ചെന്നൈ: റെയില്‍വേ പുതിയ വന്ദേഭാരത് എക്സ്പ്രസുകളുടെ നിറംമാറ്റാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിലവില്‍ വെളളയും നീലയും നിറമാണ് വന്ദേഭാരത് എക്സ്പ്രസിന്. അത് കാവിയും ഓറഞ്ചും ചാരനിറവുമാക്കുമെന്നാണ് റെയില്‍വേ അറിയിച്ചത്. പുതിയ കോച്ചുകള്‍ ഉപയോഗിച്ചുളള സര്‍വ്വീസ് ഇതുവരെ ആരംഭിച്ചിട്ടില്ല. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് കോച്ചുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കോച്ച് ഫാക്ടറി സന്ദര്‍ശിക്കുകയും കോച്ചുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ദേശീയ പതാകയിലെ ത്രിവര്ണ്ണത്തില്നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിച്ചതെന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്. യാത്രക്കാരില്‍നിന്നും ലഭിച്ച പ്രതികരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ കോച്ചുകള്‍ ഡിസൈന്‍ ചെയ്തതെന്നും രാജ്യത്തെ തന്നെ എഞ്ചിനീയര്‍മാരും സാങ്കേതിക പ്രവര്‍ത്തകരുമാണ് കോച്ചുകള്‍ നിര്‍മ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുതിയ വന്ദേഭാരത് കോച്ചുകളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ രാജ്യമെമ്പാടും 26 വന്ദേഭാരത് എക്സ്പ്രസുകളാണ് ഓടുന്നത്. നിലവിലെ വെളള-നീല നിറത്തിലുളള വന്ദേഭാരത് എക്സ്പ്രസുകള്‍ കാണാന്‍ ഭംഗിയുണ്ടെങ്കിലും വേഗത്തില്‍ പൊടിപിടിക്കുന്നുണ്ടെന്നും അതിനാലാണ് നിറം മാറ്റുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.