രഹ്ന ഫാത്തിമയും മലയാളിയുടെ മനഃശാസ്ത്ര ബാധകളും

ചില സംഭവങ്ങളുണ്ട്. ആഘാത മൂല്യംകൊണ്ട് ഉന്നംവെച്ച ഒന്നിനെ മാത്രമല്ല  മറ്റു പലതിനെയും വെളിവാക്കിക്കളയും. വെറുതെ വെളിവാക്കുകയല്ല. തെളിവുസഹിതം വിള്ളലുകളിൽ നിന്ന് മറ നീക്കി പുറത്തിടും. ചില സംസാര സാധ്യതകൾ തുള്ളി വെളിച്ചപ്പെടും പോലെ. ശരീരം ശരീരം എന്ന് എല്ലാവരും പറഞ്ഞ രഹ്ന ഫാത്തിമയുടെ ബോഡി ആൻഡ് പൊളിറ്റിക്സ് വീഡിയോ അങ്ങനെ ഒരു പണിയാണ് ഇപ്പോൾ കേരളത്തിൽ എടുത്തു കൊണ്ടിരിക്കുന്നത്. വിചിത്രമെന്നു പറയട്ടെ ശരീരത്തെ പറ്റി പറഞ്ഞു പറഞ്ഞു അതിപ്പോൾ മനസ്സിലെത്തി. മലയാളിയുടെ  മനഃശാസ്ത്രത്തെ , അതിന്റെ ആധികാരികതയെ, ആ ആധികാരികതയ്ക്കായി അത് അദൃശ്യമാക്കുന്ന സാംസ്കാരിക സംഘർഷങ്ങളെയൊക്കെ തെളിച്ചു കാണിക്കുന്നുണ്ട് ആ വീഡിയോയ്ക്ക്  ചുറ്റും നടക്കുന്ന മാധ്യമ വ്യവഹാരങ്ങൾ.

രഹ്ന ഫാത്തിമയുടെ  ബോഡി ആൻഡ് പൊളിറ്റിക്സ് (Body and  Politics) വീഡിയോയ്ക്ക് ചുറ്റും നടന്ന പല ചർച്ചകളിലും അവസാന വാക്കു പറയാൻ മനഃശാസ്ത്രജ്ഞർ എന്തുകൊണ്ടാണ് ആനയിക്കപ്പെട്ടത്? അതിൽ നമുക്കാർക്കും ഒരു കുഴപ്പവും തോന്നാതിരുന്നത് എന്തുകൊണ്ടാണ്? ആനയിക്കപ്പെട്ടവരാണെങ്കിലോ അവരിലുള്ള പ്രതീക്ഷ കളയാതെ വളരെ ആധികാരികമായി അവസാന വാക്കുകൾ പറഞ്ഞു. ചർച്ചകൾ നമ്മൾ ഉപസംഹരിച്ചു. എന്നാൽ നിർമുക്ത മുക്തരും നിർബാധിതരും ആയ ഈ മനഃശാസ്ത്രജ്ഞരുടെ ശാന്തമായ ഹിംസ ഹിംസയാണെന്ന് പോലും നമ്മൾക്ക് തിരിച്ചറിയാനോ അനുഭവിക്കാനോ കഴിയുന്നില്ലേ എന്ന ആധിയാണ് ഇതെഴുതാൻ കാരണം.

രഹ്ന ഫാത്തിമയും, അവരുടെ ജീവിത പങ്കാളിയും പങ്കെടുത്ത മനോരമ ന്യൂസിലെ ചർച്ച (25 ജൂൺ 2020 ) ഉദാഹരണമായെടുത്താൽ, രഹ്നയും പങ്കാളിയും അവരുടെ അനുഭവം അതിനെ കുറിച്ചുള്ള അവരുടെ നിലപാടുകൾ എന്നിവ ആർജ്ജവത്തോടെ പറഞ്ഞു കൊണ്ടിരുന്നു. സ്ത്രീവാദത്തിന്റെ ഭാഷ സംസാരിക്കുന്നവർ അവരോടൊപ്പം നിൽക്കുന്നുണ്ടായിരുന്നു. ഹൈന്ദവ വാദത്തിന്റെ വക്താക്കൾ രഹ്നയെ  ആക്രമണോല്സുകമായി  എതിർക്കുന്നുണ്ടായിരുന്നു. എന്നാൽ  മനഃശാസ്ത്രജ്ഞൻ  എന്താണ് ചെയ്തിരുന്നത്. താൻ നിർബാധിതൻ ആണെന്ന് കാണിക്കുക, പഠിച്ചു വച്ച കാര്യങ്ങൾ മാത്രം പറയുക, അവസാനം ചർച്ച തീരാൻ നേരത്തു ഈ സ്ത്രീകൾ ഒക്കെ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ പ്രൊഫഷണൽസ് ഇനി 'ഗുഡ് ടച്ച്' 'ബാഡ് ടച്ച്' എന്നിവയെ പറ്റി എങ്ങനെ സംസാരിക്കും എന്ന് ശാന്തമായി ചോദിക്കുക. ഒറ്റ നോട്ടത്തിൽ വളരെ വിശാലമായ സമീപനം എന്ന് തോന്നുന്ന ഈ അവസാന ചോദ്യം മനഃശാസ്ത്രത്തിനു മാത്രം ഇന്ന് കേരള സമൂഹത്തിൽ സാധ്യമായ ഹിംസയെ വെളിപ്പെടുത്തുന്നുണ്ട്. പഠിച്ചതിൽ നിന്ന് ഒരു സമൂഹം മാറുമ്പോൾ പലതരം ആധികൾ ഉണ്ടാകാം. ആധി പരിഹരിക്കാൻ  മനഃശാസ്ത്രത്തെ സമീപിക്കും നമ്മൾ. എന്നാൽ അതിനുതന്നെ സത്യത്തിൽ ആധിയാണ് മാറ്റങ്ങൾ കാണുമ്പോൾ. ഒന്നും ഇളകിക്കിടക്കുന്നത് അതിനു സഹിക്കില്ല.  മനഃശാസ്ത്രം ആയി പോയില്ലേ. ആധി ഒരിക്കലും പുറത്തു കാണിക്കാനും  കഴിയില്ല. ആധിയുള്ളതു ആധികാരികമായി ഗണിക്കപ്പെടില്ല  എന്നതിന് നന്നായി അറിയാം. അതുകൊണ്ട് അത് പഠിച്ചതിനെ ശാന്തമായി ഉറപ്പിക്കും. 

മനഃശാസ്ത്രത്തിന്റെ ഈ സവിശേഷ നില ശ്രദ്ധയോടെ മനസ്സിലാക്കപ്പെടേണ്ടതാണ്. മനുഷ്യമനസ്സ് സാർവ്വ ലൗകികമാണെന്നും അതിന്റെ നോവും നിനവും എല്ലായിടത്തും ഒന്നാണെന്നും ആണ്‌ ഈ മനഃശാസ്ത്രം കരുതുന്നത്. വളരെ ചരിത്ര നിരപേക്ഷവും സംസ്കാര വിച്ഛേദിതവുമായ ഒരു ശരീരവും മനസ്സും ആണ് അതിന്റെ കളിനിലങ്ങൾ. അതുകൊണ്ട് എന്നോ ആരോ തീരുമാനിച്ച ഒരു ഗുഡ് ടച്ചും ബാഡ് ടച്ചും അതിന് ഏതു ചർച്ചയിലും കുപ്പി തുറന്നു പുറത്തെടുക്കാൻ കഴിയും. ആ സ്പർശം നടക്കുന്ന സ്ഥലത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ വിവക്ഷകൾ അതിനെ ബാധിക്കില്ല. എന്തിന് ആ സ്ഥലത്തിൻറെ psychic significance പോലും അതിനെ ബാധിക്കില്ല! ബാധിക്കില്ലെന്ന് മാത്രമല്ല അകവും പുറവും ചേർന്ന് വിചിത്രമായി അർത്ഥ ഉൽപ്പാദനം നടത്തുന്ന  psyche എന്ന  സ്ഥലത്തോട് അതിനു പ്രത്യേകി ച്ചൊരു മമതയുമില്ല. ആധികാരികമാകാൻ വിസമ്മതിക്കുന്ന എന്തിനെയും തള്ളിക്കളയുക എന്നാണ് അതിൻറെ സ്ഥാപനവത്കൃത യുക്തി. അതുകൊണ്ട് ആധുനിക മനഃശാസ്ത്രം ആദ്യം കൈവിടുന്നത്  മനസ്സിനെ തന്നെയാണ്!  

നമ്മളൊക്കെ യൂറോപ്യൻ ആധുനികതയുടെ സന്താനങ്ങളും  വേറിട്ട ഒരു ശരീരമോ മനസ്സോ ചിന്തയോ കൊണ്ടുനടക്കാൻ കെല്പില്ലാത്തവരും ആണെന്ന് സമ്മതിച്ചാൽ പോലും അങ്ങനെ ഒരു ചരിത്ര നിമിഷത്തിൽ ഉറഞ്ഞുപോയ ഒരു ശരീരവും സ്പർശവും അതിനുള്ളിലും നിലനിൽക്കുന്നില്ല എന്നതാണ്  വസ്തുത. ചരിത്രശരീരത്തിൽ നിന്ന് ജീവശരീരം  പാളിവീഴുന്ന  നിമിഷങ്ങളിൽ ആണ് ചരിത്രത്തിന്റെ തന്നെ അതിരുകൾ മാറ്റി വരക്കപ്പെടുന്നത്. എന്നാൽ ജീവനുള്ള ശരീരത്തിന്റെ ചലനാത്മകതയെ ഒരു തരത്തിലും അംഗീകരിക്കാതെ അതിനെ ക്ലിനിക്കൽ പ്രാക്ടീസിനകത്തു മരവിപ്പിച്ചു നിർത്തിക്കൊണ്ടാണ് ആധുനിക മനഃശാസ്ത്രം ആധികാരികവും പ്രൊഫഷണലും ആകുന്നത്. ചലനാത്മകതയെ ജഡത്വത്തിലേക്കും മരവിപ്പിലേക്കും വിവർത്തനം ചെയ്തുകൊണ്ട് സന്തുലിതാവസ്ഥകളെ തകരാതെ നോക്കുന്ന ഒരു പണിയാണ് ഇവിടെ മനഃശാസ്ത്ര വ്യവഹാരങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ചരിത്ര നിരപേക്ഷമാകാനുള്ള അതിന്റെ വെമ്പലിനെ അതിന്റെതന്നെ  ചരിത്രം കൊണ്ടേ മനസ്സിലാക്കാൻ കഴിയൂ. സത്യത്തിൽ അങ്ങനെ ഉറച്ചു നിൽക്കുന്ന ഒരു ശരീരമോ മനസ്സോ മനോരോഗങ്ങളോ മനഃശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഇല്ല. അല്ലങ്കിൽ മനഃശാസ്ത്ര പ്രൊഫഷണൽസ് എല്ലാം പിടിച്ചാണയിടുന്ന 'ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക് മാന്വൽ' (D S M) ഇങ്ങനെ കാലംതോറും പുതുക്കേണ്ട കാര്യമില്ലല്ലോ.  ഈ മാന്വൽ ഓരോ  തവണ പുതുക്കുമ്പോഴും പല തരം മനുഷ്യർ അതിനോട്  കലഹിച്ചുകൊണ്ട് തെരുവിൽ ഇറങ്ങാറുണ്ട് . ഏറ്റവും പ്രസിദ്ധമായ ഉദാഹരണം D S M-III ന്റെ സമയത്ത് ലൈംഗിക ന്യൂനപക്ഷങ്ങൾ അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന് മുൻപിൽ നടത്തിയ പ്രതിഷേധം തന്നെയാകും. sexual orientation disturbance എന്ന സ്ഥലത്തുനിന്ന് മാറി ego-dystonic homosexuality എന്ന സ്ഥലത്തും പിന്നീട് D S M-III ന്റെ പരിഷ്കരിച്ച പതിപ്പായ D S M-III R ൽ അതുപോലും നീക്കം ചെയ്യുന്നിടത്തും ചെന്നുനിൽക്കുന്ന   പ്രതിഷേധമായിരുന്നു അത്.  ജോലി ചെയ്യാനും  സ്വകാര്യ സ്വത്തു സമ്പാദിക്കാനുമൊക്കെയുള്ള അവസരങ്ങളിൽ നിന്ന്  ലൈംഗിക ന്യൂനപക്ഷങ്ങളെ  തടയുന്ന ഒന്നായിരുന്നു   D S M  നൽകിയിരുന്ന ഡയഗ്നോസ്റ്റിക് ലേബൽ. തെരുവിലെ സമരം ജ്ഞാനത്തെ അക്ഷരാർത്ഥത്തിൽ മാറ്റിയ ഒരു ഇടപെടലായിരുന്നു അത്. ഒരു പക്ഷേ മനഃശാസ്ത്ര വ്യവഹാരങ്ങൾക്ക് എല്ലാ കാലത്തും ഈയൊരു തീവ്രത ഉണ്ടായിരുന്നു. നിങ്ങളുടെ നിൽപ്പും കിടപ്പും നോക്കി നിങ്ങളുടെ  ഉണ്മയെ പറ്റി ഇങ്ങനെ അഭിപ്രായം പറയുന്ന  മറ്റൊരു സിദ്ധാന്ത പ്രയോഗം ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ട് തന്നെ അനുഭവങ്ങളെയും അതിന്റെ ഉണ്മയെയും കേന്ദ്ര സ്ഥാനത്തു നിർത്തുന്ന രാഷ്ട്രീയ-ജ്ഞാന പദ്ധതികൾക്ക് ഇതിനെ  അവഗണിക്കുന്നത് എളുപ്പമാവില്ല  തന്നെ.  ചെയ്യാവുന്ന ഒന്ന് അതിന്റെ തന്നെ ചരിത്രം അതിനെ ഓർമ്മിപ്പിക്കുക എന്നതാണ്.

എന്നാൽ നമ്മുടെ ക്ലിനിക്കൽ ഇടങ്ങളിൽ ഈ ചരിത്രം പലപ്പോഴും പഠിപ്പിക്കപെടുന്നില്ല.  അതിന്റെ ആധികൾ പങ്കുവെക്കപ്പെടുന്നുമില്ല. ചരിത്രവും ഓർമയും ഉരിഞ്ഞുകളഞ്ഞ ഒരു മനസ്സിനെയും ആ മനസ്സിനെ പേറുന്ന ശരീരത്തെയും ആണ് അത് പഠിക്കുന്നതും പ്രയോഗിക്കുന്നതും . സന്ദിഗ്ധതകളും സ്നിഗ്ധതകളും അന്യമായ ഒരു ശരീരവും  മനസ്സുമായി മനുഷ്യന്റെ കാമനകളെ ചോദനകളെ വാസനകളെ എല്ലാം പരിഹരിച്ചു  കൊടുക്കുന്ന ഒരു സേവനമായാണ്  ഇതിന്റെ നില്പ് . അങ്ങനെയാണത് ആധികാരികം ആകുന്നത്.ലോകമെമ്പാടും ബയോ മെഡിക്കൽ സൈക്ക്യാട്രിയും അതിന്റെ ഭാഷയും മനുഷ്യാനുഭവങ്ങളെ ഒട്ടാകെയും മനുഷ്യന്റെ  പീഡാനുഭവങ്ങളെ പ്രത്യേകിച്ചും  ഒരൊറ്റ ഭാഷയിലേക്ക് വിവർത്തനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഇതുതന്നെയാണ് സ്ഥിതി.

ഇന്ത്യയിലെ  ഏറ്റവും പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രമായ നിംഹാൻസിൽ അതിന്റെ തുടക്കകാലത്തു  പലതരം ചിന്താപദ്ധതികളും  ചികിത്സാപദ്ധതികളും നിലനിന്നിരുന്നു. ആ സ്ഥാപനത്തിന്റെ ചരിത്രം അവിടത്തെ കേസുകളുടെ ചരിത്രമായി എഴുതിയാൽ മാത്രം വീണ്ടെടുക്കാവുന്ന ഒരു വൈവിധ്യം ആണത്. ജർമ്മൻ ചിന്തയുടെ ബലവുമായി എത്തിയ Gestalt ചിന്തയൊക്കെ ക്ലിനിക്കൽ പ്രാക്ടീസിനെ നന്നായി സ്വാധീനിച്ചിരുന്നു. പിന്നീട് bio-psycho-social എന്ന മോഡൽ മറ്റെവിടെയുമെന്നപോലെ നിംഹാൻസിൽ മേൽക്കൈ നേടുന്നുണ്ട്. ഇതിലെ ബയോ വൈദ്യ ശാസ്ത്രത്തിനും സോഷ്യൽ സാമൂഹ്യ ശാസ്ത്രങ്ങൾക്കും കൊടുക്കാം.  ഈ സൈക്കോയെ എന്ത് ചെയ്യും. അത് ഏതു ഭാഷയാണ് സംസാരിക്കുന്നത്? അത് സ്നേഹിക്കുന്നത്, സങ്കടപ്പെടുന്നത്, കലഹിക്കുന്നത്  ഏതു ഭാഷയിലാണ് ? ഈ ചോദ്യങ്ങൾ സ്വയം ചോദിക്കാനും മാത്രം ആത്മശേഷി ഉള്ള ഒരു ജ്ഞാനശാഖയല്ലിത് .   തത്കാലം ഈ സൈക്കോയെ അത് ബയോ ഫാർമക്കോളജിക്ക്‌  കൊടുത്തു കയ്യൊഴിഞ്ഞു നിൽപ്പാണ്. മനസ്സിനോട് ഇടപെടുന്നത് അത്ര സുഖമുള്ള കാര്യമല്ല. അത് ചാടിക്കളിക്കുന്നതും ചരിത്രത്തെയും സംസ്കാരത്തെയും  ഒക്കെ മായക്കണ്ണാടിയിൽ എന്ന പോലെ കുഴച്ചുമറിച്ചു കാണിക്കുന്നതും ആണ്.

മനുഷ്യൻറെ ശരീരത്തോടും മനസ്സിനോടും  ഉണ്ടാകാവുന്ന അംഗീകൃതമായ ബന്ധം ക്ലിനിക്കൽ  ബന്ധം മാത്രമാകുമ്പോൾ നമുക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെ പറ്റി  കൊള്ളാവുന്ന ഒരു വിശകലനം നടത്താൻ  പോലും കഴിയാത്ത മനഃശാസ്ത്രമാണ് നമ്മുടേത് എന്ന് നമ്മളെ കാണിച്ചു തരുന്നുണ്ട്  Body and Politics  വീഡിയോ. അങ്ങനെ നോക്കിയാൽ വളരെ പഴയ ഒരു ശരീരവും അതിലും പഴയ ആധികളും ആണ് ഈ മനശ്ശാസ്ത്രത്തെ നയിക്കുന്നതെന്നും പറയേണ്ടി വരും.  'തലച്ചോറിൻറെ  ദശകം'  സത്യത്തിൽ അമ്മ-കുഞ്ഞ് ദ്വന്ദത്തെ വീണ്ടെടുക്കുകയും ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. പണ്ട് മെലാനി ക്ലെയിൻ ഇതേ ദ്വന്ദ്വത്തെ കുറിച്ച് പറഞ്ഞപ്പോ പെണ്ണെന്നു പുച്ഛിച്ചു ഒരരുക്കാക്കി. എന്നാൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരത്തെയും സ്പർശത്തെയും പാട്രിയാർക്കിയുടെ പേടിയില്ലാതെ നോക്കുന്ന ന്യൂറോ ബയോളജി  മനഃശാസ്ത്രത്തിനു പുതിയ പണികൾ നല്കിക്കൊണ്ടേയിരിക്കുന്നു. കൃത്യമായി തരം തിരിച്ചു വച്ച ശരീരവും മനസ്സും തന്നെ ന്യൂറോ ലാബുകളിൽ തൂവി പോകുന്നു. ഇതിനൊക്കെ ഇടയിൽ  എല്ലാ സ്പർശവും ട്രോമയാകേണ്ടത് ആരുടെ ആവശ്യമാണ് ? സ്നേഹത്താൽ സ്പർശിക്കുന്ന, സ്പര്ശത്താൽ  സ്പന്ദിക്കുന്ന ശരീരത്തെ എന്തുകൊണ്ടാണ് മലയാളിയുടെ മനഃശാസ്ത്രത്തിനു പേടി? ഈ  മനഃശാസ്ത്രത്തിൻറെ ശരീരപ്പേടിയും വികാരപ്പേടിയും  മാറാൻ എത്ര രഹ്ന ഫാത്തിമമാർ വേണ്ടി വരും?

ഇപ്പോൾ കേരളത്തിൽ ബാധകൾ ഇല്ല. താങ്ങാൻ വയ്യാത്ത സങ്കടത്തിൽ ഉള്ളു രണ്ടായി പിളർന്ന് ഉമ്മറത്തെ കസേരയിൽ  വന്നിരുന്നു വീട്ടിലെ പുരുഷനോട് 'എന്റെ കുഞ്ഞിനെ നീ എന്ത് ചെയ്തു ' എന്ന് മരിച്ചുപോയ കാരണവരുടെ  ശബ്ദത്തിൽ ചോദിക്കുന്ന സ്ത്രീ ബാധകൾ ഒരു കാലത്ത് കേരളത്തിലെവിടെയും ഉണ്ടായിരുന്നു. ഇപ്പോൾ ബാധകൾ പോയി. പകരം ഡിപ്രഷൻ വന്നു.  ഗൃാസ് കേറിയും വയറെരിഞ്ഞും ദുരിതത്തെ മറികടക്കുന്ന പുതിയ വിദ്യയും മലയാളി കണ്ടുപിടിച്ചു. ഇക്കാണുന്ന സ്വകാര്യ ആശുപത്രികളിലെ   മനഃശാസ്ത്രജ്ഞർക്കുള്ള റെഫെറലുകൾ പകുതിയിലധികവും  ഗാസ്‌ട്രോ വിഭാഗത്തിൽ നിന്ന് വരാൻ തുടങ്ങി എന്നവർ തന്നെ സമ്മതിക്കാൻ തുടങ്ങി. ഇതിനൊക്കെയിടയിൽ രണ്ടു ഫോണും മൂന്നു സിമ്മും നാല് പ്രേമവും ഉള്ള ആളുകൾ വന്നു. എന്നിട്ട്  പ്രേമം എന്ന അനുഭവം മാറിയോ എന്ന ചോദ്യം പോയിട്ട് മലയാളിയുടെ പ്രേമം എന്ന അനുഭവം എന്താണ് എന്നുപോലും അത് നേരാംവണ്ണം  പഠിച്ചിട്ടില്ല.  എന്നാലോ ആധികാരികമാകാനുള്ള വെമ്പൽ അതിന്  തീർന്നിട്ടുമില്ല. എല്ലാവരും വളരെയധികം ഉത്പാദന ക്ഷമതയുള്ളവരും സന്തോഷമുള്ളവരും ആകാൻ വെമ്പുന്ന ഈ കാലത്ത് ഈ ശാസ്ത്രത്തിന്റെ പ്രഹരശേഷിയാകട്ടെ  കൂടുകയുമാണ്. ഏതു ബാധയ്ക്കാണ് മനഃശാസ്ത്രത്തിന്റെ മുറ്റത്തു നിന്നോ കസേരയിൽ കാലു കയറ്റിയിരുന്നോ മുടിയഴിച്ചോ മാറിടമഴിച്ചോ നാല് ചോദ്യം ചോദിക്കാനാകുക?

Contact the author

രഞ്ജിനി കൃഷ്ണൻ

Recent Posts

Dr. Azad 2 weeks ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More