കാസര്‍ഗോഡ്: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ പുറത്താക്കി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ പ്രവര്ത്തകന് അബ്ദുള്‍ സലാമിനെയാണ് പുറത്താക്കിയത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
'യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ച് നല്‍കിയതില്‍നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായാണ് പാര്‍ട്ടി കണക്കാക്കുന്നത്. ആയതിനാല്‍ മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുള്‍ സലാമിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു'-എന്നാണ് ലീഗ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
റാലിയില്‍ 'അമ്പലനടയില്‍ കെട്ടിത്തൂക്കി.. പച്ചക്കിട്ട് കത്തിക്കും' എന്ന മുദ്രാവാക്യമാണ് വിവാദമായത്. സംഭവത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തല്‍, അന്യായമായ സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസാണ് കണ്ടാലറിയാവുന്ന മുന്നൂറിലധികംപേര്ക്കെതിരെ കേസെടുത്തത്.