നിയമങ്ങളും സൗന്ദര്യവും: ഒരു വിറ്റ്ഗന്‍സ്റ്റൈനിയൻ ചിന്ത - മുഹമ്മദലി പി. പി

 ഏതൊരു നിയമവും നിർമ്മിതമാണ്. അതിനാൽ തന്നെ നിയമങ്ങൾ അലംഘനീയമല്ല. സുനിശ്ചിതമല്ലാത്ത നിയമങ്ങളാൽ തീർത്തതാണ് നാം സംസ്കാരത്തിൻറെ വിവിധങ്ങളായ, ഉന്നതങ്ങളെന്ന്  നാം അഭിമാനിക്കുന്ന കൊച്ചു ശൃംഗങ്ങൾ.

കല, സാഹിത്യം, സംഗീതം തുടങ്ങിയവ ഏത് നിയമങ്ങളാൽ നിർമ്മിതമാണ് ?

ഭൗതികശാസ്ത്ര നിയമങ്ങൾ ഉരുക്കുകൊണ്ട് നിർമ്മിക്കപ്പെട്ട ശക്തമായ ഇനത്തിൽപ്പെട്ടവയാണെന്ന് അഭിമാനം കൊള്ളുന്നവരാണ് ശാസ്ത്രവാദികൾ. മനോ വ്യാപാരങ്ങളുടെ ആഴങ്ങളിൽ നിന്നാണ് സൗന്ദര്യഗോപുരങ്ങൾ തീര്‍ക്കുന്നത് എന്നാണ് സൗന്ദര്യവാദികളുടെ പക്ഷം. (വാദികൾ എന്നതുകൊണ്ട് എല്ലാവരും എന്ന് ഇവിടെ അർത്ഥമാക്കുന്നില്ല എന്ന് വ്യക്തമാണല്ലോ? അങ്ങനെ വാദിക്കുന്നവർ എന്ന രീതിയിൽ തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളത്). എന്നാൽ വിറ്റ്ഗന്‍സ്റ്റൈന്‍ മറ്റൊരു വിധത്തിൽ നിയമങ്ങളെ (റൂൾസ്) വിലയിരുത്തുന്നു.

ആത്‌മനിഷ്ഠം,വസ്തുനിഷ്ഠം എന്ന വിഭജനം വിറ്റ്ഗന്‍സ്റ്റൈന് ഭാഷയിലെ പ്രയോഗപരമായ ഒരു ഉപാധിയാണ്. ഈ ഉപാധി ഭാഷയും ലോകവും തമ്മിലുള്ള ബന്ധത്തെ അധികരിച്ച് സാമൂഹികമായ പ്രയോഗത്തിലൂടെ നാം ഉണ്ടാക്കിയതാണ്. ഈ പ്രയോഗം മനുഷ്യൻറെ ജീവിതക്രമവുമായി ബന്ധപ്പെട്ടു കൂടിയാണ് ഉരുത്തിരിയുന്നത്. മൃഗങ്ങൾക്ക് ഇത്തരം ഒരു വിഭജനം അവരുടെ ജീവിതക്രമത്തിൽ ഉണ്ടോ എന്ന് നമുക്കറിയില്ല. 

ഒരാളുടെ കുപ്പായം തയ്ക്കാനുള്ള അളവുകൾ പോലെയല്ല ആ കുപ്പായത്തിനു ഭംഗിയുണ്ടാക്കാൻ ഒരു തയ്യൽക്കാരൻ കുറിച്ചിടുന്ന അളവുകൾ. ആദ്യത്തേത് ശരീരത്തിൻറെ മാനങ്ങളാൽ നിർണ്ണീതമാകുമ്പോൾ രണ്ടാമത്തേത്‌ ഭംഗിയുടെ അളവുകളെന്ന നിലയിൽ ആദ്യത്തേതിൽ നിന്നും വ്യത്യസ്തമാകുന്നു.

ആത്‌മനിഷ്ഠവും വസ്തുനിഷ്ഠവും ഭാഷാ നിഷ്ഠമാണ് 

അപ്പോൾ ശരീരത്തിൻറെ യഥാതഥ  അളവുകൾ വസ്തുനിഷ്ടം എന്ന് വരുമോ? 

ശരീരത്തെ ശരീരമായി നാമറിയുന്നത് 'ശരീരം' എന്ന ഭാഷാപ്രയോഗത്തിലൂടെയാണ്. ഭാഷ എന്ന സാമൂഹിക ഉപകരണത്തിലൂടെ നാം ലോകത്തെ ലോകമായി അടയാളപ്പെടുത്തുന്നു. ശരീരം ശരീരം തന്നെയോ എന്ന ചോദ്യത്തിന്  ശരീരം ശരീരം തന്നെയാണെന്നും അത് മേഘമല്ല എന്നും നാം മറുപടി പറയുന്നു. ഇതിനുള്ള പ്രാപ്തി നമുക്ക് ലഭിക്കുന്നത് ഭാഷയിൽ നിന്നാണ്. നമ്മുടെ അറിവിനപ്പുറം നിലകൊള്ളുന്ന ശരീരത്തെ  ഭാഷ നമ്മുടെ വരുതിയിലെ ഒരു വസ്തുവാക്കുന്നു. ഇവിടെ വസ്തുനിഷ്ഠതയെ ഭാഷാനിഷ്ഠമെന്ന് നാം തിരിച്ചറിയുന്നു അതുപോലെ ആത്‌മനിഷ്ഠത എന്നതും ഭാഷാനിഷ്ഠമാണ്. 

ശരീരത്തിൻറെ അളവുകളുമായി പരോക്ഷമായി ബന്ധപ്പെട്ടാണ് കുപ്പായത്തെ ആകർഷകമാക്കാനുള്ള അളവുകൾ നിലനിൽക്കുന്നതെങ്കിലും അവ ആ അളവുകളിൽ നിന്ന് ഒരു വിടുതി കൈവരിക്കുന്നു. ഇത് സത്യമാണ്. പക്ഷേ ഈ വിടുതിയെ നമുക്ക് ആത്മനിഷ്ഠം എന്ന് വിളിക്കാമോ? ഈ വിടുതി സൗന്ദര്യനിഷ്ഠമാണ്. ഇതിനെ സൗന്ദര്യനിഷ്ഠമാക്കുന്നത് ഭാഷ കോറിയിടുന്ന സൗന്ദര്യത്തെ കുറിച്ചുള്ള നിയമങ്ങളാണ്. നിയമങ്ങൾക്കതീതമായ സൗന്ദര്യമില്ല. എന്നാൽ ഈ നിയമങ്ങൾ സുനിശ്ചിതമല്ലതാനും.  വസ്തുനിഷ്ഠമെന്ന പേർ നൽകി നാം വിളിക്കുന്ന ഭാഷയുടെനിയമങ്ങളും ഇത് പോലെയാണ്. വസ്തുക്കൾ വസ്തുക്കളായി  ഭാഷാനിയമങ്ങളാൽ പ്രയോഗവത്കരിക്കപ്പെടുമ്പോഴും ഈ നിയമങ്ങൾക്ക് ഖനസ്വഭാവമില്ല. അവയിൽ പരിണാമസാദ്ധ്യതകൾ വീണു മയങ്ങുന്നു. 

ആത്മനിഷ്ഠവും നിയമങ്ങളാല്‍ നിര്‍ണ്ണീതം  

ആത്മനിഷ്ഠമാണെന്ന് പലപ്പോഴും പറയപ്പെടുന്ന  സൗന്ദര്യസൃഷ്ടികൾ വസ്തുനിഷ്ഠം കൂടിയുമാണ്. വസ്തുനിഷ്ഠം  എന്ന് പൊതുവെ  വിളിക്കപ്പെടുന്ന ശാസ്ത്രനിരീക്ഷണങ്ങളും പരീക്ഷണങ്ങളും സിദ്ധാന്തങ്ങളും ആത്മനിഷ്ഠവും കൂടിയാണ്. കാരണം ഈ രണ്ടു മണ്ഡലങ്ങളും നിയമങ്ങളാൽ നിർണ്ണീതമാണ്. ഈ നിയമങ്ങൾ പൂർണ്ണമായും വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ അല്ല. അവയ്ക്കപ്പുറം, അതായത് ഈ വിഭജനത്തിനപ്പുറം, അവ സാമൂഹികമായി ഉരുത്തിരിയപ്പെട്ടതാണ്. അവയ്ക്ക്  മിത്തിൻറെ ആത്മാവാണ്. ജിവിതം എന്ന മിത്താണ് അവയുടെ അതാര്യതയുടെ (Opaqueness) നിദാനം. ഈ അതാര്യതയിൽ നാം  നമ്മെ പല രീതികളിൽ ഓരോ നിമിഷവും ശരിക്കും തെറ്റിനുമപ്പുറം സാമൂഹികമായി നിയാമകമായി കണ്ടെത്തുമ്പോൾ വിധികൾക്കുള്ള മാനദണ്ഡങ്ങൾ സംജാതമാകുന്നു. ശാസ്ത്രത്തിൻറെ, കലയുടെ, മറ്റ് ജീവിത വ്യാപാരങ്ങളുടെ, സാംസ്കാരിക രൂപങ്ങളുടെ, കായിക വിനോദങ്ങളുടെ മാനദണ്ഡങ്ങൾ. മാനദണ്ഡങ്ങളുടെ ബലത്തിൽ കവിത ഇങ്ങനെയാകണമെന്ന് നാം പറയുന്നു. മാനദണ്ഡങ്ങളെ ചൂണ്ടി നാം കവിത എങ്ങനെ ശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമാകുന്നു എന്ന് വിവരിക്കുന്നു. 

(വിറ്റ്ഗന്‍സ്റ്റൈന്‍റെ പിൽക്കാലചിന്തകളിലേക്കുള്ള ഒരു സൂചിപ്പലക (sign board) യാകാന്‍ ഈ കുറിപ്പിന് കഴിഞ്ഞെങ്കിൽ എന്ന് പ്രത്യാശിക്കുന്നു). 

അവലംബം: 1.Philosophical Investigations by Ludwig Wittgenstein

                          2.L Wittgenstein Lectures & Conversations on Aesthetics, Psychology and Religious Belief

Contact the author

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More