ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം - മുരളി തുമ്മാരുകുടി

കൊറോണ കേസുകൾ നൂറോടടുത്തതിനാൽ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി കേരളത്തിലൊന്നാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചല്ലോ. ലോകത്തിലെ നൂറ്റി എൺപത്തഞ്ചോളം രാജ്യങ്ങളിൽ ഇപ്പോൾ കൊറോണ എത്തി ചേർന്നല്ലോ. ഇതിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഇപ്പോൾ കൊറോണയുടെ വളർച്ചയുടെ കാലമാണ്. ഇറ്റലിയുൾപ്പടെ യൂറോപ്യൻ രാജ്യങ്ങളൊന്നും കൊറോണയെ പിടിച്ചു കെട്ടാൻ പോയിട്ട് തടഞ്ഞു നിർത്താനുള്ള ശ്രമത്തിൽ പോലും വിജയിച്ചിട്ടില്ല. അതേ സമയം ചൈനയും ദക്ഷിണകൊറിയയും ജപ്പാനുമൊക്കെ ഈ യുദ്ധത്തിൽ താൽക്കാലമെങ്കിലും മേൽക്കൈ നേടിയിട്ടുമുണ്ട്. അപ്പോൾ ഈ യുദ്ധം വിജയിക്കാൻ പറ്റുന്നതാണ് എന്ന് ഉദാഹരണങ്ങൾ ഉണ്ട്. സർക്കാരും ജനങ്ങളും ഒരുമിച്ചു തയ്യാറെടുക്കണം, പോരാടണം എന്ന് മാത്രം. എങ്ങനെയാണ് ഈ ലോക്ക് ഡൌൺ കാലത്ത് നമുക്ക് ഓരോരുത്തർക്കും ഈ കൊറോണയുദ്ധത്തിൽ പങ്കാളിയാവാൻ പറ്റുന്നതെന്ന് നോക്കാം.

1. ലോകചരിത്രം കൊറോണക്ക് മുൻപും ശേഷവും എന്നറിയപ്പെടും 

ഇതൊരു സാധാരണ ഹർത്താലോ ബന്ദോ ഒന്നുമല്ല, കഴിഞ്ഞ നൂറുവര്‍ഷത്തിനിടയിൽ മനുഷ്യകുലം നേരിട്ടിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. രണ്ടാം ലോകമഹായുദ്ധ കാലത്ത് പോലും ലോകത്തിലെ ഇത്രയും രാജ്യങ്ങൾ ഒരുമിച്ച് വെല്ലുവിളിയെ നേരിട്ടിട്ടില്ല. വിമാനങ്ങളും റെയിൽവേയും ഒക്കെ ഉണ്ടായതിന് ശേഷം ഇന്നുവരെ ആ സഞ്ചാരങ്ങൾ മിക്കവാറും നിറുത്തിവക്കുന്ന കാലം ഉണ്ടായിട്ടില്ല.   ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.

2.  ലോക്ക് ഡൌൺ - ഇറ്റലിയും  ദക്ഷിണകൊറിയയും നല്‍കുന്ന പാഠങ്ങള്‍ 

പല തലമുറകൾക്കിടക്ക് മാത്രം വന്നു ചേരുന്ന ഒരു വെല്ലുവിളിയാണ് ഇത്. ലോകത്ത് ഒരു രാജ്യവും, അതെത്ര സമ്പന്നമാകട്ടെ, ഇങ്ങനൊരു വെല്ലുവിളിക്ക് തയ്യാറല്ല. ഈ യുദ്ധത്തിൽ ആര് ജയിക്കുമെന്നത് ഒരു രാജ്യത്തെന്‍റെയും സമ്പത്തിനെയോ സൈന്യത്തെയോ  സർക്കാരിനേയോ ആശ്രയിച്ചല്ല ഇരിക്കാൻ പോകുന്നത്. ഈ വെല്ലുവിളിയെ ചൈനയും അമേരിക്കയും ജപ്പാനും ഇറ്റലിയും ഒക്കെ നേരിടുന്നതിന്‍റെ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ ജനസംഖ്യയോട് ചേർന്ന് നിൽക്കുന്ന ഉദാഹരണങ്ങൾ ദക്ഷിണകൊറിയയുടെയും ഇറ്റലിയുടെയും ആണ്. ഏതാണ്ട് ഒരു മാസം മുൻപ് (ഫെബ്രുവരി ഇരുപതിന് ) രണ്ടു സ്ഥലങ്ങളിലും കൊറോണ പോസിറ്റീവ് കേസുകൾ നൂറിനടുത്തായിരുന്നു, ഇറ്റലിയിൽ വെറും നാലുകേസും. ഇന്നിപ്പോൾ ഇറ്റലിയിൽ കേസുകളുടെ എണ്ണം അറുപതിനായിരം കവിഞ്ഞു, മരണം ആറായിരവും. ദക്ഷിണകൊറിയയിൽ ആകട്ടെ ഇപ്പോൾ കേസുകളുടെ എണ്ണം ആറായിരത്തിൽ താഴെയും മരണം നൂറിനടുത്തുമാണ്. പോരാത്തതിന് ഓരോ ദിവസവും അവിടെ കേസുകൾ കുറഞ്ഞു വരികയുമാണ്. 

ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം രോഗവ്യാപനം തുടങ്ങി എത്ര നേരത്തെയാണ് അവർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്, അത് എത്ര ഫലപ്രദമായി നടപ്പിലാക്കി എന്നതാണ്.  ഒരു മാസം കഴിയുമ്പോൾ രണ്ടു സ്ഥലത്തേയും ലോക്ക് ഡൌണിന്‍റെ  രീതിയും ജനങ്ങളുടെ അതിനോടുള്ള സഹകരണവും ഏതാണ്ട് ഒരുപോലെയാണ്. പക്ഷെ ഇറ്റലിയിൽ കാര്യങ്ങൾ അല്പം വൈകിപ്പോയി, അതുകൊണ്ടു തന്നെ അവിടുത്തെ ആരോഗ്യരംഗത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറം അസുഖം വളരുകയും ചെയ്തു. ഇന്നിപ്പോൾ ഓരോ ദിവസവും കൂടുതൽ കർശനമായ നിയന്ത്രണങ്ങളുമായി സർക്കാർ വരുന്നു. അതിലും കർശനമായി ആളുകൾ അത് പാലിക്കുന്നു.

3. കേരളത്തിനു മുന്‍പില്‍ രോഗബാധ കുറയ്ക്കല്‍ ഏക മാര്‍ഗ്ഗം 

ഇറ്റലിയെയും ദക്ഷിണകൊറിയയെയും അപേക്ഷിച്ച് നമ്മുടെ ആരോഗ്യരംഗത്തെ ഭൗതിക സാഹചര്യങ്ങൾ ആശുപത്രികൾ, ബെഡുകൾ, വെന്‍റിലേറ്റര്‍ ) ഏറെ കുറവാണ്. ഇപ്പോൾ തന്നെ ഏറ്റവും അടിസ്ഥാനമായ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ( പി.പി.ഇ ) നമ്മുടെ കയ്യിൽ വേണ്ടത്ര സ്റ്റോക്ക് ഇല്ല.    അതുകൊണ്ട് തന്നെ  കേസുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനത്തിന്‍റെ പരിധിക്കുള്ളിൽ നിറുത്തുക എന്നതാണ് ഈ യുദ്ധം ജയിക്കാൻ കേരളത്തിന് ആകെ ഉള്ള മാർഗ്ഗം. അതിന് നമ്മുടെ കയ്യിലുള്ള ഒരേ ഒരു മാർഗ്ഗം വൈറസ് ബാധയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സമ്പർക്കം ഏറ്റവും കുറക്കുക എന്നതാണ്.

4. ശ്രദ്ധിക്കുക ! വൈറസ് ഗുണനത്തില്‍ പെരുക്കും 

വൈറസ് ബാധയുള്ള ഒരാൾ (വൈറസ് ബാധ ഉള്ള ഏല്ലാവരും രോഗലക്ഷണം കാണിക്കണമെന്നില്ല ) എത്രപേർക്ക് ആ വൈറസ് നല്കുമെന്നതിനെ അനുസരിച്ചിരിക്കും രോഗം പറക്കുന്നതിന്‍റെ വേഗത. ഒരാൾ ശരാശരി രണ്ടുപേരിലേക്ക് രോഗം പകർന്നു നൽകിയാൽ, രണ്ടിൽ നിന്നും നാലിലേക്കും നാലിൽ നിന്നും എട്ടിലേക്കുമൊക്കെയായി ഇപ്പോഴത്തെ നൂറ് പതിനായിരമാകാൻ രണ്ടാഴ്ച പോലും വേണ്ടിവരില്ല. അതേസമയം രോഗമുള്ള ഒരാളിൽ നിന്നും പകരുന്ന കേസുകളുടെ എണ്ണം ഒന്നിൽ താഴെ നിറുത്തിയാൽ ആയിരം കേസുകൾക്കുള്ളിൽ നമുക്ക് ഈ രോഗത്തെ പിടിച്ചു നിർത്താം. അത് മാത്രമാണ് നമ്മുടെ രക്ഷ.

5. ലോക്ക് ഡൌൺ സ്വയം പാലിക്കണം, സര്‍ക്കാരിന് വേറെ പണിയുണ്ട്  

ഇവിടെയാണ് ലോക്ക് ഡൗണിന്‍റെ പ്രസക്തി. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി കുറക്കുന്നതിലൂടെ വൈറസ് ബാധ ഉള്ളവർ മറ്റുള്ളവരുമായി ഇടപെടാനുള്ള അവസരങ്ങൾ പരമാവധി പരിമിതപ്പെടുത്തുന്നു. പക്ഷെ  ഈ ലോക്ക് ഡൗണിനെ "സർക്കാർ നിയന്ത്രണങ്ങൾ" ആയി കാണുന്നത് ശുദ്ധ മണ്ടത്തരമാണ്. ഇനി വേണ്ടത് സാമൂഹ്യ നിയന്ത്രണമാണ്. സർക്കാരിന് നിയന്ത്രണങ്ങൾക്ക് ചില അതിരുകൾ ഉണ്ടാക്കുക എന്ന ജോലി മാത്രമേ ചെയ്യാനുള്ളൂ. സർക്കാർ പറയുന്നതിലെ ലൂപ്പ് ഹോൾ കണ്ടെത്തി ലോക്ക് ഔട്ട് ലംഘിക്കുന്നത് വലിയ കഴിവായി കാണുന്നവർ അവരുടെ ജീവൻ മാത്രമല്ല സമൂഹത്തിന്‍റെ മൊത്തം ഭാവിയെടുത്താണ് പന്താടുന്നത്. പോലീസ് തൊട്ട് കലക്ടര്‍ വരെയുള്ള നമ്മുടെ സർക്കാർ സംവിധാനങ്ങളെ ലോക്ക് ഡൗണിനെ പാലിക്കാനായി സമയം ചിലവാക്കാൻ നിര്‍ബന്ധിതരാക്കരുത്. അതിലും എത്രയോ ഉത്തരവാദിത്തപ്പെട്ട ജോലികൾ അവർക്ക് വരാനിരിക്കുന്നു. കോടിക്കണക്കിന് ആളുകളുടെ ജീവിതം ഒറ്റയടിക്ക് പിടിച്ചു കെട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആളുകൾക്ക് ഭക്ഷണം, വെള്ളം, ആരോഗ്യ സംവിധാനങ്ങൾ, സുരക്ഷ ഇതൊക്കെ എപ്പോഴും നിലനിർത്തണം അല്ലെങ്കിൽ ഒരു വശത്തുകൂടി ആളുകൾ ലോക്ക് ഡൌൺ ലംഘിക്കും, മറുവശത്ത് കൊറോണ കൊണ്ടുണ്ടാകുന്നതിൽ നിന്നും കൂടിയ ഭവിഷ്യത്ത് ലോക്ക് ഔട്ടിൽ നിന്നും ഉണ്ടാകും. അപ്പോൾ ലോക്ക് ഡൌൺ നടപ്പിലാക്കുന്നതും ജനങ്ങളുടെ മിനിമം ആവശ്യങ്ങൾ ഉറപ്പുവരുത്തുന്നതും തമ്മിലുള്ള ട്രേഡ് ഓഫ് ആണ് സർക്കാരുകൾക്ക് ചെയ്യാനുള്ളത്.

7. ഫ്രാൻസിലെ പാഠങ്ങള്‍ 

യൂറോപ്പിൽ ഫ്രാൻസിലാണ് ഏറ്റവും ശക്തമായ ലോക്ക് ഡൌൺ സർക്കാർ നടപ്പിലാക്കിയത്. അവിടെ വീടിന് പുറത്തിറങ്ങാൻ അഞ്ചു കാര്യങ്ങൾ മാത്രമേ സർക്കാർ ഇപ്പോൾ അംഗീകരിക്കുന്നുള്ളൂ.

(a) അത്യാവശ്യ സർവീസിൽ ജോലി ചെയ്യുന്നവർക്ക് ജോലിക്ക് പോകാൻ

(b) അടിയന്തിര  ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകാൻ

(c) കുട്ടികളെയോ വയസ്സായവരെയോ അന്വേഷിക്കാനൊ സഹായിക്കാനൊ 

(d) അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ (ഫ്രാൻസിൽ വൈനും ബിയറും ഒക്കെ സൂപ്പർ മാർക്കറ്റിൽ തന്നെ കിട്ടും)

(e) വ്യക്തിപരമായി അല്പം എക്സർസൈസ് ചെയ്യാൻ

ഓരോ തവണയും വീടിന് പുറത്തിറങ്ങുമ്പോൾ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നത് എന്ന് എഴുതി കയ്യിൽ വെക്കാൻ ഒരു ഫോം ഉണ്ട്. ഈ ഫോമിൽ പറഞ്ഞ കാര്യങ്ങൾ മുൻപ് പറഞ്ഞവ ആകാതിരിക്കുകയോ ഫോം ഇല്ലാതിരിക്കുകയോ ഫോമിൽ പറയാത്ത സ്ഥലത്ത് കാണുകയോ ചെയ്താൽ ഉടൻ ഫൈൻ അടിക്കും (പതിനായിരത്തോളം രൂപ) സർക്കാർ ചിലവിൽ വീട്ടിൽ കൊണ്ടുപോയി ആക്കുകയും ചെയ്യും. ഈ പറഞ്ഞതിൽ വീടിന് പുറത്തുള്ള എക്സെർസൈസിനായുള്ള യാത്രയും രണ്ടുപേരിൽ കൂടുതൽ കൂട്ടുകൂടി പോകുന്നതും സ്വിറ്റസർലാൻഡ് നിരോധിച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റുകൾ തുറന്നിട്ടുണ്ട്, പക്ഷെ ആളുകൾ ഓരോ മീറ്റർ അകലമിട്ട് ക്യു നിൽക്കണം, ഓരോരുത്തര്‍ക്കായി അകത്തുപോയി സാധനങ്ങൾ വാങ്ങുകയും ചെയ്യാം.

8.  ലോക്ക് ഡൌൺ ലംഘനം നമ്മുടെ അവസാനം കുറിക്കും 

നിയമങ്ങൾ പാലിച്ചല്ല ലംഘിച്ചാണ് നമുക്ക് ശീലം. ഹെൽമെറ്റ് തൊട്ട് സീറ്റ്ബെൽറ്റ് വരെ പൊലീസുകാരെ കാണുമ്പോൾ ഇടാൻ നോക്കുന്നവരാണ് നമ്മൾ. ഈ ലോക്ക്ഡൗണിനെയും അങ്ങനെ കണ്ടാൽ ഒരു സമൂഹം എന്നുള്ള രീതിയിൽ നമ്മുടെ അവസാനമാകും ഇത്.

9. സര്‍ക്കാര്‍ അനുവദിച്ചത് മുഴുവന്‍ ചെയ്യരുത് 

ഈ ലോക്ക് ഡൗണിൽ  സർക്കാർ പറഞ്ഞിട്ടുള്ള കാര്യങ്ങളെ "സർക്കാർ അനുവദിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യാം" എന്ന രീതിയിലല്ല സർക്കാർ അനുവദിച്ചിട്ടില്ലാത്ത ഒന്നും ഒരിക്കലും ചെയ്യുകയില്ല, അനുവദിച്ചിട്ടുള്ളത് തന്നെ അത്യാവശ്യമെങ്കിൽ മാത്രം ചെയ്യാം എന്ന രീതിയിലാണ് നാം കാണേണ്ടത്. വീടിന് പുറത്ത് ഇറങ്ങുന്നത് പരമാവധി കുറക്കുക. ഫ്ളാറ്റുകളിലൊ  ഗേറ്റഡ് കമ്മ്യൂണിറ്റിയിലൊ  ഹോസ്റ്റലിലൊ  ലേബർ ക്യാമ്പിലൊ  ഒക്കെ ജീവിക്കുന്നവർ "ഇതിനകത്ത് പൊലീസ് ഒന്നും വരില്ലല്ലോ, അപ്പോൾ ഇവിടെ കമ്പനികൂടുന്നതും കളിക്കുന്നതും ശരിയാണ്" എന്ന ചിന്ത എടുക്കാതിരിക്കുക. പരമാവധി വീടുകളിലേക്ക് ഒതുങ്ങുക. വീട്ടിൽ തന്നെ പ്രായമായവർ ഉണ്ടെങ്കിൽ അവരെ പരമാവധി സൂക്ഷിച്ച് മാറ്റിനിർത്തുക, അത് അവരുടെ ആരോഗ്യത്തിന് വേണ്ടിയാണ്.

 യുദ്ധവും നാം വിജയിക്കും 

ഈ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വരാൻ പോകുന്ന ലോകത്തെ പറ്റി അല്പം ഒന്നറിയുന്നത് നല്ലതാണ്. ഇന്നത്തെ നൂറിൽ നിന്നും കേസുകൾ പതിനായിരത്തിനു മുകളിൽ പോകാൻ പതിനാലു ദിവസം പോലും വേണ്ട. ആ നിലയെത്തിയാൽ നമ്മുടെ ആരോഗ്യ രംഗത്തിന് കൈകാര്യം ചെയ്യാവുന്നതിന് അപ്പുറം കാര്യങ്ങൾ പോകും. രോഗം ബാധിക്കുന്നവരെ പോയിട്ട് സീരിയസ് ആയവരെ പോലും ചികിൽസിക്കാൻ സാധിക്കാതെ വരും. അപ്പോൾ ഉള്ള ഐ.സി.യു - വും വെന്‍റിലേറ്ററും ഒക്കെ ആർക്ക് കൊടുക്കണം എന്നൊക്ക തീരുമാനിക്കേണ്ടിവരും, അതായത് ആരാണ് ജീവിക്കേണ്ടത് ആരെ മരണത്തിന് വിട്ടുകൊടുക്കണം എന്നുള്ള തീരുമാനങ്ങൾ നമ്മുടെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവർക്ക് എടുക്കേണ്ടിവരും. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ആർജ്ജിച്ചിട്ടുള്ള എല്ലാ സംസ്കാരവും അതോടെ ഇടിഞ്ഞുപൊളിഞ്ഞു വീഴും, സ്വന്തം കുടുംബത്തിന്‍റെ കാര്യം പോലും വിട്ട് സ്വന്തം ജീവൻ മാത്രം നിലനിർത്താൻ ശ്രമിക്കുന്ന ഒരു മനോനിലയിലേക്ക് മനുഷ്യൻ മാറും.

ആരോഗ്യരംഗത്തും വിദ്യാഭ്യസ രംഗത്തും ഒക്കെ നമ്മൾ ആർജ്ജിച്ചിട്ടുള്ള കഴിവും മുന്നേറ്റവും ഒന്നും ഇങ്ങനെ ഒരു വൈറസിൽ തട്ടി തകരാൻ അനുവദിക്കരുത്. ഇനി അധികം സമയം ബാക്കിയില്ല, സർക്കാരിന് ചെയ്യാനാവുന്നത് വേണ്ട സമയത്ത് സർക്കാർ ചെയ്യുന്നുണ്ട്. ഇനി നമ്മുടെ ഊഴമാണ്, അത് കഴിവിനുമപ്പുറം പാലിക്കുക. നമ്മൾ ഈ യുദ്ധം വിജയിക്കുമോ എന്ന് തീരുമാനിക്കുന്നത് ഇനി വരുന്ന രണ്ടാഴ്ചയാണ്. നമുക്കതിനു തീർച്ചയായും സാധിക്കും, പക്ഷെ നമ്മളൊന്നാകെ മനസ്സുവക്കണം. മനസ്സ് വെക്കാത്തവരെ പറഞ്ഞു മനസ്സിലാക്കണം. പറഞ്ഞാലും മനസ്സിലാകാത്തവരെ സർക്കാർ സംവിധാനങ്ങൾക്ക് മുന്നിലെത്തിക്കണം.

ഒരു കാര്യം കൂടി പറഞ്ഞിട്ട് ഈ ലേഖനം അവസാനിപ്പിക്കാം. ഈ ലോക്ക് ഡൌൺ എന്നുള്ളത് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഏറെ ആളുകൾക്ക് ഏതാണ്ട് ജീവന്മരണ പ്രശ്നം തന്നെയാണ്. അന്നന്നത്തേക്കുള്ള ഭക്ഷണത്തിന് ജോലി ചെയ്യുന്നവർ, വീട്ടുജോലി ചെയ്യുന്നവർ, ചെറിയ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, മറുനാടൻ തൊഴിലാളികൾ, വയസ്സായി കൂടെ ആരുമില്ലാത്തവർ, ഭിന്നശേഷിയുള്ളവർ എന്നിങ്ങനെ. ഇവരുടെ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണ കഴിയുന്നതിന് മുൻപ് മറ്റു ദുരന്തങ്ങൾ ഉണ്ടാകും. ഈ വിഷയത്തിൽ നമുക്ക് ഏറെ ചെയ്യാനുണ്ട്. അത് നാളെ എഴുതാം. സുരക്ഷിതരായിരിക്കുക. #weshallovercome

Contact the author

web desk

Recent Posts

Dr. Azad 5 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More