വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

Dr. Azad 9 months ago

ഞങ്ങൾ നീതിയെക്കുറിച്ചു സംസാരിക്കുമ്പോൾ നിങ്ങൾ നിയമത്തെക്കുറിച്ചു പറയും. ഞങ്ങൾ നിയമത്തെക്കുറിച്ചു സംസാരിക്കുമ്പോൾ നിങ്ങൾ 'ഞങ്ങളുടെ നിയമം വേറെ'യെന്നു പറയും. രാജ്യത്തെ നീതിയോ നിയമമോ നിങ്ങളെ ബാധിക്കുന്നില്ല. ഭരണഘടനയുടെ അനുശാസനങ്ങളും നിങ്ങളെ ബാധിക്കുന്നില്ല. നിങ്ങൾ അധികാരത്തിലെ പുത്തൻ അധിനിവേശത്തിന്റെ മാരക രൂപങ്ങൾ!

ഞങ്ങളുടെ പ്രതിഷേധം നിങ്ങൾക്ക് അക്രമമാണ്. ജനാധിപത്യ വഴക്കങ്ങൾ നിങ്ങളുടെ വ്യാഖ്യാനത്തിന് വഴങ്ങണം. വാസുവേട്ടൻ എന്ന തൊണ്ണൂറ്റാറുകാരനെ തടവിലിടാൻ, വിയോജിച്ചു എന്ന കുറ്റം മതി! നിയമനിർമ്മാണസഭ തല്ലിപ്പൊളിച്ചത് നിങ്ങളുടെ കൂട്ടരാകയാൽ പ്രതിഷേധം ഒരു കുറ്റമല്ല, കേസ് റദ്ദാക്കണമെന്ന് നിങ്ങൾ കോടതിയിൽ പറയും. സ്ഥാപനങ്ങളും വാഹനങ്ങളും തല്ലിപ്പൊളിച്ചത് നിങ്ങളുടെ കുഞ്ഞുങ്ങളാകുമ്പോൾ ആ 'കുട്ടിക്കുസൃതികൾക്ക്' എന്തു കേസെടുക്കാനെന്ന് നിങ്ങൾ പൊലീസിനെ തടയും. വർഗീയ പ്രസംഗങ്ങൾ സംഘപരിവാരങ്ങളുടെ ഭാഗത്തുനിന്നാണെങ്കിൽ പൊലീസിന് പക്ഷാഘാതം വരും. നിങ്ങളുടെ മഹാപ്രകടനങ്ങളോ നാമജപ യാത്രകളോ മതഘോഷങ്ങളോ തെരുവുകളെ സ്തംഭിപ്പിച്ചാൽ വാസുവേട്ടന്റെ പ്രതിഷേധത്തോളം വരില്ല. 'ഇതിലെന്തു കേസെടുക്കാൻ' എന്നു നിങ്ങളുടെ സർക്കാർ പൊലീസിനെ തിരുത്തും. കോടതിയിൽ കേസ്റദ്ദാക്കൽമേള നടത്തും. 

'ഞങ്ങൾ ചെയ്യുമ്പോൾ ഞങ്ങളുടെ കോടതി, ഞങ്ങളുടെ നിയമം, അതിൽ നിങ്ങൾക്കെന്ത് കാര്യം' എന്നു നിങ്ങൾ പരസ്യമായി മൊഴിയും. രാജ്യത്തെ നിയമം നിങ്ങളെ ബാധിക്കില്ല. കുറ്റം ചെയ്യുന്നവർക്ക് ഇതിൽപ്പരം തണൽശാലകൾ വേറെ കിട്ടാനില്ല. നിങ്ങളുടെ ഒപ്പം നിന്നാൽ,  കൊലയാളികൾക്ക് ജയിലിൽപോലും സുഖവാസം. നിയമം മറ്റുള്ളവർക്ക്. നിങ്ങൾക്ക് അപരദ്വേഷം വിതക്കുന്നതിന്റെ ആനന്ദം. അധികാരത്തിന്റെ മേൽവഴികൾ തുറക്കപ്പെട്ടിരിക്കുന്നു. പുതുബ്രാഹ്മണ്യത്തിന്റെ പൂണൂൽ വിതരണം അനേകശാഖകളിലൂടെ. നിങ്ങൾക്കൊപ്പമല്ലെങ്കിൽ അയിത്ത ജാതിക്കാർ. അവർക്കു നീതിയുടെ അപ്പമില്ല.സഹതാപത്തിന്റെ കിറ്റു കിട്ടിയാലായി.

കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ നീതിയുടെ ഇരുപുറങ്ങൾ. കാവിനീതിയുടെ മറുപുറത്ത് കള്ളച്ചോപ്പിന്റെ കള്ളനീതി. അയിത്തത്തിന്റെ രണ്ടു നടത്തിപ്പുകൾ. വിവേചനത്തിന്റെയും ബ്രാഹ്മണ്യ വരേണ്യതയുടെയും രണ്ട് അനുഭവപ്പുറങ്ങൾ. വാസുവേട്ടനെ നിങ്ങൾ ജയിലിലിടുമ്പോൾ എഴുപത്തിമൂന്നു തികഞ്ഞ ഭരണഘടനയെയാണ് തടവിലിടുന്നത്. നൂറ്റാണ്ടു പിന്നിടുന്ന ജനാധിപത്യ ഉണർവ്വിനെയും വിപ്ലവ മൂല്യത്തെയുമാണ് തടവിലിടുന്നത്.  അവർ സ്റ്റാൻസ്വാമിയോടു ചെയ്തത് മറ്റൊരിടത്ത് മറ്റൊരു പേരിൽ നിങ്ങൾ വാസുവേട്ടനോടു ചെയ്യുന്നു.

കഴിഞ്ഞ ദിവസം കോടതിയിൽനിന്നു പോകുന്ന വാസുവേട്ടനെ കണ്ടു. പൊലീസുകാർ വട്ടംനിന്ന് കാഴ്ച്ച മറയ്ക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ ഒരു വിഭ്രമമുണ്ടായി. അത് എ കെ ജിയല്ലേ? മിച്ചഭൂമി പിടിച്ചെടുക്കുന്ന സമരഭൂമിയിൽനിന്ന് തടവിലാക്കപ്പെട്ട, സ്വന്തം ഭാഗം സ്വയം വാദിക്കുന്ന എ കെ ജി. അതെ എ കെ ജിയെ അവർതന്നെ തടവിലിടണം! ഭരണഘടനാ മൂല്യങ്ങളെ കാൽക്കീഴിൽ മെതിക്കുന്ന കേന്ദ്രത്തിന്റെ അതേ മുഖമുള്ള മറുപുറമായി ഭരണഘടനാമൂല്യങ്ങളെ നിങ്ങൾ മെതിക്കുന്നു. എ കെ ജി ഉൾപ്പെടെയുള്ള സ്വന്തം നേതാക്കളോട് അനീതി ചെയ്യുന്നു! വാസുവേട്ടൻ നിങ്ങൾക്കു കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആൾരൂപമാകുന്നു. അത് നിങ്ങൾതന്നെ സ്ഥാപിക്കുന്നു. സ്വന്തം കഴിവുകേടിന്റെ, തകർച്ചയുടെ പ്രഖ്യാപനം പോലെ ഒരു ഐക്കൺ നിങ്ങളായിട്ടു ചരിത്രത്തിൽ നിർമ്മിച്ചു വെക്കുന്നു. വാസുവേട്ടൻ, അതിജീവിക്കുന്ന വിപ്ലവത്തിന്റെ (മുണ്ടശ്ശേരിയുടെ വാക്കുകളിൽ) ശുക്രനക്ഷത്രമാകുന്നു.

വിടുകയോ വിടാതിരിക്കുകയോ ചെയ്യാം. തടവിൽ കിടക്കുന്നതുകൊണ്ട് ഒരു വിപ്ലവകാരിയും ക്ഷീണിച്ചുപോയിട്ടില്ല. ഒരു തടവറയിലും വെളിച്ചം കേറാതിരുന്നിട്ടുമില്ല. നിങ്ങളുടെ ഓട്ടമുറങ്ങൾകൊണ്ട് ഒരു വെളിച്ചവും മറയ്ക്കാനാവില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Recent Posts

Dr. Azad 1 month ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 3 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 4 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 4 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 5 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More