രേഖാരാജ് നിയമനം: നെറ്റ് അല്ലെങ്കില്‍ പി എച്ച് ഡി എന്നുവന്നാല്‍ പി എച്ച് ഡിക്ക് പ്രത്യേക മാര്‍ക്ക് കൊടുക്കുന്നതെങ്ങിനെ?- രേഷ്മാ ഭരദ്വാജ് , ദിലീപ് രാജ്

ഡോ. രേഖാരാജിന്റെ പുറത്താക്കലും അറിവന്വേഷണങ്ങളിലെ നീതിയും

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. രേഖരാജിന്റെ നിയമനത്തിനെതിരായ ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരി വെച്ചിരിക്കുന്നു.

ഡോ. രേഖാരാജ് ജോലിക്ക് അപേക്ഷിച്ചപ്പോൾ നിലവിലുള്ള മാനദണ്ഡങ്ങൾ വെച്ചാണ് യൂണിവേഴ്‌സിറ്റി അവരെ തെരഞ്ഞെടുത്തത്. പി. എച്ച്. ഡി യും NET ഉം ഉള്ളവരും പി എച്ച് ഡി മാത്രം ഉള്ളവരും ഉണ്ടാവുമ്പോൾ NET ഇല്ലാത്തവർക്ക് പി.എച്ച്.ഡി അടിസ്ഥാന യോഗ്യതയായി വരുമ്പോൾ വീണ്ടും പി.എച്ച്.ഡിയ്ക്ക് മാർക്ക് നൽകില്ല എന്ന പോളിസിയാണ്. യൂണിവേഴ്‌സിറ്റികൾ സ്വീകരിച്ചിരുന്നത്. എം.ജി.യുണിവേഴ്സിറ്റിയിലും കേരളയിലുമായി അറുപതോളം നിയമനങ്ങൾ ഇതനുസരിച്ച് ആ കാലയളവിൽ നടന്നിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജുകളിൽ അസംഖ്യം നിയമനങ്ങൾ വേറെയും. പല നിയമനങ്ങളിലും ഒന്നോ രണ്ടോ മാർക്കിന്റെ വ്യത്യാസത്തിലാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. ഡോ.രേഖാരാജിന്റെ കാര്യത്തിൽ ( മാത്രം)  ഇത് തിരുത്തണമെന്നാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അതായത് തിരുത്തിയ പോളിസി ഈ കേസിലെ രണ്ടാളുകൾക്ക് മാത്രം ബാധകമാണ്. മറ്റു നിയമനങ്ങൾക്ക്ഈ ബാധകമല്ല. ഈ  ലിസ്റ്റിലെ പോലും വേറെയാളുകൾക്ക് ബാധകമല്ല. 

ഇനി ഇപ്പോൾ നിയമനം കൊടുക്കണമെന്ന് പറഞ്ഞ ആൾക്ക് NET ഉം പി എച്ച് ഡിയും ഉണ്ടെന്നും ഡോ. രേഖാരാജിന് പി എച്ച് ഡി മാത്രം ഉണ്ടെന്നും കരുതുക. എങ്കിൽ കേൾക്കാമായിരുന്നു ഡോ.രേഖാരാജിന്റെ 'കുറവി'നെ ചൊല്ലിയുള്ള നിലവിളികൾ. വാസ്തവത്തിൽ പുതിയ റെഗുലേഷൻ അനുസരിച്ച് NET നു പ്രത്യേകം മാർക്കുണ്ട്. അതായത് അഡീഷണൽ ക്വാളിഫിക്കേഷൻ ഉണ്ടെങ്കിൽ അതിനു മൂല്യം കൽപ്പിക്കുക എന്ന സ്വാഭാവിക നീതിയാണ് സ്വീകരിക്കപ്പെടുന്നത്.  

ഡോ. രേഖാരാജിനു പകരം ബാക്കി അറുപതു നിയമനങ്ങളിൽ ഒന്നിലാണ് ഈ വിധി ഉണ്ടായതെങ്കിൽ അക്കാര്യം വാർത്തയാകുമായിരുന്നോ എന്നതും സംശയമാണ്. നാളിതു വരെ ഡോ.രേഖാരാജ് നടത്തിയ രാഷ്ട്രീയപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് വാർത്തയാവുന്നത്. കേവലം സാങ്കേതികമായ ഒരു വിശദാംശത്തിന്റെ പേരിൽ ജോലിയിൽ നിന്നും പടിയിറങ്ങേണ്ടി വരുന്ന അവർക്കെതിരെ രാഷ്ട്രീയമായ പകയുള്ളവർ  ഇത് അവരുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യാനുള്ള അവസരമായി ഒളിഞ്ഞും തെളിഞ്ഞും ഉപയോഗപ്പെടുത്തുന്നു.

ഇക്കാര്യത്തിൽ ഹൈക്കോടതി വിധി വന്നപ്പോൾ ഞങ്ങൾ എഴുതിയ കുറിപ്പ് ഇങ്ങനെയാണ് സമാപിപ്പിച്ചത് : "ഡോ. രേഖാരാജിനെ ഈ വിധി മുൻനിർത്തി റദ്ദ് ചെയ്തു കളയാം എന്ന് കരുതുന്നവരോട് ഞങ്ങൾക്ക് സഹതാപമേയുള്ളൂ. ആംനെസ്റ്റി ഇന്റര്നാഷനലിൽ ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി ശമ്പളം കിട്ടിയിരുന്ന സമയത്ത് സ്വന്തം രാഷ്ട്രീയ ബോധ്യത്തിന്റെയടിസ്ഥാനത്തിൽ ജോലി രാജി വെച്ചയാളാണ് അവർ. മൂന്നു കൊല്ലം നീണ്ട  ഈ റോളിലും അവർ സ്വന്തം ധർമം നിർവഹിച്ചു. രേഖ എങ്ങനെ ഇനി മുന്നോട്ടു പോവുന്നോ  അതിന്റെ കൂടെ സഞ്ചരിക്കാൻ ഞങ്ങൾക്കും ആവേശമുണ്ട്."

ഞങ്ങൾ പറഞ്ഞത് ഡോ. രേഖാരാജ് മഹതിയാണ് , അവർക്ക് എങ്ങനെയും ജോലി കൊടുക്കണമെന്നല്ല. ഡോ. രേഖാ രാജ് വലിയ ആക്റ്റിവിസ്റ്റാണ്, അവർക്ക് ജോലി കൊടുക്കാനായി പുതിയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തണമെന്നുമല്ല. മറിച്ച് ഒരു ജോലിക്ക് അപേക്ഷിച്ചു , നിലവിലുള്ള മാനദണ്ഡങ്ങൾ വെച്ച് യോഗ്യത പരിശോധിച്ച് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുത്തു എന്ന കുറ്റത്തിന് അവരുടെ ജ്ഞാനാന്വേഷക എന്ന നിലയ്ക്കും രാഷ്ട്രീയ പ്രയോഗകർത്താവ് എന്ന നിലയ്ക്കുമുള്ള സ്ഥാനം റദ്ദ് ചെയ്യാൻ അനുവദിക്കരുത് എന്നാണ്. അങ്ങേയറ്റം മീഡിയാവത്കൃതമായ കേരളസമൂഹത്തിൽ അങ്ങനെയൊരു നീക്കം അസാധ്യമോ അസ്വാഭാവികമോ അല്ല എന്നതു കൊണ്ടാണ് ഞങ്ങൾ അങ്ങനെ ഇടപെട്ടത്.   

ഇപ്പോൾ ഡോ.രേഖാരാജ് യുണിവേഴ്‌സിറ്റിയിൽ നിന്നും ഇറങ്ങുകയാണെങ്കിലും ഒരു കാര്യത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കാര്യങ്ങൾ ഉള്ളത് പോലെ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. അതായത് കേവലം സാങ്കേതികമായ ( സ്വാഭാവികനീതിക്കു നിരക്കാത്ത ) ഒരു കാരണം മുൻനിർത്തിയുള്ള ഈ തീരുമാനം എന്തോ വലിയ നിയമനഅഴിമതിയായി  ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു.

ഡോ. രേഖാരാജ്  ജ്ഞാനാന്വേഷണത്തിന്റെ പുതിയ മാർഗ്ഗങ്ങളിൽ തുടരുമെന്നതുറപ്പാണ്. ഈ ദുർഘടഘട്ടത്തിൽ നീതികേടിനു കൂട്ടു നിൽക്കാതെ രംഗത്തിറങ്ങി സ്വരമുയർത്തിയ എല്ലാവർക്കും സ്നേഹാഭിവാദനങ്ങൾ. നീതിയുടെയും സ്നേഹത്തിന്റെയും അഭാവത്തിലുള്ള അറിവന്വേഷണങ്ങൾ (കരിയർ വളർച്ചയ്ക്കല്ലാതെ) സജീവമായ ഒരു ചിന്താപാരമ്പര്യത്തിനു വഴിവെക്കില്ലെന്ന് തിരിച്ചറിയുന്ന  അക്കാദമിക സമൂഹത്തിൽ നിന്ന് ഡോ . രേഖാരാജിനെ പുറത്താക്കാൻ ഒരു ലോബിയ്ക്കും സാധിക്കില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Reshma Bharadwaj, Dileep Raj

Recent Posts

Dr. Azad 2 weeks ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 2 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More