ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായിരുന്നു ഗൊദാർദ്. 'പൊളിറ്റിക്കല്‍ സിനിമ'യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹം. ​കഥാപാത്രങ്ങള്‍ക്കിടയിലെ വൈകാരികതയിലൂന്നി പ്ലോട്ട് രൂപപ്പെടുത്തുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന പരമ്പരാഗത സിനിമാ സങ്കല്‍പങ്ങള്‍ക്ക് എതിരായിരുന്നു ഗൊദാർദ്. കേവല വൈകാരികതയിലൂടെ പ്രേക്ഷകനെ ചൂഷണം ചെയ്യുന്നതിന് പകരം ആഴത്തിലുള്ള രാഷ്ട്രീയ വായനകള്‍ തനിക്ക് മാത്രം സാധിക്കുന്ന ഒരു ചലച്ചിത്ര ഭാഷയിലൂടെ അദ്ദേഹം യാഥാര്‍ഥ്യമാക്കി. 

ഫ്രഞ്ച്‌ ന്യൂവേവിന്റെ കാലികവും സങ്കീര്‍ണവും തീക്ഷ്ണവുമായ രാഷ്ട്രീയം വെളിപ്പെടുത്തിയത് ഗൊദാർദിന്‍റെ സിനിമകളായിരുന്നു. അതുകൊണ്ടാണ് പരസ്പരവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന പല നിലപാടുകളെടുത്ത ആളായിട്ടും പില്‍ക്കാലത്ത് ഏറ്റവുമധികം ഓര്‍മ്മിക്കപ്പെടുകയും അന്വേഷിക്കപ്പെടുകയും ചെയ്ത ചലച്ചിത്രകാരനായി ഗൊദാര്‍ദ് മാറിയത്. വിഗ്രഹങ്ങള്‍ തച്ചുടച്ച് നവവെളിച്ചം പകര്‍ന്ന അദ്ദേഹംതന്നെ മറ്റൊരു വിഗ്രഹമായിമാറിയെന്നത് വിധിവൈപരീത്യം. 

ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ചലച്ചിത്രത്തോടുള്ള ഗൊദാർദിന്റെ സമീപനം മറ്റൊരു തലത്തിലേക്കു മാറി. ആർട്ട് സിനിമ, ചലച്ചിത്ര സ്രഷ്ടാവ് തുടങ്ങിയ സങ്കല്പനങ്ങൾ തിരസ്കരിച്ച 'ദ് സീഗ വെർട്ടോവ്' ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു. ഗൊദാർദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിലെ പ്രമുഖർ. ആ പരീക്ഷണത്തിന്റെ സൃഷ്ടിയായ 'വിൻഡ് ഫ്രം ദ ഈസ്റ്റ്' (1969) തത്ത്വചിന്താപദ്ധതിയായ അപനിർമ്മാണത്തിന്റെ സ്വാധീനമുള്ള വെസ്റ്റേൺ ചലച്ചിത്രമാണ്. എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഘട്ടത്തിലെ ചിത്രങ്ങൾ ഗൊദാർദിന്റെ പ്രതിഭാക്ഷീണത്തെ കാണിക്കുന്നുവെന്ന് വിമർശകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'കിങ്‌ലിയർ', 'ഹിസ്റ്ററി ഓഫ് സിനിമ' എന്നിവ ഇതില്‍ ശ്രദ്ധേയമാണ്.

സ്റ്റൂഡിയോ സെറ്റുകളുടെ കൃത്രിമാന്തരീക്ഷത്തിൽനിന്നും യഥാർത്ഥ ലോക്കേഷനുകളിലേയ്ക്കുള്ള മാറ്റം, എഡിറ്റിങ്ങിലെ ജംബ് കട്ട് പോലുള്ള പുതു പരീക്ഷണങ്ങൾ, സംവിധായകനെന്ന നിലയില്‍ സിനിമയ്ക്കുമേലുള്ള സമ്പൂർണ്ണ നിയന്ത്രണം, സംഭാഷണങ്ങളിൽ അഭിനേതാക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി മെച്ചപ്പെടുത്തൽ, ലോങ്ങ് ടേക്കുകൾ പോലുള്ള സാങ്കേതിക പരീക്ഷണങ്ങൾ, കൃത്രിമ പ്രകാശ സ്രോതസ്സുകൾക്ക് പകരം സ്വാഭാവിക പ്രകാശത്തിന്റെ ഉപയോഗം, തത്സമയത്തുള്ള ശബ്ദലേഖനം, എന്നിവയെല്ലാം ഗൊദാർദ് സിനിമകള്‍ ലോകത്തിനു കാണിച്ചുതന്ന മാതൃകകളായിരുന്നു.

ചലച്ചിത്ര സംവിധായകൻ ചലച്ചിത്രത്തിന്റെ സമ്പൂർണ കർത്താവായി മാറണമെന്നും അതിലൂടെ സംവിധായകൻ പൂർണമായും ചലച്ചിത്രകാരനായി മാറേണ്ടതുണ്ടെന്നുമുള്ള 'ഓഥ്യൂർ തത്ത്വ'ത്തിന്‍റെ വക്താക്കളിലൊരാളാണ് ഴാങ് ഗൊദാർദ്. പൊതുജനങ്ങൾക്ക് അവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും മറന്ന് ഉല്ലസിക്കാനുള്ള ഒരു പലായനമാർഗ്ഗം (Escapist out-let) മാത്രമാണ് സിനിമ എന്ന പരമ്പരാഗത ചിന്താഗതി പൊളിച്ചെഴുതാന്‍ അദ്ദേഹത്തിന്‍റെ സിനിമകള്‍ക്ക് കഴിഞ്ഞു.  ഗൊദാര്‍ദിന്റെ സിനിമകളും സിനിമാസങ്കല്‍പങ്ങളും സിനിമ എന്ന കലാരൂപത്തെ രണ്ടാമത് കണ്ടെടുത്തു (reinvented) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. 

രണ്ടാം ലോകയുദ്ധാനന്തര ഫ്രാൻസിലെ സവിശേഷ സാഹചര്യം നവസിനിമയ്ക്ക് കാരണമായിട്ടുണ്ട്. അവിടുത്തെ സാമൂഹിക-രാഷ്ട്രീയാവസ്ഥകൾ ചുരുങ്ങിയ ചെലവിൽ സിനിമ നിർമ്മിക്കുന്നതിനും രാജ്യത്തിന്റെ യഥാർഥാവസ്ഥ ചിത്രീകരിക്കുന്നതിനും ചലച്ചിത്രകാരന്മാരെ നിർബന്ധിതരാക്കി. അതുകൊണ്ടുതന്നെ സാമ്പ്രദായിക സിനിമാരീതികളിൽനിന്നും വ്യത്യസ്തമായ ഒരു സമീപനം നവസിനിമയിൽ രൂപപ്പെട്ടു. കൃത്രിമമായി നിർമ്മിക്കപ്പെടുന്ന സെറ്റുകൾക്കും സ്റ്റുഡിയോകൾക്കും പകരം പ്രകൃതിയുടെ മടിത്തട്ടിൽത്തന്നെ രംഗങ്ങൾ ചിത്രീകരിച്ചു. എഡിറ്റിങ്ങിൽ സ്വതന്ത്രമായ ശൈലി സ്വീകരിച്ചു. പ്രശസ്ത സാഹിത്യകൃതികളെ സിനിമയുടെ പ്രമേയമാക്കാതെ സ്വന്തമായ കഥാബീജങ്ങൾ ചലച്ചിത്രകാരൻ കണ്ടെത്തി ആവിഷികരിച്ചു. അതുകൊണ്ടാണ് അക്കാലങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറിയപങ്കും അതത് രാജ്യങ്ങളിലെ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങൾ മുഖ്യപ്രതിപാദ്യമായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sufad Subaida

Recent Posts

J Devika 1 week ago
Views

പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

More
More
Mehajoob S.V 2 weeks ago
Views

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

More
More
Mehajoob S.V 1 month ago
Views

മാമുക്കോയയെ കണ്ട് നാം ചിരിച്ചത് എന്തിനായിരുന്നു- എസ് വി മെഹ്ജൂബ്

More
More
Views

രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

More
More
Mehajoob S.V 2 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 2 months ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More