എബ്രാഹിം അല്‍ ഖാസി: ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറിയ കലാകാരന്‍ -രേണു രാമനാഥ്

ജീവിച്ചിരിക്കുമ്പോഴേ ‘ലെജൻഡ്‘ ആയി മാറിയ അപൂർവ്വ വ്യക്തികളിലൊരാളാണു എബ്രാഹിം അൽക്കാസി. ആധുനിക ഇന്ത്യൻ നാടകവേദിയെ രൂപപ്പെടുത്തിയതിൽ ഏറ്റവും വലിയ പങ്കു വഹിച്ചിട്ടുള്ള സംവിധായകനും നാടകാദ്ധ്യാപകനുമായിരുന്നു 1962 മുതൽ 1977 വരെ (15 വർഷം) നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്ന അൽക്കാസി. അദ്ദേഹം മാർഗ്ഗനിർദ്ദേശം നൽകി വാർത്തെടുത്തിട്ടുള്ള അനുഗൃഹീതരായ നാടകപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും ഏറെയാണു പ്രശസ്ത നടനായ നസീറുദ്ദീൻ ഷാ ഉൾപ്പെടെ. ‍

വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ സൗദി അറേബ്യൻ സ്വദേശിയായ പിതാവിന്റെയും, കുവൈറ്റ് സ്വദേശിയായ മാതാവിന്റെയും എട്ടു മക്കളിൽ ഒരാളായി പൂനയിൽ ജനിച്ച എബ്രാഹിം അൽക്കാസി ഇന്ത്യയെ സ്വന്തം നാടായി സ്വീകരിക്കുകയായിരുന്നു. ജനിച്ചത് ഒരു വ്യാപാരികളുടെ കുടുംബത്തിലാണെങ്കിലും കലയുടെ വഴിയിലേക്ക് തിരിഞ്ഞ എബ്രഹിം അൽക്കാസി, ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്സിൽ (RADA) നിന്നാണു നാടകത്തിൽ ഉപരിപഠനം നടത്തിയത്. പ്രശസ്ത ചിത്രകാരൻ അക്ബർ പദംസീയുടെയും നാടകകാരനായിരുന്ന അലീക് പദംസീയുടെയും സഹോദരനായിരുന്ന സുൽത്താൻ ബോബി പദംസീ മുംബൈയിൽ നടത്തിയിരുന്ന തിയേറ്റർ ഗ്രൂപ്പ് എന്ന ഇംഗ്ലീഷ് തിയേറ്റർ സംഘത്തിലൂടെയാണു അൽക്കാസി നാടകവേദിയുമായി പരിചയപ്പെടുന്നത്. ഇരുപത്തിമൂന്നാം വയസ്സിൽ അന്തരിച്ച ബോബി പദംസീയുടെ സഹോദരിയും കോസ്റ്റ്യൂം ഡിസൈനറുമായ റോഷനാണു എബ്രാഹിം അൽക്കാസിയുടെ ജീവിതപങ്കാളിയായത്.

ഇംഗ്ലണ്ടിൽ തുടരാനുള്ള അവസരങ്ങൾ ഉപേക്ഷിച്ച് മുംബൈയിൽ തിരിച്ചെത്തിയ അൽക്കാസി നാടകവേദിയിലെ പുതുപരീക്ഷണങ്ങളിൽ മുഴുകുകയായിരുന്നു. ആധുനിക ഇന്ത്യൻ നാടകവേദിയുടെ പിതാവെന്ന് അറിയപ്പെട്ടിരുന്ന അൽക്കാസിയുടെ പ്രവർത്തനമേഖല പക്ഷെ, നാടകവേദിയിൽ മാത്രം ഒതുങ്ങി നിന്നില്ല. ഇന്ത്യയിലെ വിഷ്വൽ ആർട് മേഖലയിൽ നിർണ്ണായകമായ പങ്കു വഹിച്ച സുപ്രധാനവ്യക്തികളിലൊരാളായിരുന്നു അദ്ദേഹം.

പത്നി റോഷൻ അൽക്കാസിയുമൊത്ത് 1977-ൽ ആരംഭിച്ച ആർട് ഹെറിറ്റേജ്, ഇന്ത്യയിലെ കലാരംഗത്ത് ഏറെ പ്രധാനപ്പെട്ട സ്ഥാനമുള്ള ആർട് ഗാലറിയാണു. വിഷ്വൽ ആർട്ടുമായുള്ള അൽക്കാസിയുടെ ബന്ധം ആരംഭിക്കുന്നതും മുംബൈയിൽ നിന്നാണ്. അമ്പതുകളിൽ എം.എഫ്. ഹുസൈനും എഫ്. എൻ. സൂസയും എച്ച്. എസ്. റാസയും, അക്ബർ പദംസീയും, തയുബ് മെഹ്തയുമൊക്കെ നയിച്ചിരുന്ന പ്രോഗ്രസ്സീവ് ആർടിസ്റ്റ് ഗ്രൂപ്പുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു അൽക്കാസി. അദ്ദേഹത്തിന്റെ പല നാടകങ്ങളുടെയും അണിയറയിൽ ഹുസൈൻ ഉൾപ്പെടെയുള്ള ചിത്രകാരന്മാർ സഹകരിച്ചിരുന്നു. കലാകാരരും നാടകകാരരും തമ്മിൽ ജൈവികമായ ഒരു ഇടപഴകലും കൊടുക്കൽ വാങ്ങലും വളരെ സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരുന്ന കാലഘട്ടമായിരുന്നു ആ അമ്പതുകളും അറുപതുകളുമൊക്കെ.

അൽക്കാസിയുടെ കൈകളിലൂടെ ഉരുവം കൊണ്ട നാടകകാരരും അഭിനേതാക്കളും ഇന്ത്യയുടെ എല്ലാഭാഗത്തും പ്രവർത്തനനിരതരായിരിക്കുന്നു ഇന്നും, ഒപ്പം അവരുടെ ശിഷ്യപരമ്പരകളും. അമ്പതുകളിൽ എബ്രാഹിം അൽക്കാസി ചെയ്തിരുന്ന ചിത്രങ്ങൾ - അവയിൽ മിക്സഡ് മീഡിയ വർക്കുകളും, അക്രിലിക് വർക്കുകളുമൊക്കെ ഉണ്ടായിരുന്നു - മകളും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ മുൻ ഡയറക്ടറുമായ അമൽ അല്ലാന ഏതാണ്ട് 2016-ൽ കണ്ടെടുത്തത് യാദൃശ്ചികമായിട്ടാണ്. ആ ചിത്രങ്ങളുടെ പ്രദർശനം ക്യൂറേറ്റ് ചെയ്യാൻ അമൽ അല്ലാന ഏല്പിച്ചത് പ്രശസ്ത കലാനിരൂപകൻ രഞ്ജിത് ഹോസ്കോട്ടെയെ ആയിരുന്നു. 2019-ൽ ആർട്ട് ഹെറിറ്റേജിൽ, ‘ഓപ്പനിങ് ലൈൻസ്‘ എന്ന ആ പ്രദർശനം നടന്നു. അപ്പോഴേക്കും അൽക്കാസിയുടെ ഓർമ്മകൾ മങ്ങിത്തുടങ്ങിയിരുന്നെങ്കിലും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ, നെഹ്രൂവിയൻ യുഗത്തിന്റെ, അന്നത്തെ സാംസ്കാരികലോകത്തിന്റെ, പ്രതിനിധിയായിരുന്നു എബ്രാഹിം അൽക്കാസി. ആ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന അവസാന വ്യക്തിത്വങ്ങളും മാഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് അടിത്തറയിട്ട, സെക്കുലറിസ്റ്റ് മൂല്യങ്ങളിലും, സാമൂഹ്യപുരോഗതിയിലും ഉറച്ച് വിശ്വസിച്ച, ഒരു തലമുറയായിരുന്നു അവർ. ആ അടിത്തറയും മൂല്യങ്ങളുമാണു ഇന്നും നമുക്ക് കാലൂന്നി നിൽക്കാൻ അല്പമെങ്കിലും ഇടം തരുന്നതും.

എബ്രാഹിം അൽക്കാസിയുടെ ഓർമ്മക്കു മുന്നിൽ ആദരാജ്ഞലികൾ !

Contact the author

Renu Ramanath

Recent Posts

Dr. Azad 6 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More