കൊച്ചി: അമിത പ്രതിഫലം ചോദിക്കുന്ന താരങ്ങള്‍ ഇനി വീട്ടിലിരിക്കുമെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ചില സിനിമാ താരങ്ങള്‍ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് പ്രതിഫലം ചോദിക്കുന്നതെന്നും അതൊന്നും കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമയെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നിര്‍മ്മാതാക്കള്‍ മരം കുലുക്കിയോ നോട്ടടിച്ചോ അല്ല പണം കൊണ്ടുവരുന്നതെന്നും നിര്‍മ്മാതാവിന്റെ കൂടെ നില്ക്കുന്ന സംവിധായകരും അഭിനേതാക്കളും മതി തങ്ങള്‍ക്കെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നാദിര്‍ഷയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അഭിനേതാക്കളുടെ പ്രതിഫലം വല്ലാതെ കൂടിപ്പോവുകയാണ്. ചില താരങ്ങള്‍ അവര്‍ക്കുതോന്നുന്ന പ്രതിഫലമാണ് ചോദിക്കുന്നത്. അത് കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമ. ഇനി അത്തരക്കാരെ ഒഴിവാക്കിയാവും സിനിമയെടുക്കുന്നത്. ഇത്ര ബജറ്റില്ക്കൂടുതല് ചോദിക്കുന്നവര്‍ സിനിമയില്‍ വേണ്ട എന്നുതന്നെയാണ് തീരുമാനം. ന്യായമായ പ്രതിഫലം ചോദിക്കാം. തിയറ്ററിലെ വരുമാനം കൊടുക്കാന്‍ ഞങ്ങള്‍ തയാറാണ്. എന്നാല്‍ തിയറ്ററില്‍ ആളില്ല. പതിനഞ്ചുപേരെ കിട്ടാന്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. സിനിമ നല്ലതാണെങ്കില്‍ അത് തിയറ്ററില്‍ ഓടും. അമിത പ്രതിഫലം വാങ്ങുന്നവര്‍ ഇനി വീട്ടിലിരിക്കട്ടെ'- സുരേഷ് കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചില നടീനടന്മാര് അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിലര്‍ ഒരേസമയം രണ്ടും മൂന്നും സിനിമകള്‍ക്ക് ഡേറ്റ് നല്‍കുകയാണെന്നും മറ്റുചിലര്‍ക്ക് സിനിമയുടെ എഡിറ്റ് അവരുടെ ബന്ധുക്കള്ക്കുവരെ കാണിച്ചുകൊടുക്കണമെന്നുമാണ് ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞത്.