കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

ഗാന്ധി കുടുംബത്തിന്റെ കയ്യിലെ പാവയെന്നും റിമോട്ട് കണ്‍ട്രോളെന്നും ബിജെപി പരിഹസിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റിട്ട്  ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. 2022 ഒക്ടോബര്‍ 26-നാണ് കര്‍ണാടകയില്‍ നിന്നുളള എണ്‍പത്തിയൊന്നുകാരനായ ദളിത് നേതാവ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരത്തേക്കെത്തുന്നത്. മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും സംസ്ഥാനങ്ങളിലെ നേതാക്കളുടെ തമ്മിലടിയും തെരഞ്ഞെടുപ്പുകളിലെ പരാജയവുമുള്‍പ്പെടെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത്. 2014-ല്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ 44 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ 'ഞങ്ങള്‍ക്ക് ഇപ്പോള്‍ 44 സീറ്റുകളേയുളളു. പക്ഷെ, പാണ്ഡവര്‍ ഒരിക്കലും നൂറ് കൗരവരെ കണ്ട് ഭയപ്പെട്ട ചരിത്രമില്ല'- എന്നാണ് ഖാര്‍ഗെ പറഞ്ഞത്. അവിടന്നങ്ങോട്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ പ്രധാന മുഖങ്ങളിലൊന്നായി അദ്ദേഹം മാറുകയായിരുന്നു. 

നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, മിസോറാം, ചത്തീസ്ഗഡ്, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുളള പ്രശ്‌നം, പ്രതിപക്ഷ സഖ്യം തുടങ്ങിയ വെല്ലുവിളികളാണ് അധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ ഖാര്‍ഗെയ്ക്കു മുന്നിലുണ്ടായിരുന്നത്. അധികാരമേറ്റ് ഒരുവര്‍ഷത്തിനുളളില്‍ ഗാന്ധി കുടുംബത്തിനൊപ്പം നിന്നുതന്നെ റിമോട്ട് കണ്‍ട്രോള്‍ എന്ന പരിഹാസത്തെ മറികടക്കാന്‍ ഖാര്‍ഗെയ്ക്കായി. 

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി രണ്ടുമാസം പിന്നിടുമ്പോഴാണ് ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ 40 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ ഖാര്‍ഗെ പറഞ്ഞത് വിജയത്തിന്റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്കും അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കുമാണ് എന്നാണ്. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുളള പ്രശ്‌നം തീര്‍ക്കാനായി അഞ്ചുതവണയാണ് അദ്ദേഹം ഇരുനേതാക്കളുമായി ചര്‍ച്ച നടത്തിയത്. സച്ചിന്‍ പൈലറ്റിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ഗെഹ്ലോട്ടിനോടും ക്ഷമ കാണിക്കണമെന്നും പാര്‍ട്ടി നേതാക്കളുടെ വിശ്വാസം നേടിയെടുക്കണമെന്നും സച്ചിന്‍ പൈലറ്റിനോടും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ പാര്‍ട്ടി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്കെതിരെ പരാതിയുമായി ഒരു വിഭാഗം നേതാക്കള്‍ സമീപിച്ചപ്പോള്‍ നേതാവിനൊപ്പം നിന്ന് പ്രവര്‍ത്തിക്കൂവെന്ന് ഉപദേശിച്ചുവിടുകയായിരുന്നു ഖാര്‍ഗെ ചെയ്തത്. അതേസമയം, രേവന്ത് റെഡ്ഡിയോട് പരാതിയുമായെത്തിയ നേതാക്കളെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ പരിമിതികള്‍ അറിഞ്ഞുകൊണ്ട് അതിനനുസരിച്ചായിരുന്നു ഖാര്‍ഗെയുടെ പ്രവര്‍ത്തനങ്ങള്‍. അധികാരമേറ്റ് ആറുമാസങ്ങള്‍ക്കുശേഷമാണ് കോണ്‍ഗ്രസ് പുതിയ വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിച്ചത്. മുതിര്‍ന്ന നേതാക്കളെയും യുവനേതാക്കളെയും പിണക്കാതെ കമ്മിറ്റി രൂപീകരിക്കുകയെന്ന വെല്ലുവിളിയും ഖാര്‍ഗെ മറികടന്നു. 

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ദിവസങ്ങള്‍ക്കുളളില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനും ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഒന്നിച്ചുകൊണ്ടുപോകാനും ഖാര്‍ഗെ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനായി. കര്‍ണാടകയില്‍ 224-ല്‍ 135 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ ബിജെപിക്ക് 66 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നു.

ഗാന്ധി കുടുംബത്തിനെതിരെ ജി-23 നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നത്. അതിനാല്‍തന്നെ ഗാന്ധി കുടുംബത്തെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോവുകയെന്നത് ഖാര്‍ഗെയ്ക്കുമുന്നിലെ വെല്ലുവിളിയായിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ രാഹുല്‍ ഗാന്ധിയ്ക്ക് വളരെ പ്രിയപ്പെട്ട നേതാവായി ഖാര്‍ഗെ മാറി. പൊതുപരിപാടികളില്‍ ഒരു കോണ്‍ഗ്രസ് നേതാവുമായും പ്രത്യേക അടുപ്പം പ്രകടിപ്പിക്കാത്ത രാഹുല്‍ ഗാന്ധി ഖാര്‍ഗെയ്ക്ക് കുടിയ്ക്കാനായി വെളളം എടുത്തുകൊടുത്തതും അദ്ദേഹത്തെ സ്വന്തം വാഹനത്തില്‍ വീട്ടിലെത്തിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു.

പ്രതിസന്ധികളുണ്ടാകുമ്പോള്‍ നേതാക്കളുമായി കൂടിയാലോചന നടത്തിയും ചര്‍ച്ച ചെയ്തും അവ പരിഹരിക്കുന്നതാണ് ഖാര്‍ഗെയുടെ രീതി. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' രൂപീകരിച്ചപ്പോള്‍ മമതാ ബാനര്‍ജിയും നിതീഷ് കുമാറുമുള്‍പ്പെടെ വിവിധ കക്ഷികളുടെ നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിലും ഖാര്‍ഗെ പ്രധാന പങ്കുവഹിച്ചു. അധ്യക്ഷനായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കപ്പലെന്ന് രാഷ്ട്രീയ നിരീക്ഷകരും ബിജെപിയും പരിഹസിച്ച കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്താനും പുതിയൊരു ദിശാബോധം നല്‍കാനും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് സാധിച്ചു എന്നുവേണം അനുമാനിക്കാന്‍. അരനൂറ്റാണ്ടായി പാർട്ടിക്കുള്ളിൽ ചർച്ചചെയ്യപ്പെടുകയും പല ശിബിരങ്ങളിലും പ്ലീനറികളിലും മാറ്റിവെക്കപ്പെടുകയുംചെയ്ത 'സാമൂഹിക നീതി' എന്ന വിഷയം റായ്‌പുർ പ്ലീനറിയിൽ പ്രമേയമായി അംഗീകരിക്കപ്പെട്ടു. ദളിത് - ഒബിസി രാഷ്ട്രീയം കോൺഗ്രസ് ഏറ്റെടുക്കണമെന്ന ശക്തമായ നിലപാട് ദളിത് നേതാവുകൂടിയായ ഖാർഗെ മുന്നോട്ടുവെച്ചു. ഇതേ ആശയമുള്ള രാഹുൽ ഗാന്ധിക്ക് ഇക്കാലമത്രയും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെപ്പോലും ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത കാര്യമായിരുന്നു അത്. ഇന്ന് ഒബിസി സംവരണമെന്നത് കോണ്‍ഗ്രസ് സമീപകാലത്തുയര്‍ത്തിയ ഏറ്റവുംവലിയ രാഷ്ട്രീയ മുദ്രാവാക്യമായി മാറിയിരിക്കുന്നു.

അതേസമയം, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കു മുന്നില്‍ ഇനിയും വെല്ലുവിളികള്‍ ഏറെയുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും രാജ്യത്തെ ജനാധിപത്യ മതേതരത്വ സമൂഹം കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ആ കരുത്തുമായിവേണം 2024-ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍, പ്രാദേശികാടിസ്ഥാനത്തില്‍ നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍, ബിജെപിയും ആര്‍എസ്എസും കുഴിക്കുന്ന വര്‍ഗ്ഗീയ കുഴികളില്‍ വീഴാതിരിക്കാന്‍, അതിര്‍ത്തി മുതല്‍ അടുക്കളവരെ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍, അധിക്കാരത്തിന്‍റെ അപ്പക്കഷ്ണങ്ങള്‍ നോക്കിയിരിക്കുന്ന നേതാക്കളെ ഒറ്റപ്പെടുത്താന്‍, ഏറ്റവും ഒടുവിലത്തെ ഗ്രാമത്തില്‍ പോലും സ്നേഹത്തിന്‍റെ കട തുറക്കാന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരക്കാരന്‍റെ സ്ഥൈര്യവും അര്‍പ്പണബോധവും ഇച്ഛാശക്തിയും അനിവാര്യമാണ്. രാജ്യം ആവശ്യപ്പെടുന്നതും അതാണ്‌.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Mridula Hemalatha

Recent Posts

Dr. Azad 1 month ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 3 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 5 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 5 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 5 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More