'സിനിമയിലെ സുന്ദര വില്ലന്‍, ജീവിതത്തിലെ ധിക്കാരി'- എ വി ഫര്‍ദിസ്‌

''28-12-1999 ല്‍ അയച്ച കത്ത് കിട്ടിയിരുന്നു. പക്ഷേ ആ സമയത്ത് ഞാന്‍ ചെന്നൈയില്‍ ഇല്ലായിരുന്നു. ഒരു മാസത്തിനുശേഷം തിരുവനന്തപുരത്ത് നിന്നു തിരിച്ചെത്തിയപ്പോള്‍ എഴുതുകയാണ്. എന്റെ ആത്മകഥ ഇത്രയും ധൃതിവെച്ച് പ്രസിദ്ധീകരിക്കണമെന്നില്ല. അത് അച്ചടിച്ചില്ലെങ്കില്‍ ലോകത്ത് ഒന്നും സംഭവിക്കാന്‍പോകുന്നില്ല. ഏതായാലും അതിന്റെ ശ്രമക്കാരനായ നിനക്ക് എന്റെ 'ഇമ്മിണി ബല്യ' നന്ദി''.

രണ്ടുപതിറ്റാണ്ട് മുന്‍പ് കെ പി ഉമ്മര്‍ എന്ന നടന്റെ വലിയ കൈയക്ഷരത്തില്‍ വന്ന ഇന്‍ലെന്റിലെ മുകളില്‍ സൂചിപ്പിച്ച ഈ വരികള്‍ ഇപ്പോഴും ഓര്‍മകളില്‍ നിന്ന് മായാതെ, മറയാതെ നില്ക്കുകയാണ്. മലയാളത്തിന്റെ 'സുന്ദരനായ വില്ലന്‍റെ സിംഹാസനം, മണ്‍മറഞ്ഞ് പതിനേഴുവര്‍ഷം പിന്നീടുമ്പോഴും മറ്റാര്‍ക്കും വിട്ടുനല്കാത്ത ഉമ്മറിന്റെ ഓര്‍മകള്‍ പുസ്തകത്തിലാക്കുന്ന വിഷയത്തില്‍ ഞാനയച്ച കത്തിനുള്ള മറുപടിയായിരുന്നു അത്. പ്രസിദ്ധീകരണം ഏറ്റെടുക്കാന്‍ പ്രമുഖ പ്രസാധകരില്‍ ചിലര്‍ തയാറായില്ല. അപ്പോള്‍ കോഴിക്കോട്ടെ ഒരു പ്രസാധക സുഹൃത്തിന്റെ നിര്‍ദേശമായിരുന്നു, പുസ്തകത്തിനാവശ്യമുള്ള പേപ്പറിന്റെ പൈസ തന്നാല്‍ പുസ്തകം പുറത്തിറക്കാമെന്ന്. എന്നാല്‍ കെ പി ഉമ്മറിനോട് അതുതുറന്നു പറയുവാനുള്ള പേടികൊണ്ട് വിഷയം സൂചിപ്പിച്ച് ഞാനൊരു കത്തയച്ചു. അതിനാണ് അദ്ദേഹം ഈ വിധം പ്രതികരിച്ചത്.

എന്‍റെ ആത്മകഥ അച്ചടിച്ചില്ലെങ്കില്‍ ലോകത്ത് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

മലയാളത്തിലെ ഏറ്റവും വലിയ പ്രസാധകനായ ഡി സി കിഴക്കേമുറിയാണ് കെ പി ഉമ്മറിന്റെ ഓര്‍മകള്‍ പുസ്തകരൂപത്തിലാക്കണമെന്ന അഭിപ്രായം ആദ്യം പറയുന്നത്. എന്നാല്‍ അത് പുസ്തകരൂപത്തില്‍ ആക്കുമ്പോഴേക്ക് അദ്ദേഹം മരണപ്പെട്ടിരുന്നു. ഡി സിയിലെ പുതുതലമുറയെ സംബന്ധിച്ചിടത്തോളം ഇടയ്ക്കിടെ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു പഴയ സിനിമാനടന്‍ മാത്രമായിരുന്നു ഉമ്മര്‍. അതുകൊണ്ടുതന്നെ അവര്‍ ആ പുസ്തകം പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ വലിയ താല്പര്യം കാണിച്ചില്ല. മറ്റു പ്രസാധകരെ തിരഞ്ഞുനടക്കുന്നതിനിടയിലാണ് ഇത്തരമൊരു നിര്‍ദേശം ഒരു ചെറിയ പ്രസാധക സുഹൃത്തില്‍ നിന്ന് ലഭിക്കുന്നത്. വേണമെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടായിരമോ, മൂവായിരമോ കൊടുത്തിരുന്നെങ്കില്‍ ഉമ്മറിന്റെ പുസ്തകം പുറത്തിറങ്ങുമായിരുന്നു. അന്ന് അതിന് സാമ്പത്തികമായി അദ്ദേഹത്തിന് പ്രാപ്തിയുമുണ്ടായിരുന്നു. പണം കൊടുത്തുള്ള ആത്മകഥാ പ്രസിദ്ധീകരണം വേണ്ടെന്ന്, കത്തിന് പുറമേ ഫോണില്‍ വിളിച്ചും അദ്ദേഹം എന്നോട് പറഞ്ഞു. ഇതായിരുന്നു കച്ചിനാംതൊടുക പുരയില്‍ 'കെ പി' എന്ന കെ പി ഉമ്മര്‍. മുഴക്കമുള്ള എന്നാല്‍ റഫ്ഫല്ലാത്ത പ്രത്യേകതരം ശബ്ദത്തിലുള്ള ഇദ്ദേഹത്തിന്റെ സംസാരം സിനിമയില്‍മാത്രമല്ല, യഥാര്‍ഥജീവിതത്തിലും ഇദ്ദേഹത്തിന് പലപ്പോഴും വില്ലന്‍ എന്ന പരിവേഷം ചാര്‍ത്തികൊടുക്കുകയായിരുന്നു.

എനിക്ക് അവാര്‍ഡ് വേണ്ട 

പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും തുറന്നുപറയുന്ന സ്വഭാവക്കാരനായിരുന്നു ഉമ്മര്‍. അഡ്ജസ്റ്റ്‌മെന്റുകളുടെ കാലത്ത് പലപ്പോഴും അത് ഇദ്ദേഹത്തിന് വിനയായി ഭവിച്ചു. പുരസ്കാരങ്ങളടക്കമുള്ള സര്‍ക്കാരിന്റെ ബഹുമതികള്‍ സ്വാധീനക്കാര്‍ക്ക് മാത്രം ലഭിക്കുന്നുവെന്നുതോന്നിയ ഒരു ഘട്ടത്തില്‍ തനിക്ക് അവാര്‍ഡ് വേണ്ട എന്ന് പ്രഖ്യാപിക്കാനും ആ തന്‍റേടിക്ക് മടിയുണ്ടായില്ല. തികച്ചും ജൂനിയറായ ഒരു നടന് സകല മാനദണ്ഡങ്ങളും കാറ്റില്‍പറത്തി, സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചതിലുള്ള ദേഷ്യപ്രകടനമാണ് ഒരു കത്തിലൂടെ അദ്ദേഹം നടത്തിയത്. എന്നാല്‍ പി ആര്‍ ഡിയിലെ ഉന്നതനായ ഒരു വ്യക്തി ആ കത്ത് സൂക്ഷിക്കുകയും പിന്നീട് ഉമ്മറിനെ പുരസ്കാരത്തിന് പരിഗണിക്കുന്ന വേളയിലെല്ലാം അത് ജൂറി അംഗങ്ങളെ കാണിച്ച്, അദ്ദേഹം അവര്‍ഡ് നിരസിക്കും എന്ന പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇങ്ങനെ പല പുരസ്കാരങ്ങളും നഷ്ടപ്പെടുന്നത് അറിഞ്ഞിട്ടും ഒരഡ്ജസ്റ്റുമെന്റിനും അദ്ദേഹം തയ്യാറായില്ല. എതിര്‍പ്പുകള്‍ പറയുന്നതില്‍ യാതൊരു കുറവും വരുത്തിയില്ല.

ഇതാ ഒരു ധിക്കാരി 

സ്വന്തം സ്വഭാവരീതിയെകുറിച്ച് ഉമ്മര്‍ തന്നെ പറയുന്നതിങ്ങനെയാണ്: ''എതിര്‍ക്കാന്‍ വിചാരിച്ചാല്‍ ആത്മനിയന്ത്രണം വിടാതെ ബുദ്ധിപൂര്‍വം പല്ലും നഖവും ഉപയോഗിച്ച് ഞാനെതിര്‍ക്കും. ആരെന്നെപ്പറ്റി വിമര്‍ശിച്ചെഴുതിയാലും ഞാനത് ശാന്തമായിരുന്ന് വായിക്കും. മറുപടി അര്‍ഹിക്കുന്നതാണെങ്കില്‍ കണക്കിന് കശക്കും''. ഈ സ്വഭാവ സവിശേഷതമൂലം കെ പി ഉമ്മറിന് വലിയ 'തലക്കന'മാണെന്ന പ്രചാരവണമുണ്ടായി. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍: ''ആരാധകരായി വരുന്നവരെ പൊതു സദസ്സുപോലുള്ളിടങ്ങളില്‍ നാം ഒരു പരിധിയ്ക്കകത്ത് നിറുത്തിയില്ലെങ്കില്‍ പിന്നീടവര്‍ നമ്മുടെ തലയില്‍ കയറിക്കളിക്കും''-എന്നായിരുന്നു പ്രതികരണം. എന്നാല്‍ ഒരു കോഴിക്കോട്ടുകാരന്റെ നന്മനിറഞ്ഞ മനസ്സ് കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കെ പി ഉമ്മര്‍. ഇത് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ക്ക് മുഴുവന്‍ അറിയുന്ന കാര്യമാണ്. സെറ്റുകളില്‍ കോഴിക്കോടിന്റെ മേന്മ സഹപ്രവര്‍ത്തകരോട് വിളമ്പുമായിരുന്ന ഇദ്ദേഹത്തെ പലരും ''ദാ, ഉമ്മുക്കയുടെ കോഴിക്കോടന്‍ ബഡായിതുടങ്ങി''-എന്ന് കളിയാക്കാറുമുണ്ടായിരുന്നു.

കെ ടി യുടെ ജമീലയും ഉമ്മറും 

അരനൂറ്റാണ്ട് മുന്‍പ് യാദൃച്ഛികമായാണ് ഉമ്മര്‍ അഭിനയരംഗത്തെത്തുന്നത്. മുന്‍ മന്ത്രി പി പി ഉമ്മര്‍ കോയയുടെ ക്ഷണമനുസരിച്ച്, 'ആരാണപരാധി' എന്ന നാടകത്തില്‍ ജമീല എന്ന സുന്ദരിയായ യുവതിയുടെ വേഷം കെട്ടിയാണ് ഉമ്മര്‍ കോഴിക്കോടന്‍ നാടക വേദിയില്‍ തുടക്കംകുറിക്കുന്നത്. പൊതുവില്‍ നടന്മാര്‍ തന്നെ സ്ത്രീ വേഷങ്ങള്‍ ചെയ്തിരുന്ന അക്കാലത്ത് 'ആരാണപരാധി'യിലെ അതിസുന്ദരിയായ 'ജമീല' എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഉമ്മറാണ് വേഷം കെട്ടിയതെന്നറിഞ്ഞതോടെ പ്രശ്‌നം വീട്ടിലെത്തി. ചെറുപ്പത്തില്‍ത്തന്നെ പിതാവ് മരണപ്പെട്ടതിനാല്‍ അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു ഉമ്മറിനെ, വീട്ടില്‍ കയറ്റില്ലെന്നായി അദ്ദേഹം. അവസാനം ദേശീയസ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട, പി പി ഉമ്മര്‍ കോയ, അപ്പക്കോയപോലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ അമ്മാവന്‍റെ മനസ്സുമാറ്റിയത്. അതിനുശേഷമാണ് കെ ടി മുഹമ്മദിന്റെ ചരിത്ര പ്രസിദ്ധമായ 'ഇത് ഭൂമിയാണ്' എന്ന നാടകത്തിലെ യാഥാസ്ഥിതികനായ  ഹാജ്യാരായി ഉമ്മര്‍ വേഷമിടുന്നത്. കേരളക്കരയിലാകെ ചര്‍ച്ചചെയ്യപ്പെട്ട, എഴുപത് പിന്നിട്ട ഹാജിയാരായി വേഷംകെട്ടുമ്പോള്‍ ഉമ്മറിന്റെ പ്രായം വെറും പതിനേഴായിരുന്നുവെന്നറിയുമ്പോഴാണ് ആശ്ചര്യംകൊണ്ട് നാം മൂക്കത്ത് വിരല്‍ വെയ്ക്കുക.

നാടകം കണ്ട ഒരു ഹാജിയാര്‍ പിന്നീട് ഉമ്മറിനെകാണാന്‍ വന്നു. ''ഹാജിയാരായിട്ടും എന്തേ കൊച്ചന്റെ ഹാജിയാര്‍ ഭക്ഷണം കഴിച്ച് തുടങ്ങുമ്പോള്‍ 'ബിസ്മില്ലാഹി റഹ്മാനി റഹീം' എന്ന് ചൊല്ലാത്തത്'' എന്ന് അദ്ദേഹം ചോദിച്ചു. താന്‍ ആ കഥാപാത്രത്തെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചുവെന്നുള്ളതിന് കിട്ടിയ വലിയ അംഗീകാരമാണ് യഥാര്‍ഥാ ഹാജിയാരുടെ ചോദ്യമെന്ന് ഉമ്മര്‍ പിന്നീട് പല വേദികളില്‍ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. കെ ടിയുടെ തന്നെ 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്', 'കറവവറ്റ പശു' തുടങ്ങിയ നാടകങ്ങളിലും പിന്നീട് ഉമ്മര്‍ ശ്രദ്ധേയമായ വേഷങ്ങളണിഞ്ഞു. എന്നാല്‍ കോഴിക്കോടന്‍ നാടകവേദിയില്‍ നിന്ന് കെ പി എ സിയിലെത്തുന്നതോടെയാണ് പ്രൊഫഷണല്‍ നാടകവേദിയിലെ നിറസാന്നിധ്യമായി കെ പി  ഉമ്മര്‍ മാറുന്നത്. ''അഭിനയത്തില്‍ എന്റെ  സര്‍വകലാശാലയായിരുന്നു കെ പി എ സി, ആ സര്‍വകലാശാലയില്‍ നിന്ന് നേടിയ അനുഭവസമ്പത്താണ് ഞാന്‍ നേടിയ ഉന്നതബിരുദം. അവരോടൊപ്പമായിരുന്നപ്പോള്‍ ജനലക്ഷങ്ങളുടെ വികാരവായ്പ് ഞാന്‍ നേരില്‍ കണ്ടു, കേട്ടു, അനുഭവിച്ചു...'' കെ പി എ സിയിലെ തന്റെ അഭിനയ ജീവിതത്തെ ഉമ്മര്‍ ഇങ്ങിനെയാണ്‌ അടയാളപ്പെടുത്തിയത്. 

കെ പി എ സി- എന്‍റെ സര്‍വകലാശാല 

കെ പി എ സിയുടെ 'പുതിയ ആകാശം പുതിയ ഭൂമി', 'ശരശയ്യ', 'അശ്വമേധം' തുടങ്ങി ഒരുപിടി നാടകങ്ങളില്‍ സജീവമായി നില്ക്കുന്നതിനിടെയാണ് ഭാസ്‌ക്കരന്‍ മാഷിന്റെ 'രാരിച്ചന്‍ എന്ന പൗരനി'ലൂടെ അദ്ദേഹം വെള്ളിത്തിരയില്‍ സജീവമാകുന്നത്. ആദ്യസിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇക്കാരണത്താല്‍ വീണ്ടും കെ പി എ സിയിലേക്ക് മടങ്ങി. നാടകരംഗത്ത് വീണ്ടും സജീവമായ കെ പി ഉമ്മറിനെ തന്റെ 'മുറപ്പെണ്ണ്' എന്ന സിനിമയിലൂടെ എന്നാല്‍ എം ടിയാണ് വീണ്ടുംചലച്ചിത്രലോകത്തേക്ക് കൊണ്ടുവരുന്നത്. പിന്നീട് പുറത്തിറങ്ങിയ 'നഗരമേ നന്ദി'യിലെ വില്ലന്‍കഥാപാത്രം ഉമ്മറിനെ ചലച്ചിത്രലോകത്ത് ഉറപ്പിച്ചുനിര്‍ത്താന്‍ പോന്നതായിരുന്നു. ഇതിനിടെ ഐ വി ശശിയുടെ 'ഉത്സവ'ത്തില്‍ നായകവേഷം കെട്ടിയതോടെ ഇദ്ദേഹത്തിലെ സ്വാഭാവ നടനെകൂടി മലയാളത്തിലെ സിനിമാലോകം അംഗീകരിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഉമ്മര്‍ തന്നെ പറയുന്നതിങ്ങനെയാണ്: ''മലയാളത്തിലായതുകൊണ്ടാണ് എനിക്ക് വില്ലനാകുവാനും ഉപഗുപ്തനാകുവാനും സാധിച്ചത്. മറിച്ച് തമിഴിലോ മറ്റോ ആയിരുന്നെങ്കില്‍ എത്ര കഴിവുണ്ടെങ്കിലും എം എന്‍ നമ്പ്യാരെപ്പോലെ ജീവിതകാലം മുഴുവന്‍ വില്ലന്‍കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നു''. തന്റെ പ്രൊഫഷണനോടുള്ള ആത്മസമര്‍പ്പണമാണ് ഒരഭിനേതാവ് എന്ന നിലയില്‍ ഉമ്മറിന് മലയാളസിനിമാചരിത്രത്തില്‍ ദ്വീതിയസ്ഥാനം നേടികൊടുക്കുന്നത്. ഇതേക്കുറിച്ച് ഉമ്മര്‍ ഇങ്ങനെ പറയുന്നു: ''ജോലിയോടുള്ള കൂറ്, തികഞ്ഞ ആത്മവിശ്വാസം, അവസരത്തിനൊത്തുയരാനുള്ള തന്റേടം, പ്രേക്ഷകരോടുള്ള ബഹുമാനം, പരിസരബോധം, പ്രതിസന്ധികളെ നേരിടാനുള്ള നെഞ്ചൂക്ക് ഇതെല്ലാമുള്ള ഒരു നടനുമാത്രമേ രംഗത്ത് വിജയിക്കാനാവൂ എന്നതാണ് അനുഭവം എനിക്കുനല്കിയ പാഠം''.

ഓര്‍മ്മകളും സ്മാരകങ്ങളും 

കെ പി ഉമ്മര്‍ കാലയവനികക്കുള്ളിലേക്ക് മറഞ്ഞിട്ട് ഇരുപതു വര്‍ഷം പിന്നിടുമ്പോഴും ആ മഹാനടന്‍റെ സംഭാവനകളെക്കുറിച്ചോ അഭിനയത്തെയും നാടകത്തെയും സിനിമയെയും കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെക്കുറിച്ചോ അറിയാനും അറിയിക്കാനുമുള്ള ഒരു സംവിധാനവും സ്മാരകവും ഉണ്ടായിട്ടില്ല. നെല്ലിക്കോട് ഭാസ്‌ക്കരന്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു തുടങ്ങിയവരുണ്ടായിരുന്നെങ്കിലും ഇവരെക്കാളുമപ്പുറം സത്യന്റെയും പ്രേംനസീറിന്റെയും കാലഘട്ടത്തില്‍ കോഴിക്കോടിന്റെയും മലബാറിന്റെയും വെള്ളിത്തിരയിലെ നിറസാന്നിധ്യമായിരുന്നു ഉമ്മര്‍. ബ്രിട്ടീഷുകാരുടെ കാലത്തെ വാണിജ്യതെരുവായിരുന്ന ഹലുവബസാറിലെ കച്ചിനാംതൊടുക പുരയില്‍ ജനിച്ച ആളാണ് ഉമ്മര്‍ എന്നത്, വര്‍ഷങ്ങള്‍ പിന്നിടുന്നതിനനുസരിച്ച് അവിടത്തുകാരുടെ ഓര്‍മയില്‍നിന്നുപോലും ഇല്ലാതായി പോകുകയാണ്. കെ പി ഉമ്മറിന്റെ  ജന്മസ്ഥലമായ കുറ്റിച്ചിറിയില്‍ കോര്‍പ്പറേഷനും സര്‍ക്കാരും മുന്‍കൈയെടുത്ത് ആവിഷ്കരിച്ച പൈതൃക പദ്ധതിക്ക് അദ്ദേഹത്തിന്‍റെ പേരു നല്കണമെന്ന ആവശ്യം നിരാകരിയ്ക്കപ്പെടുകയാണുണ്ടായത്. തെക്കേപ്പുറം പ്രദേശത്തെ സാംസ്‌കാരിക സംഘടനകളായ യുവതരംഗ്, യുവസാഹിതി, കൈരളി, സ്‌ക്വാഷ്, വേവ്‌സ്, വാര്‍മുകില്‍ കൂട്ടായ്മ തുടങ്ങിയവരെല്ലാം ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും ഇതുവരെ ഒരനുകൂല തീരുമാനമുണ്ടായിട്ടില്ല. എന്നാല്‍ ഈ ആവശ്യം പരിഗണിയ്ക്കപ്പെടുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് കോഴിക്കോട് നഗരത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. 

കെ പി ഉമ്മറിന്റെ ജീവിതകഥയായ 'ഓര്‍മപുസ്തക'ത്തിന്റെ എഡിറ്ററാണ് ലേഖകന്‍

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More