ബംഗളുരു: അഞ്ചുദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഡികെ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ തയാറായതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ച സത്യപ്രതിജ്ഞ നടക്കും. ഇന്നുതന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ഇന്ന് വൈകുന്നേരം ഏഴുമണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്.
ഇരുനേതാക്കളും റൊട്ടേഷന്‍ ഫോര്‍മുല അംഗീകരിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ആദ്യത്തെ രണ്ടര വര്‍ഷം സിദ്ധരാമയ്യയും അടുത്ത രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രി പദവിയിലിരിക്കുമെന്നാണ് ദി മിന്റ് അടക്കമുളള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകും എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഉപമുഖ്യമന്ത്രിയായി ഒരാള്‍ മാത്രം മതിയെന്നും ആഭ്യന്തരം, മൈനിംഗ്, നഗരവികസനം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ തനിക്ക് നല്‍കണമെന്നും ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടെന്നും പാര്‍ട്ടിക്കായി നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് സോണിയാ ഗാന്ധി ഡികെയ്ക്ക് ഉറപ്പുനല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മെയ് പതിമൂന്നിനാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നത്. 224 അംഗ നിയമസഭയില്‍ 136 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിക്ക് 66 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കേവലഭൂരിപക്ഷത്തിലേറേ സീറ്റ് നേടിയതിനാല്‍ ബിജെപിക്ക് തങ്ങളുടെ എംഎല്‍എമാരെ വിലക്കെടുക്കാനാവില്ലെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.