പട്ടണത്തെ മണ്ണടരുകള്‍ പറയുന്നത്- പി പി ഷാനവാസ്

V

പട്ടണം ട്രെഞ്ചിലെ അനുഭവങ്ങള്‍

ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തനജോലി അവധിയില്‍ ഉപേക്ഷിച്ച്, ചെറിയാന്‍ (പ്രൊഫ. പി ജെ ചെറിയാന്‍) സാറിന്‍റെ സ്നേഹവാല്‍സല്യങ്ങളുടെ പിന്‍ബലത്തിലാണ് ഞാന്‍ പട്ടണത്ത് ഉദ്ഖനന പ്രവര്‍ത്തനങ്ങളുടെ ഏഴാം ഋതുവില്‍, ഒരു ഞായറാഴ്ച ക്യാമ്പ് ഓഫീസിലെത്തിയത്. അന്ന് ഊണ് അവരുമായി പങ്കിട്ടു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള അംഗീകാരം. ചെറിയാന്‍ സാറും അദ്ദേഹത്തിന്‍റെ കെസിഎച്ച്ആറിലെ സെക്രട്ടറി സുനന്ദ നായര്‍, പിന്നെ ബറോഡയില്‍ കലാചരിത്രം പഠിച്ച, പട്ടണം ഉദ്ഖനനങ്ങളുടെ മുഖ്യ ചുമതലക്കാരി ഡോ. പ്രീത നായര്‍. അവരുടെ ഊണു പങ്കുവെച്ചപ്പോള്‍, പട്ടണത്തേക്ക് നടാടെയുള്ള എന്‍റെ വരവും അവിടെ പ്രാതലിന് കഴിച്ച പുട്ടും കടലക്കറിയും ഓര്‍മ വന്നു. അജിത്തിന്‍റെ മുഖദാവില്‍ സ്വാദ്വാടെ ആഹാരം കഴിച്ച ആ നിമിഷം ജംഷി പകര്‍ത്തിയത് ഞാന്‍ ഫെയ്സ്ബുക്ക് പേജിന്‍റെ പ്രൊഫൈല്‍ ആക്കി ദീര്‍ഘകാലം നിലനിര്‍ത്തിയിരുന്നു. അന്നത്തെ ആ പ്രഭാതവെളിച്ചം അവന്‍റെ ക്യാമറ മനോഹരമായി പിടിച്ചെടുത്തിരുന്നു. എന്‍റെ നായര്‍ പക്ഷപാതം കണ്ട്, ഊണു വടിച്ചുകഴിച്ച്, ചെറിയാന്‍ പറഞ്ഞു, എന്‍റെ ഗുരുനാഥന്‍ എം ജി എസ് ആണ്. ആ പരാമര്‍ശത്തിലെ അര്‍ത്ഥങ്ങളിലേക്ക് അപ്പോള്‍ ഞാന്‍ എത്തിയിരുന്നില്ല.

പിറ്റേന്ന് മുതല്‍ സന്തോഷിന്‍റെയും ശരതിന്‍റെയും വിജിമോളുടെയും കൂട്ടത്തില്‍ കുഴിയെടുപ്പില്‍ കൂടാം. രാവിലെ ആറുമണിക്കു പണി തുടങ്ങും. എല്ലാം ചോദിച്ചും കണ്ടും മനസിലാക്കണം. ട്രഞ്ചിനരികെ എഴുത്തുകാരന്‍ സക്കറിയ സംഘത്തിനു സമ്മാനിച്ച കൂടാരവുമുണ്ട്. നീല ടെന്‍റ്. രാത്രിയില്‍ വേണമെങ്കില്‍ അവിടെ കൂടാം. എന്നിലെ കാല്‍പനികന്‍ ഉണര്‍ന്നു. പക്ഷേ രാത്രി ട്രഞ്ചിനുമുകളിലെ പുളിമരത്തിലുള്ള തേനീച്ചക്കൂട്ടില്‍ നിന്ന് മൂളിപ്പറന്നെത്തുന്ന ഈച്ചകള്‍ പരിസരത്തെ കയ്യടക്കും. അതിനാല്‍ രാത്രിവാസം പടപ്പറമ്പിലെ ആ പഴയ നായര്‍ വീട്ടില്‍ തന്നെയാകാമെന്നു കരുതി. പട്ടണത്തേക്കുള്ള രണ്ടാം വരവില്‍ താമസിച്ചതും അവിടെത്തന്നെ. പുളിമരച്ചുവട്ടിലെ ടെന്‍റില്‍ നിന്ന് വ്യത്യസ്തമായി തേനീച്ചകള്‍ക്കു പകരം ഉറുമ്പുകളാണ് ഇവിടെ  കാവല്‍. ഉറുമ്പുകളും പാറ്റകളും പാമ്പുകളും തേനീച്ചകളും പട്ടികളും ജാതിക്കാ മരങ്ങളും കവുങ്ങുകളും തെങ്ങുകളും ദരിദ്രരായ പഷ്ണം പ്രദേശത്തുകാരും അടങ്ങുന്ന ഇക്കോളജിയുടെ പൗരാണിക ശേഷിപ്പുകളില്‍ എന്‍റെ ദിനം തുടങ്ങി.

ട്രഞ്ച് ഇടിയാതെ നോക്കണം, അതാണ് ആദ്യ പാഠം. പിന്നെ മണ്ണിലേക്കുള്ള നോട്ടം. കാഴ്ചയെ സൂക്ഷ്മമാക്കല്‍. നമ്മുടെ ഇന്‍റ്റ്യൂഷനെ ഉപയോഗിക്കല്‍. ഭാവനയെ വിനിയോഗിക്കല്‍. സ്പര്‍ശം. അതിലൂടെ വസ്തുക്കളുടെയും അവയുടെ നിര്‍മാണ കുശലതയെയും അറിയല്‍. താരതമ്യ വിശകലനത്തിനുള്ള ശേഷി. ആര്‍ക്കിയോളജിസ്റ്റ് എല്ലായ്പ്പോഴും താഴേക്കു നോക്കി നടക്കുന്നയാളാണ് എന്ന് ഡോ. കെ പി ഷാജന്‍ എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. ഗോശ്രീ പാലം വഴി സഞ്ചരിച്ച്, പട്ടണം പ്രദേശത്തുകൂടെ നടന്നെത്തിയ അന്നത്തെ പട്ടണം സന്ദര്‍ശനം അവസാനിച്ചത് ഷാജന്‍റെ മുന്നിലാണ്. ജിയോളജിസ്റ്റുകൂടിയായ പി കെ ഷാജന്‍റെ കണ്ടെത്തലാണ് യഥാര്‍ത്ഥത്തില്‍ പട്ടണം പുരാവസ്തു പ്രദേശം. അദ്ദേഹത്തിന്‍റെ ഡോക്ടോറല്‍ തീസിസ് മുചിരി പട്ടണം സ്പോട് ചെയ്യുക എന്നതായിരുന്നു. പെരിയാറിന്‍റെ എക്കല്‍ പ്രദേശത്തെയും അവിടത്തെ ജലാശയങ്ങളുടെ നെറ്റ് വര്‍ക്കിനെയും സംബന്ധിച്ച് അന്വേഷണം നടത്തിയാണ് അദ്ദേഹം പട്ടണത്തെത്തിയത്.

ആര്‍ക്കിയോളജിക്കല്‍ മൗണ്ട് അഥവാ പുരാവസ്തു കുന്ന്

കൊടുങ്ങല്ലൂര്‍ വടക്കന്‍ പറവൂര്‍ പ്രദേശത്ത് ഒരു ആര്‍ക്കിയോളജിക്കല്‍ മൗണ്ട്, ഒരു പുരാവസ്തു കുന്ന് രൂപം കൊണ്ടത് 'പട്ടണ'ത്തിന്റെ അഞ്ചര കിലോമീറ്റര്‍ ചുറ്റളവിലാണ്. കേരളം മഴവൃഷ്ടി പ്രദേശമായതിനാല്‍ മണ്ണിന്‍റെ ഇത്തരം ശേഖരം അപൂര്‍വമാണ്. ഓരോ മഴയ്ക്കും മേല്‍മണ്ണ് കുത്തിയൊലിച്ചുപോകും. അതിനാല്‍ ഇന്ത്യയിലെ ഇതരപ്രദേശങ്ങളെ പോലെ മണ്ണ് കനംവെച്ച് പുരാവസ്തു തെളിവുകളുടെ ശേഖരം ഉറപ്പുവരുത്തുന്നത്  കേരളത്തില്‍ നടക്കുന്നില്ല. എന്നാല്‍ പട്ടണത്ത് അപൂര്‍വമായ നിലയില്‍ മണ്ണടരുകള്‍ ഒരു ആര്‍ക്കിയോളജി മൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ഷാജന്‍റെയും ചെറിയാന്‍റെയും അന്വേഷണങ്ങള്‍ പട്ടണത്തു ചുറ്റിത്തിരിയാന്‍ ഇടയാക്കിയത് ഈ പ്രത്യേകത കൊണ്ടാകാം. ആതിരയുടെ മുത്തുശേഖരം കണ്ടെത്തുന്നതും ഷാജനാണ്. തഞ്ചാവൂര്‍ യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജിസ്റ്റ് ഡോ. വി ശെല്‍വകുമാറിനൊത്ത് പ്രദേശത്ത് ട്രഞ്ച് എടുക്കാന്‍ തീരുമാനിക്കുന്നത് ഈ നിലയിലാണ്. ആദ്യത്തെ ട്രഞ്ചില്‍ നിന്നുതന്നെ ആര്‍ട് ഫാക്റ്റുകള്‍ കണ്ടെടുത്തു. അത് പര്യവേക്ഷണം വീണ്ടും തുടരണമെന്ന നിലയിലെത്തിച്ചു. അങ്ങിനെ അവര്‍ കേരള ചരിത്രഗവേഷണ കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായിരുന്നതിനാല്‍ ഗവേഷണത്തിനും ട്രഞ്ച് എടുക്കാനും അവരുടെ സമ്മതവും പിന്തുണയും കൂടിയേ തീരൂ. തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഗവേഷണം ഉണ്ടാക്കുക എന്നു ഭയപ്പെട്ട പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്ത് വരികയും ചെയ്തു. അങ്ങിനെയാണ് പി ജെ ചെറിയാന്‍റെ മുന്‍കയ്യില്‍ ജനോന്മുഖവും പ്രകൃതി സാഹോദര്യത്തില്‍ ഊന്നിയതുമായ പുരാവസ്തു ഗവേഷണം എന്ന ആശയം മുന്നോട്ടുവെച്ചത്. ഇപ്രകാരമുള്ള കാമ്പയിനുകള്‍ നടത്തിയാണ് ജനങ്ങളുടെ ഭീതിയെ തണുപ്പിച്ചത്. ചെറിയാനെപ്പോലുള്ള ഒരാളുടെ മനോവീര്യവും കുശാഗ്രമായ നീക്കങ്ങളും ഇല്ലായിരുന്നെങ്കില്‍, രാഷ്ട്രീയ പാര്‍ടികളുടെയും സമുദായ സംഘടനകളുടെയും ജനങ്ങളുടെയും എതിര്‍പ്പ് മൂലം ഗവേഷണം അസാധ്യമായിത്തീര്‍ന്നേനെ.

തഞ്ചാവൂര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. വി. ശെല്‍വകുമാറിന്‍റെ പുരവാസ്തു ശാസ്ത്രജ്ഞാനവും ഡോ. കെ പി  ഷാജന്‍റെ ഭൗമനിരീക്ഷണ പാടവവും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഡോ. കെ രാജന്‍റെ ബീഡ്സ് ക്ലാസിഫിക്കേഷിനിലുള്ള പരിജ്ഞാനവും ചെറിയാന്‍ സാറിന്‍റെ ട്രഞ്ച് എടുക്കുന്നതിലുള്ള അനുഭവങ്ങളും സര്‍വോപരി നയന്ത്രജ്ഞതയും ചേര്‍ന്നാണ് ഇങ്ങിനെയാരു സംരംഭം സാധ്യമായത്. ചരിത്രകാലത്തെ സാംസ്കാരിക മണ്ണടരില്‍നിന്ന് കണ്ടെടുത്ത പാത്രക്കഷ്ണത്തിലെ ബ്രഹ്മി ലിപികള്‍ വായിക്കാനും കാലനിര്‍ണ്ണയം നടത്താനും ഡോ. എം ആര്‍ രാഘവ വാര്യരും സഹകരിച്ചു. കേരളത്തിലെ മധ്യകാലത്തിന്‍റെ ചരിത്രകാരന്മാരായ ഡോ. എം ജി എസ് നാരായണനും ഡോ. രാജന്‍ ഗുരുക്കളും ഈ പര്യവേക്ഷണത്തിലും അത് എത്തിച്ചേര്‍ന്ന നിഗമനങ്ങളിലും തങ്ങളുടേതായ നിലയില്‍ അഭിപ്രായവും അഭിപ്രായവ്യത്യാസവും പ്രകടിപ്പിക്കുകയുമുണ്ടായി.

മധ്യകാലചരിത്രവും പൗരാണിക ചരിത്രവും തമ്മിലുള്ള ബന്ധരേഖകളെ സംബന്ധിച്ച അക്കാദമികമായ രീതിശാസ്ത്രങ്ങളുടെ പരിമിതിയും അക്കാദമിക ലോകത്തിന്‍റെ പ്രകൃതമായ കുശുമ്പും കുന്നായ്മയുമെല്ലാം ഈ അഭിപ്രായ വിത്യാസങ്ങള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്നു. എന്നാല്‍ ചരിത്രത്തിന്‍റെ സത്യം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും തൊഴില്‍പരവുമായ എല്ലാ കണ്ണാടിക്കാഴ്ചകളെയും അതിജീവിച്ചു മുന്നേറുന്നു. മധ്യകാലത്തിനു മുമ്പുള്ള കേരളത്തിന്‍റെ ജനജീവിതത്തെക്കുറിച്ചും നാഗരികതയെക്കുറിച്ചും സാംസ്കാരിക ജീവിതത്തെക്കുറിച്ചും നിരവധി ഉള്‍ക്കാഴ്ചകളും വസ്തുതകളും ഈ ഗവേഷണം സാധ്യമാക്കുന്നു.

VI

പ്രീ ഇസ്ലാമിക് പട്ടണം 

മണ്ണടരുകളെക്കുറിച്ചാണ് ആദ്യമായി നാം മനസിലാക്കേണ്ടത്. അവയെ പുരാവസ്തുശാസ്ത്രത്തില്‍ സാംസ്കാരിക മണ്ണടര് എന്നാണു പറയുക. ചെറിയാനും സഹപ്രവര്‍ത്തകരും പല സന്ദര്‍ഭങ്ങളിലായി എനിക്ക് മണ്ണടരുകളില്‍ ഉറങ്ങുന്ന ചരിത്രത്തിന്‍റെ സങ്കീര്‍ണതകളെക്കുറിച്ച് പറഞ്ഞുതന്നു. ഏറ്റവും അടിയിലുള്ള സാംസ്കാരിക മണ്ണടരിലാണ് അയോയുഗ കാലം തുടങ്ങുന്നത്. അവിടെ നിന്നാണ് ഇരുമ്പുയുഗ സംസ്കാരത്തിന്‍റെ ആദികാലത്തെക്കുറിച്ചും ആദിചേര കാലഘട്ടത്തെക്കുറിച്ചും തെളിവുകൾ ലഭിക്കാനുള്ള സാധ്യത. ഏതാനും മുദ്രാങ്കിത നാണയങ്ങളും ഇരുമ്പിന്‍റെ ഉപകരണങ്ങളും ജൈനന്മാരുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന ബ്രഹ്മി ലിഖിതമുള്ള പാത്രക്കഷ്ണവുമെല്ലാം അക്കാലത്തിന്‍റെ സൂചനയായി ലഭിച്ചിട്ടുണ്ട്. അടുത്ത നിരയിലുള്ള സാംസ്കാരിക മണ്ണടര് ആദ്യകാല ചരിത്ര ഘട്ടത്തിന്‍റെ തലമാണ്. അതിലാണ് റോമന്‍ വ്യാപാര വിനിമയത്തിന്‍റെ സമൃദ്ധമായ സാന്നിധ്യമുള്ളത്. ചരിത്രാതീത ഘട്ടത്തിനും ആദ്യകാല ചരിത്രഘട്ടത്തിനും ഇടയില്‍ ഒരു പരിണാമഘട്ടത്തെ വേര്‍തിരിക്കാന്‍ പട്ടണം ഗവേഷണത്തിനു കഴിഞ്ഞു. റോമക്കാര്‍ക്ക് മുമ്പെ പശ്ചിമേഷ്യന്‍ വ്യാപാര സാന്നിധ്യത്തെയാണ് ഈ ഘട്ടം കുറിക്കുന്നത്. റോമക്കാര്‍ക്ക് മണ്‍സൂണിനെക്കുറിച്ച് അറിവുണ്ടാകും മുമ്പ് ഫിനീഷ്യക്കാരും പാര്‍മീനിയക്കാരും യമനികളും വ്യാപാരബാന്ധവങ്ങള്‍ പുലര്‍ത്തിയിരുന്ന റോമന്‍ പൂര്‍വ സമുദ്രയാന കാലത്തിന്‍റെ സൂചനയാണ് ഈ  തലത്തിലുള്ളത്. പിന്നീടുള്ള വിവിധ ഘട്ടങ്ങള്‍ റോമന്‍ സാമ്രാജ്യത്തിന്‍റെ സമൃദ്ധിയെ ഉത്തരോത്തരം വിളിച്ചറിയിക്കുന്നു. തെക്കന്‍ ഇറ്റലിയില്‍ നിന്നും ചുറ്റുവട്ടത്തു നിന്നുമുള്ള കളിമണ്ണ് ഉപയോഗിച്ചു നിര്‍മിച്ച റോമന്‍ ആംഫോറാ ജാറുകളുടെ പാത്രക്കഷ്ണങ്ങളുടെ സമ്പന്നതയാണ് ഈ തലത്തില്‍ ധാരാളമായുള്ളത്. അതോടൊപ്പം മൊസോപൊട്ടാമിയന്‍ ഭൂവിഭാഗങ്ങളിൽ നിന്നുള്ള സവിശേഷമായ കളിമണ്‍ പാത്രക്കഷ്ണങ്ങളും. റോമക്കാരും പശ്ചിമേഷ്യന്‍ സമൂഹവും തെക്കേ അറേബ്യയും മാറി മാറി വ്യാപാര ബന്ധങ്ങളും കച്ചവടകുത്തകകളും കൈകാര്യം ചെയ്ത കാലമാണിത്. പട്ടണത്തെ ഏറ്റവും സജീവമായ വ്യാപാരഘട്ടവും ഇതു തന്നെ. എട്ടാം നൂറ്റാണ്ടു വരെ പോകുന്നു ഇത്തരം വ്യാപാരപ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍.

മണ്ണടരുകളുടെ മൗനം നയിക്കുന്ന അന്വേഷണങ്ങള്‍ 

എട്ടാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലത്തെപ്പറ്റി, തെക്കേ ഇന്ത്യയിലെ മധ്യയുഗത്തെക്കുറിച്ച്, പട്ടണത്തെ സാംസ്കാരിക മണ്ണടരുകള്‍ മൗനം പാലിക്കുന്നു എന്നതാണ് സുപ്രധാനമായ മറ്റൊരു സംഗതി. ഈ കാലഘട്ടത്തിലെ മണ്ണടരുകളില്‍ നിന്ന് മധ്യകാലത്തിന്‍റെ ജീവിതത്തെളിവുകള്‍ ഒന്നും ലഭിക്കുന്നില്ല. ഇതോടെ മുസിരിസ് അതിന്‍റെ പ്രതാപകാലം അവസാനിപ്പിച്ചു എന്നു വേണം കരുതാന്‍. തുറമുഖം മാറിപ്പോയതാണോ? സാമ്രാജ്യങ്ങളുടെ വാണിജ്യബന്ധങ്ങള്‍ക്ക് എന്തെങ്കിലും മാറ്റങ്ങള്‍ വന്നതാണോ? അതോ അഭ്യന്തര രാഷ്ട്രീയം ശക്തിപ്പെട്ടതു വഴി വൈദേശിക വ്യാപാരത്തിനു വിധിവിലക്കുകളുണ്ടായതാണോ? വിദേശികളോടുള്ള ബന്ധത്തിന്‍റെ സ്വഭാവം മാറിപ്പോയതാണോ? എന്നിങ്ങനെ നിരവധി അന്വേഷണങ്ങളിലേക്കു നയിക്കുന്നതാണ് ഈ മൗനം.

ഏതായാലും പശ്ചിമേഷ്യ, തെക്കന്‍ അറേബ്യ (യമന്‍), റോം, ഈജിപ്ത്, ശ്രീലങ്ക തുടങ്ങി മെഡിറ്റേറിയന്‍ കടല്‍ വ്യാപാരത്തില്‍ മുസിരിസിനുണ്ടായ പദവി പതുക്കെ ഇല്ലാതാവുന്നത്, സാംസ്കാരിക മണ്ണടരുകളിലെ ഈ ഘട്ടത്തിലെ ആര്‍ട് ഫാക്ടുകളുടെ അസാന്നിധ്യം കൃത്യമായും വ്യക്തമാക്കുന്നു. പിന്നീട് ആധുനിക കാലത്താണ് വ്യാപാര പ്രവര്‍ത്തനങ്ങളുടെ അവശിഷ്ട സാന്നിധ്യം വീണ്ടും ഉണ്ടാകുന്നത്. ചൈനീസ്, പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയല്‍ സാന്നിധ്യങ്ങളുടെ ആധുനിക കാലം. ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച ആദ്യ കോട്ടയും ഈ പരിസരത്താണല്ലോ, പള്ളിപ്പുറം കോട്ട. അവിടെ നിന്ന് ആധുനിക വ്യാപാരത്തിന്‍റെ അധിനിവേശ സ്വഭാവമാര്‍ന്ന ചരിത്രം തുടങ്ങുന്നു. കേരളത്തിലെ ഗോത്രസമൂഹങ്ങള്‍ ജാതിഗോത്ര വ്യവസ്ഥയുടെ ഒരു ഘട്ടം കഴിച്ച് ആധുനിക സാമുദായിക സമൂഹങ്ങളായി വളരുന്ന ഘട്ടം പോര്‍ച്ചുഗീസ് കാലം മുതലാണെന്നു കാണാം. അതിനുമുമ്പ് എട്ടാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലം ഹിന്ദു സമൂഹത്തിലെ പരിവര്‍ത്തനത്തിന്‍റെ മറ്റൊരു കാലമാണ്. ബ്രാഹ്മണാധിഷ്ഠിതമായ ജാതിസമൂഹം നാടുവാഴിത്ത ഭരണരാഷ്ട്രീയത്തിന്‍റെ കീഴില്‍ പതുക്കെ രൂപം കൊള്ളുന്നത് ഈ കാലത്താണ്. പൗരാണിക കാലത്തെ രാഷ്ട്രീയവും സമൂഹവും പതുക്കെ മധ്യകാലത്തെ നാടുവാഴിത്ത സമൂഹമായി ശക്തിപ്പെടുന്നു. ശങ്കരന്‍റെ ജനനവും ജൈത്രയാത്രയും ഇസ്ലാമിന്‍റെ വരവും എല്ലാം നടക്കുന്ന എട്ടാം നൂറ്റാണ്ടാകുമ്പോഴേക്കും മുസിരിസ് വാണിജ്യ ഭൂപടത്തില്‍ നിന്ന് കാലയാനം ചെയ്യുന്നതു കാണാം. പ്രകൃതിയുടെ പരിണാമങ്ങളും രാഷ്ട്രീയ സാമൂഹ്യ പരിണാമങ്ങളും തോളോടുതോള്‍ ചേര്‍ന്ന് സംഭവിക്കുന്ന ഒന്നാണ് എന്ന നിഗമനമാണ് ഇവിടെ അനുപേക്ഷണീയം. പെരിയാര്‍ വഴിമാറി ഒഴുകിയെന്നോ, പ്രളയമോ സുനാമിയോ തീരദേശത്തിന്‍റെ ചിത്രത്തെ മാറ്റിയെഴുതിയേന്നോ ഉള്ള നിഗമനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, അതിനു സമാന്തരമായി ആഗോളവും അഭ്യന്തരവുമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും മാറ്റം വന്നിട്ടുണ്ട് എന്ന് മനസിലാക്കാനാവും.

ഇന്ന് നിങ്ങള്‍ ഉപേക്ഷിച്ചു പോയ വസ്തുക്കള്‍ നാളെ നിങ്ങളെപ്പറ്റി പറയും 

കൊടുങ്ങല്ലുര്‍-വടക്കന്‍ പറവൂര്‍-പട്ടണം പ്രദേശത്തിനടുത്തുള്ള കാലടിയില്‍ ശങ്കരന്‍റെ ജനനവും ഈ കാലത്തിന് അനുബന്ധമാണ്, എട്ടാം നൂറ്റാണ്ടില്‍. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ദിവ്യത്വം ലഭിച്ചിരുന്ന ശങ്കരാചാര്യര്‍ അമ്മയുടെ പൂജാസൗകര്യത്തിനായി തന്‍റെ സിദ്ധികൊണ്ട് പെരിയാറിനെ വഴിമാറ്റി വീടിന് അടുത്തുകൂടിയാക്കി എന്ന മിത്തുകൂടി ഇതിനോട് ചേര്‍ത്തു വായിച്ചാല്‍, പട്ടണത്തെ കാലപരിണാമത്തിന്‍റെ ചരിത്രത്തിന് മിഴിവേകും. ഇസ്ലാമിന്‍റെ കാലം കൂടിയായ എട്ടാം നൂറ്റാണ്ടു മുതലാണ്, ശങ്കരന്‍റെ പ്രസ്ഥാനത്രയ ഭാഷ്യങ്ങൾ മാറ്റിയെഴുതിയ പുതിയ ഹിന്ദുമതം രൂപംകൊള്ളുന്നതും. വര്‍ണാശ്രമ വ്യവസ്ഥയുടെ ജീര്‍ണതയില്‍ നിന്ന് കേരളത്തില്‍ ജാത്യാധിഷ്ഠിതമായ ഫ്യൂഡല്‍ നാടുവാഴി രാജരണകാലം നിലവില്‍ വരുന്നതും, കേരളം ഭൂപടത്തില്‍ പതുക്കെ സാംസ്കാരികാസ്തിത്വം കൈവരിക്കുന്നതും ഈ കാലഘട്ടത്തിലാണ്. ഇസ്ലാമിന്‍റെ വരവോടെ അറബികള്‍, അഗസ്റ്റീസ് സീസര്‍ നിര്‍മിച്ച റോമന്‍ സാമ്രാജ്യത്തിന്‍റെ പരിണാമചരിത്രത്തിനുമേല്‍ മേല്‍ക്കെ നേടുന്നതോടെ, സാര്‍വ്വദേശീയ വ്യാപാരവും സമൂഹവും മറ്റൊരു ദിശയിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നതും ഈ സന്ധിയില്‍ വെച്ചാണല്ലോ. എട്ടാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള അറബികളുടെ സാമ്രാജ്യ വിപുലീകരണത്തിന്‍റെ കാലത്ത് മുസിരിസ് പതുക്കെ തിരോഭവിക്കുന്നതു കാണാം. ടിണ്ടിസ്, ഒഫീര്‍  തുടങ്ങിയ തുറമുഖങ്ങള്‍ ഈ കാലത്ത് സജീവമാകുകയുണ്ടായോ? പൊന്നാനി, ചാലിയം പോലുള്ള പ്രദേശങ്ങളിലെ കടല്‍വ്യാപാരത്തിന്‍റെ ഇക്കാലത്തെ ഗതിയെന്തായിരുന്നു തുടങ്ങിയ അന്വേഷണങ്ങളിലൂടെയും, കേരളത്തിലെ മറ്റ് പൗരാണിക തുറമുഖ പ്രദേശത്ത് ഉദ്ഖനനം നടത്തുന്നതിലൂടെയും കണ്ടെത്തേണ്ട വസ്തുതകളാണിത്. ഏതായാലും ആഗോളമായി ഇസ്ലാമിന്‍റെ ശക്തിസ്രോതസ്സുകള്‍ ഉപയോഗിച്ചുള്ള സാമ്രാജ്യ വിപുലീകരണവും അഭ്യന്തരമായി ഹിന്ദു നവോത്ഥാനത്തിന്‍റെ ശങ്കരാചാര്യര്‍ തുടങ്ങിവെച്ച സാമൂഹ്യപുനര്‍നിര്‍മാണവും സംഭവിക്കുന്ന ഈ കാലഘട്ടമാണ് നാം മധ്യയുഗം എന്നു വിളിക്കുന്നത്.

എന്നാല്‍ പട്ടണത്തിന് പറയാനുള്ളത് അതിനുമുമ്പുള്ള പൗരാണികമായ ഒരു കാലത്തിന്‍റെ കഥയാണ്. ഇസ്ലാമും ഇന്നത്തെ തരത്തിലുള്ള ഹിന്ദുമതവും രൂപം കൊള്ളുന്നതിനു മുമ്പുള്ള  നാഗരികതയുടെ ചരിത്രം. ഫിനീഷ്യയും പാല്‍മോറയും യമനും റോമും ഈജിപ്തും സമുദ്രയാന വ്യാപാരങ്ങള്‍ നടത്തിയ അയോയുഗത്തിന്‍റെ പില്‍ക്കാലം. ദാവൂദും സോളമനും അഗസ്റ്റ്യസും ക്ലിയോപാട്രയും ക്രിസ്തുവും രംഗത്തുവന്ന കാലഘട്ടത്തിന്‍റെ നാഗരികതയും സംസ്കാരവും. ആ സമൂഹത്തിന്‍റെ സാര്‍വദേശീയമായ കൊള്ളക്കൊടുക്കലുകള്‍. സാംസ്കാരികമായ വിനിമയങ്ങള്‍. ഗോത്രങ്ങളിലും വംശമഹിമയിലും പരമ്പരാഗതമായി ഏര്‍പ്പെട്ട തൊഴില്‍സാഹചര്യങ്ങളിലും സ്വന്തം സ്വത്വവും അര്‍ത്ഥവും കണ്ടെത്തിയ അയോയുഗത്തിന്‍റെ മുന്നോട്ടുള്ള പ്രയാണം.

ഈ തിരിച്ചറിവോടെ വേണം പട്ടണത്തെ പൗരാണികതയുടെ പുരാവസ്തു പഠനവും ആരംഭിക്കാന്‍. ട്രഞ്ചില്‍ മണ്ണരടുകളില്‍ സ്പര്‍ശിക്കുമ്പോള്‍ വിവിധങ്ങളായ കാലഘട്ടത്തിന്‍റെ സാംസ്കാരിക മണ്ണടരിലാണ് നിങ്ങള്‍ എന്ന ബോധ്യം വേണം. അങ്ങിനെ ഓരോ മണ്ണടരും അവയില്‍ നിങ്ങള്‍ക്കായി മറഞ്ഞിരിക്കുന്ന മനുഷ്യരുടെ ഉപയോഗവസ്തുക്കളുടെ പൊട്ടും പൊടിയും, മനസില്‍ പോയകാലത്തിന്‍റെ ഒരു ഭൂപടം വരയ്ക്കുന്നു. ചിറകു നഷ്ടപ്പെട്ട കളിപ്പാട്ടവും പൊട്ടിയടര്‍ന്ന പാത്രക്കഷ്ണവും ചിതറിത്തെറിച്ച മുത്തും തുരുമ്പെടുത്ത പണിയായുധവും നിങ്ങളോട് ചരിത്രം പറയുന്നു. വസ്തുക്കള്‍ ചരിത്രം കലമ്പുന്ന മണ്ണടരുകളുടെ മഹനീയതയാണ് പുരാവസ്തു ഗവേഷണം. നിങ്ങള്‍ ഉപേക്ഷിച്ചു പോയ വസ്തുക്കള്‍ നിങ്ങളെപ്പറ്റി പറയുന്ന ചരിത്രം. വീട്ടു പിന്‍മുറ്റത്തെ ചരിത്രാന്വേഷണം.

VII

അറബികള്‍, റോമക്കാര്‍, ചൈനക്കാര്‍

ക്യാമ്പോഫീസിനു മുമ്പില്‍ തന്നെ നിര്‍മിച്ച ഇത്തവണത്തെ ട്രഞ്ചിനടുത്തെത്തിയപ്പോള്‍ ക്യാമറയുടെ ചാര്‍ജ് തീര്‍ന്നതിന്‍റെ പേരില്‍ മുന്നിയുടെ സങ്കടത്തിന് അവളുടെ അച്ഛന്‍ കാരണക്കാരനായി. സാരമില്ല, ടെക്നോളജിക്കു സ്വന്തം ഭാഷയും മൗനങ്ങളുണ്ട്. ചിലയിടങ്ങളില്‍ അതിനു ജീവന്‍ വെയ്ക്കും. അതു പിടിതരാതെ മാറും. അങ്ങിനെ കണ്ടാല്‍ മതി. ഇവിടം ഫോട്ടോഗ്രഫി കൊണ്ട് മനസിലാക്കാന്‍ പറ്റിയ സ്ഥലമല്ല. തൊട്ടറിയാനുള്ള ശേഷിയും കാഴ്ചയും ചിന്തയും ഇന്‍ടിയൂഷനും ഭാവനയും കലാചരിത്രത്തെക്കുറിച്ചുള്ള അറിവും ചരിത്രജ്ഞാനവുമാണ് ഇവിടെ വേണ്ടത്. ഭൂതകാലത്തിലേക്കുള്ള ഭൂമിയുടെ വിള്ളല്‍ കാണുമ്പോള്‍ നിങ്ങളുടെ രൂപീകൃത സ്വത്വത്തിന്‍റെ സ്വരൂപങ്ങളും നിര്‍മിതികളും കൊഴിഞ്ഞുപോകുന്നു. മണ്ണടരുകളുടെ ഏതു ഘട്ടത്തിലാണ് തങ്ങളുടെ പൂര്‍വപിതാക്കള്‍ അധിവസിച്ചിരുന്നത് എന്ന അന്വേഷണം. തങ്ങളുടെ പൂര്‍വജന്മങ്ങളുടെ ഏത് ബിന്ദുവിലാണ് മണ്ണ് നീക്കം ചെയ്യപ്പെട്ടത് എന്ന ആശങ്ക. മനസിന്‍റെ അടരുകളും മസ്തിഷ്കത്തിന്‍റെ നിക്ഷേപങ്ങളും തന്നെയാണ് മണ്ണെടുക്കുന്നിലൂടെ നാം അഴിച്ചെടുക്കാനും കുഴിച്ചെടുക്കാനും ശ്രമിക്കുന്നത്. സ്വന്തം മനസിന്‍റെ തന്നെ ഉദ്ഖനനമാണിവിടെ നടക്കുന്നത്. ചരിത്രപഠനം ഒരേ നിലയില്‍ സ്വത്വത്തിന്‍റെയും നാഗരികതയുടെയും ചരിത്രം തേടലായി മാറുന്നതാണ് ഇവിടുത്തെ വിസ്മയം. പുതിയ ചരിത്രം രാഷ്ട്രീയ ലക്ഷ്യങ്ങളെയല്ല, അഭിജ്ഞാനതയുടെ വേരുകളിലാണ് പ്രവര്‍ത്തിക്കുന്നത്. പുരാവസ്തു ശാസ്ത്രത്തിന്‍റെ ഈ യോഗീ ഭാവമാണ് എന്നില്‍ താല്‍പര്യം ജനിപ്പിച്ചത്.

പുരാവസ്തുവിജ്ഞാനീയത്തില്‍ വസ്തു വചനത്തെ അട്ടിമറിക്കും 

പുരാവസ്തു ഗവേഷണം അവധാനതയും ക്ഷമയും ഏറെ ആവശ്യമുള്ള ഒരു കാത്തിരിപ്പാണെന്നും, അത് സന്യാസം തന്നെയാണെന്നും ചെറിയാന്‍ സാര്‍ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ പത്ത് സീസണ്‍ നീണ്ട പട്ടണത്തെ ഈ സന്യാസത്തെ വരിക്കാനാണ് അദ്ദേഹം എന്നെ ക്ഷണിച്ചിരുന്നത്. ആര്‍ക്കിയോളജിസ്റ്റ്, അറിവിന്‍റെയും വസ്തുതകളുടെയും ആധിക്യംകൊണ്ട് അറിഞ്ഞത് പ്രകടിപ്പിക്കാന്‍ ഭാഷയില്ലാതെ പോകുന്നതിന്‍റെയും, ഉള്ളിലുള്ള ചരിത്രബോധം കീഴ്മേല്‍ മറിഞ്ഞു പോകുന്നതിന്‍റെ സങ്കീര്‍ണ്ണതയാലും, എല്ലായ്പ്പോഴും മൗനത്തില്‍ അഭയം പ്രാപിക്കുകയാണ് പതിവെന്നു തോന്നുന്നു. ഭ്രാന്തോ മൗനമോ സമ്മാനിക്കുന്നു, ഈ അറിവുകള്‍. ഞാനാരാണ് എന്ന ചോദ്യത്തിന്‍റെ ഉത്തരം നമ്മെ മൗനത്തില്‍ എത്തിക്കുന്നതുപോലെ. അറിവിന്‍റെയും ആഖ്യാനത്തിന്‍റെയും ലോഗോസെന്‍ട്രിസം ആര്‍ക്കിയോളജിയില്‍ തകരുന്നു. ആദിമധ്യാന്തങ്ങള്‍ കൂടിക്കലരുന്നു. സംസ്കാരങ്ങളുടെയും ചരിത്രത്തിന്‍റെയും ആശയങ്ങളുടെയും ആവര്‍ത്തനത്തിനു സാക്ഷ്യം പറയേണ്ടിവരുന്നു. പുരോഗമനം ഒരു പിരിയന്‍ ഗോവണിയാണെന്നറിയുന്നു. മുന്നോട്ടുപോകുന്നത് ആവര്‍ത്തനങ്ങളുടെ ചുറ്റുഗോവണികള്‍ പിന്നിട്ടാണ്. പുരാവസ്തുശാസ്ത്രം ഇങ്ങിനെ ചരിത്രത്തിന്‍റെ നേര്‍രേഖാഖ്യാനങ്ങളെ തകിടം മറിക്കുന്നു. ഭാഷയുടെ ഞാന്‍, ഇവിടെ ദൃശ്യത്തിന്‍റെ ഞാനില്ലായ്മയില്‍ ചെന്നെത്തുന്നു. വചനം ദൃശ്യത്തിനു വഴിമാറുന്നു. ഈ അട്ടിമറിയാണ് പുരാവസ്തുശാസ്ത്രം നടത്തുന്നത്.

''ചെറിയാന്‍ സാറിന് വട്ടായത് എങ്ങിനെയാണെന്നു മനസിലായില്ലേ?''- ഞങ്ങള്‍ കളിയാക്കി പറഞ്ഞു.

എല്ലാവരോടും ട്രഞ്ചില്‍ ഇറങ്ങിനോക്കാന്‍ ഞാന്‍ പറഞ്ഞു. മുന്നി കരച്ചില്‍ മതിയാക്കി. ട്രഞ്ചിലിറങ്ങി, തലച്ചോറില്‍ ആവാഹിച്ചു വാ, ഞാന്‍ പറഞ്ഞു. അവളത് അക്ഷരം പ്രതി അനുസരിച്ചു, മസ്തിഷ്കത്തില്‍ ശ്രദ്ധയെ ആവാഹിച്ച് തന്‍റെ അര്‍ത്ഥങ്ങള്‍ കണ്ടെടുക്കാന്‍ ശ്രമിച്ചു. കുട്ടികള്‍ ഓരോരുത്തരായി ഇറങ്ങി. ഷീജയും നസീനയും ഇറങ്ങി. നസീന അവിടെനിന്ന് തന്നെ ഫോട്ടോ പിടിക്കണമെന്ന് പറഞ്ഞു. അറബികളുടെ പാരമ്പര്യത്തില്‍ വരുന്നവളാണല്ലോ. പട്ടണത്തിനുമേലുള്ള അവളുടെ അവകാശമുണര്‍ന്നതാവണം. ആദിയില്‍ അറബികളിലാണല്ലോ മണ്‍സൂണ്‍ കാറ്റിന്‍റെ രഹസ്യമുണ്ടായിരുന്നത്. അതിനാലാണ് കേരളതീരത്തിലേക്കുള്ള കപ്പലോട്ടം അവര്‍ക്ക് സുസാധ്യമായതും മുചിരിയെപ്പോലുള്ള തുറമുഖങ്ങളില്‍ വന്നെത്തിയതും. അവരാണ് കുരുമുളകിന്‍റെ മാന്ത്രികത കണ്ടെത്തിയത്. അറബി വ്യാപാരികളില്‍ നിന്നായിരുന്നു ഗ്രീക്കുകാർ ആദ്യകാലത്ത് കുരുമുളകും മറ്റ് കിഴക്കന്‍ വന ഉല്‍പന്നങ്ങളും ശേഖരിച്ചിരുന്നത്. പില്‍ക്കാലത്താണ് അറബികളില്‍ നിന്ന് മണ്‍സൂണ്‍ കാറ്റിനെക്കുറിച്ചുള്ള അറിവ് ഹിപ്പാലസ് എന്ന ഗ്രീക്കു നാവികനു ലഭിക്കുന്നത്. അതോടെയാണ് റോമിന്‍റെ വ്യാപാരക്കപ്പലുകള്‍ ഈജിപ്തിലെ ബെര്‍ണിക്കയില്‍ നിന്ന് എത്തിത്തുടങ്ങിയത്. മുചിരി പട്ടണത്തിന്‍റെ സുവര്‍ണ കാലവുമാരംഭിച്ചു. എല്ലാ ട്രഞ്ചില്‍ നിന്നും കുന്തിരക്കം കിട്ടാറുണ്ടെന്ന് ചെറിയാന്‍ സാര്‍ സാക്ഷ്യപ്പെടുത്തി. അറബികളുടെ സാന്നിധ്യം പൗരാണിക കാലം മുതല്‍ തുടരുന്ന ഒന്നാണെന്നതിന്‍റെ തെളിവുകള്‍.

ചരിത്രാതീതകാലത്തു നിന്ന് ചരിത്രകാലത്തേക്കു നീങ്ങുമ്പോൾ അതിനിടയിലെ ഒരു പരിണാമദശ കാണിക്കുന്ന സാംസ്കാരിക മണ്ണരടിനെക്കുറിച്ചു പറഞ്ഞല്ലോ. അവിടെ തെക്കന്‍ അറേബ്യന്‍ തീരവുമായും പശ്ചിമേഷ്യയുമായുള്ള പട്ടണത്തിന്‍റെ ബന്ധത്തെ സൂചിപ്പിക്കുന്ന വസ്തുവകകളാണ് കിട്ടിയത്. തുടര്‍ന്നാണ് റോമന്‍ കാലം വരുന്നത്. പട്ടണത്തെ സുപ്രധാനമായ ഒരു കണ്ടെത്തലാണ് റോമന്‍ കാലത്തിനു മുമ്പുള്ള ഈ പരിണാമ ദശ.

ട്രഞ്ചിന്‍റെ ഓരത്ത് വെച്ച് ഓരോരുത്തരും തങ്ങളുടെ അറിവിന്‍റെയും സ്വത്വത്തിന്‍റെയും ഭിന്നസന്ധികളെക്കുറിച്ച് ആരായാൻ തുടങ്ങി.

പട്ടണത്തെ ബുദ്ധ വര്‍ത്തക സാന്നിധ്യം

ഷീജ ബുദ്ധിസത്തെക്കുറിച്ചാണു ചോദിച്ചത്.

''അതെ,'' ഞാന്‍ പറഞ്ഞു. റൗളറ്റഡ് വെയര്‍ എന്ന ആകര്‍ഷണീയമായ ബ്ലാക് വെയര്‍ പാത്രക്കഷ്ണങ്ങള്‍ ഇവിടെ നിന്നും ധാരാളം കിട്ടിയിട്ടുണ്ട്. ക്വാളിറ്റിയുള്ള പാത്രങ്ങളായതിനാല്‍, മനോഹരമായ കൊത്തുപണിയാല്‍ സുന്ദരമായതിനാല്‍, അവ വിദേശത്തുനിന്നുള്ളവയായിരിക്കുമെന്നാണ് 1946-ല്‍ ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് മോര്‍ടിമര്‍ വീലര്‍, തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് അരിക്കമേഡില്‍ നടത്തിയ, ഈ ഭാഗത്തെ ആദ്യ ഉദ്ഖനനത്തിന്‍റെ കാലത്ത്, നിഗമനത്തില്‍ എത്തിയത്. എന്നാല്‍ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ നിന്ന് ധാരാളമായി കണ്ടെടുത്ത ഈ പാത്രക്കഷ്ണങ്ങള്‍ ബുദ്ധിസ്റ്റ് വര്‍ത്തക സംഘങ്ങളുടെ വന്നെത്തലിന്‍റെ സൂചനയാണെന്ന് പിന്നീട് മനസിലാക്കുകയുണ്ടായി. അപ്രകാരം പട്ടണം ബുദ്ധ വര്‍ത്തക സാന്നിധ്യം വേണ്ടുവോളം ഉണ്ടായിരുന്ന സ്ഥലമാണെന്നു മനസിലായിട്ടുണ്ട്. അഭ്യന്തര വ്യാപാരത്തിന്‍റെ വര്‍ത്തക കുത്തകകള്‍ ബുദ്ധന്മാരുടേതായിരുന്നു എന്ന് അനുമാനിക്കാം. സംഘകാലത്തെ അവസാന കൃതികളിലൊന്നായ, ബൗദ്ധജീവിതത്തെ പരാമര്‍ശിക്കുന്ന 'മണിമേഖല' ഈ ബൗദ്ധബന്ധത്തിന്‍റെ സാഹിത്യരേഖയാണ്. 'മണിമേഖല'യും 'ചിലപ്പതികാര'വും ഇളംങ്കോവടികള്‍ എഴുതിയത് ഇവിടെയടുത്തുതന്നെയുള്ള പ്രദേശമായ മതിലകത്തു വെച്ചാണെന്നാണു കരുതുന്നത്. തൃക്കണാപുരം മതിലകം. ജൈന-ബൗദ്ധ-ഹിന്ദു സംഘര്‍ഷങ്ങളുടെയും സമവായത്തിന്‍റെയും ഐകണോഗ്രഫിക് രേഖകളാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠകള്‍. പ്രാചീന അമ്മ ദൈവാരാധന കൊടുങ്ങല്ലൂരില്‍ പുനജ്ജീവനം തേടിയത് ഇവിടുത്തെ സമൃദ്ധമായ ബൗദ്ധ സാന്നിധ്യത്തെ തോല്‍പിക്കാനുള്ള നടപടിയായി വ്യാഖ്യാനമുണ്ടല്ലോ. ഇപ്രകാരം ബുദ്ധന്മാര്‍ ഒഴിഞ്ഞോ ഉപേക്ഷിച്ചോ പോയ ഒരു വിഹാരം നിന്നിടത്താണ്, മാലിക് ഇബ്നു ദീനാര്‍ എന്ന കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക മിഷണറി നിര്‍മിച്ചതെന്നു കരുതുന്ന ചേരമാന്‍ പള്ളി ഇന്ന് സ്ഥിതി ചെയ്യുന്നത് എന്നും പറയപ്പെടുന്നു. സംഘര്‍ഷഭരിതമായ ഈ നൂറ്റാണ്ടുകളിലെ ജീര്‍ണതയില്‍ സാമൂഹ്യജീവിതത്തെ പുതിയ നിലയില്‍ പടുത്തുയര്‍ത്തുകയായിരുന്നു ഇസ്ലാമിന്‍റെ വരവ് നിര്‍വഹിച്ചത്. ഇസ്ലാമിന്‍റെ ഏകത്വമെന്ന ആശയത്തോട് പ്രതികരിച്ചുകൊണ്ടാണ് ശങ്കരന്‍ ഉപനിഷത്തുകളിലെ ഏകത്വത്തിന്‍റെ ആശയത്തിന് പുതിയ ഭാഷ്യം നല്‍കിയ പ്രസ്ഥാനമാരംഭിച്ചത് എന്നും അഭിപ്രായമുണ്ട്.

അമ്മദൈവാരാധനയും ജൈനസാന്നിധ്യവും 

കേരളത്തില്‍ സജീവമായ അമ്മ ദൈവാരാധന ജൈനസാന്നിധ്യത്തിന്‍റെ തെളിവുകളാണെന്നാണ് മറ്റൊരു വാദം. ജൈന്മാരുടെ കുലദേവതയായിരുന്നുവത്രെ ചാമുണ്ഡി. ഇങ്ങനെ ബ്രാഹ്മണ-ജൈന-ബുദ്ധ മതങ്ങളുടെ ചരിത്രം തന്നെ ഇരുമ്പിന്‍റെ സംസ്കരണ വിദ്യയില്‍ വന്ന പരിണാമ ചരിത്രമായാണ് പുരാവസ്തു നിരീക്ഷകര്‍ കാണുന്നത്. ഇരുമ്പിന്‍റെ സാങ്കേതികവിദ്യ സമൂഹത്തില്‍ വ്യാപിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതിന്‍റെ ചരിത്രം. ഉത്തര-ദക്ഷിണ ഭാരതത്തിലെ  ബ്രാഹ്മണ-ബൗദ്ധ-ജൈന മതങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെയും സമവായത്തിന്‍റെയും സങ്കീര്‍ണതകളെ പുരാവസ്തുശാസ്ത്രം കാണുന്നത് ഈ വിധമാണ്. പ്രത്യയശാസ്ത്രപരമായ നിര്‍മിതികളില്‍ നിന്നല്ല, അവയെ സാധ്യമാക്കുന്ന ഭൗതികവസ്തുവില്‍ നിന്നാണ് പുരാവസ്തു പഠനം ആരംഭിക്കുന്നത്. സാംസ്കാരിക ഉപരിഘടനകളെ, സാങ്കേതികവിദ്യയുടെ അടിത്തറയില്‍ കാണുന്ന ഈ സമീപനത്തോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട് മാര്‍ക്സിസത്തിന്‍റെ അടിത്തറ-ഉപരിഘടനാ സിദ്ധാന്തം. വസ്തുക്കളും മനുഷ്യരുമായുള്ള ബന്ധമാണ് പുരാവസ്തുശാസ്ത്രം അന്വേഷിക്കുന്നത് എന്നുള്ള നിര്‍വചനം അങ്ങിനെ വരുന്നതാണ്. വസ്തുക്കളുടെ ഭൗതിക സത്യത്തില്‍ നിന്ന് ആശയത്തിലേക്കും പ്രത്യയശാസ്ത്രത്തിലേക്കും സഞ്ചരിക്കുക. 'വസ്തു സംസ്കാര പഠനം' (മെറ്റീരിയല്‍ കള്‍ച്ചര്‍ സ്റ്റഡി) എന്നത് പുരാവസ്തു വിജ്ഞാനീയത്തെ വിളിക്കുന്നത് ഈ അര്‍ത്ഥത്തിലാണ്. സംസ്കാരത്തിന്‍റെ ഭൗതികം തേടുന്ന തപസും യാത്രയുമായി പുരാവസ്തുവിജ്ഞാനം മാറുന്നതും ഈ വിധം. നമ്മുടെ സ്വത്വങ്ങളുടെ ഭൗതികാടിസ്ഥാനങ്ങള്‍. സംസ്കാരത്തിന്‍റെ വ്യാപാരാടിത്തറ. സംസ്കാരം തന്നെ വ്യാപാരമായിത്തീരുന്ന വര്‍ത്തമാനത്തില്‍, മനസിലാക്കുന്നത് രസാവഹമാണ്.

പാത്രകഷ്ണങ്ങളില്‍  നിന്ന് പഴയ ജീവിതം നെയ്തെടുക്കും വിധം 

ഞാന്‍ ഗവേഷകരോടൊപ്പം വോളണ്ടിയര്‍ ആയിരിക്കുമ്പോൾ ഒരു മീറ്റര്‍ താഴെ കുഴിച്ചുചെന്നപ്പോള്‍ ട്രഞ്ചില്‍ ഒരു കൂട്ടം മണ്‍പാത്രങ്ങള്‍ വലിച്ചെറിയപ്പെട്ട പോലെ മണ്ണില്‍ അമര്‍ന്നു കിടക്കുന്നതു കണ്ടു. അവ ഒറ്റനോട്ടത്തില്‍ തന്നെ പ്രാദേശികമായി നിര്‍മിച്ച മണ്‍പാത്രങ്ങളാണെന്നു മനസിലായിരുന്നു. ഉപയോഗിച്ച് കരി പിടിച്ചതും അലങ്കാരത്തിനുപയോഗിക്കുന്ന തരത്തിലുള്ളവയും അതിലുണ്ടായിരുന്നു. സീസണിലെ ചാകര എന്നവണ്ണം ചെറിയാനും സംഘവും വളരെ ആവേശത്തോടെ ഈ പാത്രക്കഷ്ണങ്ങള്‍ക്കു മുകളിലെ മണ്ണ് നീക്കി അവയില്‍ അവശേഷിക്കുന്ന പൊടിയും മണ്ണും പേനാക്കത്തികൊണ്ട് ചുരണ്ടിയെടുത്തും ബ്രഷ് കൊണ്ടു വൃത്തിയാക്കിയെടുത്തും പുറത്തെടുത്ത് തരംതിരിച്ചു. പേനാക്കത്തികൊണ്ട് ഗ്രൂവ് ഉണ്ടാക്കിയും കൈവിരല്‍ കൊണ്ട് അമര്‍ത്തിയുണ്ടാക്കിയതുമായ അലങ്കാരങ്ങള്‍ ചില പാത്രങ്ങളുടെ വക്കുകളില്‍ ഉണ്ടായിരുന്നു. ഇപ്രകാരം വളരെ ക്വാളിറ്റി നിഴലിച്ച പാത്രങ്ങള്‍ ഒരു സാധാരണ കുടുംബത്തിന്‍റേതല്ല എന്നുറപ്പായി. സാമാന്യം ആഭിജാത്യം പുലര്‍ത്തിയ ഒരു കുടുംബത്തിന്‍റെ വീട്ടിലെ വസ്തുവകകള്‍ ആയിരിക്കാനിടയുണ്ട് എന്നാണവ തോന്നിപ്പിച്ചത്. ആ നിലയില്‍ ആലോചനയും അന്വേഷണവും നടത്താനും ഭാവനയും കഥകളും മെനയാനും എല്ലാവരോടും ചെറിയാന്‍ ആവശ്യപ്പെട്ടു. കുഴിയെടുപ്പും ഉച്ചയൂണും കഴിഞ്ഞുള്ള പതിവുയോഗങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിച്ചു. കുടിയൊഴിഞ്ഞു പോയ ഒരു കുടുംബം ഉപേക്ഷിച്ചതായിരിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും സംഘര്‍ഷങ്ങളോ മറ്റോ അവശേഷിപ്പിച്ചതാകാം. എന്നിങ്ങനെയെല്ലാം ചര്‍ച്ചകള്‍ വന്നു.

അതേ ലോക്കസില്‍ നിന്നും കിട്ടിയ ഒരു ചൈനീസ് സെറാമിക് കഷ്ണത്തിന്‍റെ കാലഗണനയില്‍ നിന്ന് ഏകദേശം പതിനാലാം നൂറ്റാണ്ടിലെ സംഭവവികാസത്തിന്‍റെയും ജീവിതരീതിയുടെയും അവശേഷിപ്പാവാം ഈ മണ്‍പാത്രക്കൂട്ടങ്ങളെന്ന് മനസിലാക്കാനായി. ചൈനീസ് സെറാമിക്സിന്‍റെ കാലഗണന അതില്‍ സ്പെഷ്യലൈസ് ചെയ്ത, ഒരു സീസണില്‍ പട്ടണം ഗവേഷകരോടൊപ്പം പ്രവര്‍ത്തിച്ച, ചൈനീസ് ഗവേഷക വിദ്യാര്‍ഥിയോട് അന്വേഷിച്ച് ട്രഞ്ച് സൂപ്പര്‍വൈസര്‍ പി കെ വിജിമോളാണ് കണ്ടുപിടിച്ചത്. മണ്‍പാത്രങ്ങളെ അതേ ലോക്കസില്‍ നിന്നു കിട്ടിയ മറ്റൊരു വ്യത്യസ്ത ആര്‍ട് ഫാക്ടുമായി താരതമ്യം ചെയ്തു നടത്തിയ ഈ നിഗമനം എല്ലാവര്‍ക്കും ബോധ്യമായി. പതിനാലാം നൂറ്റാണ്ടില്‍ പട്ടണം പ്രദേശത്തെ ഒരു സമ്പന്ന പ്രാദേശിക കുടുംബത്തിന്‍റെ വീട്ടില്‍ ഉപയോഗിച്ചതാവണം അവയെന്ന നിഗമനത്തിലെത്തി. പ്രാദേശിക പാത്രനിര്‍മാണ വൈദഗ്ധ്യത്തിന്‍റെ അക്കാലത്തെ സമ്പന്നതയ്ക്കും സമൃദ്ധിക്കും അവ തെളിവായി. പതിനാലാം നൂറ്റാണ്ടില്‍ സജീവവും സമ്പന്നവുമായ പ്രാദേശിക ജീവിതം ഇവിടെ ഉണ്ടായിരുന്നു എന്നതിനും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

P P Shanavas

Recent Posts

Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 1 week ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 1 week ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More
Views

എന്താണ് ഡാഷ് ബോര്‍ഡ്? കേരളം ഗുജറാത്തില്‍ നിന്ന് എന്താണ് പഠിക്കുന്നത്?- ക്രിസ്റ്റിന കുരിശിങ്കല്‍

More
More