പ്രഭാകരന്‍: ഇന്ത്യന്‍ ചിത്രകലയുടെ ദിശാമാറ്റത്തിന് വഴിയൊരുക്കിയ ചിത്രകാരന്‍ - മനോജ്‌ യു. കൃഷ്ണ

Photo Courtesy: Abul Kalam Azad

ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികളെ അത്യഗാധമായ വിധം അതിനിര്‍ണ്ണയിച്ച എൺപതുകളുടെ അവസാന പാതിയിൽ ഉയർന്നുവന്ന് ഇന്ത്യൻ ചിത്രകലയുടെ തന്നെ ദിശാമാറ്റങ്ങൾക്ക് വഴിയൊരുക്കിയ റാഡിക്കൽ പെയ്ൻ്റേഴ്സ് ആൻ്റ് സ്കൾപ്ചേഴ്സ്  അസോസിയേഷൻ്റെ പ്രധാന അമരക്കാരിൽ ഒരുവൻ എന്ന നിലയിലാണ് കലാലോകം പ്രഭാകരനെ ശ്രദ്ധിച്ചു തുടങ്ങുന്നത്, മലബാർ ക്രിസ്ത്യൻ കോളേജിലെ ബിരുദ പഠനത്തിനു ശേഷം ചിത്രകലയാണ് തൻ്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ്  തിരുവനന്തപുരത്തെ  ഫൈനാർട്സ് കോളേജിൽ ചിത്രകലാ പഠനത്തിന് ചേരുന്നതോടെയാണ് അദ്ദേഹത്തിൻ്റെ ചിത്രകലാ സപര്യ തുടങ്ങുന്നത്.

അക്കാലത്ത്  തിരുവനന്തപുരത്തെ  ഫൈനാർട്സ് കോളേജിലടക്കം കത്തിയാളിയ വിദ്യാർത്ഥി സമരത്തിലിടപെട്ട് പ്രവർത്തിച്ചതിനെ തുടർന്ന് പഠനം പൂർത്തിയാക്കാനാവാതെ ശാന്തിനികേതനിലേക്കും, ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിലേക്കും ചേക്കേറി ഇന്ത്യൻ ചിത്രകലയിലെ തന്നെ പ്രമുഖരായിത്തീർന്നവരുടെ കൂട്ടത്തിലെ പ്രധാനികളിൽ ഒരാളാണ് കെ. പ്രഭാകരന്‍. ബറോഡയിലെ മഹാരാജാ സാവോജി റാവു സർവ്വകലാശാലയിൽ (എം.എസ്.യൂണിവേഴ്സിറ്റി ) നിന്നാണ് പ്രഭാകരൻ ചിത്രകലയിൽ  ബിരുദവും ബിരുദാനന്തര ബിരുദ പഠനവും പൂർത്തിയാക്കിയത്.

തന്‍റെ കലാ പരിപ്രേക്ഷ്യത്തെയും തുടര്‍ കലാ ജീവിതത്തെ തന്നെയും മാറ്റിമറിച്ച തിരുവനന്തപുരം സമരം അവബോധത്തിലുണ്ടാക്കിയ   സൌന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ സന്ദേഹങ്ങളുടെ  ഉറവിടങ്ങളെയും അതിന് സാദ്ധ്യമായേക്കാവുന്ന പരിഹാരങ്ങളേയും കുറിച്ചുള്ള അന്വേഷണമാണ്‌ പരമ്പരാഗതമായ കലാസമ്പ്രദായങ്ങളെയും അതിനുമേല്‍ കൊളോണിയല്‍ വരേണ്യ ഭാവന കെട്ടിവെച്ച കീഴാള അനുതാപത്തെയും തമസ്ക്കരിക്കാനുള്ള ഊര്‍ജ്ജം പ്രഭാകരനു നല്‍കിയത്.

നിലവിലെ കലാസമ്പ്രദായങ്ങളെ അതിന്‍റെ ഫ്യൂഡല്‍ മൂലരൂപങ്ങളുടെ പര്യായമായി തിരിച്ചറിഞ്ഞ്, പാരമ്പര്യത്തിന്‍റെ നനുത്ത ഈണത്തില്‍ പ്രച്ഛന്ന ഭാഷയില്‍ സുഖം പിടിച്ചുറങ്ങുന്ന അതിന്‍റെ ഒളിസേവക്കുനേരെ പുലഭ്യം പറഞ്ഞും തിരസ്കരിച്ചുമാണ് പ്രഭാകരന്‍റെ കലാ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടു വന്നത്. അതുകൊണ്ടുതന്നെ നവീനവും സ്ഫോടനാത്മകവുമായൊരു ചിത്ര ഭാഷയും ഭാവുകത്വവും നിർമ്മിച്ചെടുക്കുക എന്ന ഉജജ്വലവും ആവശകരവുമായ ഉദ്യമങ്ങൾക്കായാണ് ഇവരുടെയൊക്കെ നേതൃത്വത്തിൽ റാഡിക്കൽ ഗ്രൂപ്പ് എന്ന വിളിപ്പേരിൽ ഏറെ പ്രശസ്തമായ ഗ്രൂപ്പ് രൂപീകരിയ്ക്കപ്പെടുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ കൂട്ടായും വൈയക്തികമായും നടന്ന അന്വേഷണങ്ങളുടെയും ചിന്തയുടെയും പരിണതിയാണ് പ്രഭാകരൻ്റെ ചിത്രഭാഷ. 

അതിതീവ്ര രാഷ്ട്രീയ വിവക്ഷകളുള്ള ജർമൻ എക്സ്‌പ്രഷണിസത്തോടൊപ്പം കാൽപ്പനികതയുടെ പ്രാദേശികവും  സാർവ്വദേശീയവുമായ  നിരവധി ധാരകളെ സമന്വയിപ്പിച്ച് സ്വാംശീകരിച്ചാണ്  സൂക്ഷ്മവും എന്നാൽ തീർത്തും അനാർഭാടവുമായൊരു സ്വകീയ ശൈലി പ്രഭാകരൻ നിർമ്മിച്ചെടുക്കുന്നത്. ഈയൊരു ഭാഷയുടെ പല വിധ സാധ്യതകളെ അവയുടെ സൂക്ഷമതയിൽ പിൻനടന്ന്  പൊലിപ്പിച്ചെടുക്കുകയായിരുന്നു കഴിഞ്ഞ നാൽപ്പതോളം വർഷങ്ങളിലെ തൻ്റെ കലാപ്രവർത്തങ്ങളിലുടനീളം പ്രഭാകരന്‍ ശ്രമിച്ചു കൊണ്ടിരുന്നത്. ഭൌതിക ജീവിത വാഞ്ജ കളുടെ ഇടര്‍ച്ഛകള്‍ക്ക് ഒരിക്കലും തൊട്ടു തലോടാന്‍ കഴിയാതിരുന്ന ഈ ധിക്കാരത്തിന്‍റെ സ്വഭാവികമായ പരിണതി തന്നെയായിരിക്കാം സുദീര്‍ഘവും സവിഷേവുമായ ചരിത്രമുള്ള കോഴിക്കോൻ ബൊഹീമിയൻ പാരമ്പര്യത്തിൻ്റെ ഇങ്ങേയറ്റത്തെ പ്രധാന കണ്ണികളിൽ ഒരാളായി പ്രഭാകരന്‍ വേറിട്ടു നിന്നു എന്നതും.

തന്‍റെ കലാസപര്യയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കലയുടെ സാമൂഹികവും  വിമോചനപരവുമായ സാദ്ധ്യതകളിൽ അകമഴിഞ്ഞുള്ള വിശ്വാസം അദ്ദേഹത്തില്‍ നിന്ന് കൈമോശം വന്നില്ല. കലാ പ്രവർത്തനങ്ങളിലുടനീളം മാര്‍ക്സിലൂന്നി ചരിത്രപരവും വിശ്വാസപരവുമായ ഇത്തരം അനവധി ചിന്താ പദ്ധതികളുടെ സവിശേഷ സമ്മിശ്രണങ്ങളുടെ സന്നിവേശത്തിലൂടെയാണ് പ്രഭാകരന്‍റെ ചിത്രഭാഷ പ്രവര്‍ത്തന ക്ഷമമായത് എന്ന് കാണാനാവും. ഈ ദര്‍ശനാഭിമുഖ്യമാവാം കാലുഷ്യങ്ങള്‍ക്കും പലതരം അഭിപ്രായ ഭേദ വിചാരങ്ങള്‍ക്കുമിടയിലും കൂട്ടായ്മകള്‍ പ്രഭാകരൻ്റെ കലാപ്രവർത്തനങ്ങളെ എപ്പോഴും പ്രചോതിപ്പിച്ചിച്ഛതിനു കാരണം. അതുകൊണ്ടു തന്നെ ഏകാംഗ പ്രദർശനങ്ങളേക്കാൾ സംഘ പ്രദർശനങ്ങളിലാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ കൂടുതൽ പ്രദർശിപ്പിക്കപ്പെട്ടത് എന്നതിൽ ഒട്ടും അതിശയമില്ല. അതിൽതന്നെ കൂട്ടുകാരിയും സഹയാത്രികയുമായ കബിതയോടൊത്ത് 'കലായാത്ര' എന്ന പേരിൽ കേരളമടക്കം ഇന്ത്യയിലെ വലുതും ചെറുതുമായ നഗരങ്ങളിൽ അവർ ഒരുക്കിയ പ്രദർശനങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഒന്നാം പതിപ്പിൽ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ വളരെ പ്രാധാന്യത്തോടെ തന്നെ പ്രദർശിപ്പിച്ചിരുന്നു.

കോഴിക്കോട്ടെ കലാകാരൻമാരുടെയും, സഹൃദയരുടേയും സഹകരണത്തോടെ എൻ്റെ നേതൃത്വത്തിൽ  പ്രഭാകരൻ്റെ എല്ലാ ഘട്ടങ്ങളിലുമുള്ള  പ്രധാന വർക്കുകകള്‍  തേടിപ്പിടിച്ച്,  തരം തിരിച്ച്,  വിശദമായ പഠനങ്ങളോടെ റെട്രോസ്പെക്റ്റീവ്  സ്വഭാവത്തോടെ അവതരിപ്പിക്കുന്ന  പ്രദർശനം പല കാരണങ്ങളാൽ നടക്കാതെ പോയി എന്നതാണ് വേർപാടിൻ്റെ ഈ സന്ദര്‍ഭത്തില്‍ വ്യക്തിപരമായി എനിയ്ക്കുള്ള സങ്കടം.

 

Contact the author

Manoj U Krishna

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More