പത്മനാഭപുരത്തെ വിശേഷങ്ങള്‍- പി പി ഷാനവാസ്

X

പത്മതീര്‍ത്ഥക്കരയില്‍ 

''പത്മതീര്‍ത്ഥക്കുളത്തിനരികെ നമുക്ക് സെറ്റ് ഒരുക്കാം. രാജിയോടും മുന്നയോടും അവിടെ വരാന്‍ പറ്റുമോ എന്നു ചോദിക്കൂ.'' എന്ന എന്‍റെ ആരായലിന് 

''അങ്ങിനെയാവട്ടെ'' എന്ന് രാജേഷ് സമ്മതം മൂളി.

''ഞാനും നസീനയും കുട്ടികളും ക്ഷേത്രപരിസരം ചുറ്റിക്കറങ്ങിക്കാണാം. നീയും ഷീജയും മനോജും അവരോട് കാര്യങ്ങള്‍ സംസാരിച്ചോളൂ.'' ഈ കരാറില്‍ ഞങ്ങള്‍ പിരിഞ്ഞു.

നസീനയുടെയും കുട്ടികളുടെയും വഴികാട്ടിയായി കുതിരമാളികയും ക്ഷേത്രപരിസരവുംകടന്ന് ക്ഷേത്രവാസ്തുവിന്‍റെ വലതുഭാഗത്തുകൂടെനടന്ന് ഞങ്ങള്‍ കുളത്തിന്‍റെ വടക്കേഭാഗത്തെ നിരത്തിലെത്തി. നടന്നും കഥകള്‍ പറഞ്ഞും മാര്‍ത്താണ്ഡവര്‍മ്മയെപ്പറ്റിയുള്ള ചോദ്യങ്ങളില്‍ വഴുതിയും കുളക്കരയിലൂടെ ഞങ്ങള്‍ പത്മതീര്‍ത്ഥക്കരയിലെ ശിവക്ഷേത്രത്തിനു മുമ്പിലെത്തി, അപ്പോഴതാ മുന്ന എന്ന ഇവാന്‍ നില്‍ക്കുന്നു! പിതാവിന്‍റെ മുഖം അപ്രതീക്ഷിതമായി കണ്ട് അവന്‍ മുഖം പത്മതീര്‍ത്ഥകുളത്തിലെ നിഴലാട്ടങ്ങളിലേക്കു തിരിച്ചു. അവര്‍ ഇവിടെയാകും സെറ്റില്‍ ചെയ്യുക എന്നു വിചാരിച്ചില്ല. കുളത്തിനു കിഴക്കുവശത്തായിരുന്നു കുടുംബ കൂടിയാലോചനാ ചര്‍ച്ചകള്‍ക്കു വേദി നിശ്ചയിച്ചിരുന്നത്. അവര്‍ ശിവസാന്നിധ്യത്തില്‍ നിലകൊണ്ടു. ഞാനും മുന്നിയും അമ്മുവും തുമ്പിയും നസീനയും അവരെ സംസാരം തുടരാന്‍ അനുവദിച്ചുകൊണ്ട് പിന്നോട്ടടിച്ചു. പ്രണയവും വിവാഹവും വേര്‍പാടും സംസാരിച്ചും ന്യായീകരിച്ചും ഒഴിഞ്ഞുമാറിയും നസീനക്കൊപ്പം ഞാന്‍ കുളക്കടവില്‍ ചെലവഴിച്ചു. കുട്ടികള്‍ക്ക് ഞാന്‍ ഫോട്ടോ പിടുത്തത്തിന് ഒരു അസൈന്‍മെന്‍റ് കൊടുത്തു.

''മുന്നയുടെ പടം ഏതുവിധേനയെങ്കിലും പകര്‍ത്തിയെടുക്കുക എന്നതായിരുന്നു അത്. അച്ഛന്‍ ചീത്തപറഞ്ഞാലും, ഉണ്ടക്കണ്ണുകളെറിഞ്ഞാലും ഭയപ്പെടേണ്ട, ഏതുതന്ത്രം പ്രയോഗിച്ചും താനുദ്ദേശിച്ച പടം പിടിക്കുക എന്ന ലക്‌ഷ്യം മാത്രമേ ഫോട്ടോഗ്രാഫര്‍ക്ക് ഉണ്ടാകാവൂ. അതിനു റിസ്ക് എടുക്കണം, അച്ഛനായാലും അമ്മയായാലും ഫോട്ടോ കിട്ടിയേ മടങ്ങാവൂ.''

മുന്നിയും സംഘവും പുറപ്പെട്ടു. ഇരുട്ടില്‍ മറഞ്ഞുനിന്ന് മുന്നയുടെ ഫോട്ടോകള്‍ അവര്‍ പകര്‍ത്തി. കൂടിയാലോചന പുരോഗമിക്കുന്നത് ലോങ്ഷോട്ടില്‍ കണ്ടു. മുന്നയുടെ പൂമുഖം. അവനിപ്പോള്‍ കുളക്കടവിലിരിക്കുകയാണ്. കൊച്ചുകുട്ടിയായിക്കണ്ട കാലത്തെ അവന്‍ അതിജീവിച്ചിരിക്കുന്നു. രാജിയുടെ തോളോളം ഉയരം വെച്ചിട്ടുണ്ട്. ഇത്തിരി നാണക്കാരനാണ് എന്ന് കുട്ടികള്‍ പറഞ്ഞു. കയ്യും കലാശവും കാണിച്ച് അവനെ ഇങ്ങുകൊണ്ടുവാ.. നസീന തുമ്പിയോടു പറഞ്ഞു. ഒടുവില്‍ നസീനയും സംഘവും ചര്‍ച്ചാവേദിയുടെ അതിര്‍ത്തികള്‍ ലംഘിച്ചു അവരോടൊപ്പം ചേര്‍ന്നു. കുട്ടികള്‍ ഇപ്പോള്‍ പരസ്യമായ ഫോട്ടോസെഷന്‍ ആരംഭിച്ചിരിക്കുന്നു. പത്മതീര്‍ത്ഥകുളക്കരയിൽ ഞാന്‍ മാത്രമായി. 

ബീമാപള്ളി- മസ്താനോട് മാപ്പു പറഞ്ഞൊരു തവാഫ് 

''ഇനി നമുക്ക് ഈ ആംബിയന്‍സില്‍ നിന്നും പുറത്തുകടക്കാം. കടല്‍പ്പാലവും ബീമാപള്ളിയും സന്ദര്‍ശിക്കാം. അവിടെ നഗ്നഫക്കീറായി ചെലവഴിച്ച കാലടി മസ്താന്‍റെ ദര്‍ഗ സന്ദര്‍ശിക്കാം. രാത്രിയില്‍ ബീമാപള്ളിക്കു പ്രത്യേക ചന്തമുണ്ട്.''

ഞാനും അജിത്തും ബൈക്കിന്‍റെ ബലത്തില്‍ രാത്രിയാമങ്ങളുടെ രഹസ്യങ്ങള്‍ പങ്കുവെച്ച തീരദേശത്തുകൂടെ കാര്‍ വളഞ്ഞും ഒടിഞ്ഞും പോയി. മസ്തിഷ്കങ്ങകള്‍ക്ക് ആസ്വാസ്ഥ്യങ്ങളുടെ ചിറകുകള്‍ മുളച്ച ഏതാനും സ്ത്രീപുരുഷന്മാര്‍ ദര്‍ഗയില്‍ വിശ്രമിക്കുന്നുണ്ട്. ബീമാപള്ളി യാത്രകളില്‍ ഞാന്‍ കാലടി മസ്താന്‍റെ ദര്‍ഗയെ അധികം പരിഗണിക്കാറില്ലായിരുന്നു. അവിടുത്തെ വൃത്തിയില്ലായ്മയും മറ്റും എന്നെ അകറ്റിപ്പോന്നു. എന്നാല്‍ സഹോദരിമാരോടൊത്ത് ബീമാപള്ളിയില്‍ വന്നദിവസം അവര്‍ ഏറെ ഭക്തിയോടെ കാലടി മസ്താനെയും സന്ദര്‍ശിച്ചു. മരുമകളുടെ ഗര്‍ഭധാരണത്തിന് അവര്‍ വഴിപാടുനല്‍കി. ആ കാര്യം സാധിച്ചപ്പോഴോ എന്തോ, കാലടി മസ്താനെ അവഗണിച്ചുപോന്നത് ശരിയായില്ല എന്ന് എന്‍റെ മനസ് പറയാന്‍ തുടങ്ങിയിരുന്നു. ആത്മീയഗുരു ശ്രീ എമ്മിന്‍റെ ആത്മകഥയില്‍ അദ്ദേഹം മസ്താനെ സന്ദര്‍ശിച്ച് അദ്ദേഹത്തില്‍ നിന്ന് ചായബാക്കിയും സിഗരറ്റ് പുകയും സ്വീകരിച്ച്,  മൂന്ന് ദിവസം ആ സന്നിധിയില്‍ വിസ്മൃതനായിപ്പോയ കഥ വായിച്ചപ്പോഴാണ് മസ്താന്‍ ചില്ലറക്കാരനല്ല എന്ന ബോധ്യമുറച്ചത്. നമ്മെ വിമ്മിട്ടപ്പെടുത്തുന്നയിടങ്ങളാണ് യഥാര്‍ത്ഥത്തില്‍ ജ്ഞാനം സൂക്ഷിക്കുന്ന സ്ഥലങ്ങള്‍ എന്ന അറിവില്‍ മസ്താനോട് മാപ്പു പറഞ്ഞ് ഞാന്‍ പലവട്ടം ദര്‍ഗ തവാഫ് ചെയ്തു. വിളക്കുനാളത്തെ സാക്ഷിയാക്കി മസ്താന് സലാം പറഞ്ഞു. അളളാഹുവിനോടു പ്രാര്‍ത്ഥിച്ചു. 

സംഘത്തെ ഏതോ സൂഫി പിടികൂടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭാഷണം കേട്ട് അവര്‍ അന്തംവിട്ടു നില്‍ക്കുകയാണ്. മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും രക്ഷിതാവായ നാഥനെക്കുറിച്ചും മറ്റും എന്തെല്ലാമോ ആ ഫക്കീര്‍ അവരോടു പറയുകയാണ്. ''ദൈവത്തിന്‍റെ പ്രകാശം മുഖത്തടിക്കുമ്പോള്‍ അതു കണ്ടില്ലായെന്ന് നടിക്കരുത്'' എന്നദ്ദേഹം പറഞ്ഞത് കുട്ടികളെ ഉലച്ചുവത്രെ. മുറിയില്‍ തിരിച്ചെത്തിയിട്ടും മുന്നിയും നോറയും ആ വെളിപാടില്‍ വിമ്മിട്ടപ്പെട്ടു. എങ്ങിനെയാണ് മാര്‍ക്സിസത്തിലെ ഭൗതികതയും ദേശാഭിമാനി പത്രത്തിലെ ജോലിയും ആത്മീയാന്വേഷണങ്ങളും സന്ധിക്കുന്നത് എന്ന സംശയം നസീനയെ പിടികൂടി. ഉറങ്ങാന്‍ കിടക്കുമ്പോഴും അമ്മ അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്ന് തുമ്പി പിന്നീട് പറഞ്ഞു.

കടല്‍പ്പാലത്തില്‍  

ഇനി കടല്‍പ്പാലം കാണാം. രാത്രിയുടെ യാമങ്ങളില്‍ കടലിനുള്ളില്‍ പോയി അല്‍പം ചെലവഴിക്കാം. ശാന്തമായ കടല്‍. ഷീജ മൗനത്തിലമര്‍ന്നു. ദൂരെ വയലറ്റു നിറത്തിലുള്ള കുരിശിന്‍റെ ഇല്യുമിനേഷന്‍. ഉച്ചയ്ക്ക് സന്ദര്‍ശിച്ച കോവളവും വിഴിഞ്ഞവും ബീമാപള്ളിയും ഇവിടെനിന്നു കാണാം. അര്‍ധരാത്രിയില്‍ ഷഫീക്കിന്‍റെ പാട്ടിലും ഗിറ്റാര്‍ വായനയിലും രമിച്ചും മരിജുവാന പുകച്ചും പാതിരാവില്‍ ബീമാപള്ളി സന്ദര്‍ശിച്ചും ഞങ്ങള്‍ ആസ്വാസ്ഥ്യങ്ങള്‍ക്ക് ശമനം കണ്ടെത്തിപ്പോന്ന തീരഭൂമികളെ അവര്‍ക്കു പരിചയപ്പെടുത്തി. ബീമാപള്ളിയില്‍ വെടിവെയ്പു നടന്ന സായാഹ്നത്തില്‍ മുന്നയോടൊത്ത് അന്നവിടെ യാദൃശ്ചികമായി സന്നിഹിതനായ കാര്യവും കടല്‍പാലത്തിലെ നീല ഇരുട്ടില്‍ ഞാനവരുമായി പങ്കുവെച്ചു. അക്കാലത്ത് പട്ടാളം ക്യാമ്പ് ചെയ്ത ബീമാപള്ളി പരിസരങ്ങളില്‍ ഉറൂസിനും മറ്റുമായി അജിത്തിന്‍റെ ബൈക്കില്‍ അവധൂതരെപ്പോലെ ഞങ്ങള്‍ നടത്തിയ എക്പൊളെറേഷനെക്കുറിച്ചും വെടിപറഞ്ഞു. ഷഫീഖിന്‍റെ ഗിറ്റാര്‍ വായനയില്‍ കടല്‍പ്പാലത്തില്‍ ഞങ്ങള്‍ പാതിര പുലര്‍ത്തിയത്..അങ്ങനെയങ്ങനെ...

തിരിച്ചുപോരുമ്പോള്‍ ''ശംഖുമുംഖം വഴിയാവട്ടെ'' എന്ന് രാജേഷ്. ബീമാപള്ളിയിലെ അറിവിന്‍റെയും ന്യൂറോസിസ് ചികിത്സയുടെയും വിമ്മിട്ടങ്ങള്‍ അവിടെ തീര്‍ക്കാമെന്നായി. അവന്‍റെ സ്വത്വാഭിമാനം ഉയര്‍ന്നതിന്‍റെ ലക്ഷണങ്ങള്‍. കാനായിയെയും ശംഖുംമുഖത്തെയും കണ്ട് ആ ആംബിയന്‍സിനെ മറികടക്കാം എന്നായിരിക്കും അവന്‍ കരുതിയത്. പലതവണ സായാഹ്നങ്ങള്‍ ചെലവഴിച്ച ശംഖുംമുഖം പരിസരത്തെ കാനായിയുടെ മത്സ്യകന്യകയുടെ വലിയ ആകാരം എന്നില്‍ ഒരുതരം മടുപ്പ് സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. അതിന്‍റെ ഗാന്ധാര ശൈലിയിലെ ധാരാളിത്തം എനിക്ക് പിടിക്കാതെയായി. കാലുയര്‍ത്തി മലര്‍ന്നു കിടിക്കുന്ന പുരുഷനും യക്ഷിയും അവിടുത്തെ പുല്‍ക്കുന്നും അവര്‍ ഓടിനടന്നു കണ്ടു. ഇനിയുമുണ്ട് തീര്‍ത്ഥാടന സ്ഥലം. വെട്ടുകാടിലെ 'മാതൃദേവൂസ് ദേവാലയം.' എന്നാല്‍ ഞാന്‍ മൗനം പാലിച്ചു. തിരിച്ചെത്തുമ്പോള്‍ അരിസ്റ്റോ ജങ്ഷനിലെ വാടകമുറിയില്‍ പാമ്പിന്‍വിഷം പോലെ ബ്രാണ്ടി. അതു കഴിച്ച് അന്നത്തെ തീര്‍ത്ഥകുളയ്ക്കരയിലെ ചര്‍ച്ചകള്‍ക്ക് ഞാന്‍ വിരാമിട്ടു.

സംസാരസാഗരം താണ്ടാന്‍ കന്യാകുമാരിയിലേക്ക് 

കുടുംബത്തെക്കുറിച്ചുള്ള ആലോചനാ ദു:ഖത്തിന്‍റെ ലാഞ്ചനകള്‍ ആത്മാന്വേഷണത്തിന്‍റെ വീര്യം കുറയ്ക്കാതിരിക്കാനും, പിന്നോട്ടു മടങ്ങാതെ മുന്നോട്ടേക്കുള്ള ജീവിതാസക്തിയെ നേടാനും, കന്യാകുമാരി യാത്രയ്ക്കൊരുങ്ങാന്‍ ഞാന്‍ സംഘത്തിനോടു ശുപാര്‍ശ ചെയ്തു. തലേന്നത്തെ വിഴിഞ്ഞം ലൈറ്റ് ഹൗസ് സന്ദര്‍ശനവും കോവളത്തു ചെലവഴിച്ച ഉച്ചയും തീര്‍ത്ഥക്കുളം ചര്‍ച്ചയും സംഘത്തെ തിരിച്ചുപോകലുകളെക്കുറിച്ച് ചിന്തിപ്പിച്ചിരുന്നു. ഏതായാലും വന്നതല്ലേ, കുട്ടികളെ പരിഗണിച്ചു പോകാം. അസ്തമയമെങ്കിലും കാണാം. പത്മനാഭപുരം പാലസ് സന്ദര്‍ശിക്കാം. ശുചീന്ദ്രം ക്ഷേത്രചരിത്രത്തെ പ്രദക്ഷിണം വെയ്ക്കാം. വഴിയില്‍ തക്കല പീര്‍ മുഹമ്മദ് ഷായുടെ, ശ്രീ എംന്‍റെ ആത്മകഥയിൽ പരാമര്‍ശിച്ചിട്ടുള്ള ദര്‍ഗയിലും കയറാം. ഭാഗ്യമുണ്ടെങ്കിൽ മടക്കവഴിയിലോ മറ്റോ ശ്രീനാരയാണ ഗുരു തപസു ചെയ്ത മരുത്വാമലയിലും പിളളത്തടം ഗുഹയിലും കയറാം. എന്‍റെ പിടിവാശിക്ക് വിമ്മിട്ടത്തോടെ ആണ്‍പ്രജകള്‍ കീഴടങ്ങി. അങ്ങിനെ കന്യാകുമാരിയിലേക്ക്.

'കന്യാകുമാരിക്ഷിതിയായ് ഗോകര്‍ണ്ണാന്തമായ്

തെക്കുവടക്കു നീളെ

അന്വോന്യമംബാശിവര്‍ നീട്ടിവിട്ട

കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം..'

ഈ നിലയില്‍ കന്യാകുമാരി എന്നും കേരളീയരുടെ ഒരു ഭൂമിശാസ്ത്രാതിര്‍ത്തിയും ബോധാര്‍ത്തിയുമായിരുന്നു. കൊല്ലൂരിലെ മൂകാംബികയും പാലക്കാട്ടെ ഹേമാംബികയും കന്യാകുമാരിയിലെ കന്യാകുമാരി ദേവിയും കൊടുങ്ങല്ലൂരിലെ ഭദ്രകാളിയും അതിര്‍ത്തി നിര്‍ണയിക്കുന്നതാണ് കേരളത്തിന്‍റെ ഭൂമിശാസ്ത്രം. അമ്മദൈവാരാധനയുടെ നാട്. ജൈനന്മാരുടെ അകം. ഇന്ത്യയിലെ പൗരാണികമായ നൂറ്റെട്ടു ദുര്‍ഗാലയങ്ങളില്‍ (അതോ പരശുരാമന്‍ കേരളത്തില്‍ പ്രതിഷ്ഠിച്ച നൂറ്റെട്ടു ദുര്‍ഗാലയങ്ങളോ) ഒന്നാണ് കന്യാകുമാരി ദേവീസന്നിധി. പുരാണിക് ഹിന്ദുവിസത്തില്‍ ഏറെ പ്രാധാന്യമുള്ള ഇടം. വിവേകാനന്ദസ്വാമികള്‍ മൂന്നു ദിവസം ധ്യാനനിരതനായി നിലകൊണ്ട വിവേകാനന്ദപാറയും പ്രസിദ്ധം. ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും സംഗമിക്കുന്ന ത്രിവേണി. ഇവിടെ നിന്നാണല്ലോ ശ്രീ എം തന്‍റെ പ്രത്യാശയുടെ പദയാത്ര തുടങ്ങിയത്. ഗുരു നടന്ന വഴികള്‍. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ഈ അതിര്‍ത്തികള്‍ നിരവധി രാജസ്ഥാനങ്ങളാലും യോഗീപരമ്പരകളാലും സൂഫിജീവിതങ്ങളാലും വിലപ്പെട്ടതാണ്. കരമനയാറും അരുവിക്കരയും, രാജാക്കന്മാര്‍ക്ക് വസ്ത്രം നെയ്യാന്‍ നെയ്ത്തുകാര്‍ പാര്‍ത്തിരുന്ന ബാലരാമപുരവും പിന്നിട്ട് അതിര്‍ത്തികള്‍ കടന്ന് തക്കലയിലെത്തി. പീര്‍ മുഹമ്മദ് ഷായുടെ ദര്‍ഗയില്‍ കയറണം, ഞാന്‍ പറഞ്ഞു. അത് ശ്രീ എമ്മിന്‍റെ ഓര്‍മയാണ്. തലേന്നത്തെ ബ്രാണ്ടിയുടെ ലഹരി കൂടിയായപ്പോള്‍ ദര്‍ഗാസന്ദര്‍ശനം തലയില്‍ പൂവിരിയിച്ചു. ദര്‍ഗ തവാഫ് നടത്തിയും അവിടുത്തെ നിലവിളക്കില്‍ തീ പകര്‍ന്നും പ്രണാമം അര്‍പ്പിച്ചു. നട്ടുച്ചയില്‍ സ്വര്‍ണവെളിച്ചത്തില്‍ അവ വിളങ്ങി. എനിക്ക് ഉച്ചിയില്‍ നക്ഷത്രങ്ങള്‍ വിരിഞ്ഞു. 

XI 

വാസ്തുവിസ്മയത്തിന്‍റെ മരക്കൊട്ടാരം

ഇനി പത്മനാഭപുരം പാലസ്. തിരുവിതാംകൂര്‍ രാജക്കന്മാരുടെ തലസ്ഥാനമായിരുന്നു താമ്രപര്‍ണിക്കരയിലെ ആ കൊട്ടാരം. ഏഷ്യയിലെ ഏറ്റവും വലിയ മരക്കൊട്ടാരമായ അത് ദാരുവാസ്തുവിദ്യയുടെ കിടയറ്റ ഉദാഹരണമാണ്. കുറ്റമറ്റ പണിയുടെയും ആകാരകൃത്യയുടെയും സൗന്ദര്യത്തിടമ്പ്. കാറ്റും വെളിച്ചവും ക്രമീകരിച്ച് സമശീതോഷ്ണത നിറയ്ക്കാനുള്ള വാസ്തുരഹസ്യങ്ങള്‍ പ്രയോഗിച്ച എടുപ്പുകള്‍. ഓരോ ഇടവും ഞങ്ങള്‍ വിശദമായി കണ്ടു. പ്രാദേശിക വാസ്തുവിദ്യയുടെ സമ്പന്നതയും സമൃദ്ധിയും ആരെയും അത്ഭുതപ്പെടുത്തും. മാര്‍ത്താണ്ഡവര്‍മ നാടുവാണിരുന്നത് ഇവിടെ കേന്ദ്രീകരിച്ചായിരുന്നു. ധര്‍മരാജാവായിരുന്നു ഇവിടെ അവസാനം വസിച്ചത്. എട്ടുവീട്ടില്‍ പിള്ളമാരെ തോല്‍പിച്ച് തിരുവിതാംകൂര്‍ കീഴടക്കിയതിനുശേഷമാണ് തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലെ പത്മനാഭപുരം ക്ഷേത്രം പണികഴിപ്പിച്ചത്. പുലയ സമുദായത്തില്‍ പെട്ട ഒരു സ്ത്രീയുടെ ഭൂമിയായിരുന്നുവത്രെ പത്മനാസ്വാമി ക്ഷേത്രം ഇരുന്നിടം. അതുമായി ബന്ധപ്പെട്ട ഒരു കേസ് അടുത്തകാലം വരെ പത്മനാഭപുരത്തെ കോടതിയില്‍ നടന്നിരുന്നുവത്രെ. പത്മനാഭസ്വാമിയെ പ്രതിഷ്ഠിച്ചതാകട്ടെ നേപ്പാളിലെ ഗണ്ഡകീ നദിയിലെ സാളഗ്രാമങ്ങള്‍ ആനപ്പുറത്ത് കൊണ്ടുവന്നിട്ടാണത്രെ. അവിടുത്തെ ശില്‍പികളാണ് വിഗ്രഹം പണിതത്. അതിനാല്‍ പത്മനാഭസ്വാമിയുടെ മുഖരൂപത്തിന് ഒരു ബുദ്ധന്‍റെ ഭാവമുണ്ടെന്ന് പറയപ്പെടുന്നു. ശയനബുദ്ധനെയാണ് പത്മനാഭസ്വാമി ഓര്‍മിപ്പിക്കുക. ക്ഷേത്രം പണിതതിനുശേഷം രാജാവിന്‍റെ ആസ്ഥാനം പത്മനാഭസ്വാമി ക്ഷേത്രത്തിനരികെ നവരാത്രി മണ്ഡപം നിലകൊള്ളുന്ന കുതിരമാളികയിലേക്കു മാറ്റി. അതുകഴിഞ്ഞാണ് തിരുവനന്തപുരത്തെ മറ്റു കൊട്ടാരങ്ങള്‍ പണിതത്. ഒടുവിലാണ് ശ്രീചിത്തിര തിരുനാളും മറ്റും പാര്‍ത്ത കവടിയാര്‍ കൊട്ടാരം. അതിനടുത്താണ് എന്നെ പിരിഞ്ഞ് രാജിയും മുന്നയും ഇപ്പോള്‍ താമസം.

കുട്ടികള്‍ക്കും വലിയവര്‍ക്കുമായി ഞാന്‍ ഗൈഡ് ആയി. നൃത്തമണ്ഡപം കരിങ്കല്ലില്‍ പണിതതാണ്. ഓരോന്നും നമുക്ക് വിശദമായി കാണാം. മുന്നിയുടെ ഫോട്ടോഷൂട്ടും ആരംഭിക്കാം. തലേന്നത്തെ മ്ലാനതകളില്‍ നിന്ന് കൊട്ടാരക്കെട്ടിലെ ചാരുതകള്‍ സംഘത്തെ ഉണര്‍ത്തി. പതുക്കെ സംഘാംങ്ങളുടെ സൗന്ദര്യബോധവും സാംസ്കാരികാഭിനിവേശവും ഉണര്‍ന്നു. മിച്ചോല്‍പന്നം തീര്‍ക്കുന്ന സാംസ്കാരിക ജീവിതത്തിന്‍റെ സമ്പന്നതയെപ്പറ്റി ഞങ്ങളുടെ മാര്‍ക്സിയന്‍ മനസ് ചര്‍ച്ച ചെയ്തു. ഇവിടെ രാഷ്ട്രീയമല്ല, സൗന്ദര്യശാസ്ത്രമാണ് പ്രവര്‍ത്തനക്ഷമമാകേണ്ടത് എന്നു ഞാന്‍ താക്കീതു ചെയ്തു. അതെ, മിച്ചമൂല്യങ്ങളാണ് സംസ്കാരിക പ്രകാരങ്ങളെ സൃഷ്ടിക്കുന്നത്. അത് സാധ്യമാകുന്നതോ മിച്ചമൂല്യം കൈവശപ്പെടുത്തുന്നവരുടെ അങ്കണങ്ങളിലും. അപ്പോള്‍ അതിനര്‍ത്ഥം ഈ സാംസ്കാരിക സൗന്ദര്യവും സമ്പന്നതയും കൊട്ടാരാധിപര്‍ക്ക് അവകാശപ്പെട്ടതാണ് എന്നല്ല, അവ ഇന്ന് ചരിത്രത്തിന്‍റെ പൊതുസ്വത്താണ്. പണിയെടുക്കുന്ന മനുഷ്യര്‍ സാധ്യമാക്കിയ മിച്ചമൂല്യത്തിന്‍റെ ഉപോല്‍പന്നമാണ്. ആ നിലയിലാണ്, രാജാക്കന്മാരുടെ ദണ്ഡന ഭരണത്തിനോടുള്ള രാഷ്ട്രീയ എതിര്‍പ്പിനെ അതിജീവിച്ചുകൊണ്ടാണ് ഫ്യൂഡല്‍ കാലം സംഭാവന ചെയ്ത സംസ്കാരത്തെയും കലയെയും നാം കാണേണ്ടത്. നമ്മുടെ അമ്പലവാസി കലകളോടും ഈ സമീപനം തന്നെയാണു വേണ്ടത്. ഒരു ഫ്യൂഡല്‍ കാലത്തിന്‍റെ ചൂഷണോന്മുഖതയുടെ സ്പേസില്‍ വികസിച്ചുവന്നതാണെങ്കിലും അത് സമൂഹത്തിന്‍റെയും അധ്വാനിക്കുന്ന വര്‍ഗത്തിന്‍റെയാകെയും പൊതുസ്വത്താണ്. അധ്വാനം അവസാനിക്കുന്നിടത്തേ സ്വാതന്ത്ര്യം ആരംഭിക്കുന്നുള്ളൂ എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ടല്ലോ. അധ്വാനത്തിന്‍റെ മിച്ചമൂല്യം സൃഷ്ടിക്കുന്ന ഒഴിവുവേളയാണ് മനുഷ്യന്‍റെ സര്‍ഗാത്മകതയുടെ ഇടം. ആ ഒഴിവുവേള സ്വന്തമാക്കുക എന്നതാണ് മനുഷ്യവിമോചന സ്വപ്നങ്ങളുടെ അര്‍ത്ഥം. ചിക്കാഗോയിലെ മെയ്ദിന സമരം അത്തരം ഒഴിവുവേളകള്‍ക്കായുള്ള ആധുനിക കാലത്തെ സമരം എന്ന നിലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി മാര്‍ക്സ് വിലയിരുത്തിയിരുന്നു. മുഴുവന്‍ സമയ അടിമപ്പണി എട്ടുമണിക്കൂര്‍ അധ്വാനസമയമായി കുറയ്ക്കുക. അധ്വാനസമയം കുറച്ചുകുറച്ചുകൊണ്ടുവന്ന് വിശ്രാന്തിയുടെയും വിനോദത്തിന്‍റെ സര്‍ഗാത്മക ജീവിതത്തിന് കൂടുതല്‍ കൂടുതല്‍ സമയം നേടിയെടുക്കുക. ഒടുവില്‍ അധ്വാനം അവസാനിക്കുന്നിടത്ത് മാനവരാശിയുടെ സ്വാതന്ത്ര്യത്തിന്‍റെ ചരിത്രം ആരംഭിക്കുന്നു. ഇതായിരുന്നു മാര്‍ക്സിന്‍റെ സോഷ്യലിസത്തെപ്പറ്റിയും കമ്യൂണിസത്തെയും പറ്റിയുള്ള സ്വപ്നം.

അധ്വാനത്തില്‍ നിന്നുള്ള മോചനവും മോക്ഷസങ്കല്‍പവും 

ഒഴിവുവേളകള്‍ സ്വന്തമാക്കുക വഴി സൗന്ദര്യത്തിന്‍റെയും കലയുടെയും ഉള്ളറകള്‍ തുറക്കുന്നു. സൃഷ്ടിയുടെയും സൃഷ്ടാവിന്‍റെയും രഹസ്യങ്ങള്‍ നാമറിയാന്‍ തുടങ്ങുന്നു. മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നത് എന്ന ക്രിസ്തുവചനത്തിന്‍റെ അര്‍ത്ഥത്തിലെത്തുന്നു. അധ്വാനത്തില്‍ നിന്നുള്ള മോചനം എന്ന മാര്‍ക്സിന്‍റെ ഉപാദാനം മോക്ഷത്തെക്കുറിച്ചുള്ള ആത്മീയ സങ്കല്‍പനവുമായി ചേര്‍ന്നുപോകുന്നു. മാര്‍ക്സ് സാമൂഹിക മോക്ഷത്തിന്‍റെ നിമിഷങ്ങളെ ബോധിസ്വത്വനായി അന്വേഷിച്ചു. തന്‍റെ അനുയായികളുടെ മോചനത്തെക്കുറിച്ച് ശവകുടീരത്തില്‍ പോലും അസ്വസ്ഥനാകുന്ന തിരുനബിയുടെ അശാന്തിയെ വരിച്ചു. മോക്ഷപ്രാപ്തി വൈയക്തികമാണെങ്കിലും തന്‍റെ സഹജീവികള്‍ക്കു കൂടി താന്‍ അറിഞ്ഞതിനെയും ആര്‍ജിച്ചതിനെയും എത്തിച്ചുകൊടുക്കാനുള്ള വ്യഗ്രത, ബോധിസ്വത്വനെയും പ്രവാചകന്മാരെയും സാമൂഹ്യമോക്ഷത്തെയും സഹജീവികളുടെ വിമോചനത്തെപ്പറിയും ചിന്തിപ്പിക്കുകയും വ്യാകുലപ്പെടുത്തുകയും ചെയ്തു. അന്യവല്‍കൃതമായ അധ്വാനത്തിന്‍റെ അന്ത്യത്തിൽ നിന്നാണ് മനുഷ്യരാശിയുടെ യഥാര്‍ത്ഥ ചരിത്രം ആരംഭിക്കുന്നത് എന്നത്  മാര്‍ക്സിസത്തിന്‍റെ മോക്ഷശാസ്ത്രം.

ഏകാന്ത മണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ അവിടം കൊട്ടാരത്തിന്‍റെ പൂമുഖമായിരുന്നുവെന്ന് കാവല്‍ക്കാര്‍ വിശദീകരിച്ചുതന്നു. പിന്നെ ദുര്‍ഗാപൂജ നടന്നിരുന്ന തായ്കൊട്ടാരം. ഈ തായ്കൊട്ടാരമാണ് ആദ്യം പണികഴിപ്പിച്ചത്. ഇതിനെ ആസ്പദിച്ചാണ് മറ്റു നിര്‍മിതികള്‍ ഉണ്ടാക്കിയത്. തായ്കൊട്ടാരത്തിന്‍റെ മച്ചില്‍ മുഴുവന്‍ മനോഹരമായ ദാരുനിര്‍മിതമായ പൂക്കളുടെ കൊച്ചറകള്‍. അതിലൊന്നുമാത്രം മൂന്നുതട്ടില്‍ ബ്രഹ്മാവിനെയും വിഷ്ണുവിനെയും ശിവനെയും കുടിയിരുത്തിയിട്ടുണ്ടെന്ന് വിശദാംശങ്ങള്‍. മനോഹരമായ വാര്‍ണീഷില്‍ ഇപ്പോള്‍ പണിതു മിനുസപ്പെടുത്തിയപോലെ മരത്തിലെ കരവിരുതുകള്‍. കൊട്ടാരക്കെട്ടുകള്‍ വേര്‍തിരിക്കുന്ന സ്പേസുകളില്‍ സൂര്യപ്രകാശം ശാലീന സുന്ദരമായ രാജികള്‍ വീശി. ഏകാന്തമണ്ഡപം കഴിഞ്ഞുള്ള നടുമുറ്റത്തെ സ്ഥലക്രമീകരണത്തിലെ ശാന്തിയും സുഭഗതയും ഏറ്റ് ഞങ്ങള്‍ സ്വയം മറന്നു. രണ്ടുനിലകളില്‍ ഊട്ടുപുരയും അതുകഴിഞ്ഞിറങ്ങുന്ന കൊട്ടാരമുറ്റത്തെ മരങ്ങളുടെ തണലുകള്‍ വീണുമയങ്ങുന്ന ഷെയ്ഡുകളും. മുകളിലേക്കു കയറുവാനുള്ള ഗോവണി വാതിലില്‍ നിന്ന് മനോജും നസീനയും തങ്ങളുടെ പ്രണയപൂര്‍വകാലത്തിലേക്കു ചെരിഞ്ഞ് പടംപിടിച്ചു.

പത്മനാഭപുരത്തെ ചിത്രമെഴുത്തും വാസ്തുശൈലികളും 

കയറിച്ചെല്ലുന്ന ഹാളില്‍ കൃഷ്ണലീലകളുടെ തഞ്ചാവൂര്‍ മിനിയേച്ചറുകള്‍. അന്ത:പുരത്തിലെ സ്ത്രീകളുടെ ശേഖരമാണത്രെ അത്. കലയോടുള്ള മലയാളിയുടെ പ്രഖ്യാതമായ അവജ്ഞ നിഴലിക്കുന്നവിധം, വെളിച്ചം കുറഞ്ഞ ആ ഹാളില്‍ കൃഷ്ണലീലകള്‍ നിറം കെട്ടുകിടന്നു. ഗോപികമാരോടൊത്തും രാധയുമായി പ്രത്യേകമായും വിഹരിക്കുന്ന ഭഗവാന്‍റെ ലീലകള്‍. ബാലഗോപാലനെ താലലോലിക്കുന്ന യശോദയുടെ വാത്സല്യം. പഹാഡി, മുഗള്‍ മിനിയേച്ചറുകളോട് സമാന്തരം തീര്‍ക്കുന്ന തഞ്ചാവൂര്‍ ശൈലിയിലുള്ള ഈ ചിത്രങ്ങള്‍ ആരെഴുതിയതാണെന്നോ എപ്പോഴുള്ളതാണെന്നോ ഒന്നും വിവരം നല്‍കാനുള്ള ശേഷി ഗൈഡുകള്‍ക്കില്ല എന്നു തോന്നി, അതോ നാം ചോദിക്കാത്തതുകൊണ്ടാണോ? നസീന തന്‍റെ പൂര്‍വജന്മത്തിലെ രാജ്ഞിത്വത്തെ ഓര്‍മിച്ചോ എന്തോ  ജാലകപ്പടിയില്‍ മുന്നിയുടെ ക്യാമറക്കായി പോസ് ചെയ്തു. മനോജിന് തന്‍റെ ചിത്രമെഴുത്തനുഭവത്തിന്‍റെ രസങ്ങളെ ഓര്‍മയില്‍ പുന:സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് ഓയില്‍ കാന്‍വാസിൽ വിശദമാക്കുന്ന തിരുവിതാംകൂര്‍ രാജവംശ ചരിത്രം. മനോഹരമായ പോട്രേറ്റുകളില്‍ രാജപദവി അലങ്കരിച്ചവരുടെ പടങ്ങള്‍. തിരുവിതാംകൂര്‍ കടന്നുപോയ രാജഭരണത്തിന്‍റെ പ്രതാപകാലത്തെ സംഭവവികാസങ്ങളുടെ ചിത്രീകരണം. രാജഭരണപരിധി വിപുലീകരിച്ച് നാട്ടുരാജ്യങ്ങള്‍ രാജാവിനു കീഴടങ്ങുന്നതിന്‍റെ മുഹൂര്‍ത്തങ്ങള്‍. ചില പെയിന്‍റിങ്ങുകള്‍ ശൈലിയില്‍ ജപ്പാനീസ് ആണെന്നു തോന്നുന്നതായി മനോജ് പറഞ്ഞു. മനോജിന് കുറേകൂടി സമയം അനുവദിച്ച് ഞങ്ങള്‍ അവിടെ ചുറ്റിക്കറങ്ങി. ഹാളിലെ വെളിച്ചത്തിന്‍റെ കുറവ് ആ ചിത്രങ്ങളില്‍ നിന്നുള്ള നിറങ്ങളുടെ ഷെയ്ഡുകളെ മങ്ങലേല്‍പ്പിച്ചു.

വാസ്തുശില്‍പത്തിന്‍റെ മറ്റൊരു ശൈലീമുഖം. കൊട്ടാരത്തില്‍ വിരുന്നുവരുന്ന വിദേശികള്‍ക്ക് പാര്‍ക്കാന്‍ നിര്‍മിച്ച ഭാഗം. വിശാലവും നീണ്ടു വിശ്രമിക്കുന്നതുമായ മാളികപ്പുറത്തെ കോലായ. അവിടെനിന്ന് പുറത്തേക്കുനോക്കിയാല്‍ സഹ്യന്‍റെ പച്ചപ്പുകള്‍ നിറഞ്ഞ പ്രകൃതിയെ അനുഭവിക്കാം. മരുത്വാമലയും വെള്ളിമലയുമെല്ലാം നിലകൊള്ളുന്ന സഹ്യപര്‍വതനിരകളുടെ പശ്ചാത്തലമാണ് കൊട്ടാരം വാസ്തുവിനുള്ളത്. പ്രകൃതിയുമായി സമഞ്ജസപ്പെടുന്ന ഇത്തരമൊരു നിര്‍മിതി ഇന്ത്യയില്‍ തന്നെ കാണില്ല. അത്രയും മനോഹരവും ക്ലിപ്തവും കൊത്തുപണികളുടെ ചാരുതയാല്‍ സൂക്ഷ്മവും സ്വകാര്യവും ലാളിത്യത്തിന്‍റെ കേരളീയതയും തുടിച്ചുനില്‍ക്കുന്ന കൊട്ടാരക്കെട്ട് മരപ്പണിയിലെ നിത്യവിസ്മയമാണ്. രാജാവും രാജ്ഞിയും സൈന്യവും പുരോഹിതനും എവിടെ ഉറങ്ങണം, എവിടെ ഉണ്ണണം, എങ്ങിനെ വസിക്കണം, എങ്ങിനെ പകല്‍ കഴിക്കണം, രാത്രിവാസമെങ്ങിനെ, രതിയില്‍ ഏര്‍പ്പെടേണ്ടതെവിടെ, കുളിക്കുന്നത്, വിശ്രമിക്കുന്നത്, കലാസ്വാദനത്തിന്‍റെ നിമിഷങ്ങള്‍ എല്ലാം നിശ്ചയിക്കുന്നത് തച്ചുശാസ്ത്രകാരനാണ്, അയാളിലാണ് അറിവിന്‍റെ രഹസ്യമാകെ കുടികൊള്ളുന്നത് എന്ന എന്‍റെ വാചകമടികേട്ട് അവര്‍ക്ക് ചിരിപൊട്ടിക്കാണും. ഞാന്‍ എപ്പോഴും പറയാറുള്ള ഒരു വാദഗതിയായിരുന്നു അത്. കൃഷിയിലെ അറിവും കൈവേലയിലെ അറിവും ചേര്‍ന്നതാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍. കാര്‍ഷികവൃത്തി ബ്രാഹ്മണാദി സമൂഹങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍, കൈത്തൊഴില്‍കാരുടെ ഭാഗധേയം കൂടുതല്‍ സങ്കീര്‍ണമായ ഗില്‍ഡു സമ്പ്രദായത്തിലായിരുന്നു. ജ്ഞാനത്തിന്‍റെ മറ്റൊരു പാരമ്പര്യംവഴി കൈത്തൊഴിലുകാര്‍ ജനജീവിത നിയാമകങ്ങളെ നിശ്ചയിക്കുന്നു. ബ്രാഹ്മണാധിപത്യം ഇപ്രകാരം അറിവിനെ രാഷ്ട്രീയമായി സ്വാംശീകരിക്കുക വഴി അതു കൈവശമുണ്ടായിരുന്ന ജനതയെയും അധീനതയിലാക്കി. അറിവിനപ്പുറം അധികാരം പ്രവര്‍ത്തിക്കുന്നരീതി ഇന്ത്യയെപ്പോലെ സങ്കീര്‍ണമായി പ്രയോഗിച്ച മറ്റൊരു നാടുണ്ടാകുമോ? അധീനപ്പെടുത്തലിന്‍റെ ഈ കഥയുടെ ശീലിന് പത്മനാഭപുരം കൊട്ടാരവും സാക്ഷിയാണ്.

കാട് വീടായാല്‍ ആശാരി കഴുമരത്തില്‍ 

തെക്കേകൊട്ടാരം. രാഞ്ജിമാരുടെ ഈറ്റില്ലമായിരുന്നു. ഇത് വേറിട്ട നിര്‍മിതിയാണ്. കൊട്ടാരക്കെട്ടുകളില്‍ നിന്ന് മാറിയാണ് കുളക്കരയിലെ ഈ എടുപ്പ്. കേരളാ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കാര്‍മികത്വത്തില്‍ മിനേഷ് ഇവിടെവന്ന് ഇതിന്‍റെ സ്കെച്ച് ചെയ്യാനുള്ള അളവുകള്‍ എടുക്കുമ്പോള്‍ അവന്‍ എന്നെയും കൂട്ടിയിരുന്നു. ബിജുവും ഞാനും മിനേഷും ഒരു ദിവസം മുഴുവന്‍ ചെലവഴിച്ച് രാജകുമാരന്മാരും രാജകുമാരിമാരും ജനിച്ചുവീണ ഈറ്റില്ലത്തിന്‍റെ രഹസ്യക്കണക്കുകള്‍ കണ്ടെത്തി. നെല്ലിട വ്യത്യാസത്തില്‍ പണിത രണ്ടു കെട്ടുകള്‍. ഒന്ന് കുളക്കടവിലെ നിര്‍മിതി. മറ്റൊന്ന് പൂര്‍ണാര്‍ത്ഥത്തിലുള്ള ഈറ്റില്ലം. അതില്‍ തൊട്ടിലും വിശ്രമസങ്കേതവും എല്ലാമുണ്ട്. തെക്കേകൊട്ടാരം എന്നറിയപ്പെടുന്ന ഈ നിര്‍മ്മിതി മുഖ്യകൊട്ടാരം പണിതശേഷം നിര്‍മിച്ചതാണത്രെ. കൊട്ടാരനിര്‍മാണം പൂര്‍ത്തിയായശേഷം അതിന്‍റെ വാസ്തുശില്‍പകാരനായ ആശാരിമൂപ്പന്‍ തനിക്കു പാര്‍ക്കാന്‍ ഒരു വീട് നിര്‍മിച്ചു. അതിന്‍റെ കുടിപാര്‍ക്കലിന് രാജാവിനെയും ക്ഷണിച്ചു. പ്രതിനിധി എന്ന നിലയില്‍ രാജാവ് തന്‍റെ അനുചരില്‍ ഒരാളെ അയച്ചു.

വീടുകൂടല്‍ കഴിഞ്ഞ് തിരിച്ചെത്തിയ സേവകന്‍ പറഞ്ഞു,

''അങ്ങുന്നേ, താങ്കളുടെ ഈ കൊട്ടാരക്കെട്ടുകളുടെ മനോഹാരിതയെ വെല്ലുന്ന അളവും കൃത്യതയും ഒതുക്കവും ലാളിത്യവും തനിമയും പുലര്‍ത്തുന്നതാണ് ആശാരിമൂപ്പന്‍റെ സ്വന്തം വീട്. അതിനുമുമ്പില്‍ കൊട്ടാരത്തിന്‍റെ ശില്‍പവൈദഗ്ധ്യം ഒന്നുമല്ല!''

ഇതുകേട്ട് കുപിതനായി രാജാവ് ഭടന്മാരെ അയച്ച് ആശാരിമൂപ്പനെ കൊന്നുവെന്നും അയാളുടെ വീടിന്‍റെ കൂട്ടഴിച്ച് കൊണ്ടുവന്ന് തെക്കേകൊട്ടാരം പണിത്, അത് ഈറ്റില്ലമാക്കിയെന്നും കഥ. താജ്മഹലിന്‍റെ ശില്‍പിയെ കൈവെട്ടിയ ഷാജഹാന്‍റെ ഔദ്ധത്യം തന്നെ. ചരിത്രം ശീലുകളില്‍ ആവര്‍ത്തിക്കുന്നു.

ഈ കൊട്ടാരത്തിലെ മരംകൊണ്ടുള്ള കരവിരുതുകൾ മാര്‍ബിള്‍ കലാവിരുതിനെ അതിശയിപ്പിക്കുന്നതുതന്നെ. രാജസദസ് കൂടിയിരുന്ന മാളികനിലയിലെ പൂമുഖത്ത് ഇപ്പോഴും നീതിന്യായത്തിന്‍റെയും രാഷ്ട്രീയാലോചനയുടെയും പടപ്പുറപ്പാടിന്‍റെയും പ്രതിരോധതന്ത്രങ്ങളുടെയും കൂടിയാലോചനാന്തരീക്ഷം നിലനില്‍ക്കുന്നു. അവിടുത്തെ വാസ്തുശില്‍പത്തില്‍ വര്‍ണ്ണക്കല്ലുകള്‍ ഉപയോഗിച്ചതിനെപ്പറ്റി ഗൈഡ് പറഞ്ഞുതന്നു. ഈ പൂമുഖത്തിന് നേരെ സമാന്തരമായി കൊട്ടാരത്തിന്‍റെ പിന്‍ഭാഗത്ത് മധ്യത്തിലാണ് ആനയുടെ നെറ്റിപ്പട്ടത്തിന്‍റെ രൂപത്തില്‍ പണിത ജാലകക്കൂട് നിര്‍മിച്ചിരിക്കുന്നത്. രാജാവിന് പ്രജകളുമായി കൂടിക്കാഴ്ചയ്ക്കുള്ള സ്ഥലമായിരുന്നു അവിടം. ഈ ജാലകപ്പടിയിലിരുന്നാണ് കൊട്ടാരത്തിന്‍റെ പിന്‍മുറ്റത്ത് വരുന്ന ജനങ്ങളുടെ ആവലാതികള്‍ കേട്ടിരുന്നതും രാജാവ് പ്രജകള്‍ക്ക് ദര്‍ശനം നല്‍കിയിരുന്നതും. അതുപോലെ ഉത്സവകാലത്ത് അന്ത:പുരസ്ത്രീകൾ വരവുപോക്കുകള്‍ കാണാന്‍ വന്നിരുന്നതും ഇവിടെയാണ്. താഴെ നൃത്തമണ്ഡപം കാഴ്ചയില്‍ തെളിയുന്ന കിളിവാതിലുകള്‍ നിറഞ്ഞ മാളികയിലെ ഇടം, സ്ത്രീകള്‍ക്ക് മണ്ഡപത്തിലെ കച്ചേരികള്‍ ആസ്വദിക്കാന്‍ പാകത്തില്‍ ഉണ്ടാക്കിയതാണത്രെ.

പത്മനാഭപുരത്തെ ബ്രിട്ടീഷ്-ഫ്രഞ്ച് വാസ്തുശൈലി 

വിദേശികളുടെ താമസത്തിനുണ്ടായ കൂറ്റന്‍ എടുപ്പ് തികച്ചും വൈദേശിക ശൈലിയിലാണ്. ബ്രിട്ടീഷ്-ഫ്രഞ്ച് വാസ്തുശില്‍പത്തിന്‍റെ സമന്വയമോ സന്ധിയോ എന്നു തോന്നിപ്പിക്കുംവിധം തൂണുകളും വിശാലമായ വാതില്‍പ്പടികളും വരാന്തകളും കടന്ന് തെക്കേകൊട്ടാരത്തിലേക്കുള്ള വഴിയില്‍. തെക്കേകൊട്ടാരം കണ്ടുകഴിഞ്ഞ് കുളക്കടവുകളും കുളിസ്ഥലങ്ങളും.. മടങ്ങുമ്പോള്‍ നൃത്തമണ്ഡപം. നൃത്തമണ്ഡപത്തിന്‍റെ പ്രത്യേകതകള്‍ എഴുതിയ ബോര്‍ഡിലെ വിശേഷങ്ങള്‍ ഞങ്ങള്‍ വായിച്ചു: അനുപമമായ സൗന്ദര്യവും അതുല്യമായ കരവിരുതും അസാധാരണമായ ഭാവനാവിലാസവും അനിതരസാധാരണമായ ശില്‍പവൈദഗ്ധ്യവുംകൊണ്ട് വിശ്വോത്തരമായ ഈ കല്‍മണ്ഡപം 'അഭിരാമമാണ്'. വാസ്തുശില്‍പത്തിന്‍റെ പ്രൗഢിയെ പ്രകാശിപ്പിക്കാന്‍ തെരഞ്ഞെടുത്ത വാക്കുകളും അവയുടെ പ്രാസവും ഞാന്‍ അമ്മുവിന് കാണിച്ചുകൊടുത്തു. പട്ടണത്തുവെച്ച് സന്ദര്‍ശന ഡയറിയില്‍ അവളോട് എഴുതാന്‍ പറഞ്ഞപ്പോള്‍, അതിന് ഇത്തിരി സമയം എടുക്കുമെന്നും എഴുതുന്നത് വൃത്തിയില്‍ വേണമെന്നും അവളുടെ കമന്‍റ് ഉണ്ടായിരുന്നു. വൃത്തിയും വെടിപ്പും പ്രാസവും താളവും ഉള്ള ആ വാക്യങ്ങളില്‍ നൃത്തമണ്ഡപത്തിന്‍റെ വിശദീകരണം ഹൃദ്യമായി.

പുറത്തിറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും വീഞ്ഞുമോന്തിയ പോലെ. ഒരു കൊട്ടാരത്തിന് ഇത്ര ഒതുക്കവും ഭംഗിയും മെജസ്റ്റിയും നല്‍കിയ വാസ്തുശില്‍പികള്‍ക്കു സ്തുതി. തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ പ്രൗഢിയെയും കലാബോധത്തെയും വിളിച്ചറിയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വാസ്തുവിസ്മയം.

സൗന്ദര്യത്തിന്‍റെ കൈവേലാപാരമ്പര്യം അന്യം നിന്നതെങ്ങിനെ?

''ആരായിരിക്കും ഇതു പണിതത്? അത്രയും മിച്ചമൂല്യമുള്ള ഒരു ഭരണകര്‍ത്താവിനല്ലേ ഇത്രയും മനോഹരമായ ഒരു സാംസ്കാരിക അടയാളം തീര്‍ക്കുവാനാകൂ!'' ഷീജ പറഞ്ഞു, കൊട്ടാരത്തിന്‍റെ പണികള്‍ മുഗള്‍-രജപുതാന ശൈലികളെയും ഓര്‍മിപ്പിക്കുന്നുണ്ട്. അതിനാല്‍ പുറത്തു നിന്നുള്ള വാസ്തുശില്‍പികളും സംഭാവന അര്‍പ്പിച്ചുണ്ടാകും. മരവും കാടും സമൃദ്ധമായ കേരളപശ്ചാത്തലത്തിലേ ഇത്തരമൊരു മരക്കൊട്ടാരം സാധ്യമാകൂ. അതിനാല്‍ ആശാരിമാര്‍ ഇവിടുത്തുകാര്‍ തന്നെയാകാനാണു സാധ്യത. ഒരു വലിയ ഗില്‍ഡ് ഇവിടെ ക്യാമ്പ് ചെയ്തായിരിക്കാം ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അത്തരം കൈവേലക്കാരുടെ ഗ്രാമങ്ങള്‍ ഇപ്പോഴും ഈ പരിസരത്തുണ്ട്. കരിങ്കല്ലില്‍ വിഗ്രഹങ്ങള്‍ നിര്‍മിക്കുന്ന ഒരു ഗ്രാമം ഉദാഹരണം. അതുപോലെ ഇവിടുത്തെ രാജഭരണ കാലത്തിന്‍റെ അവശേഷിപ്പുകളായി ഇപ്പോഴും ജനജീവിതങ്ങള്‍ പരിസരങ്ങളില്‍ പാര്‍പ്പുണ്ട്. പക്ഷേ ഇത്രയും മോഹനമായ കലാസൃഷ്ടികള്‍ നടത്തിയ വാസ്തുശില്‍പികള്‍ പിന്നെവിടെപ്പോയി? അവരുടെ കലാബോധത്തിന്‍റെ ചരിത്രപരമായ തുടര്‍ച്ചയ്ക്ക് എന്തു പറ്റി? എന്തുകൊണ്ടാണ് സൗന്ദര്യത്തിന്‍റെ ഈ കൈവേലാപാരമ്പര്യത്തിന് പ്രാധാന്യം കിട്ടാതെ പോകുന്നത്? എന്തുകൊണ്ട് കൃഷിയുമായി ബന്ധപ്പെട്ട സമൂഹങ്ങള്‍ ഇന്ത്യയില്‍ വ്യവഹാരത്തില്‍ മുന്‍ഗണന നേടിയത്? രാഷ്ട്രീയം കാര്‍ഷികവൃത്തിയും വ്യാപാരവുമായി ബന്ധപ്പെട്ടു വികസിച്ചതുകൊണ്ടാണോ? ഒരു മിച്ചമൂല്യ സമ്പദ്ഘടനയില്‍ വരേണ്യര്‍ മാത്രം വിനിയോഗിച്ച വിദ്യകള്‍ എന്ന നിലയിലാണോ കൈവേല പിന്നാമ്പുറത്തായിപ്പോയത്? കലാകാരന് ഫ്യൂഡല്‍ കാലഘട്ടത്തില്‍ ലഭിച്ചുപോന്ന രക്ഷാകര്‍തൃത്വത്തിന്‍റെ തണലും അന്തരീക്ഷവും, മാറിയ ജനാധിപത്യകാലത്തിന് നിലനിര്‍ത്താന്‍ കഴിയാത്തതുകൊണ്ടാണോ?

ജനാധിപത്യം ഉന്നതജീവിതത്തിന്‍റെ സൗന്ദര്യത്തിനെയും സമ്പന്നതയെയും വലിച്ചു തറനിരപ്പാക്കുന്നു എന്ന നീത്ഷേ നിരീക്ഷണങ്ങള്‍, കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് യാത്രക്കുള്ള ടിക്കറ്റ് ക്യൂവില്‍ നിന്നുകൊണ്ട് മനോജും ഞാനും ചര്‍ച്ചചെയ്തിരുന്നു. നീത്ഷേയുടെ അര്‍ത്ഥങ്ങളുടെ ആന്തരഛായകള്‍ ഉരുക്കഴിക്കുക പ്രയാസമാണ്. അത് പല നിലയിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. നാസികളും നീത്ഷേയെ ഉപയോഗിച്ചിട്ടുണ്ട്. ആ ചര്‍ച്ചയില്‍ മനോജിന്‍റെ മാര്‍ക്സിസത്തോടുള്ള സമീപനവും പ്രകാശിപ്പിക്കപ്പെട്ടു. മാര്‍ക്സിസ്റ്റ് പാര്‍ടിയോടുള്ള കുലവിരോധം പലപ്പോഴും മാര്‍ക്സിന് ഒരു പകരക്കാരനെ കണ്ടെത്താനുള്ള വ്യഗ്രത മലയാളി മധ്യവര്‍ഗ ബുദ്ധിജീവികളില്‍ സൃഷ്ടിച്ചിട്ടുണ്ട്. മാര്‍ക്സിനു പകരം നീത്ഷേ. മാര്‍ക്സിനു പകരം ഫൂക്കോ എന്നിങ്ങനെ. അങ്ങിനെ ബൗദ്ധിക ജീവിതം പലപ്പോഴും വംശീയമോ സാമുദായികമോ മതപരമോ ആയ അസ്തിത്വങ്ങളെയാണ് അടിയില്‍ സൂക്ഷിക്കുന്നത് എന്നും തോന്നിയിട്ടുണ്ട്. സ്വന്തം ജാതിസ്വത്വങ്ങളുടെ പരിഷ്കരണമായാണ് അന്യഭാഷയും അതിലൂടെ സൃഷ്ടിക്കുന്ന സ്വത്വവും പലപ്പോഴും സഹായത്തിനെത്തുന്നത്. അതല്ലെങ്കില്‍ തികച്ചും അപരിചതമായ സാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന ഭാഷയും സംസ്കാരവും കലയും വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തില്‍ പ്രയോഗിക്കുന്നത്, സൗന്ദര്യത്തിന്‍റെ കേവലമായ ആവശ്യങ്ങളേക്കാള്‍, രാഷ്ട്രീയവും സ്വത്വപരവുമായ നിര്‍ബന്ധങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്നു. അക്കാദമിക ശുദ്ധഗതീ വാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പിന്നിലും ഈ രാഷ്ട്രീയ അബോധങ്ങളുണ്ട്.

XII

സപ്തസ്വരം മീട്ടുന്ന കല്‍ത്തൂണുകള്‍

ശുചീന്ദ്രത്ത് പലതവണ വന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണയാണ് സപ്തസ്വരം പൊഴിക്കുന്ന കല്‍ത്തൂണുകള്‍ കാണാന്‍ കഴിഞ്ഞത്. അമ്പലത്തിന്‍റെ ഒരു മൂലയില്‍ കൈലാസനാഥന്‍റെ പ്രതിഷ്ഠയുള്ള പൗരാണിക ക്ഷേത്രപരിസരവും മനോജിനും നസീനയ്ക്കും നോറയ്ക്കുമൊപ്പം കണ്ടു. രാജേഷും കുടുംബവും വിഗ്രഹമെഴുന്നള്ളിക്കുന്ന സംഘത്തിന്‍റെ ദ്രുതഗതിയിലുള്ള നടത്തത്തില്‍ ഓടിനീങ്ങുന്നതുകണ്ടു. പൂണൂല്‍ ധരിച്ച ഒരു മലയാളിയില്‍ നിന്നും ശുചീന്ദ്രം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍ ഓരോന്നും ഞങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. പിന്നെ പ്രഭാതത്തില്‍ സൂര്യപ്രകാശമേറ്റ് കൈനഖങ്ങളില്‍ ചുകപ്പുരാശി പടര്‍ത്തിനില്‍ക്കുന്ന നര്‍ത്തകിയുടെ പ്രതിമയും, ക്ഷേത്രം മുഴുവന്‍ സപ്തസ്വര ഗരിമയില്‍ പ്രതിധ്വനിപ്പിക്കുവാന്‍ പോന്ന കല്‍ത്തൂണുകളുടെ സ്വരഗതിയും അയാള്‍ അനുഭവവേദ്യമാക്കി.

കന്യാകുമാരിയില്‍ പ്രഭാതത്തില്‍ സൂര്യോദയം. കന്യാകുമാരി ക്ഷേത്ര ദര്‍ശനം. കന്യകയായ ദേവിയുടെ കരുത്തും സൗന്ദര്യവും ആവാഹിച്ച് വിവേകാനന്ദ പാറയിലേക്ക്. ആള്‍ത്തിരക്കും വിവേകാനന്ദ സ്വാമികളെ രാഷ്ട്രീയമായി വിനിയോഗിക്കാനുള്ള പ്രവണതകളും അടയാളങ്ങളും ഞങ്ങളെ വിമ്മിട്ടപ്പെടുത്തി. പാറയിലെ, കന്യാകുമാരി ദേവി തപസിരുന്നതായി അറിയപ്പെടുന്ന സ്ഥലത്തെ ദേവസ്ഥാനം സവിശേഷമായി മനസില്‍ പതിഞ്ഞു. വിവേകാനന്ദന്‍ മൂന്നുദിവസം ധ്യാനത്തിലിരുന്ന പാറയില്‍ അദ്ദേഹത്തിന്‍റെ കൂറ്റന്‍ വെങ്കല പ്രതിമ. അതുകഴിഞ്ഞ് ധ്യാനമുറിയില്‍ ഒരു മണിക്കൂര്‍ ഉറങ്ങിയും വിസ്മൃതിയിലാണ്ടും ധ്യാനനിമിഷങ്ങളറിഞ്ഞും ഞങ്ങളിരുന്നു. പിന്നെ ഉച്ചവെയിലില്‍, ആള്‍തിരക്കിലെ ആസ്വാസ്ഥ്യങ്ങളില്‍, സംഘപരിവാര ശൈലിയിലുള്ള സംഘാടനത്തിന്‍റെ അസ്വാരസ്യങ്ങളില്‍ തിരിച്ചുള്ള ബോട്ടുയാത്ര.

മുഹമ്മദുവഴി മാര്‍ക്സിലേക്ക് 

മാവേലിക്കരവഴി പോകാം. അവിടെ ചിത്രകാരന്‍ മുഹമ്മദും സുരേഷുമുണ്ട്. രാത്രിയില്‍ വഴിയന്വേഷിച്ചും നാല്‍ക്കവലകളില്‍ കറങ്ങിയും ചെന്നപ്പോള്‍ ലോഡ്ജ് മുറിയില്‍ മുഹമ്മദിന്‍റെ ദര്‍ശനം. കുട്ടികള്‍ പാട്ടും ചിരിയും തീര്‍ത്ത് ഉറക്കത്തിലേക്കു മടങ്ങി. ഡ്രൈവിങ് സീറ്റില്‍ രാജേഷ്. ഉള്ളിലെ പ്രതിഷ്ഠകളെ സ്ഥൈര്യപ്പെടുത്തി അവന്‍ അമര്‍ന്നിരുന്നു. ഉറക്കത്തിന്‍റെ വേലികളെ പൊളിച്ചുള്ള അവന്‍റെ കാറോട്ടം ഒരു ഗൊദാര്‍ദിയന്‍ സിനിമയെ ഓര്‍മിപ്പിച്ചു. എവിടെയോ വഴിയരികില്‍ യാത്രാക്ഷീണം എല്ലാവരെയും പിടികൂടി. ഇനി മുന്നോട്ടുപോകാന്‍ കഴിയാത്ത മട്ടില്‍ കാറിനും മയക്കം. ഉണരുമ്പോള്‍ മുന്നോട്ടുപോകാന്‍ ഇനി ഊര്‍ജമില്ല എന്ന മട്ടില്‍. എന്നാല്‍ മുഹമ്മദിന്‍റെ ഡ്രോയിങുകളുടെ മസ്തിഷ്കത്തെ പിടികൂടുന്ന വളവുതിരുവുകളെപ്പറ്റി ഷീജ പ്രകടിപ്പിച്ച അഭിപ്രായം ഒരു ഊക്കന്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടു. ഡോ. മധുവിന്‍റെ 'മാര്‍ക്സ് വായന'കളുടെ പ്രസാധകരാണല്ലോ എന്നോടൊപ്പം. അതിനാല്‍ അവരുടെ ഉറക്കം കെടുത്താം എന്ന ആസൂത്രണത്തില്‍ ആ പുസ്തകത്തിലെ മാര്‍ക്സ് വായനയുടെ വിട്ടുപോകലുകളെ കുറിച്ച് ഞാന്‍ കയര്‍ത്തു. എന്‍റെ മാപ്പിള മാര്‍ക്സിസം ഇതിനേക്കാള്‍ സമ്പന്നമാണെന്നു വെല്ലുവിളിച്ചു. പ്രസാധനത്തിലെ പ്രതിസന്ധികളും ബുദ്ധിജീവികളുടെ അയിത്താചരണവും അവരുടെ പാശ്ചാത്യ ചായ് വുകളിലെ അന്ധതയും പരസ്പരമുള്ള കുന്നായ്മകളും പാപ്പരായ കേരളത്തിലെ ബുദ്ധിജീവിതവും മനംപുരട്ടലായി മാറിയ ഇടതുപക്ഷ ജീവിതവുമെല്ലാം ഊക്കന്‍ ചര്‍ച്ചയായി. ആ നേരങ്ങളില്‍ എല്ലാവര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു. കാര്‍ അപകടരഹിതമായ യാത്ര ഉറപ്പുവരുത്തി. പിന്നെ ഭാര്യമാരുടെ പിടിമുറുക്കങ്ങളെപ്പറ്റിയായി എന്‍റെ ശരങ്ങള്‍. ഭര്‍ത്താക്കന്മാരെല്ലാം വഴിപിഴച്ചവരാണെന്ന ചിന്ത മാറ്റണം, ഇങ്ങിനെ പൊസസീവ് ആകരുത് എന്നീ നിലകളില്‍ ഞാന്‍ പ്രസംഗം തുടര്‍ന്നപ്പോള്‍, ഞങ്ങളെ വിട്ട് ഇപ്പോള്‍ ഞങ്ങടെ പെണ്ണുങ്ങളെയും നീ തെറിവിളിക്കാന്‍ തുടങ്ങിയോ എന്ന മനോജിന്‍റെ പ്രതിരോധത്തില്‍ ഞാന്‍ മിഴിപൂട്ടി. ചര്‍ച്ചകള്‍ക്ക് നാടകീയ വിരാമിട്ട് ഷാളില്‍, ഒട്ടകപക്ഷിയായി മുഖംപൂഴ്ത്തി.

ഓം ശാന്തി: ശാന്തി: ശാന്തി:

ചാലക്കുടിയുടെ നിരത്തിനരികിലെവിടെയോ പ്രഭാതം. തൃശൂര്‍ ചേലക്കര വഴി മലപ്പുറം ജില്ലയിലെ ഹൈവേയില്‍. യൂണിവേഴ്സിറ്റിയില്‍ വെച്ച്, കണ്ണൂര്‍ ചിറക്കല്‍ പുത്തന്‍ തെരുവില്‍ നിന്ന് ഒരു കള്ളുഷാപ്പ് സന്ദര്‍ശനത്തിന്‍റെ മൂര്‍ഛയില്‍ വാങ്ങിയ ആഗ്രപ്രൊഡക്ട് എന്നു പരിചയപ്പെടുത്തി പറ്റിച്ച റെക്സിന്‍ ഷൂ ഞാന്‍ കാലില്‍ കയറ്റി. എന്‍റെ വാചകകസര്‍ത്തില്‍ മിഴിനട്ടിരിക്കുന്ന നസീനയ്ക്കും ജ്ഞാന മത്സരത്തില്‍ മുറിവേറ്റ് നെടുവീര്‍പ്പിട്ട് അമ്മയെ വിളിക്കുന്ന രാജേഷിനും എന്‍റെ സമീപനത്തിലെ സവിശേഷതകള്‍ ശ്രദ്ധിക്കേണ്ടതുതന്നെ എന്ന അംഗീകാരത്തിന്‍റെ കൗശലം കാണിച്ച മനോജിനും സലാം പറഞ്ഞ്  വിടവാങ്ങി.

കുട്ടികളും ഷീജയും ഉറങ്ങുകയാണ്. അവരെ വിളിച്ചുണര്‍ത്തണ്ടേ? രാജേഷ് ചോദിച്ചു: വേണ്ട, കാല്‍തൊട്ടുവണങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ അപ്രത്യക്ഷമാകുന്ന ക്രിയായോഗയുടെ ബാബാജിയെപ്പോലെയാകട്ടെ. എല്ലാം ഒരു സ്വപ്നം പോലെ അവര്‍ അനുഭവിക്കട്ടെ. ഓം ശാന്തി: ശാന്തി: ശാന്തി:

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

P P Shanavas

Recent Posts

Dr. Azad 5 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More