രഹന ഫാത്തിമ: പ്രതികരണങ്ങളുടെ ഭാവനയും ഭാവനാ ദാരിദ്ര്യവും - മനോജ്‌ യു കൃഷ്ണ

രഹന ഫാത്തിമ യൂട്യൂബിൽ അപ്-ലോഡ് ചെയ്ത വീഡിയോയെത്തുർന്ന് കലാകാരികൾ/രന്മാർ, കലാവിമര്‍ശകർ, സാംസ്കാരിക രാഷ്ടീയ വിമർശകർ, മാനസികാരോഗ്യ വിദഗ്ദ്ധർ എന്നിവരിൽനിന്നെല്ലാം പൊതുമണ്ഡലത്തില്‍ ഉയർന്നുവന്ന വിവിധതരം പ്രതികരണങ്ങളിലെ സാധ്യതകളെയും പരിമിതികളെയും ഭാവനാ ദാരിദ്ര്യത്തെയും വിശകലനം ചെയ്ത് രഹ്നാഫാത്തിമയുടെ ഇടപെടലിനെ, സാംസ്കാരിക മണ്ഡലത്തിലെ ഈ സവിശേഷ സംഭവത്തെ (ഇവന്റിനെ) ധൃതിപ്പെട്ട് തീർപ്പുകൾക്കൊന്നും മുതിരാതെ മറ്റൊരു രീതിയിൽ സമീപിക്കുവാന്‍ ശ്രമിയ്ക്കുകയാണ് ഈ കുറിപ്പിലൂടെ. 

രഹ്നയുടെ പ്രകടനത്തോട് പൊതുമണ്ഡലത്തിലെയും സാമൂഹ്യമാധ്യങ്ങളിലെയും വലിയൊരു വിഭാഗവും സ്റ്റേറ്റും പ്രതീക്ഷകളേതും തെറ്റിക്കാതെ വളരെ കടുത്ത രീതിയിൽ തീർത്തും യാഥാസ്ഥിതികമായിത്തന്നെ പ്രതികരിച്ചു. ഒരുപക്ഷെ ഈ രീതിയിലുള്ള പ്രതികരണം രഹ്ന പ്രതീക്ഷിച്ചിരുന്നിരിയ്ക്കാം എന്നുവേണം കരുതാൻ. പ്രതീക്ഷിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും പ്രകോപനത്തിലൂടെ പ്രേരിപ്പിച്ച് അത്തരം പ്രതികരണങ്ങളെ ആഗിരണം ചെയ്യുക എന്നത് സ്വാഭാവികമായും രഹ്നയുടെ പ്രകടനത്തിൻ്റെ (പെർഫോമൻസിന്‍റെ) ഉദ്യേശ്യലക്ഷ്യങ്ങളിൽ ഉൾച്ചേര്‍ന്നിട്ടുണ്ടാവണം. ആകയാൽ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്ന പ്രതികരണങ്ങളെ രഹനയുടെ പ്രകടനത്തിൻ്റെ തുടർച്ചയും അതിൻ്റെ സർഗ്ഗാത്മകമായ പ്രഹരശേഷിയേയും വിനിമയ ക്ഷമതയെയും ത്വരിതപ്പെടുത്തുന്ന സുപ്രധാന ഘടകവുമായി പരിഗണിക്കേണ്ടതുണ്ട് എന്നാണ് കരുതുന്നത്. ഇത്തരം പ്രതികരണങ്ങൾക്കൂടി ഉൾച്ചേർന്നുള്ള ഈയൊരു തുടർച്ചയിലാണ് രഹനയുടെ പ്രകടനം (പെർഫോമൻസ് ) അതിൻ്റെ കർമ്മോത്സുകത വർദ്ധിതമായ തോതില്‍ കൈവരിച്ചു പ്രവർത്തനക്ഷമമാവുക എന്നു വേണം കരുതാൻ.

കല, കലാകാരൻ്റെ സവിശേഷ സ്വാതന്ത്ര്യം തുടങ്ങിയ അതിപ്രധാനമെങ്കിലും ആവശ്യത്തിനും അനാവശ്യത്തിനുമായി ഉപയോഗിച്ച് തുരുമ്പിച്ച് മൂർച്ചപോയ പ്രസ്തുത വാദങ്ങൾ  തന്നെയാണ് രഹനയുടെ വിഷയത്തിലും ഉന്നയിക്കപ്പെടുന്നത്.

രഹനയുടേത് കലാപ്രകടനമോ?

രഹനയുടെ പ്രകടനം (പെർഫോമൻസ്)  കലാപ്രകടനമാണോ / അല്ലേ എന്നതാണ് വലിയ  കഴമ്പൊന്നുമില്ലാത്ത  മറ്റൊരു  തർക്കം. ഇതിനായി ഇരു പക്ഷവും അവലംബിക്കുന്നതും ആവർത്തിച്ച് ഉദ്ധരിയ്ക്കുന്നതും 1960 കൾക്ക് ശേഷം പ്രബലമായി  ഉയർന്നുവന്ന  സ്ത്രീപക്ഷ കലാകാരികളുടെ പ്രകടനങ്ങളെയാണ്.

രഹനയുടേത് കലാപ്രകടനമേയല്ല എന്ന് സ്ഥാപിയ്ക്കുവാൻ തിടുക്കപ്പെടുന്നവർ, മുകളിൽ സൂചിപ്പിച്ച കലാകാരികളുടെ പ്രകടനങ്ങളുടെയെല്ലാം ദരിദ്രവും വികലവും വിലക്ഷണവുമായ അനുകരണം മാത്രമാണ് രഹനയുടെ പ്രകടനം എന്നാണാക്ഷേപിക്കുന്നത്. അതുകൊണ്ട് തന്നെ കല എന്ന നിലയില്‍ ഈ പ്രകടനം പരിഗണനാർഹമേയല്ലെന്നാണ് ഭാവനാ ദരിദ്രരായ ഇക്കൂട്ടരുടെ പരിതാപകരമായ നിലപാട്. 

അതേസമയം ഉത്തരവാദിത്തരഹിതമായ ലളിതവൽക്കരണത്തിലൂടെ കലാചരിത്രത്തെ സമീപിക്കുകയും ചരിത്രവൽക്കരിയ്ക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുകയുമാണ് രഹനയുടെ പ്രകടനത്തെ ന്യായീകരിച്ച് ഇടപെട്ടവർ ചെയ്തത്. എന്നാല്‍ പ്രസ്തുത പ്രകടനം ഉയർത്തിക്കൊണ്ടുവന്ന് ചർച്ചയാക്കാന്‍ ശ്രമിച്ച ഗൗരവതരമായ വിഷയങ്ങളെയും അവയുടെ പലവിധ സാധ്യതകളെയും പരിഗണിയ്ക്കാതെ രഹനയുടെ  സംരക്ഷകരാവുക എന്ന ഉപകാരശൂന്യമായ ദൗത്യം ഏറ്റെടുക്കുക മാത്രമാണവര്‍ ചെയ്തത്.

രഹനയുടെ (സ്ത്രീ) ഉടലിൻ്റെ, അതിൻ്റെ നഗ്നതയുടെ, സ്വേഛയാലുള്ള അവരുടെ പ്രയോഗങ്ങൾ (ഇത് രഹ്നയുടെ പ്രകടനത്തിൻ്റെ ഒരു വശം മാത്രമാണ് എങ്കിലും) പൊതുസമൂഹത്തിൽ ഉയർത്തിവിട്ട കാലുഷ്യങ്ങളെ പ്രതിരോധിക്കുന്നതിന് പ്രതിരോധകർ  ഉയർത്തിയ വാദങ്ങളും നിലപാടുകളും സമാന സാഹചര്യങ്ങളിൽ മുൻപും ഉപയോഗിക്കപ്പെട്ടതുതന്നെയാണ്.  എം എഫ്  ഹുസൈൻ, ചന്ദ്രമോഹൻ (സംഘപരിവാറിനാലും അതിൻ്റെതന്നെ അനുബന്ധ തെമ്മാടി സംഘങ്ങളാലും യൂനിവേഴ്സിറ്റി അധികൃതരാലും ദീർഘകാലം പീഡിപ്പിക്കപ്പെട്ട ബറോഡയിലെ എം സ് യൂനിവേഴ്സിറ്റി വിദ്യാർത്ഥി) ഭൂപേൻ ഖാക്കർ (സ്വവർഗ്ഗാനുരാഗത്തേയും പുരുഷ സ്വവർഗ്ഗ ലൈംഗികതയേയും പ്രമേയമാക്കി ധാരാളം ചിത്രങ്ങൾ വരച്ച സ്വവർഗ്ഗാനുരാഗിയായ ചിത്രകാരൻ) തുടങ്ങിയവരുടെയെല്ലാം പ്രശ്നങ്ങളിൽ  നാമിത് കണ്ടറിഞ്ഞനുഭവിച്ചതാണ്. കല, കലാകാരൻ്റെ സവിശേഷ സ്വാതന്ത്ര്യം തുടങ്ങിയ അതിപ്രധാനമെങ്കിലും ആവശ്യത്തിനും അനാവശ്യത്തിനുമായി ഉപയോഗിച്ച് തുരുമ്പിച്ച് മൂർച്ചപോയ പ്രസ്തുത വാദങ്ങൾ  തന്നെയാണ് രഹനയുടെ വിഷയത്തിലും ഉന്നയിക്കപ്പെടുന്നത്. മേമ്പൊടിയ്ക്കും അലങ്കാരത്തിനും അൽപ്പം ചില സൈദ്ധാന്തിക നാട്യങ്ങളോടെ ചരിത്രവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയും ചെയ്യുന്നു എന്ന പ്രതീതി ഉണ്ടാക്കി ഈ വാദങ്ങള്‍ വീണ്ടും വീണ്ടും ഇവിടെ ആവർത്തിക്കുകയാണ്.

മറ്റൊന്ന് സ്ത്രീ ഉടലിന്റെ നഗ്നതയുടെ ചിത്രീകരണത്തെ അല്ലെങ്കിൽ അതിന്റെ മറ്റു പ്രയോഗങ്ങളെ, അവയുടെയെല്ലാം സാമുഹിക രാഷ്ട്രീയ സാഹചര്യങ്ങളെയും അതുവഴി ഉയർന്ന വരുന്ന നാനാവിധം വിവക്ഷകളെയും കണക്കിലെടുക്കാതെ  നഗ്നനതയുടെയും  ലൈംഗികതയുടെയും കേവലതയിൽ മാത്രമൂന്നി സമയ - കാല - ദേശ വ്യത്യാസങ്ങൾ ഒന്നും  തന്നെ  പരിഗണിയ്ക്കാതെ,  അജന്ത എല്ലോറ, ക്ഷേത്ര ശിൽപ്പങ്ങൾ, മഹത്തായ പാരമ്പര്യം, യൂറോപ്യൻ കല എന്നൊക്കെപ്പറഞ്ഞ് വിവേക രഹിതമായി താരതമ്യം ചെയ്ത്  ന്യായീകരിയ്ക്കാൻ ശ്രമിച്ച് പ്രസ്തുത പ്രവൃത്തിയുടെ / പ്രകടനത്തിന്റെ സാദ്ധ്യതകളെത്തന്നെ നിർവ്വീര്യമാക്കി അപ്രസക്തമാക്കുക എന്നതാണ്. അതു മാത്രമാണ്  ഇവരുടെ ഇടപെടലുകൾ കൊണ്ട് ഉണ്ടാകുന്ന ഏക നേട്ടം

പുരുഷൻ്റെ അക്രമോൽസുക രതികാമനകളാൽ നിർമ്മിച്ചെടുക്കപ്പെട്ട സ്ത്രീ ഉടലിന്റെ നഗ്നതയെയും ലൈംഗികതയെയും കുറിച്ചുള്ള,  അബോധത്തിലെങ്കിലും പൊതുവിൽ സത്രീകൾ തന്നെയും പേറുകയും പിൻപറ്റുകയും ചെയ്യുന്ന പൊതുബോധത്തെ തന്നെ ഒരു വലിയ വിഭാഗം കലാകാരൻമാരും കലാ - സാംസ്കാരിക വിമർശകരും പങ്കുവെയ്ക്കുകയാലാവാം അതിനെത്തന്നെ അവലംബിച്ച്  ഈയൊരച്ചുതണ്ടിൽ ത്തന്നെ  ഏവരും കുടുങ്ങി കറങ്ങിക്കൊണ്ടിരിക്കുന്നത്.

ഇത്തരം സമീപനങ്ങളുടെയെല്ലാം ദുരന്തം, എന്തിനെയാണോ ന്യായീകരിക്കാനും രക്ഷിച്ചെടുക്കാനും ശ്രമിക്കുന്നത് അത് സാധിക്കാതെ വരുന്നു എന്നതു മാത്രമല്ല, അത്തരം പ്രവൃത്തികളുടെ വീര്യത്തെ, അതിൻ്റെ കലാ - രാഷ്ട്രീയ മാനങ്ങളെയും സാദ്ധ്യതകളെയും (ആ രീതിയിൽ സംവേദനം ചെയ്യപ്പെടുന്നുവെങ്കിൽ) മയപ്പെടുത്തി നിർവ്വീര്യമാക്കുകയും അനുവാചകരിൽ വലിയൊരു വിഭാഗത്തെ  കൂടുതൽ യാഥാസ്ഥിതികരാക്കുകയും ചെയ്യുന്നു എന്നതും കൂടിയാണ്.

ശബരിമല വിഷയത്തിൽ മുഖ്യധാരാ ഇടതുപക്ഷത്തിൻ്റെയും മറ്റു ചില പ്രഖ്യാപിത പുരോഗമനപക്ഷക്കാരുടേയുമെല്ലാം ഇടുങ്ങിയതും യാന്ത്രികകവുമായ  നിലപാടുകൾ ഒരു വലിയ വിഭാഗത്തെ കൂടുതൽ അപഹാസ്യമാം വിധം എപ്രകാരം യാഥാസ്ഥിതികതയോട് അടുപ്പിച്ചു എന്നത് എല്ലാവര്‍ക്കുമറിയാവുന്ന ഒരു സമീപകാല യാഥാർത്ഥ്യമാണല്ലൊ. ഇടതുഭാവുകത്വവും മതനിരപേക്ഷതയും പ്രതിലോമകരമായിത്തീർന്നിട്ടുണ്ട് എന്ന് വാദിച്ചുറപ്പിക്കുകയല്ല ഇവിടെ ചെയ്യുന്നത്. മറിച്ച് പ്രശ്നങ്ങളെ അവയുടെ സൂക്ഷ്മതയിലും സങ്കീർണ്ണതിലും ഗ്രഹിക്കുന്നതിലും, കാര്യങ്ങളിൽ ശ്രദ്ധയോടും സൂക്ഷ്മതയോടുംകൂടി ഇടപെടുന്നതിലും പോരായ്മകളും പരിമിതികളും ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ്.

ചരിത്രവൽക്കരിക്കുന്തോറും (വികലമായി) അചരിത്രവത്ക്കരിക്കപ്പെടുക. പുരോഗമനപരമായി ഇടപെടുന്തോറും (വികലമായി) കൂടുതല്‍ യാഥാസ്ഥിതികമായിത്തീരുക എന്നതാണ് നാളിതുവരെ നടന്ന സങ്കടകരമായ യാഥാര്‍ത്ഥ്യം. ഫുക്കോയുടെ പ്രശസ്തമായൊരു ഉദ്ധരണിയുടെ പാരടി പോലെ ''The more they treated the less they cured , the more they interviened  the more they oppressed''- മാഡ്നസ്  & സിവിലൈസേഷൻ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ചർച്ചയിൽ ആ പുസ്തകത്തിലെ ആശയങ്ങളെ  മുഴുവനായും തന്നെ സംഗ്രഹിക്കുന്ന അദ്ദേഹത്തിൻ്റെ ഒരു പ്രശസ്ത പ്രസ്താവനയാണത്.

കലയെപ്പറ്റിയുള്ള വരേണ്യവും കർക്കശവും ഇടുങ്ങിയതുമായ സങ്കൽപ്പനങ്ങളാണ് രഹനയുടെ പ്രകടനത്തെ കലയാണ്, കലയല്ല, ആക്ടിവിസമാണ് തുടങ്ങിയ വിമർശനങ്ങളുടെയും വിലയിരുത്തലുകളുടെയും ഉറവിടവും അടിസ്ഥാനവും. തൊള്ളായിരത്തി അറുപതുകളിൽ ശക്തമായി യൂറോപ്പിലും അമേരിക്കയിലും മുന്നോട്ടുവന്ന സ്ത്രീപക്ഷ കലാകാരികൾ നാളിതുവരെയുള്ള പുരുഷ കേന്ദ്രീത കലയെ തങ്ങൾ തിരസ്കരിക്കുകയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് രംഗത്തു വരുന്നത്. തങ്ങൾ ചെയ്യുന്നതിനെ ഇന്നോളമുള്ള കലാചരിത്രവുമായി ചേർത്ത് കലയെന്ന് വിളിച്ചാക്ഷേപിക്കരുത് എന്നു ശഠിയ്ക്കുവോളം കഠിനമായിരുന്നു അവരുടെ പ്രതിഷേധവും തിരസ്കാരവും. ആകയാൽ അവർ പുതിയ രീതികളും മാധ്യമങ്ങളും അവരുടെതായ രീതിയിൽ അവശ്യാനുസരണം തിരഞ്ഞെടുക്കുകയും മെനെഞ്ഞെടുക്കുകയും ചെയ്തു. പലപ്പോഴും അവർ അവരുടെ ശരീരവും ചോരയും സ്രവങ്ങളും മുതൽ വിസർജ്യങ്ങൾ വരെ മാധ്യമങ്ങളാക്കിക്കൊണ്ടാണ് പ്രകടനങ്ങളും (പെർഫോമൻസ് ) നിർവ്വഹണങ്ങളും പ്രതിഷ്ഠാപനങ്ങളും നിർവഹിച്ചത്. തങ്ങൾ എപ്പോഴും സാമ്പ്രദായിക കലക്ക് പുറത്താണ് എന്നാണ്  അവർ തെളിയിച്ചതും  വാദിച്ചുറപ്പിച്ചതും.

തുടക്കത്തിൽ തിരസ്കാരങ്ങളും വലിയ ആക്ഷേപങ്ങളും ശകാരങ്ങളും തന്നെയാണ് അവർക്കും നേരിടെണ്ടിവന്നത്. ഇതിലൊന്നും തളരാതെ ഒരു  പുതിയ ഡിസിപ്ലിനും ഭാവുകത്വവും അനുവാചകരെത്തന്നെയും അവര്‍ സൃഷ്ടിച്ചു. അവയെല്ലാം കൂട്ടിച്ചേർത്തൊരു പുതിയ ചരിത്രം  സൃഷ്ടിച്ചെടുക്കുന്നതിലൂടെ കലയുടെ സാമ്പ്രദായിക അതിരുകളെ ഭേദിച്ച് നിരന്തരവും ശക്തവുമായ ഇടപെടലുകളിലൂടെ കലയുടെ മുഖ്യധാരക്ക് പുറത്ത് സവിശേഷമായ പ്രാമുഖ്യം അവർ നേടിയെടുത്തു. അങ്ങിനെ കലാചരിത്രത്തിലെ സുപ്രധാന മുന്നേറ്റങ്ങളായി അവരുടെ പ്രകടനങ്ങൾ അടയാളപ്പെട്ടു.  ഇത്തരം വലിയ സാദ്ധ്യതകൾ നമുക്കും ഉണ്ടെന്നാകയാൽ,  വ്യത്യസ്ഥവും എന്നാൽ ശ്രദ്ധയും കരുതലുമെല്ലാമുൾച്ചേർന്നൊരു സവിശേഷ രീതിയിലാണ് ഇക്കാലത്ത് നമുക്കുചുറ്റുമുയർന്നുവരുന്ന സാംസ്കാരികമായ നിർവ്വഹണങ്ങളെ സമീപിക്കെണ്ടത് എന്നു തോന്നുന്നു. അതിനായി ആദ്യമേ കലയെക്കുറിച്ച്  നാളിതുവരെയുള്ള സങ്കൽനപ്പങ്ങൾ പരിമിതവും അപര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ പുതിയ രീതിയിൽ സങ്കൽപ്പിക്കേണ്ടതുണ്ട്.

കലയെ - സാംസ്കാരിക ഇടത്തിലെ ഏതെങ്കിലുമൊരു പ്രത്യേക ചിട്ടയിലുള്ള (ഡിസിപ്ലിനിലുള്ള) പ്രവൃത്തിയായോ, നിർമ്മിതിയായോ (ചിത്രം, ശിൽപ്പം, പ്രകടനം, പ്രതിഷ്ഠാപനം, കഥ, നാടകം, സിനിമ തുടങ്ങിയ സാംസ്കാരിക രാഷ്ടീയ നിർവ്വഹണങ്ങളെ) മാത്രം കാണുന്നതിന് പകരം അതിനെ അഭിരുചിയാലും ഭാവനയോടെയുള്ള അനുശീലനത്താലും കലാ - രാഷ്ട്രീയ - സാംസ്കാരിക അവബോധത്താലും അപൂർവ്വമായെങ്കിലും യാദൃശ്ഛികതയോടെയും നിലനിൽക്കുന്ന സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും ഭാവനാപൂർവ്വം  ഇടപെട്ടുകൊണ്ട് നിരന്തരം നവീകരിച്ചും  പരിണമിച്ചും സംവദിച്ചും പ്രവർത്തനക്ഷമമാവുന്നതിലൂടെ എത്തിച്ചേരുന്ന ഒരു സവിശേഷ അവസ്ഥയായി കാണുകയാണ് അഭികാമ്യം എന്ന് തോന്നുന്നു. ഈ രീതിയൽ  സമീപിക്കുമ്പോഴാണ് കലയുടെ അതിരുകൾ വലിയ അളവിൽ വിശാലവും സാദ്ധ്യതകൾ അനന്തവുമാകുക. 

ഈ പരിപ്രേക്ഷ്യത്തിൽ രഹനയുടെ പ്രകടനം പലവിധ വ്യവഹാരിക സാദ്ധ്യതകൾ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. അതിൻ്റെ അപകടകരമാം വിധം കരുത്തുറ്റതും അലോസരപ്പെടുത്തുന്നതും വെല്ലുവിളിക്കുന്നതുമായ  ഉല്ലംഘന (ട്രാൻസ്ഗ്രസീവ്) ശേഷിയാണ് അതിലെറ്റവും പ്രധാനം. ചർച്ച ചെയ്യപ്പെടുന്ന രഹനയുടെ പ്രകടനത്തെ അവരുടെ തന്നെ മുൻപും, അടുത്തകാലത്ത് ഉണ്ടായി ഉയർന്നുവന്നിട്ടുള്ള  മറ്റു ചിലരുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള ഇടപെടലുകളുടെയും ഉല്ലംഘനങ്ങളുടേയും പശ്ചാത്തലത്തിലും തുടർച്ചയിലും പരിശോധിക്കുമ്പോൾ അത് ഒരു പുതിയതരം വിമത ഭാവുകത്വം ഉയർന്നുവരുന്നതിനെ  തീർച്ചയായും ത്വരിതപ്പെടുത്തുന്നുണ്ട് എന്ന് തോന്നുന്നു.

സത്രീയുടെ ഉടലിൻമേൽ അവർക്കു തന്നെയുള്ള സ്വേച്ഛാധികാരം, അതിൻ്റെ രാഷ്ട്രീയം, അതിൻ്റെ എയ്സതറ്റിക്സ്, അതിൻ്റെ  താന്തോന്നിത്തത്തോടെയുടെയുള്ള  പലവിധ ആവിഷ്കാര സാന്ധ്യതകൾ എന്നിവയെ  വളരെ സ്വഭാവികതയോടെ എന്നാല്‍ അപകടകരമാം വിധം സ്വയം മുറിവേറ്റും മറ്റുള്ളവരെ മുറിവേൽപ്പിച്ചും എത്തിപ്പിടിക്കുവാനുള്ള ഒരു വെമ്പൽ രഹനയുടെ ഇടപെടലുകളിലും നിർവ്വഹണങ്ങളിലും കാണാവുന്നതാണ്. അതുണ്ടാക്കുന്ന അങ്കലാപ്പാണ് അഅതിൻ്റെ പെട്ടന്നുള്ള (immediate) സാധ്യതയും. 

ഫെമിനിസ്റ്റ് രാഷ്ട്രീയം, സ്ത്രീസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, ഉടൽ, ഉടലിൻ്റെ നാനാവിധ സാക്ഷാത്കാരങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകൾ മലയാളികൾക്ക് ഏറെക്കുറെ ആശയങ്ങൾ മാത്രമായിട്ടാണ്ട്  പ്രാഥമികമായും പരിചയം. ഈയൊരു  സാഹചര്യത്തിൽ ശരീരത്തെത്തന്നെ ഭാഷയും ആശയവും ആവിഷ്കാരവും ഭാവുകത്വവും ആക്കി നേരിട്ടുള്ള ഈ ഇടപെടൽ മുകളിൽ സൂചിപ്പിച്ച ആശയങ്ങളെ അതിൻ്റെ എല്ലാതരം സങ്കീർണ്ണതകളോടെയും കുറേക്കൂടി സൂക്ഷ്മതയോടും ആഴത്തിലും സംവദിക്കുവാൻ രഹ്നയുടെ ഈയൊരു പ്രകടനം നമ്മെ പ്രചോദിപ്പിച്ചേക്കാം. അതുപോലെ തന്നെ കുടുംബം, മാതൃത്വം, പാരൻ്റിങ്ങ്, ശിക്ഷണം അദ്ധ്യാപനം, മനശാസ്ത്ര വിശകലനം, കൗൺസിലിങ്ങ് തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളെക്കുറിച്ചും, പ്രകടനം, നിർവ്വഹണം, മനശാസ്ത്രം തുടങ്ങിയ ഡിസിപ്ലിനുകളെകുറിച്ചുമുള്ള കുറേക്കൂടി സൂക്ഷമതയോടെയുള്ള ചർച്ചകളേയും സംവാദങ്ങളേയും ഇത് ത്വരിതപ്പെടുത്തുകയും ചെയ്തേക്കാം

ഏതൊരു ഡിസിപ്ലിനിലുമുള്ള നിർവ്വഹണങ്ങളായാലും അവ കലാസൃഷ്ടിയാവുന്നതും ആ സ്ഥിതിയിൽ തുടരുന്നതും അവയുടെ അനുവാചകരാൽ സംവദിക്കപ്പെട്ടു പരിണമിച്ചു പ്രവർത്തിച്ചു കൊണ്ടുള്ള തുടർ ജീവിതത്തിലാണ് എന്നതുകൊണ്ട്  രഹനയുടെ പ്രകടനം വിലയിരുത്തി  തരംതിരിച്ച്  കളളികളിലാക്കുക എന്നതല്ല അത് തുറന്നുവിടുന്ന സാദ്ധ്യതകളെയും അതിന്റെ തുടർച്ചകലുമാ യുമെല്ലാം സംവദിച്ച് പരിപോഷിപ്പിക്കുക എന്നതാണ് അഭികാമ്യം എന്ന് തോന്നുന്നു.


Contact the author

Manoj U Krishna

Recent Posts

Dr. Azad 6 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More