അഹമ്മദാബാദ്: കോടതി വിധിയിലൂടെപോലും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭര്‍ത്താവിനൊപ്പം കഴിയണമെന്നും ദാമ്പത്യ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കണമെന്നും കുടുംബക്കോടതി നിര്‍ദേശിച്ചാല്‍ അത് നിരസിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങണമെന്ന കുടുംബക്കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ജെ ബി പര്‍ഡിവാല, നിരാല്‍ മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ആദ്യ ഭാര്യ ഇല്ലാത്ത സമയത്ത് മറ്റൊരു വിവാഹം കഴിച്ചയാളാണ് ഭര്‍ത്താവ്. മുസ്ലീം നിയമപ്രകാരം ബഹുഭാര്യാത്വം അനുവദിക്കപ്പെട്ട ഒന്നാണെങ്കിലും ഇന്ത്യയില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവിനെ പങ്കിടാനും ഭര്‍തൃഗൃഹത്തില്‍ താമസിക്കാനും സ്ത്രീയെ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിവില്‍ ഹോസ്പ്പിറ്റലില്‍ നേഴ്സായി ജോലി ചെയ്യുന്ന യുവതിയെ ഭര്‍ത്താവും കുടുംബവും ഓസ്ട്രേലിയയിലേക്ക് കുടിയേറാനും അവിടെ ജോലി ചെയ്യാനും നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് 2017-ല്‍ യുവതി കുഞ്ഞിനെ കൂടെക്കൂട്ടി ഭര്‍തൃഗൃഹത്തില്‍ നിന്നും പുറത്തുപോവുകയായിരുന്നു. യുവതിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഭര്‍ത്താവ് കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു. മതിയായ കാരണങ്ങളില്ലാതെയാണ് യുവതി വീട് വിട്ട് പോയത് എന്നാണ് ഭര്‍ത്താവിന്റെ വാദം.