ചെന്നൈ: ഐശ്വര്യാ രാജേഷിനെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ വെങ്കടേശന് സംവിധാനം ചെയ്ത 'ഫര്‍ഹാന' വിവാദത്തില്‍. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുളള സംഘടനകള്‍ സിനിമയ്ക്കെതിരെ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ഐശ്വര്യക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണിലൂടെ സെക്സ് ടോക്ക് നടത്തുന്ന ജോലി ചെയ്യേണ്ടിവരുന്ന മുസ്ലീം യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലര്‍ റിലീസായപ്പോള്‍ തന്നെ ചിത്രത്തിനെതിരെ മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തി.
'കൈതി, അരുവി, തീരന്‍ അധികാരം ഒന്‍ട്ര്, ജോക്കര്‍ തുടങ്ങിയ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ഡ്രീം വാരിയര്‍ പിക്ച്ചേഴ്സ് ആണ്. ഫര്‍ഹാന മെയ് 12-ന് തിയറ്ററുകളില്‍ റിലീസ് ചെയ്തു. പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ചിത്രങ്ങള്‍ പുറത്തിറക്കുന്ന ഞങ്ങളുടെ സ്ഥാപനം എപ്പോഴും സാമൂഹിക ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മതസൗഹാര്‍ദ്ദം, സാമൂഹിക ഐക്യം, സ്നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്കി സിനിമകള്‍ നിര്‍മ്മിക്കുന്ന ഞങ്ങള്‍ക്ക്, സര്‍ക്കാര്‍ കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്ഹാനയെക്കുറിച്ചുളള വിവാദങ്ങള്‍ വേദനയുണ്ടാക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഫര്‍ഹാന ഒരു മതത്തിനോ വികാരങ്ങള്‍ക്കോ എതിരല്ല. നല്ല സിനിമകള്‍ നിര്‍മ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ സിനിമകളില്‍ മനുഷ്യത്തത്തിന് എതിരായ ഒന്നുംതന്നെ ഉണ്ടാവില്ല. വിവാദങ്ങളുണ്ടാക്കുന്നവര്‍ അത് മനസിലാക്കുമെന്ന് കരുതുന്നു. തമിഴ്നാട് കലാസൃഷ്ടികളെ നെഞ്ചേറ്റുന്ന നാടാണ്. സെന്‍സര്‍ ചെയ്ത സിനിമയെ തെറ്റിദ്ധാരണകളുടെ പേരില്‍ എതിര്‍ക്കുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ല. നൂറുകണക്കിന് ആളുകളുടെ കഠിനാധ്വാനമാണ് സിനിമ. പോരായ്മകളില്ലാത്ത സിനിമകളെ തമിഴ്ജനത പിന്തുണയ്ക്കും'-എന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.