മാര്‍ഗരറ്റ് ബൂര്‍ക്ക് വൈറ്റ്, ഹെന്റികാര്‍ട്ടിയര്‍ ബ്രെസോണ്‍: ഇന്ത്യന്‍ ഫോട്ടോഗ്രഫിയുടെ രണ്ടു മുഖങ്ങള്‍ - അബൂള്‍ കലാം ആസാദ്

വിവര്‍ത്തനം: എസ്.വി.മെഹ്ജൂബ്

മാനവികത, സമൂഹജീവിത പ്രാമാണികത എന്നിവയില്‍ ഊന്നിയുള്ള  രണ്ടു ധാരകളാണ് ഇന്ത്യന്‍ ഫോട്ടോഗ്രഫിയെ ആഴത്തില്‍ സ്വാധീനിച്ചത്. ഒന്നാമത്തെ ധാരയുടെ ആചാര്യന്‍ ഹെന്റികാര്‍ട്ടിയര്‍-ബ്രെസോണ്‍ (1904 - 2004) ആണെങ്കില്‍ സമൂഹജീവിത പ്രാമാണികതയില്‍ ഊന്നിയുള്ള ഫോട്ടോഗ്രഫിക്ക് ഇന്ത്യയില്‍ വേരുകള്‍ നല്‍കിയത് മാര്‍ഗരറ്റ് ബൂര്‍ക്ക് വൈറ്റ് (1904 - 1971) ആണ്. അവരുടെ സമകാലികരായി സര്‍ഗധനരായ നിരവധി യുറോപ്യന്‍, അമേരിക്കന്‍ ഫോട്ടോഗ്രഫര്‍മാരുണ്ടായിരുന്നുവെങ്കിലും മേല്‍പ്പറഞ്ഞ രണ്ടുപേരാണ് ശക്തമായ തങ്ങളുടെ കലാപരിപ്രേക്ഷ്യത്തിലൂടെ കാലത്തെ അതിലംഘിച്ചത്. സത്യത്തില്‍ ഈ രണ്ടുപേരേയും ഇന്ത്യയില്‍ ലബ്ദ പ്രതിഷ്ടരാക്കിയത്, നിശ്ചല ചായാഗ്രഹണത്തില്‍ അവരുടെ കലാപാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോയ ഇന്ത്യയിലെ എക്കാലത്തെയും പ്രമുഖ ഫോട്ടോഗ്രഫര്‍മാരായ രഘുറായിയും (b.1942),  സുനില്‍ ജാനേയു (1918 - 2012) മാണ്‌.

പതിറ്റാണ്ടുകളോളം വിപണി കയ്യടക്കി വാണിരുന്ന ലൈഫ് മാഗസിനില്‍ 1936-ല്‍ ചേര്‍ന്ന മാര്‍ഗരറ്റ് ബൂര്‍ക്ക് വൈറ്റ് അമേരിക്കയിലെ ആദ്യത്തെ വനിതാ  യുദ്ധകാര്യ ഫോട്ടോഗ്രഫറാണ്. മഹാത്മാ ഗാന്ധി, ഡോ.ബി.ആര്‍.അംബേദ്‌കര്‍, പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദലി ജിന്ന തുടങ്ങിയവരുടെ ഫോട്ടോകളിലൂടെ ഇന്ത്യക്കാര്‍ക്കും പാകിസ്ഥാനികള്‍ക്കുമിടയില്‍ ഒരു പോലെ അറിയപ്പെടുന്ന ഫോട്ടോഗ്രഫറാണ് മാര്‍ഗരറ്റ്. പാകിസ്ഥാന്‍വാദവുമായി ബന്ധപ്പെട്ട്, 1940-ല്‍ പ്രസിദ്ധീകരിച്ച അംബേദ്‌കറുടെ ഒരു പുസ്തകത്തിന്‍റെ മൂന്നാം പതിപ്പിന്‍റെ പ്രകാശന വേളയില്‍, ദാദറിലെ   വസതിയില്‍ വെച്ച് എടുത്ത അംബേദ്‌കറുടെ ഫോട്ടോ, ഗാന്ധി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതും തൊട്ടു വലതുഭാഗത്തായി ജിന്ന കസേരയിലിരിക്കുന്നതുമായ ഫോട്ടോ - തുടങ്ങിയവ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിന്ന് അടര്‍ത്തി മാറ്റി എടുക്കാന്‍ പറ്റാത്ത വിധം ഇഴുകി ചേര്‍ന്ന ചിത്രങ്ങളാണ്. ഇവയുടെയെല്ലാം കോടിക്കണക്കായ പ്രിന്‍റുകളിലൂടെ മാര്‍ഗരറ്റ് ഉപഭൂഖണ്ഡത്തിന്‍റെ ചരിത്രത്തിലേക്കാണ് ചേക്കേറിയത്.

ഇന്ത്യാ-പാക് വിഭജനകാലത്തുണ്ടായ സമാനതകളില്ലാത്ത സങ്കടങ്ങളുടെ,  അക്രമപരമ്പരകളുടെ നേര്‍സാക്ഷികളില്‍ ഒരാളാണ് മാര്‍ഗരറ്റ് ബൂര്‍ക്ക് വൈറ്റ്. ഇന്ത്യയിലും പാകിസ്ഥാനിലുമായി മുറിച്ചുചേര്‍ക്കപ്പെട്ട വടക്ക്-കിഴക്കന്‍ പഞ്ചാബുകളുടെ ചോരയൊലിപ്പിച്ചു നിന്ന ചിത്രങ്ങള്‍... അന്തമില്ലാത്ത പരസ്പര പലായനത്തിന്‍റെ, വിഭജനത്തിന്‍റെ മറവില്‍ നടന്ന കൊടിയ അക്രമങ്ങളുടെ, കത്തുന്ന തെരുവുകളുടെ,  നോട്ടമറ്റ് തുറന്നുതന്നെയിരുന്ന കണ്ണുകളുമായി തെരുവുകളില്‍ ഒരു ഫോട്ടോഗ്രഫ് കണക്കെ നിശ്ചലരായിത്തീര്‍ന്ന മനുഷ്യരുടെ, ഒരു വികാരവും പ്രതിഫലിപ്പിക്കാന്‍ ശേഷിയില്ലാത്ത കണ്ണുകളുമായി മുന്നില്‍നിന്ന അഭയാര്‍ത്ഥികളുടെ... എണ്ണമറ്റ ചിത്രങ്ങള്‍ ചരിത്രത്തിന്‍റെ കണ്ണുകളായിത്തീര്‍ന്നു. മാര്‍ഗരറ്റിന്‍റെ കാമറ വര്‍ണ്ണപ്പകിട്ടുകള്‍  തേടാന്‍ കൂട്ടാക്കാതെ നവ്ഗാലികളില്‍ ഗാന്ധിയെപ്പോലെ അലഞ്ഞു നടന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായിരുന്ന പീപ്പിള്‍സ് വാറി’ നുവേണ്ടി സുനില്‍ ജാനയും തന്‍റെ കാമറയുമായി മാര്‍ഗരറ്റിനൊപ്പം കൂടി. അവര്‍ തമ്മില്‍ പ്രൊഫഷണലായും വ്യക്തിപരമായും ദൃഢമായ ബന്ധമാണ് ഉണ്ടായിരുന്നത്.

സ്വാതന്ത്ര്യവും ജനാധിപത്യവും പിച്ചവെച്ചു വീണുപിടഞ്ഞു നടക്കുന്നേ ഉണ്ടായിരുന്നുള്ളൂ. കൊളോണിയല്‍ ഭരണത്തിന്‍റെ നീറ്റലുകള്‍ മാറും മുന്‍പ്, വിഭജനത്തിന്‍റെ ചോര കട്ടപിടിച്ചുകിടന്ന രാജ്യത്തിന്‍റെ വിരിമാറിലാണ് ആ വന്ദ്യവയോധികന്‍ വെടിയേറ്റു വീണുകിടന്നത്.  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ചക്രവാളത്തില്‍ കാളിമ പടര്‍ന്നൊഴിയാതെ നിന്ന ആ നിഴല്‍വീണ പകലില്‍, നാഥൂറാം തന്‍റെ  തോക്ക്‌ തുടച്ച്  ഉണ്ട നിറച്ചു കൊണ്ടിരിക്കെ..,  വിടവാങ്ങലിനൊരുങ്ങുകയാണ് എന്നറിയാതെ.., മഹാത്മാവിന്‍റെ പ്രബോധനത്തിലെ അവസാന വചനങ്ങള്‍ക്ക് അവര്‍ - മാര്‍ഗരറ്റും ബ്രസോണും കാതോര്‍ത്തു. പിന്നീട് പത്തായി, നൂറായി, പതിനായിരവും ലക്ഷവും കോടിയുമായി പുനര്‍ജ്ജനിക്കാന്‍ പാകത്തില്‍ ആ മുഖപങ്കജം കാമറയിലെ ആരും കാണാത്ത ഇരുളകങ്ങളിലേയ്ക്കാവാഹിച്ച് കാലത്തിന്‍റെ, സമയത്തിന്‍റെ പൂര്‍വനിശ്ചിതമല്ലാത്ത ഏതോ ഒരനാദി ബിന്ദുവില്‍ അവര്‍ നിശ്ച്ചലമാക്കി. പുനര്‍ജ്ജനി ശരീരത്തിലൂടെയല്ല, പ്രതീതികളിലൂടെയാണെന്ന് അവര്‍ക്കന്നേ അറിയാമായിരുന്നു.

ഗാന്ധിയുടെ അവസാന ചിത്രങ്ങളും, ചിതാവെളിച്ചത്തിന്‍റെ പകര്‍പ്പുകളും, ഒരു കൊച്ചു കുഞ്ഞിനെയെന്നപോലെ എങ്ങിയേങ്ങി ശബ്ദമില്ലാതെ വിതുമ്പിയ ഇന്ത്യയുടെ ആത്മ പ്രതിഫലനങ്ങളും ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ എന്നനിലയില്‍ അവരെ, അവരുടെ കാലത്തിന്‍റെ നിറുകയില്‍ ലബ്ദപ്രതിഷ്ടരാക്കി. ഗാന്ധിവധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന, ലോകത്തെ ഞെട്ടിച്ച നെഹ്രുവിന്‍റെ അതിപ്രശസ്തമായ ആ ഫോട്ടോ ലോകതലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു.

 ഹെന്റി കാര്‍ട്ടിയര്‍-ബ്രെസോണ്‍ ഒരിക്കലും ഫ്ലാഷ് ലൈറ്റുകള്‍ ഉപയോഗിച്ചിരുന്നില്ല. ഷൂട്ട്‌ ചെയ്യുന്നതില്‍ രഹസ്യാത്മകത നിലനിര്‍ത്തിയിരുന്നു. ഫ്ലാഷ് ലൈറ്റുകള്‍ ഫോട്ടോയെടുപ്പിനു വിധേയമാകുന്ന ആളുടെ, ജനപഥങ്ങളുടെ  ശ്രദ്ധ കാമറയിലേക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം ഭയപ്പെട്ടു. പ്രകൃത്യാലുള്ള വെളിച്ചമായിരുന്നു ബ്രസോണിന് പ്രിയം. രാജ്യമാകെ നേരിട്ട ആ ദുരന്തനിമിഷത്തിനും അതു  പ്രഖ്യാപിക്കുമ്പോള്‍ നെഹ്‌റുവിന്‍റെ മുഖത്തുവീണ നിഴല്‍ അതിരിട്ട വെളിച്ചത്തിനും ഒരേ ഭാവമായിരുന്നു. ഇനി ഞങ്ങള്‍ക്കാര് ?.. എന്ന് രാജ്യമാകെ തേങ്ങിയ ആ ദിവസത്തിലെടുത്ത ഫോട്ടോയിലെ നെഹ്രുവിന്‍റെ മുഖം അല്പം മങ്ങിയും കിറുകൃത്യത കു ഞ്ഞുമാണ് കാണപ്പെട്ടത്. തൊട്ടടുത്തിരുന്ന ഇംഗ്ലീഷ് ഓഫിസര്‍ പാതി വെളിച്ചത്തിലാണ്. പല ഭാഗങ്ങളില്‍ നിന്നായി കാമറയില്‍ പതിച്ച പ്രകാശധാരകളുടെ സ്വാഭാവിക ഭാവവും ആ പ്രത്യേക സമയത്തിന്‍റെ ഭാവവും കാമറയുടെ ഇരകളായിത്തീര്‍ന്നവരുടെ ഭാവവും ഒരേ ഷട്ടര്‍ സ്പീഡില്‍ നിശ്ചലതയിലേക്ക്  പകര്‍ത്തുന്നതിന്  യഥാര്‍ത്ഥത്തില്‍ ഫ്ലാഷ് ലൈറ്റുകള്‍ തടസ്സമാണെന്ന് ചിന്തിക്കാന്‍ കഴിഞ്ഞതാണ് ബ്രസോണിനെ ഫോട്ടോഗ്രഫിയിലെ ഒരു കലാകാരനാക്കി മാറ്റുന്നത്,

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിരന്തരം യാത്ര ചെയ്തു കൊണ്ടിരുന്ന കാര്‍ട്ടിയര്‍ ബ്രെസോണ്‍ പലവട്ടം ഇന്ത്യയില്‍ വന്നു. ഇന്ത്യയുടെ തെക്കേയറ്റത് രമണ മഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തി. ബ്രെസ്സണ്‍ അങ്ങിനെയാണ്... ശരിയായ സമയത്ത് ഏറ്റവും ശരിയായ സ്ഥലത്ത് അദ്ദേഹം എത്തിച്ചേര്‍ന്നിരിക്കും. രമണ മഹര്‍ഷിയുടെ സംസ്കാര ചടങ്ങുകളുടെ ഫോട്ടോകള്‍ അദ്ദേഹം തന്നെയാണ് പകര്‍ത്തിയത്. തിരുവനന്തപുരത്ത് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലും അദ്ദേഹം എത്തി. റോക്കറ്റ് എഞ്ചിനീയര്‍ എം എസ്‌ സത്യു, ഉപകരണങ്ങള്‍  നിര്‍മ്മിക്കുന്ന വേലപ്പന്‍ നായര്‍ എന്നിവരെ കണ്ടു. 1969-ലാണ് ബ്രെസോണ്‍ തിരുവനന്തപുരത്തെ പകര്‍ത്തിയത്. 1947-ല്‍ അദ്ദേഹം തന്നെയാണ് മാഗ്നം ഫോട്ടോസ്.സ്ഥാപിച്ചതും.  കാലക്രമത്തില്‍ എല്ലാ ഫോട്ടോഗ്രാഫര്‍മാരും വിപണി ആവശ്യപ്പെടുന്ന തരത്തിലേക്ക് തങ്ങളുടെ രീതികള്‍ പരിണമിപ്പിച്ചു. രഘുറായിയാണ് കാര്‍ട്ടിയര്‍ ബ്രെസൊണിന്‍റെ വിപണി മൂല്യം തിരിച്ചറിഞ്ഞ് ഇന്ത്യന്‍ ഫോട്ടോഗ്രഫിയില്‍ സ്വന്തമായി ഇടം കണ്ടെത്തിയത്. 1977-ല്‍ ബ്രെസോണ്‍ നേരിട്ട് രഘുറായിയെ മാഗ്നം ഫോട്ടോസില്‍ നിയമിച്ചു. ഇതെല്ലാം ഹെന്റികാര്‍ട്ടിയര്‍-ബ്രെസോണ്‍ എന്ന ഫോട്ടോഗ്രഫറുടെ വ്യക്തിത്വത്തില്‍  ഉള്ളടങ്ങിയിട്ടുള്ള രാഷട്രീയത്തിന്‍റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്.

Contact the author

Abul Kalam Azad

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More