വിധി ഉറപ്പിച്ച ഒന്നര വർഷം; തക്കം പാര്‍ത്ത്‌ ഖാസിം സുലൈമാനിയെ വീഴ്ത്തി യുഎസ്

വാഷിങ്ടൻ : ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് 2018ൽ ഏകപക്ഷീയമായി പിൻമാറിയ യുഎസ് നടപടിയോടെ ആരംഭിച്ച സംഭവവികാസങ്ങളാണ് ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിൽ വീഴ്ത്താൻ തക്കവിധം വൈരത്തിന് യുഎസിന് പ്രേരകമായത്. ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ വടക്കൻ ബഗ്ദാദിൽ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ആറ് പൗരസേന അംഗങ്ങള്‍ കൊല്ലപ്പെട്ടതോടെ മധ്യപൂർവദേശത്ത് യുഎസ്–ഇറാൻ സംഘർഷം പുതിയ തലത്തിൽ എത്തുന്ന സ്ഥിതിവിശേഷമാണുള്ളത്.

  • ഇറാനുമായുള്ള ആണവകരാറിൽ നിന്ന്  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
  • ഇറാന്റെ സേനാ വിഭാഗമായ റവല്യൂഷനറി ഗാർഡ്‌സിനെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഇതോടൊപ്പം, റവല്യൂഷനറി ഗാർഡ്‌സിലെ വിദേശ സൈനിക നടപടികളുടെയും രഹസ്യാന്വേഷണത്തിന്റെയും ചുമതലയുള്ള ഖുദ്‌സ് ഫോഴ്സിനെ യുഎസ് കരിമ്പട്ടികയിൽപ്പെടുത്തി.
  • ഗൾഫ് മേഖലയിൽ മൂന്ന് എണ്ണ ടാങ്കറുകൾ ഉൾപ്പെടെ നാലു കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും ഇറാനാണ് ആക്രമണത്തിനു പിന്നിലെന്ന് യുഎസ് ആരോപണം. ഒരു മാസത്തിനു ശേഷം ജൂൺ 13ന്, ഒമാനു സമീപം നോർവെയുടെയും ജപ്പാന്റെയും കപ്പലുകൾ‌ക്കു നേരെ ആക്രമണം.
  • ഹോർമുസ് കടലിടുക്കിനു സമീപം വ്യോമാതിർത്തി ലംഘിച്ച യുഎസ് ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ റവല്യൂഷനറി ഗാർഡിന്റെ പ്രഖ്യാപനം. ഇതേ തുടർന്ന് തിരിച്ചടിക്കാൻ യുഎസ് പ്രസിഡന്റ് ഉത്തരവിട്ടെങ്കിലും അവസാന നിമിഷം തീരുമാനം പിൻവലിച്ചു.

Contact the author