അതുകൊണ്ടാണ് തുടക്കത്തില്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സൂചിപ്പിച്ചത്. രാഷ്ട്രീയ ഇച്ഛ, മലവെള്ളപ്പാച്ചില്‍ പോലെ അളവറ്റ ശക്തിയുള്ളതാണ് എന്നതിന് കേരള ചരിത്രത്തില്‍ ലഭിച്ച ഏറ്റവും മികച്ച ഉദാഹരണമാണ് 2019 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം. 

ശരിയാണ് വോട്ടു കച്ചവടം തീരെ നടന്നിട്ടില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. 1991 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്ന കൊലീബി സഖ്യം ചരിത്രമാണല്ലോ! വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും ബിജെപി നോമിനികളായ അഡ്വ. രത്ന സിങ്ങിനെയും ഡോ മാധവന്‍ കുട്ടിയേയും യുഡിഎഫ് പരസ്യമായി പിന്തുണച്ചു. യു ഡി എഫ് - ബിജെപി നേതൃത്വങ്ങള്‍ മഞ്ചേശ്വരം ഉള്‍പ്പെടെ ആറു മണ്ഡലങ്ങളില്‍ രഹസ്യ ധാരണയിലും ഏര്‍പ്പെട്ടു. പെരിങ്ങളം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥി കെ എം സൂപ്പി ജയിച്ചത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് അന്ന് അവിടെ ബിജെപി  സ്ഥാനാര്‍ഥിയായിരുന്ന ഒ കെ വാസു മാസ്റ്റര്‍ മുസിരിസ് പോസ്റ്റിനോട്‌ ഇക്കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. കെ ജി മാരാരുടെ പാഴായിപ്പോയ പരീക്ഷണങ്ങള്‍ എന്ന പ്രയോഗം ചരിത്രമാണല്ലോ! ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്.  സ്വാധീനമുള്ള ചില മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് അഭിമതരായ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനും അനഭിമതരായവരെ പരാജയപ്പെടുത്താനും സാമുദായിക കക്ഷികള്‍ കിണഞ്ഞു പരിശ്രമിക്കാറുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ കുണ്ടറയിലെ മെഴ്സിക്കുട്ടിയമ്മയുടേയും തൃപ്പൂണിത്തുറയിലെയിലെ എം സ്വരാജിന്‍റെയും പരാജയത്തെ അവിടെയാണ് അന്വേഷിക്കേണ്ടത്. അത് വോട്ടുമറിക്കലായി വിലയിരുത്തുന്നതിന് മുന്‍പ്, കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കന്മാരും യുഡിഎഫിലേയും എല്‍ഡിഎഫിലെയും ചില കക്ഷി  നേതാക്കന്മാരും ജനറല്‍ ബോഡി അംഗങ്ങളായ എന്‍ എസ് എസ് അതില്‍ വഹിച്ച പങ്ക് എന്ത് അന്വേഷിക്കണം. അതോടൊപ്പം ശബരിമല എന്ന് സ്വയം മന്ത്രിച്ചുകൊണ്ട് കെ ബാബു വ്യക്തിപരമായി വെട്ടിത്തെളിച്ചു നടന്നുപോയ ഊടുവഴികളിലേക്കും ഒന്ന് വെളിച്ചം വീശിനോക്കണം. 

Contact the author

National Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More