വ്യാഴാഴ്ച (നവംബർ 18) യോടെ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി, തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ്നാട് തീരത്ത് പ്രവേശിക്കാനാണ് സാധ്യത. കർണാടക തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.
ബംഗാൾ ഉൾകടലിൽ തെക്കു ആൻഡമാൻ തീരത്ത് ഇന്ന് രാവിലെ ന്യൂനമർദ്ദം രൂപപ്പെട്ടതും മഴക്കുള്ള മറ്റൊരു കാരണമാണ്. ആന്‍ഡമാന്‍ തീരത്തെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ആന്ധ്ര തീരത്ത് പ്രവേശിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
മധ്യ കിഴക്കൻ അറബികടലിൽ തീവ്ര ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടലിലും നവംബർ 9 രാവിലെ വരെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്ന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. ദുരന്ത ഭൂമിയിലേക്ക് യാതൊരുകാരണവശാലും ആളുകള്‍ യാത്ര ചെയ്യരുതെന്നും ഈ സമയത്ത് എല്ലാ ജനങ്ങളുടെയും സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശ്ശൂർ പീച്ചി എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ ഡാമുകളിൽ ഓറഞ്ച് അലര്‍ട്ടാണ്. പാലക്കാട് ജില്ലയിലെ പോത്തുണ്ടി, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ടമുന്നറിയിപ്പായ ബ്ലൂ അലേര്‍ട്ടുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.