കനത്തമഴയിൽ തിരുവനന്തപുരം വട്ടിയൂർക്കവിലെ പെട്രോൾ പമ്പിലെ ടാങ്കിൽ വെള്ളം കയറി. ഇവിടെ നിന്ന് ഇന്ധനം നിറച്ച് വാഹനങ്ങൾ തകരാറിലായി. 35 ഓളം വാഹനങ്ങളാണ് ടാങ്കിൽ വെള്ളം കയറി വഴിയിൽ നിന്നു പോയത്. കഴിഞ്ഞ രാത്രിയുണ്ടായ കനത്തമഴയിലാണ് പെട്രോൾ പമ്പിൽ വെള്ളം കയറിയത്.
വെള്ളം ഇറങ്ങിയ ശേഷം യാതൊരു ഗുണ നിലവാര പരിശോധനയും കൂടാതെ ഇന്ധനം വാഹനങ്ങളിൽ അടിക്കുകയായിരുന്നു. തകരാറിലായ വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് ഇന്ധനത്തിൽ വെള്ളം കലർന്നതായി കണ്ടെത്തിയത്. തുടർന്ന് വാഹന ഉടമകൾ പമ്പിലെത്തി പ്രതിഷേധിച്ചു. വാഹനത്തിന്റെ തകരാർ പരിഹരിക്കാമെന്ന പമ്പ് ഉടമ എഴുതി നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.